Monday, December 31, 2018

ലഘുത്വമാരോഗ്യമലോലുപത്വം
വര്‍ണപ്രസാദഃ സ്വരസൗഷ്ഠവം ച
ഗന്ധഃ ശുഭോ മൂത്രപുരീഷമല്പം
യോഗപ്രവൃത്തിം പ്രഥമാം വദന്തി
ശരീരത്തിനുണ്ടാകുന്ന ലാഘവം, ആരോഗ്യം വളരെ നന്നായിരിക്കുക, ലൗകിക വിഷയങ്ങളില്‍ ആസക്തിയില്ലാതിരിക്കുക, ശരീരകാന്തി, ആരേയും ആകര്‍ഷിക്കുന്ന സ്വരമാധുര്യം, നല്ല വാസന, മലവും മൂത്രവും കുറച്ച് മാത്രമായിരിക്കുക തുടങ്ങിയവയാണ് യോഗാഭ്യാസത്തില്‍ മുഴുകിയിരിക്കുന്നയാളുടെ യോഗ സാഫല്യത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.
 യോഗാഭ്യാസം ചെയ്യുന്നവര്‍ക്ക് ശരീരത്തിന്റെ കനം കുറഞ്ഞു വരുന്നതായി അനുഭവപ്പെടും. ദുര്‍മേദസ്സെല്ലാം പോയി നല്ല ആരോഗ്യത്തോടെയിരിക്കും. വിഷയങ്ങളിലുള്ള ആസക്തി കുറയുകയും ചെയ്യും. ആന്തരിക സൗന്ദര്യം പുറത്തേക്കും പ്രകടമാകുന്നതിനാല്‍ ദേഹം വെട്ടിത്തിളങ്ങുന്നതു പോലെയുണ്ടാകും. ശബ്ദം സുന്ദരമായിരിക്കുകയും ശരീര സുഗന്ധം ഉണ്ടാകുകയും ചെയ്യും. അകത്ത് മാലിന്യങ്ങള്‍ കുറവായതിനാല്‍ മലം, മൂത്രം എന്നിവയുടെ അളവും കുറവായിരിക്കും.
യഥൈവ ബിംബം മൃദയോപലിപ്തം
തേജോമയം ഭ്രാജതേ തത് സുധാന്തം
തദ്വാത്മതത്ത്വം പ്രസമീക്ഷ്യ ദേഹീ
ഏകഃ കൃതാര്‍ത്ഥോ ഭവതേ വീതശോകഃ
മണ്ണ് പുരണ്ട ഒരു ലോഹബിംബമോ പാത്രമോ നന്നായി വൃത്തിയാക്കിയെടുക്കുമ്പോള്‍ മിന്നിത്തിളങ്ങുന്നു. അതുപോലെ സംസാരത്തില്‍ മങ്ങിക്കിടക്കുന്ന ജീവന്‍ യഥാര്‍ഥമായ ആത്മതത്വത്തെ സാക്ഷാത്കരിക്കുമ്പോള്‍ ഏകനും കൃതാര്‍ത്ഥനും ദുഃഖമില്ലാത്തവനുമായിത്തീരുന്നു.
അഴുക്കും പൊടിയും പറ്റിക്കിടന്ന ഒന്നിനെ വൃത്തിയാക്കിയെടുക്കുമ്പോള്‍ അതിന്റെ ശരിയായ തിളക്കം പുറത്തു വരുന്നതുപോലെ, ആത്മതത്വത്തെ സാക്ഷാത്കരിക്കുമ്പോള്‍ ജീവന്റെ ശരിയായ ചൈതന്യ വിശേഷം പു
റത്തു പ്രകടമാകും.
യോഗാഭ്യാസത്തിന്റെ ഫലത്തെയാണ് ഇവിടെ വിവരിച്ചത്. ആത്മസ്വരൂപത്തിന്റെ എല്ലാ ഗുണങ്ങളും സാക്ഷാത്കാരത്തിലൂടെ ജീവന് കൈവരുന്നു.
യദാത്മതത്ത്വേന തു ബ്രഹ്മതത്ത്വം
ദീപോപമേനേഹ യുക്തഃ പ്രപശ്യേത്
അജം ധ്രുവം സര്‍വതത്തത്വെര്‍ വിശുദ്ധം
ജ്ഞാത്വാ ദേവം മുച്യതേ സര്‍വപാശൈഃ
എപ്പോഴാണോ ഒരു യോഗി ഈ ജീവിതത്തിന്റെ ദീപം
പോലെ പ്രകാശമാനമായ ആത്മതത്വത്താല്‍ ബ്രഹ്മ തത്വത്തെ ദര്‍ശിക്കുന്നത് അപ്പോള്‍ ധ്രുവവും എല്ലാ തത്വങ്ങളില്‍ നിന്നും വിശുദ്ധനും ആയ ദേവനെ അറിഞ്ഞ്, എല്ലാ ബന്ധനങ്ങളില്‍ നിന്നും മുക്തനാവുന്നു. ജീവാത്മാവും പരമാത്മാവും സഗുണ ഈശ്വരനും ഒന്ന് തന്നെയെന്ന് ഉറപ്പിക്കുകയാണ് ഈ മന്ത്രം. ആത്മാവ്, ബ്രഹ്മം, ദേവന്‍ എന്നീ മൂന്ന് ഭാവങ്ങളെ ഇവിടെ കാണാം.
എല്ലാ ജീവജാലങ്ങളുടേയും ഉള്ളില്‍ കുടികൊള്ളുന്ന ജീവാത്മാവിനെ ആദ്യം അറിയണം. അത് തന്നെയാണ് സമഷ്ടിയായി നിറഞ്ഞിരിക്കുന്ന പരമാത്മാവെന്ന് സാക്ഷാത്കരിക്കണം. ആ പരബ്രഹ്മം തന്നെയാണ് ഈശ്വരനെന്നും അറിയണം. ഇങ്ങനെയായാല്‍ ലക്ഷ്യം നേടി. എല്ലാ സംസാരബന്ധനങ്ങളില്‍ നിന്നും മുക്തനായിത്തീരുകയും ചെയ്യും.
ഏഷോ ഹ ദേവഃ പ്രദിശോളനു സര്‍വാഃ
പൂര്‍വോ ഹ ജാതഃ സ ഉ ഗര്‍ഭേ അന്തഃ
സ ഏവ ജാതഃ സ ജനിഷ്യമാണഃ
പ്രത്യങ്ജനാസ്തിഷ്ഠതി സര്‍വതോമുഖഃ
ഈ ദേവന്‍ എല്ലാ ദിക്കുകളിലും ഇടയ്ക്കുള്ള ദിക്കുകളിലും വ്യാപിച്ചിരിക്കുന്നു. ഏറ്റവും ആദ്യമുണ്ടായ ഹിരണ്യഗര്‍ഭന്‍ ഈ ദേവനാണ്. ഗര്‍ഭത്തിലിരിക്കുന്നവനും ജനിച്ചവനും ജനിക്കാനിരിക്കുന്നതുമെല്ലാം ഈ ദേവന്‍ തന്നെ. എല്ലാ ജനങ്ങളുടേയും ഉള്ളില്‍ കുടികൊള്ളുന്ന ഈ ദേവന്‍ എങ്ങും മുഖമുള്ളവനാണ്.
പരമാത്മാവ് തന്നെയാണ് എങ്ങും നിറഞ്ഞിരിക്കുന്നത്. ഹിരണ്യഗര്‍ഭന്‍ മുതല്‍ ഉണ്ടായതെല്ലാം ഇനിയുണ്ടാകാന്‍ പോകുന്നതും പരമാത്മാവല്ലാതെ മറ്റൊന്നല്ല. വ്യഷ്ടിയിലും സമഷ്ടിയിലും അതല്ലാതെ മറ്റൊന്നില്ല. എല്ലാ ജീവികളുടേയും മുഖം പരമാത്മാവിന്റെയാണ് അതിനാല്‍ അത് എങ്ങും മുഖമുള്ളതായിയിരിക്കുന്നു.
യോ ദേവോ അഗ്‌നൗ യേളപ്‌സു
യോ വിശ്വം ഭുവനമാവിവേശ
യ ഓഷധീഷു യോ വനസ്പതിഷു
തസ്‌മൈ ദേവായ നമോ നമഃ
അഗ്നിയിലും വെള്ളത്തിലും കുടികൊള്ളുന്നവനും ലോകം മുഴുവന്‍ പ്രവേശിച്ചിരിക്കുന്നവനും ഓഷധികളിലും വനസ്പതികളിലും (ചെടി, വൃക്ഷം) വസിക്കുന്നവനുമായ ദേവന് വീണ്ടും വീണ്ടും നമസ്‌കാരം.
വിശ്വം മുഴുവന്‍ നിറഞ്ഞിരിക്കുന്ന ബ്രഹ്മചൈതന്യത്തെയാണ് നമസ്‌കരിക്കുന്നത്. ആദരവിനേയും അദ്ധ്യായത്തിന്റെ അവസാനത്തെയും കാണിക്കാനാണ് 'നമോ നമഃ' എന്ന് പറഞ്ഞത്.

സ്വാമി അഭയാനന്ദ

No comments:

Post a Comment