Wednesday, December 26, 2018

പരശുരാമൻ സ്വയം തപസ്സുകൊണ്ട് സൃഷ്ടിച്ച രുദ്രൻ ദേവതയായിട്ടുള്ള അസ്ത്രമാണ് ഭാർഗ്ഗവാസ്ത്രം . ഈ അസ്ത്രം അദ്ദേഹം തന്റെ ശിഷ്യനായ കർണ്ണനു നൽകിയിരുന്നു . വിജയം എന്ന വില്ലിൽ വച്ചാണ് ഇത് പ്രയോഗിക്കുന്നത് .ഭാർഗ്ഗവാസ്ത്രത്തിന് എതിരില്ല . ഈ അസ്ത്രം പ്രയോഗിച്ചതിനു ശേഷം കുറെ നാഴിക കഴിഞ്ഞു തനിയെ അടങ്ങുകയാണ് ചെയ്യുന്നത് . ഭാർഗ്ഗവാസ്ത്രത്തെ അടക്കുവാൻ മറ്റൊരു അസ്ത്രത്തിനും സാധ്യമല്ലെന്ന് അർജ്ജുനൻ തന്നെ സ്വയം കൃഷ്ണനോട് വ്യക്തമാക്കുന്നുണ്ട് .

ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തി

മഹാഭാരതയുദ്ധത്തിൽ പതിനേഴാം ദിവസമാണ് കർണ്ണൻ തന്റെ വിഖ്യാതമായ വിജയം എന്ന വില്ലിൽ ഭാർഗ്ഗവാസ്ത്രം പ്രയോഗിക്കുന്നത് .യുദ്ധത്തിലെ ഒരു ഘട്ടത്തിൽ ഭീമന്റെയും അർജ്ജുനന്റെയും ആയുധപ്രയോഗത്തിൽ കൗരവസൈന്യം സർവ്വനാശത്തിന്റെ വക്കത്തെത്തി . ദുര്യോധനൻ ഇതുകണ്ട് സേനാനായകനായ കർണ്ണനെ ചെന്ന് കണ്ടു പരിഭവം പറഞ്ഞു . തുടർന്ന് കർണ്ണൻ ദുര്യോധനനെ ആശ്വസിപ്പിക്കുകയും പാണ്ഡവസൈന്യത്തെ താൻ നശിപ്പിക്കാമെന്നു വാക്കു കൊടുക്കുകയും ചെയ്തു . തുടർന്ന് നടന്ന സംഭവങ്ങൾ ഇങ്ങനെയാണ് വ്യാസൻ വർണ്ണിക്കുന്നത് .
പ്രതാപവാനായ സൂതപുത്രൻ , തന്റെ മുഖ്യമായ വിജയം എന്ന വില്ലെടുത്ത് കുലച്ച് , വീണ്ടും തുടച്ചു സത്യം ചെയ്തും ശപഥം ചെയ്തും അർജ്ജുനനെ പേടിച്ച് ഓടുന്ന യോദ്ധാക്കളെ നിലയ്ക്ക് നിറുത്തി .ശേഷം വിജയചാപത്തിൽ ഭാർഗ്ഗവാസ്ത്രം ആ അമേയാത്മാവ് പ്രയോഗിച്ചു . അപ്പോൾ , ആയിരവും , പതിനായിരവും , ലക്ഷവും , കോടിയും ബാണങ്ങൾ ആ മഹാസ്ത്രത്തിൽ നിന്നും പുറപ്പെടുവാൻ തുടങ്ങി . മയിൽകങ്കച്ചിറകു വിരിച്ചതായ ജ്വലിക്കുന്ന ആ ബാണങ്ങൾ ഏറ്റു പാണ്ഡവസൈന്യം അറ്റുവീഴാൻ തുടങ്ങി . പാണ്ഡവസൈന്യം ഹാ ഹാ എന്ന് നിലവിളിക്കാൻ തുടങ്ങി .ബലവാനായ കർണ്ണൻ ഭാർഗ്ഗവാസ്ത്രം കൊണ്ട് ശത്രുസൈന്യങ്ങളെ വല്ലാതെ പീഡിപ്പിക്കാൻ തുടങ്ങി .ഭാർഗ്ഗവാസ്ത്രമേറ്റ് എണ്ണിയാലൊടുങ്ങാത്ത അസംഖ്യം ആനകളും , കുതിരകളും , കാലാളുകളും , രഥങ്ങളും , രഥികളും നശിച്ചു . അസ്ത്രമേറ്റ് പാണ്ഡവസൈന്യം അങ്ങുമിങ്ങും പേടിച്ചോടാൻ തുടങ്ങി . യമപുരിയിൽ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ആത്മാക്കൾ പ്രേതാരാജാവിനെ കണ്ടു പേടിച്ചു നിലവിളിക്കുന്നതുപോലെ പാണ്ഡവസൈന്യം നിലവിളിച്ചു .പാണ്ഡവപ്പട മുടിഞ്ഞു . കൃഷ്ണന്റെയും അർജ്ജുനന്റെയും നാമങ്ങൾ വിളിച്ചു പാഞ്ചാലൻമാരും , പാണ്ഡവസൈനികരും നിലവിളിച്ചു . കൃഷ്ണാർജ്ജുനന്മാർ നോക്കിനിൽക്കേ അവർ ഭയന്നോടി .
  • കൃഷ്ണനോടുള്ള അർജ്ജുനവാക്യം
പശ്യ കൃഷ്ണ മഹാബാഹോ ഭാർഗ്ഗവാസ്ത്രസ്യ വിക്രമം
നൈതദസത്രം ഹി സമരേ ശക്യം ഹന്തും കഥഞ്ചന(46)
സൂതപുത്രം ച സംരബ്ധം പശ്യ കൃഷ്ണ മഹാരണേ
അന്തകപ്രതിമം വീര്യേ കുർവാണാം കർമ്മ ദാരുണം(47)
സുതീക്ഷ്ണം ചോദയസ്ത്രാശ്വാൻ പ്രേഷ തേ മാം മുഹുർമുഹുഃ
ന ച പശ്യാമി സമരേ കർണ്ണം പ്രതി പലായിതുമം(48)
ജീവൻ പ്രാപ്നോതി പൂരുഷഃ സംഘ്യേ ജയപരാജയൈ
ജിതസ്യ തു ഹൃഷീകേശ വധ ഏവ കുതോ ജയ(49)
BORI Critical Edition Mahabharatha-പ്രകാരം , കർണ്ണപർവ്വം ,അദ്ധ്യായം 45 , ശ്ളോകങ്ങൾ 46 ,47 ,48 ,49
(ഭാഷാ അർത്ഥം) കൃഷ്ണാ മഹാബാഹോ അങ്ങ് നോക്കൂ . ഭാർഗ്ഗവാസ്ത്രത്തിന്റെ വിക്രമം . ഈ അസ്ത്രത്തെ ഹനിക്കുവാൻ പോരിൽ മറ്റൊരു ദിവ്യാസ്ത്രത്തിനും കഴിയുകയില്ല . (നൈതദസത്രം ഹി സമരേ ശക്യം ഹന്തും കഥഞ്ചന). മഹായുദ്ധത്തിൽ എന്തിനും തയ്യാറെടുത്തു നിൽക്കുന്ന സൂതപുത്രനെ നോക്കൂ കൃഷ്ണാ . ദാരുണമായ കർമ്മം ചെയ്യുന്ന ഇവൻ കാലന് തുല്യനാണ് . വേഗത്തിൽ അശ്വങ്ങളെ വിട്ടാലും . അതാ അവൻ വീണ്ടും വീണ്ടും എന്നെ നോക്കുന്നു . ഈ യുദ്ധത്തിൽ കർണ്ണനെ വിട്ടു പോരാൻ എനിക്ക് പറ്റുകയില്ല . ജീവിക്കുന്ന പുരുഷൻ യുദ്ധത്തിൽ വിജയമോ പരാജയമോ പ്രാപിച്ചേക്കാം . ജയിച്ചാലും ഇനി വധിക്കപ്പെട്ടാലും അതും ജയമല്ലേ കൃഷ്ണാ ?.
ഇതിൽ നിന്നും ഭാർഗ്ഗവസ്ത്രത്തിന് എതിരില്ലെന്നു വ്യക്തമാണ് . ഇനി ഭഗവാൻ കൃഷ്ണന്റെ തുടർന്നുള്ള നടപടികളെ നോക്കാം
അർജ്ജുനൻ ഇപ്രകാരം പറഞ്ഞപ്പോൾ ബുദ്ധിമാനായ കൃഷ്ണൻ കാലത്തിനു യോജിച്ച രീതിയിൽ ഇങ്ങനെ പറഞ്ഞു . അർജ്ജുനാ , കർണ്ണൻ ധർമ്മരാജാവിനെ വല്ലാതെ മുറിപ്പെടുത്തി വിട്ടുണ്ട് . അദ്ദേഹത്തെ ചെന്നുകണ്ടു ആശ്വസിപ്പിച്ചതിനു ശേഷം ഉടനെ വന്നു കർണ്ണനെ വധിക്കാം .ഭാർഗ്ഗവാസ്ത്രത്തിന്റെ പ്രതാപത്തിൽ നിൽക്കുന്ന കർണ്ണനിൽ നിന്നും അർജ്ജുനനെ രക്ഷിക്കാനും , അമിതവ്യായാമം കൊണ്ട് കർണ്ണനു തളർച്ച വരുത്താനും , അർജ്ജുനനു കുറച്ചുനേരം വിശ്രമം നൽകാനുമാണ് ഭഗവാൻ ഇങ്ങനെ പറഞ്ഞത് . യുധിഷ്ഠിരനെ കണ്ട് ആശ്വസിപ്പിച്ചതിനു ശേഷം അർജ്ജുനൻ തിരികെയെത്തുമ്പോൾ കർണ്ണന്റെ ഭാർഗ്ഗവാസ്ത്രം അടങ്ങിയിരുന്നു .[1]

കർണ്ണന്റെ രണ്ടാമത്തെ അസ്ത്രപ്രയോഗം.

കർണനുമായുള്ള യുദ്ധത്തിൽ അർജ്ജുനൻ ആദ്യമായി ആഗ്നേയാസ്ത്രം പ്രയോഗിച്ചു . കർണ്ണൻ അതിനെതിരായി വരുണാസ്ത്രം പ്രയോഗിച്ച് തീയണച്ചു . തുടർന്ന് അർജ്ജുനൻ വായവ്യാസ്ത്രത്തിന്റെ പ്രയോഗത്താൽ മേഘമാലകളെ അകറ്റിക്കളഞ്ഞു . തുടർന്ന് വളരെ ശക്തികൂടിയ മഹേന്ദ്രാസ്ത്രം എടുത്തു കർണ്ണനും കൗരവപ്പടയ്ക്കും എതിരായി പ്രയോഗിച്ചു . ആ അസ്ത്രം വളരെ ശക്തിയേറിയതായിരുന്നു . ഇന്ദ്രൻ നൽകിയ ആ അസ്ത്രം കൗരവപ്പടയെ ചുട്ടു പൊടിച്ചു . വളരെയേറെ വിചിത്രമായ അസ്ത്രങ്ങൾ മഹേന്ദ്രാസ്ത്രത്തിൽ നിന്നുമുയർന്നു . കർണ്ണനും ചില അസ്ത്രങ്ങളേറ്റു .
തുടർന്ന് കർണ്ണൻ ഭാർഗ്ഗവാസ്ത്രം പ്രയോഗിച്ചു . അത് മഹേന്ദ്രാസ്ത്രത്തേക്കാൾ പ്രബലമായിരുന്നു . ഭാർഗ്ഗവാസ്ത്രം മഹേന്ദ്രാസ്ത്രത്തെ അടക്കുകയും തീക്ഷ്ണമായ അസ്ത്രങ്ങൾ അതിൽ നിന്നും ഉയരുകയും ചെയ്തു. അർജ്ജുനന്റെ അസ്ത്രങ്ങളെയെല്ലാം കർണ്ണൻ കൂട്ടത്തോടെ നുറുക്കി വിട്ടു . ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തിയാൽ എതിർപക്ഷത്തു വലുതായ നാശനഷ്ടങ്ങളും വരുത്തി . അർജ്ജുനനു ചുറ്റും നിന്നിരുന്ന സോമകൻമാരും , അംഗരക്ഷകന്മാരുമെല്ലാം കൂട്ടത്തോടെ ചത്തൊടുങ്ങി . ഇതുകണ്ട കൗരവസൈന്യം, കർണ്ണൻ ജയിച്ചു , കർണ്ണൻ ജയിച്ചു എന്ന് ആർത്തു വിളിച്ചു.
wiki

No comments:

Post a Comment