Monday, December 31, 2018

പരമമായ നിശ്രേയസത്തിന്‌ കാരണമായ ആത്മജ്ഞാനം തര്‍ക്കത്തിലൂടെ നേടാവതല്ലെന്നും അനിത്യങ്ങളായ കര്‍മ്മങ്ങളിലൂടെയും നിത്യബോധത്തെ പ്രാപിക്കാന്‍ സാധ്യമല്ലെന്നും സ്വാമി ചിദാനന്ദപുരി. അവയെയെല്ലാം അതിക്രമിച്ച്‌ ഗുരു ശാസ്ത്രങ്ങളെ വേണ്ട വിധത്തില്‍ സേവിച്ച്‌ ശ്രവണ മനന അഭ്യാസങ്ങളെക്കൊണ്ട്‌ അധ്യാത്മയോഗത്തിലൂടെ പരമതത്വജ്ഞാനത്തിലേക്ക്‌ ഉയരാമെന്ന്‌ അദ്ദേഹം പറഞ്ഞു. എറണാകുളം ടിഡിഎം ഹാളില്‍ നടക്കുന്ന ഉപനിഷത്‌ വിചാരയജ്ഞം ഇരുപത്തിരണ്ടാം ദിവസം കഠോപനിഷത്തിനെ അധികരിച്ച്‌ സംസാരിക്കുകയായിരുന്നു ചിദാനന്ദപുരി സ്വാമി. സര്‍വ്വചരാചരങ്ങളിലും അന്തര്യാമിയായി നിവസിക്കുന്ന ഗുഹാരഹിതമായ സ്വരൂപത്തെ അറിയുന്നതിലൂടെ മാത്രമാണ്‌ സര്‍വ്വക്ലേശങ്ങളെയും ജയിക്കാന്‍ സാധിക്കുന്നത്‌. ഈ അന്വേഷണ മാര്‍ഗം ധീരന്‍മാര്‍ക്കുള്ളതാണ്‌. ഈ ആത്മദര്‍ശനം സര്‍വ്വചരാചരങ്ങളിലുമുള്ള ഏകത്വത്തെയാണ്‌ ബോധിപ്പിക്കുന്നത്‌. ഇവിടെ സകല ഉച്ചനീചത്വ കല്‍പനകളും ഇല്ലാതാകുന്നു.
കേവലം മനുഷ്യസമൂഹത്തിലെയല്ല, സര്‍വ്വചരാചരങ്ങളിലും ഉള്ള ഏകത്വദര്‍ശനമാണ്‌ ഉപനിഷത്ത്‌ പ്രഖ്യാപിക്കുന്നത്‌. ധര്‍മ്മാധര്‍മ്മങ്ങള്‍ക്കും കൃത്യാകൃത്യങ്ങള്‍ക്കും എല്ലാം ഉപരിയുള്ള പരമസത്യത്തെ അറിയുന്നതിലൂടെ മനുഷ്യന്‍ ആനന്ദസ്ഥിതനാകുന്നു. ഈ സത്യത്തെയാണ്‌ വേദം ഓംകാരത്താല്‍ നിര്‍ദ്ദേശിക്കുന്നത്‌. ഓംകാരം സര്‍വ്വവേദസാരമാണ്‌. സര്‍വ്വസാധനകളുടെയും ലക്ഷ്യമാണ്‌. ഓംകാരാര്‍ത്ഥത്തെ അറിയാന്‍ എല്ലാവര്‍ക്കും അധികാരമുണ്ടെന്നും സ്വാമി പറഞ്ഞു.

No comments:

Post a Comment