Monday, December 31, 2018

പ്രാതിഭാസികമായ പ്രപഞ്ചത്തില്‍ സര്‍വ്വത്ര സര്‍വ്വഥാ നിലകൊള്ളുന്ന നിയമമാണ്‌ കാര്യകാരണ ബന്ധം. എന്തുതന്നെ കാര്യമുണ്ടെങ്കിലും അതിനൊക്കെ കാരണവുമുണ്ടായിരിക്കും. ആകസ്മികമായി ഒന്നുംതന്നെ സംഭവിക്കുന്നില്ല. ഉപനിഷത്ത്‌ വിചാരയജ്ഞം പത്താം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
നമ്മുടെ മുമ്പില്‍ അനന്തവൈചിത്ര്യങ്ങളോടുകൂടി കാണപ്പെടുന്ന ഈ പ്രപഞ്ചം എന്താണ്‌? എന്താണ്‌ ഇതിന്റെ അടിസ്ഥാന കാരണം? ഇവിടെ നടക്കുന്ന സകല പ്രതിഭാസങ്ങള്‍ക്കും പിന്നിലുള്ള നിയാമകശക്തി എന്താണ്‌? നമ്മുടെ സകല കരണങ്ങളുടെയും പ്രവര്‍ത്തനം ഏതൊരു നിര്‍ദ്ദേശത്തിനും നിയമത്തിനും വിധേയമായിട്ടാണ്‌? ഈ വക ജിജ്ഞാസകള്‍ എന്നും മനുഷ്യനുണ്ടായിട്ടുണ്ട്‌. 
ഈ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താനുള്ള അന്വേഷണത്തില്‍ നിന്നുമാണ്‌ എല്ലാ ശാസ്ത്രങ്ങളും ആവിര്‍ഭവിച്ചിട്ടുള്ളത്‌. അവയെ ആധ്യാത്മികം-ഭൗതികം എന്നൊന്നും വേര്‍തിരിക്കേണ്ട ആവശ്യമില്ല. കാണപ്പെടുന്ന പ്രതിഭാസങ്ങളില്‍ തൃപ്തനല്ലാതെ അവയുടെ കാരണത്തെ അന്വേഷിച്ചതില്‍നിന്നാണ്‌ എല്ലാ ശാസ്ത്രങ്ങളുടെയും ആവിര്‍ഭാവം. സാമവേദീയമായ കേനോപനിഷത്ത്‌ ഈയൊരു അന്വേഷണത്തോടെയാണ്‌ ആരംഭിക്കുന്നത്‌. നമ്മുടെ മനസ്സ്‌, പ്രാണന്‍, വാക്ക്‌, കണ്ണ്‌, ചെവി തുടങ്ങിയ കരണങ്ങളൊക്കെ തന്നെ സ്വതവേ പ്രവര്‍ത്തിക്കുന്നവയല്ല. ഏതൊരു ചൈതന്യത്താലാണ്‌ അവ പ്രവര്‍ത്തിക്കപ്പെടുന്നത്‌? ഇൌ‍യൊരു പ്രശ്നത്തോടെ ഉപനിഷത്ത്‌ തുടങ്ങുന്നു. കേനോപനിഷത്ത്‌ എന്ന പേരുപോലും സൂചിപ്പിക്കുന്നത്‌ മനുഷ്യന്റെ ഈ സത്യാന്വേഷണത്തെയാണ്‌. ഉത്തമ ജിജ്ഞാസുവിന്റെ ഈ സത്യാന്വേഷണത്തിന്‌ ഗുരുനാഥന്റെ മറുപടിയാണ്‌ കേനോപനിഷത്തിലെ പ്രതിപാദ്യം. സകല കരണങ്ങളും തന്നെ പ്രവര്‍ത്തിതമാകുന്നത്‌ ആത്മചൈതന്യത്താലാണ്‌. ഇതറിയുമ്പോള്‍ കാര്യകരണങ്ങളിലുള്ള അഭിമാനത്തിനുപരി മനുഷ്യന്‍ ഉയരുന്നു. 
അങ്ങനെ കാണപ്പെടുന്ന ദൃശ്യപ്രപഞ്ചത്തിനും കാര്യകരണ സംഘാതത്തിനും ഉപരി സ്വരൂപബോധത്തിലേക്ക്‌ ഉയരുന്ന വിദ്വാന്‍ ഈ ലോകബന്ധത്തിനുപരി അമൃതസ്വരൂപനാകുന്നു. അമൃതത്വ സാക്ഷാല്‍ക്കാരത്തിലേക്ക്‌ നാം ഒക്കെയും അധികാരികളാണെന്നറിഞ്ഞ്‌ സത്യാന്വേഷണത്തിന്റെ പാതയില്‍ ചരിക്കുകയാണ്‌ വേണ്ടതെന്ന്‌ സ്വാമി ഉദ്ബോധിപ്പിച്ചു

No comments:

Post a Comment