Saturday, December 29, 2018

മഹാദേവന്റെ / ശിവന്റെ/ മഹേശ്വരന്റെ അഞ്ചുകര്‍മ്മങ്ങള്‍

പരബ്രഹ്മം, ഓംകാരം, ലോകനാഥൻ എന്നിവ ശ്രീപരമേശ്വരൻ തന്നെയാണന്നും; എല്ലാ ചരാചരങ്ങളും പരമാത്മാവായ ശിവനെ പ്രാപിച്ചാണ് മോക്ഷപ്രാപ്തി നേടുന്നതെന്നും ശിവപുരാണം പറയുന്നു.  പഞ്ചകൃത്യം ,ബ്രഹ്മ്മാവും , മഹാവിഷ്ണുവും, രുദ്രനും , സദാശിവനും, മഹേശ്വരനും അടങ്ങുതാണ് ശ്രീ പരമേശ്വരന്റെ അഞ്ചു മുഖങ്ങൾ . സൃഷ്ടി, സ്ഥിതി , സംഹാരം , അനുഗ്രഹം , തിരോധാനം തുടങ്ങിയ പഞ്ചകൃത്യങ്ങൾ പരബ്രഹ്മ മൂർത്തിയും ആദിദേവനുമായ മഹാദേവൻ തന്നെ ആണ് നിർവഹിക്കുന്നത് . മഹേശ്വരന്റെ ലോകസംബന്ധിയായ അനുഗ്രഹങ്ങള്‍ സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നിവയാണ്‌. ഈ ലോകത്തു രചിക്കപ്പെടുന്ന സര്‍ഗ്ഗാത്മകമായ എല്ലാം തന്നെയാണ്‌ സൃഷ്‌ടി. സൃഷ്‌ടിക്കപ്പെട്ടവയുടെ ക്രമവും സുസ്‌ഥിരവുമായ പാലനമാണ്‌ സ്‌ഥിതി. പാലിക്കപ്പെടുന്നവയുടെയെല്ലാം വിനാശമാണ്‌ സംഹാരം. പ്രാണങ്ങളുടെ ഉല്‍ക്രമണമാണ്‌ തിരോഭാവം. ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ഭഗവാനിലേക്ക്‌ ലയിക്കുന്നതാണ്‌ അനുഗ്രഹം. മോക്ഷകാരകമായ ഈ അനുഗ്രഹമാണ്‌ ഭഗവാന്റെ സ്‌ഥായീഭാവം. ഈശന്റെ പഞ്ചമുഖങ്ങള്‍, കര്‍മ്മങ്ങള്‍, ഭൂതങ്ങള്‍, ഗുണങ്ങള്‍ എന്നിവ. സൃഷ്‌ടി, സ്‌ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം എന്നീ അഞ്ചുകര്‍മ്മങ്ങള്‍ അഞ്ചു ഭൂതങ്ങളിലുമായി സമന്വയിക്കപ്പെട്ടിരിക്കുന്നു. ഭൂമിയില്‍ ജീവജാലങ്ങള്‍ സൃഷ്‌ടിക്കപ്പെടുന്നു. ജലംകൊണ്ട്‌ ഈ ജീവജാലങ്ങള്‍ക്ക്‌ വളര്‍ച്ചയും രക്ഷയും ഉണ്ടാകുന്നു. അഗ്നി എല്ലാറ്റിനേയും ദഹിപ്പിക്കുന്നു.

വായു എല്ലാറ്റിനേയും ഒരു ദിക്കില്‍നിന്നും മറ്റൊരു ദിക്കിലേക്ക്‌ കൊണ്ടുപോകുന്നു. ആകാശം സകലതിനേയും അനുഗ്രഹിക്കുന്നു. പഞ്ചമുഖങ്ങളിലൂടെ ഈ അഞ്ചു കൃത്യങ്ങളും നിര്‍വ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. നാലു മുഖങ്ങള്‍ നാലു ദിക്കുകള്‍ക്കഭിമുഖമായും അഞ്ചാമത്തെ മുഖം നടുവിലും സ്‌ഥിതി ചെയ്യുന്നു. ഇതില്‍ വടക്കേ ദിക്കിലുള്ള മുഖത്തുനിന്നും 'അ'കാരം പുറപ്പെടുന്നു. പടിഞ്ഞാറെ മുഖത്തുനിന്നും 'ഉ'കാരവും തെക്കേ മുഖത്തുനിന്നും 'മ'കാരവും ഉണ്ടാവുന്നു.

കിഴക്കേ മുഖത്തുനിന്നും ബിന്ദുവും നടുവിലത്തെ മുഖത്തുനിന്നും നാദവും കൂടി ഉത്ഭവിച്ചു. ഈ അഞ്ചു മുഖങ്ങളില്‍ നിന്നും ഒന്നുചേര്‍ന്നുണ്ടായ ആദ്യനാദമായ പ്രണവം അഥവാ ഓംകാരം നാദരൂപാത്മകമായ ഈ ലോകത്തിന്റെ മുഴുവനും ഉത്ഭവത്തിനു കാരണമാണ്‌. ശിവശക്‌തി സംയോഗമാണ്‌ ഓംകാരം. ഓംകാരം ഉച്ചരിക്കുന്നതിലൂടെ ഭഗവന്നാമം തന്നെയാണ്‌ സ്‌മരിക്കപ്പെടുന്നത്‌. ഓംകാരം ഭഗവാന്റെ നിഷ്‌കള സ്വരൂപമാണ്‌. ഇതില്‍നിന്നുണ്ടായ പഞ്ചാക്ഷരി ഭഗവാന്റെ സകള രൂപത്തെ പ്രതിനിധാനം ചെയ്യുന്നു. പഞ്ചാക്ഷരിയില്‍നിന്നുമാണ്‌മൂലഭൂതസ്വരങ്ങള്‍- അ, ഇ, ഉ, ഋ, നു- എന്നിവ ഉണ്ടായത്‌.

മംഗളസ്വരൂപമാണ്‌ പ്രണവം. ഇതിന്‌ സൂക്ഷ്‌മമെന്നും സ്‌ഥൂലമെന്നും രണ്ടു ഭേദങ്ങള്‍ പറയപ്പെടുന്നു. പ്രകൃതിയില്‍നിന്നും ഉത്ഭവിച്ച സംസാരരൂപിയായ മഹാസമുദ്ര (പ്ര)ത്തില്‍നിന്നും കരകയറുന്നതിനുള്ള നാവം ആണ്‌ 'പ്രണവം'. ഈ നിലയില്‍ പ്രണവത്തിന്റെ സൂക്ഷ്‌മരൂപമാണ്‌ ഓംകാരം. സൂക്ഷ്‌മ പ്രണവത്തിന്‌ ഹ്രസ്വമെന്നും ദീര്‍ഘമെന്നും രണ്ടു രൂപങ്ങളുണ്ട്‌. അകാരം, ഉകാരം, മകാരം, ബിന്ദു, നാദം ഇവയെല്ലാം ഉള്‍പ്പെട്ടത്‌ ദീര്‍ഘപ്രണവം. ഇത്‌ യോഗികള്‍ക്ക്‌ മാത്രം പ്രാപ്‌തമാണ്‌.

അകാരം, ഉകാരം, മകാരം- അ, ഉ, മ്‌- എന്നീ മൂന്നു തത്വങ്ങള്‍ മാത്രം ചേര്‍ന്നതാണ്‌ ഹ്രസ്വപ്രണവം, അഥവാ അക്ഷര രൂപത്തിലുള്ള 'ഓം' കാരം. അകാരം ശിവനും ഉകാരം ശക്‌തിയും മകാരം ശിവശക്‌തി സംയോഗവുമാണ്‌. ത്രിതത്വ സ്വരൂപമായ ഈ ഓംകാരം സകല പാപഹരവുമാണ്‌. ഓംകാരം ജപിക്കുന്ന സാധകര്‍ മനസ്സിലാക്കേണ്ടത്‌ പ്രപഞ്ചം (പ്ര) നിങ്ങള്‍ക്ക്‌ (വ) ഇല്ല (ന) എന്ന ജ്‌ഞാനമാണ്‌.

പ്രകര്‍ഷണേന നയേത്‌ യുഷ്‌മാന്‍ മോക്ഷം
ഇതി വാ പ്രണവഃ

ജപിക്കുന്ന ഉപാസകരെ മോക്ഷത്തിലേക്ക്‌ നയിക്കുവാന്‍ പ്രാപ്‌തമാണ്‌ പ്രണവം എന്നര്‍ത്ഥം. സ്‌ഥൂലരൂപത്തിലുള്ള പ്രണവമാണ്‌ നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം. ശിവപഞ്ചാക്ഷരി എപ്പോഴും ഓംകാരം ചേര്‍ത്തുതന്നെ ജപിക്കേണ്ടതാണ്‌.

പഞ്ചേന്ദ്രിയാത്മകമായ ശബ്‌ദം, സ്‌പര്‍ശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങള്‍ പഞ്ചഭൂതങ്ങളിലധിഷ്‌ഠിതമാണ്‌. ഈ പഞ്ച തത്വങ്ങളും നാദാത്മകമാണ്‌. ഏറ്റവും സൂക്ഷ്‌മമായ തത്വമാണ്‌ ആകാശം. ആകാശ തത്വത്തിലെ നാദമാത്ര ഗുണത്തില്‍നിന്നും ഓരോ തത്വത്തിലും ഓരോ ഗുണം കൂടി ചേര്‍ന്ന്‌ പരിണമിച്ച്‌ ഭൂ തത്വത്തിലെത്തുമ്പോള്‍ നാദബ്രഹ്‌മം പൂര്‍ണമാകുന്നു. 

No comments:

Post a Comment