Wednesday, December 26, 2018

ചിലയാളുകള്‍ ചോദിച്ചേയ്ക്കാം ലൗകികകാര്യങ്ങളില്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മരണകാലത്ത്  ഈശ്വരനെ സ്മരിക്കാന്‍ എങ്ങനെ ഒക്കുമെന്ന് അവര്‍ക്ക് ലൗകികകാര്യങ്ങളെക്കുറിച്ചു സ്മരിക്കണമെങ്കില്‍ ഈശ്വരനെയും സ്മരിക്കാം. ഒരു കണ്ണാടിയില്‍ നിഴലിക്കുന്ന ചിത്രങ്ങള്‍ എന്നപോലെ ഈ പ്രപഞ്ചമെല്ലാം സച്ചിദാനന്ദസ്വരൂപനായ ഈശ്വരനിലാണ് നിഴലിച്ചുനില്‍ക്കുന്നത്. ചിത്രത്തോടൊപ്പം കണ്ണാടിയേയും ഗ്രഹിക്കുന്നതുപോലെ വിചാരശീലന്മാര്‍ക്കു ലൗകികവിഷയങ്ങളോടൊപ്പം ഈശ്വരനെയും ചിന്തിക്കാന്‍ സാധിക്കും. നമുക്ക്  ആനന്ദം നല്‍കുന്ന എല്ലാ വിഷയങ്ങളുടെയും ഉണ്മയും തിളക്കവും ഈശ്വരന്റെതാണെന്നറിഞ്ഞാല്‍മതി അതു രണ്ടുമില്ലാതായാല്‍ വിഷയങ്ങളെല്ലാം നീരസങ്ങളും ബീഭത്സങ്ങളുമായി തോന്നുമെന്നുള്ളതിനു അളിഞ്ഞ ശവങ്ങള്‍തന്നെ തെളിവാണല്ലോ. ലൗകികവിഷയങ്ങളില്‍ എത്ര മുഴുകിയിരുന്നാലും ഈശ്വരചിന്ത പുലര്‍ത്തിക്കൊണ്ടിരിക്കുന്ന കുറച്ചാളുകളെങ്കിലും ലോകത്തിലുണ്ടെന്നു നമുക്കറിയാം. ശ്രവണത്തിലും കീര്‍ത്തനത്തിലുമുള്ള അഭ്യാസംകൊണ്ടാണ് അവര്‍ ആ നിലയിലെത്തിയിട്ടുള്ളത്. അതുപോലെ നമ്മളും ശ്രവണത്തിലും കീര്‍ത്തനത്തിലും ശ്രദ്ധിച്ചു ഭഗവന്മാഹാത്മ്യം ഗ്രഹിച്ചാല്‍ ഭഗവാനെപ്പറ്റിയുള്ള സ്മരണ ഒരിക്കലും നമ്മെ വിട്ടുമാറുകയില്ല. അതെപ്പോഴും നമ്മുടെ ഹൃദയത്തെ കുളിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ടു ഭഗവത് സ്മരണയില്‍ എല്ലാവരും ശ്രദ്ധിക്കണമെന്നു ഒന്നുകൂടി ഉദ്‌ബോധിപ്പിച്ചുകൊള്ളുന്നു. ...

No comments:

Post a Comment