Monday, December 31, 2018

സകല പ്രപഞ്ച വൈവിധ്യങ്ങളും കേവലം വ്യവഹാരിക തലത്തില്‍ മാത്രമാണെന്നും എല്ലാ വൈവിധ്യങ്ങളുടെയും അടിസ്ഥാനമായി നിലകൊള്ളുന്ന സത്ത ഏകവും അദ്വിതീയവുമാണെന്നും സ്വാമി ചിദാനന്ദപുരി. ഉപനിഷത്‌ വിചാരയജ്ഞം ഏഴാം ദിവസം പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശകാലാദി സകല കല്‍പ്പനകള്‍ക്കും അടിസ്ഥാനവും അജ്ഞാനലേശത്താല്‍ സ്പര്‍ശിക്കപ്പെടാത്തതും ശരീരരഹിതവുമായ പരമസത്യം സര്‍വ്വാധിഷ്ഠാനമെങ്കിലും സകല പ്രപഞ്ച വികാരങ്ങള്‍ക്കും ഉപരിയാണ്‌ ജഗത്‌. ഈശ്വരന്‍, ജീവന്‍ തുടങ്ങിയ സകല ഭേദങ്ങളും ഈ സദധിഷ്ഠാനത്തില്‍ തന്നെ നിലകൊള്ളുന്നു. ജഗത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരാദികളാകുന്ന വ്യവഹാരങ്ങളെ ചിന്തിക്കുമ്പോള്‍ ഈ പരമസത്യം തന്നെയാണ്‌ വിദ്യോപാധിയില്‍ ഇൌ‍ശ്വരനായും അവിദ്യോപാധിയില്‍ ജീവനായും ഭാസിക്കുന്നത്‌. സകല ജഗത്‌ വ്യവഹാരങ്ങളും തന്നെ ഈ ഈശ്വരനാല്‍ നിയമിതവുമാണ്‌. ക്രാന്തദര്‍ശിയും സങ്കല്‍പ്പ വികല്‍പ്പങ്ങള്‍ക്കുപരി വര്‍ത്തിക്കുന്നവനും സര്‍വ്വവ്യാപിയും പ്രഭുവുമായ ഈശ്വരന്‍ സദധിഷ്ഠാനത്തില്‍ സകല വ്യവഹാരങ്ങളെ വിഭജിച്ച്‌ ധരിക്കുന്നു. ഈ ധരിക്കുന്ന വ്യവസ്ഥയാണ്‌ ധര്‍മ്മം.
അണു മുതല്‍ അനന്തകോടി ബ്രഹ്മാണ്ഡങ്ങളടങ്ങുന്ന സമസ്ത പ്രപഞ്ചവും തന്നെ സുവ്യക്തവും അത്ഭുതകരവുമായ ഒരു വ്യവസ്ഥക്ക്‌ വിധേയമായിട്ടാണ്‌ നിലനില്‍ക്കുന്നത്‌. നിരന്തരമായ ചലനത്താല്‍ നിലനില്‍ക്കുന്ന വ്യാവഹാരികമായ അചലഭാവം അണു മുതല്‍ ബ്രഹ്മാണ്ഡം വരെ സകലത്തിലും നാം കാണുന്നു. ഈ വ്യവസ്ഥയെ ഋഷിമാര്‍ ധര്‍മ്മം എന്ന്‌ വിളിച്ചു. ഈ വ്യവസ്ഥയെ അറിഞ്ഞ്‌ അതിനനുസൃതമായി, പ്രപഞ്ചത്തിന്റെ താളക്രമത്തിനനുസൃതമായി കഴിയുന്നതാണ്‌ ധാര്‍മ്മിക ജീവിതം. അനേകലക്ഷം ധര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലൂടെ വ്യാഖ്യാതമാകുന്ന ധര്‍മ്മസങ്കല്‍പ്പത്തിന്റെ മര്‍മ്മം "യഥാതഥ്യതോ അര്‍ത്ഥാന്‍ വൃദധാത്‌" എന്ന ഒരു ചെറിയ മന്ത്രഭാഗം കൊണ്ട്‌ ഉപനിഷദ്‌ പറയുന്നു. എങ്ങനെ വേണമോ അങ്ങനെ സകല പദാര്‍ത്ഥങ്ങളെയും പ്രതിഭാസങ്ങളെയും- പ്രാപഞ്ചിക ഘടകങ്ങളെ വിഭജിച്ച്‌ വച്ചിരിക്കുന്നു. ഈ ഈശ്വരീയ വ്യവസ്ഥയെ അറിഞ്ഞ്‌ അതിനനുസൃതമായി കഴിയുകയാണ്‌ നാം വേണ്ടത്‌.

No comments:

Post a Comment