Saturday, December 29, 2018

ഒരു ആത്മാവിന് ഈ ഭൂമിയിൽ ലഭിക്കുന്നതിൽ ഏറ്റവും ഉത്കൃഷ്ടമായതും, പവിത്രമായതുമായ ഒന്നാണ് മനുഷ്യ ശരീരം.  ഒരു ആത്മാവിന് മറ്റു ആത്മാക്കളുമായി സംവേധിക്കുന്നതിന് ശരീരം  അതത്യാവശ്യമാണ്.  ലഭിച്ച ശരീരത്തിലുള്ള ജ്ഞാനേന്ദ്രിയങ്ങളുപയോഗിച്ച് കൊണ്ട് ആത്മാവിന് ലോകത്തെ കാണാനും, കേൾക്കാനും, അനുഭവിച്ചറിയാനും സാധിക്കുന്നു.   മനുഷ്യ ശരീരം ലഭിച്ച ഓരോ ആത്മാവും അതുപയോഗിച്ചുകൊണ്ട്‌ പരമാത്മാവിനെ അറിയാനും, ആയിത്തീരാനുമാണ് ശ്രമിക്കേണ്ടത്.   വില്ലാകുന്ന ശരീരം ഉപയോഗിച്ചുകൊണ്ട് ശരമാകുന്ന ജീവാത്മാവിനെ പരമാത്മാവ് എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിനാണ് ഏതൊരാത്മാവും മനുഷ്യ ശരീരം സ്വീകരിക്കുന്നത്.   ദൃശ്യങ്ങളെ നിരാകരിക്കുമ്പോൾ ആ ഏകവസ്തുവായ സത് വസ്തുവായിത്തീരുന്നു.  ഏതറിവാണോ ആത്മാവിന് ശ്രേയസ്കരമായിട്ടുള്ളത് ആ അറിവിലേക്ക് ഉയർത്തുന്നതാണ് ഭാരതീയ ദർശനങ്ങളായ വേദങ്ങളും, ഉപനീഷത്തുക്കളും.  ബ്രഹ്മമവിദ്യ പരമരഹസ്സ്യമാണ്.  ഇത് അനുഭവിച്ചറിയേണ്ടാതാണ്.  ജഡമായി നിലകൊള്ളുന്ന ശരീരത്തെ ഉപയോഗിച്ച്ചുകൊണ്ട് ആത്മാവ് കർമം ചെയ്യുമ്പോൾ ശരീരമാണ്  ചെയ്യുന്നതെന്ന് തോന്നുന്നതാണ് അജ്ഞാനം. ഒരു വ്യക്തിയിലൂടെ വരുന്ന വാക്കും, പ്രവർത്തിയും ശ്രദ്ധിച്ചാൽ ആ ജീവാത്മാവ് എത്രമാത്രം പരമാത്മാവിനെ (ബോധത്തെ) അറിയുന്നു എന്നത് മനസ്സിലാകും. ഇതാണ്  ഒരു ശരീരത്തെ ഉപയോഗിക്കുന്ന ആത്മാവിനെ അറിയാനുള്ള ഏക മാർഗം.
സത്യ ദർശനത്തിന്റെ അനുഭൂതിയിൽ പ്രസക്തമായി വരുന്ന പ്രശ്നങ്ങളെ നിരൂപണ  ബുധ്ധിയോടുകൂടി യുക്തിപൂർവം വിലയിരുത്തി ഉത്തരങ്ങൾ കണ്ടെത്താം എന്നുള്ളതാണ് ബ്രഹ്മ്മസൂത്രത്തിന്റെ വിശാലത.   ജീവാത്മാവ് തന്നെയാണ് പരമാത്മാവ്  എന്ന അദ്വൈദ സത്യത്തെ അറിഞ്ഞ്, ലഭിച്ച ശരീരം ഉപയോഗിച്ചുകൊണ്ട് ജീവിതത്തിന്റെ എല്ലാ സമഷ്ടിയും ഈ സത്യത്തിൽ നിന്നും സദാ ദർശിക്കുന്ന അനുഭൂതിയിലേക്ക്  നയിക്കുന്ന ശാസ്ത്രമാണ് ഭഗവത്ഗീത.   ആ ഏകമായ ആത്മാവ് തന്നെയാണ് ഞാൻ  എന്നുള്ള സത്യത്തിന്റ വെളിച്ചത്തിൽ പ്രയോഗിഗ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും കോർത്തിണക്കിക്കൊണ്ട് 700 ശ്ലോകങ്ങ്ളിലായാണ് ഗീത അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജീവജാലങ്ങളിലും ഒരു പോലെ കുടികൊള്ളുന്ന ബ്രഹ്മമസത്ത്യത്തെ ആധാരമാക്കി വച്ചുകൊണ്ട് സകലതിനേയും അതിനോട് ചേർത്തിണക്കി വച്ചു കാണുന്നു എന്നുള്ളതാണ് ഇതിന്റെ ഏറ്റവും വലിയ മഹത്വം.  എന്താണ് ജ്ഞാനം, എന്താണ് മുക്തി, ഇവയെല്ലാം എങ്ങിനെ ലഭിക്കും, വൈരാഗ്യം പ്രപ്തമാകുന്നതെങ്ങിനെ, എങ്ങിനെ ലക്ഷിത്തിലെത്ത്താൻ കഴിയും ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നല്കുന്നതാണ് ഈ സംഹിത. 
2
ഇതിനു ആദ്യം വേണ്ടത് പഞ്ചഭൂതങ്ങളിൽ നിന്നും ഉരുവായ ശരീരമല്ല, മറിച്ച് എല്ലാതിനും സാക്ഷിയായ സത് വസ്തുവാണ് അഥവാ ബോധമാണ്‌ ഞാൻ എന്നറിവാണ്.   ഈ അറിവിൽ നിന്നുകൊണ്ട് നോക്കിയാൽ എന്റെതെന്ന് തോന്നിയതെല്ലാം തന്നെ എന്റേതല്ല എന്ന് വ്യക്തമാകും.   ശരീരം, ജ്ഞാനേന്ദ്രിയം, കര്മേന്ദ്രിയം, മനസ്സ്, ബുദ്ധി ഇങ്ങനെ എന്റെതെന്ന് തോന്നിയ എന്തെല്ലമുണ്ടോ ഇതിന്റെയെല്ലാം ഉടമ കേവലമായ ബോധം മാത്രമാണെന്ന് അവസാനം വ്യക്തമാകും.   ദേഹം ക്ഷയിക്കുന്നതിന്നു മുൻപ് തന്നെ ദേഹി ബോധമായി മാറണം.  ഈ പ്രക്രിയ മനുഷ്യ ശരീരം ഉപയോഗിച്ച് കൊണ്ട് മാത്രമേ  ചെയയുവാൻ  സാധിക്കുകയുള്ളൂ.  ഞാനുപയോഗിക്കുന്ന ശരീരം ഒരു ജടമാണ് എന്നും ഒരു മാറ്റത്തിനും വിധേയമല്ലാത്ത സത് വസ്തുവാണ് ഞാനെന്ന ബോധം ശാന്തിക്കും, സമാധാനത്തിനും കാരണമാകുന്നു. എന്തുകൊണ്ടെന്നാൽ  മാറ്റത്തിനു വിധേയമായ ഒന്നിനെ ആശ്രയിച്ചല്ല യഥാർത്ഥ സുഖം  നിലകൊള്ളുന്നത്‌.  ഈ ആത്മാനുഭൂതി അനുഭവിക്കേണ്ടത് ഇപ്പോൾ ലഭിച്ച ശരീരം  ഉപയോഗിച്ച് കൊണ്ട് തന്നെയാണ്.  അല്ലാതെ ഭാവിയിലോ, മരണ ശേഷമോ, മറ്റൊരു ജന്മത്തിലോ അല്ല.   സത്യത്തിൽ ആത്മാവ് ബ്രാഹ്മണൻ, ക്ഷത്രിയാൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെയുള്ള വർണങ്ങളിൽ നിന്ന് കൊണ്ടാണ് കർമങ്ങൾ ചെയ്യുന്നത്.    ലഭിച്ച ശരീരം ഉപയോഗിച്ച് ചെയ്യുന്ന പ്രവർത്തികളേയും വാക്കിനേയും ആശ്രയിച്ചു മാത്രമേ ഇതിനെ തരം തിരിക്കാൻ മാർഗമുള്ളൂ. 
സ്വർണം ഏതെല്ലാം ആഭരണങ്ങളുടെ രൂപം പ്രാപിച്ചാലും സ്വർണത്തിന്റെ സ്ഥായിയായ ഭാവത്തിനു മാറ്റമില്ല.   സ്വർണം ആഭരണമാകുമ്പോൾ മാത്രമേ അത് ധരിക്കുവാനും അതിന്റെ സൗന്ദര്യം ആസ്വദിക്കുവാനും സാധിക്കുകയുള്ളു.  ഇതുപോലെ തന്നെ ആത്മാവിനു രൂപം സിദ്ധിച്ചാൽ മാത്രമേ അതിന്റെ വർണത്തെയും, ഗുണത്തെയും കര്മത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.   ഏത് കർമത്തിലും കർത്താവും, ഭോക്താവും ആത്മാവ് തന്നെയാണ്.  ദേഹത്തിന്‌ ഒരു ബന്ധവുമില്ല.  അതുകൊണ്ടുതന്നെ ആത്മാവ് ധർമാധർമങ്ങൾക്ക് അതീതനാണ്.  ശരീരത്തിന്റെ ധർമം അനുഷ്ടിക്കുക എന്ന കർമം മാത്രമേ ആത്മാവിനു അധികാരമുള്ളൂ.  ആത്മാവ് പ്രപഞ്ചം ഉള്ള കാലം മുതൽ ലഭിച്ച ശരീരം ഉപയോഗിച്ചുകൊണ്ട് കർമം ചെയ്തുകൊണ്ടെയിരിക്കുന്നു.  ഒരു ദേഹം ദേഹിക്കു ഒരംശം മാത്രമാണ്. അതുകൊണ്ട് ഓരോ കര്മത്തിനും ഒരു അനന്തര ഫലമുണ്ട്‌.   ഈ കർമഫലം ദേഹം നഷ്ടപെട്ടതിന് ശേഷം സംചിതമായി നിലകൊള്ളുകയും, എല്ലാ വിധ നാമ  രൂപാതികൾക്കും ദേശകാലങ്ങൾക്കും അതീതമായ ശക്തി ആഗാമിയായി ആത്മാവിനു മറ്റൊരു രൂപം നല്കുകയും ചെയ്യുന്നു.  ഇതുവരെ ഏതെല്ലാം ശരീരങ്ങൾ ഉപയോഗിച്ചുകൊണ്ട് കർമം ചെയ്തുവോ അതിന്റെ തുടർച്ചയായി  പുതിയ ശരീരം ഉപയോഗിച്ച് കൊണ്ടിരിക്കുന്നു.  ദേഹം ഉപയോഗിച്ചുകൊണ്ട് ദേഹി കർമം ചെയ്യുമ്പോൾ ദേഹമാണ് ചെയ്യുന്നതെന്ന് എന്ന്  തോന്നുന്നതാണ് അജ്ഞാനം.  അതുകൊണ്ട് ശരീരങ്ങൾക്ക് കർമത്തിൽ പ്രാധാന്യം കൊടുക്കുന്നതും, ശരീരങ്ങളെ ആരാധിക്കുന്നതും വിഡ്ഢിത്തമാണ്. 
3
ദൃശ്യങ്ങളെ നിരാകരിക്കുമ്പോൾ ബാക്കി വരുന്നതാണ്  ആത്മ ചൈതന്ന്യം.  തിരമാല കടലിന്റെ ഒരു പ്രതിഭാസം മാത്രമാണ്.  തിരയുടെ രൂപവും, ശക്തിയും  എത്ര മാറി മാറി വന്നാലും കടലിനെ ബാധിക്കുകയില്ല.  ജനി, മൃതി എല്ലാം നടക്കുന്നത് നാമത്തിലും രൂപത്തിലും മാത്രമാണ്.  ആത്മാവിനു ജനനവുമില്ല മരണവുമില്ല.  ബോധമില്ലത്തവാൻ "ഞാൻ" എന്ന് പറയുന്നത് അവന്റെ ജഡ ശരീരത്തെ ആസ്പതമാക്കിയാണ്.  എന്റെ നാട്, എന്റെ പറമ്പ്, എന്റെ വീട്, എന്റെ ഭാര്യ, എന്റെ കുട്ടികൾ,  എന്റെ ആത്മാവ് എന്ന് പോലും അറിവില്ലാത്തവൻ പറയും.   ഇതെല്ലം ഞാനുപയോഗിക്കുന്ന ശരീരത്തിന്റെതാണെന്ന് ഇതറിയുന്നില്ല.  ഈ ദേഹം പോലും ഞാൻ ചോദിച്ചു വാങ്ങിയതല്ല, എന്നിൽ ആരോപിക്കപെട്ടതാണ്.  അതുകൊണ്ട് ഈ പ്രപഞ്ചത്തിൽ നിന്നും എനിക്ക് ഒന്നും നേടാനുമില്ല, നഷ്ടപ്പെടാനുമില്ല.  എന്റെ ഈ ജഡ ശരീരം ഏത് സമയത്ത് നഷ്ടപ്പെടുമെന്നും എനിക്ക് അറിയില്ല.  സമസ്ത പ്രപഞ്ചത്തിലും സത്യമായിരിക്കുന്ന പൊരുൾ ഞാനാണ്, ഞാൻ ബോധമാണ്, ഞാനല്ലാതെ മറ്റൊന്നും തന്നെ ഇല്ല എന്നതാണ് യഥാർത്ഥ അറിവ്.   എന്നെ ആരോണോ ദേഹമായി കാണുന്നത് അവനാണ് അറിവില്ലാത്തവൻ.  ഞാൻ എന്നത് ശരീരമല്ല, ബോധമാണ് എന്നറിയുമ്പോൾ എല്ലാ സംശയവും നീങ്ങിക്കിട്ടും.   അജ്ഞാനത്തെ  ഇല്ലായ്മ ചെയ്യാൻ ശ്രമിക്കേണ്ട, ജ്ഞാനോദയം ഉണ്ടാകുമ്പോൾ അജ്ഞാനം തനിയെ ഇല്ലാതാകും.  ഇരുട്ട് നിറഞ്ഞ മുറിയിൽ വിളക്കു കൊളുത്തിയാൽ  എന്താണോ സംഭിവിക്കുന്നത് അതുപോലെ ദുഖം, ശോകം എന്നിവയെല്ലാം വിട്ട് ആനന്ദ പ്രാപ്തി ഉണ്ടാവുകയും ചെയ്യും.
ഈ വിശ്വത്തിനു മുഴുവനും ആധാരമായി നിലകൊള്ളുന്ന ചൈതന്ന്യമായ ബോധം ഞാനാണ് എന്ന അറിവിന്റെ പൂർണത കൈവരിച്ചാൽ അവൻ മുക്തനായിത്തീർന്നു.  പിന്നീട് പരിശ്രമത്തിലൂടെ നിസ്സംഗത കൈവരിച്ചുകൊണ്ട് എല്ലാ ബന്ധനങ്ങളിൽ നിന്നും രക്ഷ പ്രാപിക്കാൻ കഴിയുകയും, ശരീരബോധം പൂർണമായും ഇല്ലാതാകുകയും ചെയ്യും.  ഞാൻ തിരമാലയല്ല മറിച്ച് സമുദ്രജലമാണെന്ന് തിരമാലക്കും, ഞാൻ കമ്മലോ, വളകാലോ അല്ല മറിച്ച് ഞാൻ സ്വർണമാണെന്നുള്ള  തോന്നലാണ് ഉണ്ടാകേണ്ടത്.   ഈ ആത്മസത്യം വിവരിച്ചു കൊടുത്തു മനസ്സിലാക്കിക്കുവാൻ സാധ്യമല്ല.  ശരീരം ഉപയോഗിച്ചുകൊണ്ട് അനുഭവിച്ചറിയേണ്ടാതാണ്. ഈ പ്രക്രിയ പക്ഷി മൃഗാ തികൾക്ക് സാധ്യമല്ല.  ദേഹാഭിമാനം എന്നാ പാശം ജ്ഞാനമാകുന്ന വാളുകൊണ്ട് മുറിച്ചു മാറ്റുമ്പോൾ എല്ലാറ്റിനും  ചേതനമാകുന്ന ചൈതന്യമാണ് ഞാൻ എന്ന സത്യം വെളിപ്പെട്ടുകിട്ടുന്നു.  ഈ പരമാത്മ ചൈതന്യത്തിന് മറ്റെന്തിനോടെങ്കിലും സംഗമുണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെയാണ് ഉത്തരം.  കാരണം സംഗം വച്ചു പുലർത്താൻ ഇതല്ലാതെ മറ്റൊന്നും തന്നെ വേറെയില്ല.
സമസ്ത പ്രപഞ്ചവും നാശമടയുംമ്പോഴും നശിക്കാതെ വർത്തിക്കുന്ന പരമ സത്യമാണ് ഞാനെന്നും, ഞാൻ പ്രകാശമാണെന്നും, അറിവാണെന്നും ബോധ്യപ്പെടും.  എപ്പോഴും ഞാൻ സംസാരിക്കുന്നത് ഒരാത്മാവിനോടാണെന്നും, എന്നോട് സംസാരിക്കുന്നത് ഒരാത്മാവാണെന്നും ഒള്ള കാഴ്ചപ്പാട് നിസ്സംഗത കൈവരിക്കുന്നതിനു എളുപ്പ മാർഗമാണ്.
4
ആഴത്തിലറിയുമ്പോൾ ഞാൻ എന്നത് എന്തൊരാശ്ചര്യമാണെന്നും എനിക്ക് തുലനം വക്കാൻ മറ്റൊന്നില്ലെന്നും അറിയുന്നവനാണ് സമർത്ഥൻ.  എന്നെ അറിയാത്തവൻ വിഡ്ഢിയാണെന്നും ഞാനറിയുന്നു.    ജനനം, മരണം, സ്വർഗം, നരഗം, ദേഹം, ബന്ധം, മോക്ഷം, സുഖം, ദു:ഖം, ഭയം ഇങ്ങനെയുള്ള കല്പിതങ്ങളിൽ എനിക്ക് ഇവയുമായി ഒരു ബന്ധവുമില്ല. ഞാൻ സ്നേഹിക്കേണ്ടതും,രമിക്കേണ്ടതും, ബഹുമാനിക്കേണ്ടതും എല്ലാം എന്നോടുകൂടി മാത്രം.  ജനക്കൂട്ടത്തിന്റെ നടുവിലിരിക്കുമ്പോഴും ഞാൻ എന്നെ തന്നെ തേടുന്നു.  ഞാൻ ദേഹമായി  നിലനിന്നപ്പോൾ മറ്റുള്ളവർ പറഞ്ഞു ഞാൻ ഇന്ന കാലം മുതൽ ഇന്ന കാലം വരെ ജീവിച്ചിരിന്നു.  സത്യത്തിൽ ഞാൻ ജനിച്ചിട്ടുമില്ല, മരിച്ചിട്ടുമില്ല.  സ്ഥൂല, സൂഷ്മങ്ങൾക്കെല്ലാം കാരണമായ അറിവ് മാത്രമാണ് ഞാൻ. എന്നെ നിങ്ങൾ ഒരു കച്ച്ച്ചവടക്കരനായി കാണുകയാണെങ്കിൽ ഞാൻ നേടിയത്  അറിവ് മാത്രമാണ്.  അവസാനം ദേഹം ലഭിച്ച സ്ഥലത്ത് തന്നെ ഉപേക്ഷിക്കുന്നു.  എനിക്ക് ജീവനുണ്ട്, ഞാൻ ജീവൻ നില നിർത്താൻ ഭക്ഷണം കഴിക്കുന്നു എന്നെല്ലാം പറയുന്നത് അറിവില്ലായ്മയാണ്. 
വിവിധ തരത്തിലുള്ള ബാഹ്യ വസ്തുക്കൾ ഭ്രമ ബുദ്ധിയിൽ ഉണ്ടെന്നു തോന്നുമ്പോഴാണ് വിഷയങ്ങളോട് പ്രീതി തോന്നുന്നത്.  ഇതെല്ലാം ഇന്ദ്രീയങ്ങളുടെ സൃഷ്ടി മാത്രമാണ്.  ശാസ്ത്ര പരിജ്ഞാനം കൊണ്ട് ജ്ഞാനസിദ്ധി ലഭിച്ച ആരും തന്നെ ബാഹ്യ വസ്തുക്കളോട് ആസക്തി തോന്നി, ആ മാലിന്യത്തെ പ്രപിക്കുകയില്ല.  ഞാൻ ആത്മാവണെന്നുള്ള ഉൾവിളിയോടുകൂടി ഓരോ നിമിഷവും മുന്നോട്ടു പോകുമ്പോൾ ആനന്ദമയനായിരിക്കുന്ന  അവസ്ഥയാണ് ആത്മരതി.  ലൈംഗീഗതയിൽ നിന്നും കിട്ടുന്ന സുഖം താത്കാലികമാണ്. ലൈംഗീഗശേഷിയും സ്ഥിരതയുള്ളതല്ല.  ഈ മാലിന്യങ്ങളിൽ പെട്ട് ഉഴലുന്നവർ അതിനെ സാധൂകരിക്കുന്നതിന് തന്റേതായ ന്യായങ്ങൾ കണ്ടെത്തുകയും ചെയ്യും.  ജ്ഞാന ലബ്ധിക്ക് തടസ്സമായി നില്ക്കുന്ന ശത്രുവാണ് കാമം എന്ന് കൂടി  എടുത്തു പറയേണ്ടതുണ്ട്.  ഈ അസ്ഥിര വസ്തുക്കളെ ആശ്രയിക്കുന്നവന് നിത്യമായ സുഖം ഒരിക്കലും ലഭിക്കില്ല.  ആത്മാവിൽ രമിക്കുന്നവൻ ഭൊഗവിഷയത്തിൽ സന്തോഷിക്കുകയോ, തന്നെ പീഡിപ്പിക്കുന്നവരോട് കോപിക്കുകയോ ചെയ്യാറില്ല.  ശരീരത്തെയാണ് മറ്റുള്ളവർ സ്തുതിക്കുന്നതും നീന്ദിക്കുന്നതും എന്ന് ജ്ഞാനി തിരിച്ചറിയുമ്പോൾ അതിൽ സംന്തോഷിക്കുവാനോ ക്ഷുഭിതനാകാനോ കഴിയില്ല.   ഈ വിശ്വം മുഴുവനും നിറഞ്ഞു കാണുന്നത് വെറും മായ മാത്രമാണെന്ന് തിരിച്ച്ചറിഞ്ഞവന്, സ്ഥിതപ്രജ്ഞന് സന്തോഷവും, ദുഖവും ഒന്നും തന്നെ ബാധിക്കുന്നില്ല.  ജനി മൃതികളെല്ലാം തന്നെ ഇല്ലാത്തതാണെന്നും, ഇതെല്ലാം പ്രപഞ്ചപ്രവാഹത്തിന്റെ  ഭാഗമാണെന്നും, ഉണ്മ ഇതിനെല്ലാം അതീതമാണെന്നും അറിയാൻ കഴിഞ്ഞാൽ ഒന്നിലും ദുഖിക്കുകയോ ആഹ്ലാദിക്കുകയോ ചെയ്യുന്നില്ല.
5
കണ്ണുകൊണ്ട് കാണാൻ കഴിയുന്നതെല്ലാം തന്നെ വിവേക ബുദ്ധികൊണ്ട്  ഇല്ലാത്തതാണെന്ന് തിരിച്ചറിയുകയും, ആ കണ്ട വസ്തുക്കളിലൂടെ കാണാൻ കഴിയാത്ത ചൈതന്യ വസ്തുവിനെ അറിയാനാണ് ശ്രമിക്കേണ്ടത്.  അപ്പോൾ മാത്രമേ തള്ളേണ്ടത്‌ തള്ളാനും, കൊള്ളേണ്ടത്‌ കൊള്ളാനും കഴിയുകയുള്ളൂ.  ഒരു ജ്ഞാനി സത്യമായിക്കാണുന്നത് രൂപങ്ങളെയല്ല, ആ രൂപങ്ങളായി നിലകൊള്ളുന്ന ആത്മസത്യത്തെയാണ്.  ഈശ്വരൻ എന്നത് കല്ലിലോ, മരത്തിലോ കുടി കൊള്ളുന്ന ഒന്നല്ല, മറിച്ച് അവനവനിൽ തന്നെ സ്ഥിതിചെയ്യുന്ന ആത്മച്ചൈതന്യമാണ്.  ഇത് കണ്ണാടിയിലൂടെ ദർശിക്കുവാൻ സാധ്യമല്ല.  ഏതൊരുവനും എത്തിച്ചേരുവാൻ കൊതിക്കുന്ന പദവിയിൽ ഇപ്പോൾ തന്നെ സ്ഥിതി ചെയ്യുന്നവനാണ് യഥാർത്ഥ ജ്ഞാനി.  ബ്രാഹ്മണൻ മുതൽ ശൂദ്രൻ വരെയുള്ള നാല് തരം ജീവികളുടെ കര്മങ്ങളെ ഒരു പോലെ വീക്ഷിക്കുന്നവനാണ് ജ്ഞാനി.  ഇതിലൊന്നിലും കർത്താവും, അകർത്താവും, ഭോക്താവും ശരീരമല്ല.   അതുകൊണ്ട്  ഒന്നിനെ സ്തുതിക്കാനോ, മറ്റൊന്നിനെ നിന്ദിക്കാനോ   അറിവുള്ളവന് കഴിയില്ല.  ഇതിൽ നിന്നറിയുന്നത്‌ ആത്മജ്ഞാനി എത്ര സ്വതന്ത്രനാണെന്നും, ജീവിതം എത്ര നിരപേക്ഷമാണ് എന്നതുമാണ്‌. തന്നിൽ നിന്നും അന്യമായി ഒന്നും തന്നെയില്ല എന്ന അറിവ് കൈവന്നാൽ പിന്നെ എന്തിനോടാണ്‌ സംഗം തോന്നുന്നത്, എന്തിനെയാണ് ത്യജിക്കേണ്ടത്.  ദ്വൈതങ്ങളിൽ സമ ഭാവന വളർത്തിയെടുത്താൽ ഈ ഭാവം കൈവരിക്കാനാകും.     സത്തായി നിലകൊള്ളുന്നത്‌ താനാണെന്ന് ഭാവം കൈവന്നാൽ ഇവിടെ ത്യജിക്കാനും, ഗ്രഹിക്കാനും, ലയിക്കാനും ഒന്നും തന്നെയില്ല.  നാമരൂപങ്ങളിൽ ആത്മാവുണ്ടെങ്കിലും ആത്മാവിന് നാമരൂപ്ങ്ങളുമായി ബന്ധമില്ല.  ഇത്തരത്തിൽ ഒന്നിനോടുംപറ്റിച്ചേരാതെയും, ഒരാഗ്രഹമില്ലാതെയും, ശാന്തമായി വര്ത്തിക്കുന്നതാണ് ആത്മ സത്യം.  കേവലം ഞാൻ എന്നത് ബോധം മാത്രമാണ്.  ഇന്ദ്രീയങ്ങളുപയോഗിച്ചുകൊണ്ട് മനസ്സ് സൃഷ്ട്ടിക്കുകയും, മനസ്സ് എന്തെങ്കിലും ആഗ്രഹിക്കുകയോ, സ്വീകരിക്കുകയോ,   ഉപേക്ഷിക്കുകയോ, ഇഷ്ടം തോന്നുകയോ കൊപിക്കുകയോ ചെയ്യുമ്പോഴാണ് ബന്ധം ഉണ്ടാകുന്നത്.  എല്ലാം ആത്മാവിൽ നടക്കുന്ന ഇന്ദ്രജാലം മാത്രമാണെന്ന് ബോധ്യപ്പെട്ടാൽ വികാരം തോന്നാൻ മറ്റൊന്നില്ല എന്ന് മനസ്സിലാകും.  മറ്റൊന്നുണ്ട് എന്ന തോന്നലാണ് ബന്ധത്തിനു കാരണം.  ബന്ധത്തിന്റെ വിപരീതമാണ് മോക്ഷം.  ഇന്ദ്രീയങ്ങളുപയോഗിച്ചുകൊണ്ട്‌ മനസ്സ് വിഷയങ്ങളിൽ ഏർപെടുമ്പോൾ ഭോക്താവായ ആത്മാവ് സാക്ഷിയായി നിലകൊള്ളണം. 
ഞാൻ ശരീരമല്ല, ശുദ്ധബോധമാണ് എന്ന അനുഭവത്തിൽ എന്തെങ്കിലും സ്വീകരിക്കാനോ, ഉപേക്ഷിക്കാനോ ഇല്ല.   ഇതു തന്നെയാണ് ശുദ്ധമായ നിർമുക്താവസ്ഥ.  ശരീരത്തിന്റെ ധർമം മാത്രം അനുഷ്ടിക്കുകയും, ചെയ്യാൻ പാടുളളതും പാടില്ലാത്തതുമായ കാര്യങ്ങളെ വേർതിരിച്ച്ചറിയുകയും  ചെയ്യുന്നവന്  ഈ അവസ്ഥ കൈവരിക്കുവാൻ പ്രത്യേക വ്രതങ്ങളൊന്നും ആവശ്യമില്ല.  അറിയാൻ ഒന്നും തന്നെയില്ല, അറിവേ ഉള്ളു എന്ന സത്യം വെളിപ്പെടുമ്പോൾ മറ്റു കാര്യങ്ങൾ അറിയാനുള്ള താത്പര്യം താനേ ഇല്ലാതായിത്തീരും.  ഉണ്ടായി നില നിന്ന് ഇല്ലാതാകുന്ന നാമരൂപങ്ങളെല്ലാം തന്നെ അനിത്യമായവയാണ്.
6
ഈ അനിത്യമായതിനെകൊണ്ട് കർമം ചെയ്യിക്കുന്ന നിത്യമായതിനെ അറിയാനുള്ള അഭിനിവേശം ഉള്ളിൽ നിറയുമ്പോഴാണ് സത്യാന്വേഷണം ആരംഭിക്കുന്നത്.  സത്യമായതിനെ അറിയുമ്പോൾ അത് താനാണെന്ന് മനസ്സിലാക്കി ആത്മജ്ഞാനമാകുന്ന പരമമായ സിദ്ധി കൈവരിക്കുംയും ചെയ്യുന്നു.   എല്ലാ തരത്തിലുള്ള ആത്മീയ ഗ്രന്ഥങ്ങളും ഈ അറിവിൽ നിന്നും ഉണ്ടായിട്ടുള്ളതാണ്.  സംസാരത്തെ ഉണ്ടാക്കുന്ന എല്ലാ വിധ വാസനകളെയും ഇല്ലായ്മ ചെയ്ത് മുക്തി പദത്തിലേക്ക് എത്തിക്കുന്നതാണ് എല്ലാവിധ ദാർശനീക ഗ്രന്ഥങ്ങളും.  ഇതിന്റെയെല്ലാം പ്രസക്തി, ഇതിലൂടെ വ്യക്തിയും, കുടുമ്പവും, സമൂഹവും, രാഷ്ട്രവും നന്മയാർന്നതാകുന്നു.  തിന്മ ഇതിലൂടെ അപ്രത്യക്ഷമാകുന്നു.   ഇന്ദ്രീയങ്ങളെയും, മനസ്സിനെയും, രമിപ്പിക്കുന്ന അനിത്യമായ ഭോഗവസ്തുക്കളോട് ആത്മാവിനുണ്ടാകുന്ന അടുപ്പമാണ് രാഗം.  ധ്യാനത്തിലൂടെയും  കഠിന പ്രയഗ്നത്തിലൂടെയും  ഈ  രാഗത്തെ ഇല്ലായ്മ ചെയ്യലാണ് വൈരാഗ്യം.  ഇതിലൂടെ നേടേണ്ടത് നേടി എന്ന ആത്മവിശ്വാസവും കൈവരിക്കും.  എല്ലാം എന്നിൽനിന്നാണ് ഉണ്ടായത് എന്ന ആത്മ സാക്ഷാത്കാരം കൈവരുന്നതുവരെയും സാധന തുടർന്നുകൊണ്ടിരിക്കണം.  ഞാൻ തന്നെയാണ് ജീവാത്മാവും, പരമാത്മാവും എന്ന സത്യം സാക്ഷാത്കരിക്കുമ്പോൾ മാത്രമേ നഷ്ടം സംഭവിക്കാത്ത ആനന്ദം കൈവരുന്നുള്ളൂ.  ഇത് മനുഷ്യ ശരീരം കൈവന്ന ഓരോ ആത്മാവും അത് നഷ്ടപ്പെടുന്നതിനു മുൻപ് ശ്രമത്തിലൂടെ നേടേണ്ടാതാണ്.
ഞാൻ ദേഹമല്ല കേവലം ബോധമാണ് എന്നാ നിശ്ചയം വന്നു കഴിഞ്ഞവൻ ഒരു പ്രവർത്തിയും കർമമായി കാണുന്നില്ല.  ഈ തത്വം വേണ്ടവണ്ണം മനസ്സിലാക്കിയ  ഞാൻ പരമാർഥത്തിൽ ഇപ്പോൾ എന്താണോ അതായി വർത്തിക്കുന്നു.   അങ്ങനെ ബാഹ്യദ്രിഷ്ട്യാ നോക്കിയാൽ ഞാൻ കർമനിരതനായി തോന്നുമെങ്കിലും  അതെല്ലാം ആത്മസ്വരൂപം സ്വയം വെളിപ്പെടുന്നതിന്റെ ഭാഗമായി കണ്ടുകൊണ്ട്‌ അതിലെ ആനന്ദം അനുഭവിച്ച് ഞാൻ വർത്തിക്കുന്നു.  സ്ഥൂലവും സൂഷ്മവുമായ സകലതിലും പൊരുളായിരിക്കുന്നത് ആത്മാവ് മാത്രം. എന്നാൽ ആത്മാവും ശരീരവും തമ്മിൽ സംയോഗത്തിനോ, വിയോഗത്തിനോ സാദ്ധ്യത കാണുന്നില്ല.  സ്ഥിതി, ഗതി, ശയനം, ഇതിലെല്ലാം ഞാനനുഭവിക്കുന്നത്   ആനന്ദാനുഭൂതി മാത്രം.  ഉറങ്ങുമ്പോഴോ, ഉണർന്നിരുന്ന് യഗ്നിക്കുമ്പോഴോ എനിക്ക് ഒന്നും സംഭവിക്കുന്നില്ല  എന്നു മാത്രമല്ല പരിമിതികളില്ലാത്ത ആത്മാനന്ദത്തെ സുഷുപ്തിയിലനുഭവിച്ച സന്തോഷമുണ്ടാകുന്നുമുണ്ട്.  ഇതിലൊന്നും തന്നെ ശുഭമോ, അശുഭമോ ഇല്ല.   ശൂന്യ ചിത്തൻ എപ്പോഴും സുഷുപ്തിയിലായിരിക്കും.  പൂർണമായും നിസ്സംഗത കൈവരിച്ച ജ്ഞാനി എപ്പോഴും കർമ്മം ചെയ്തുകൊണ്ടിരിക്കും.  അദ്ദേഹത്തിന്റെ ഉള്ളിൽ അനുഭവിക്കുന്ന ആനന്ദത്തെ ആ ശരീരത്തെ നോക്കിക്കാണുന്ന മറ്റൊരാൾക്ക്‌ മനസ്സിലാക്കാൻ സാധ്യമല്ല.  അറിവുള്ളവൻ ശരീരം ഉപയോഗിച്ചുകൊണ്ട് സ്രേഷ്ടമായ കർമങ്ങൾ ചെയ്യുമ്പോൾ പ്രേക്ഷകർ ആ ശരീരത്തെ നോക്കിക്കാണുകയും പ്രശംസിക്കുകയും, സ്തുതിപാടുകയും ചെയ്യുന്നു.  ചെയ്യിച്ച വസ്തുവിനെ അറിയാനോ, ആയിത്തീരാനോ ശ്രമിക്കാറില്ല.    കടലിലെ തിരക്ക് ജനനവും, മരണവും ഉണ്ടെന്ന തോന്നൽ തന്നെയാണ് ആത്മാവിനു ശരീരം ലഭിക്കുന്നതും നഷ്ടപ്പെടുന്നതും. 
7
ദൃശ്യങ്ങളെ നിരാകരിച്ചുകൊണ്ട്‌ മനസ്സ് സൃഷ്ടിക്കാതിരുന്നാൽ നിത്യ നിര്മുക്തനായി നിലകൊള്ളാം.  മുക്തി നേടിയ ആത്മാക്കൾ ശരീരത്തെ പ്രപഞ്ച പ്രവാഹത്തിന്റെ ഭാഗമായി കണ്ടുകൊണ്ടു ലോകത്തെ ധന്യമാക്കിത്തീർക്കുന്നു.  അപ്പോഴപ്പോൾ വന്നുചേരുന്ന ദേഹത്തെ ഉപയോഗിച്ചുകൊണ്ട് അനുഭവങ്ങളെയെല്ലാം സുഖം ആയി കണ്ടുകൊണ്ട്‌ ധന്യാത്മാവ് വർത്തിക്കും.  ഏകമായ സത്യത്തിൽ നടക്കുന്ന ഭാവങ്ങളുടെ ഒഴുക്കിന്റെ ഭാഗമായി ഇത് സംഭവിച്ചുകൊണ്ടേയിരിക്കുന്നു.    ഇവർക്ക് ഇന്ദ്രീയങ്ങൾ വിഷയോന്മുഘമാല്ലാത്തതുകൊണ്ട് ഒന്നിനേയും ഇഷ്ടപ്പെടുകയോ, വെറുക്കുകയൊ ചെയ്യുന്നില്ല.  സകല വാസനകളിൽ നിന്നും മുക്തനായ ആൾ എവിടെയും വിരാജിക്കും.  ഒന്നിനോടും പറ്റിചേരാത്ത മനസ്സുള്ളവൻ കൈവശം വന്നുചേർന്നതിനെ ഇതെന്റെതല്ല എന്നാ ഭാവത്തോടെ അനുഭവിച്ച്ചുകൊണ്ടിരിക്കും.   സർവതിന്റെയും ഉണ്മ ആത്മാവിലാണ്.  അതുകൊണ്ട് ബുദ്ധിയെ സർവതാ ആത്മാവിൽ തന്നെ ഉറപ്പിച്ചു നിർത്തുക.  ബുദ്ധിയെ സർവതാ തന്നിൽ തന്നെ നിറുത്തുക എന്നതിന്റെ ലക്‌ഷ്യം ചിത്ത നിഗ്രഹണമാണ്.  അഹന്തയും മമതയും ഇല്ലായ്മ ചെയ്യുന്നതിന് ഈ സാധന അത്യാവശ്യമാണ്.  സ്വ സത്തയിൽ അന്തർലീനമായ ആനന്ദത്തെ ഉണര്തതിയെടുക്കുക മാത്രമാണ് ഇവിടെ സംഭവിക്കുന്നത്‌. വിഷയങ്ങളിൽ നിന്നും പിന്തിരിയുമ്പോൾ ശമം കൈവരികയും ശാന്തി ലഭിക്കുകയും ചെയ്യും.  ഒരു തരത്തിലുള്ള അഴുക്കും തീണ്ടിയിട്ടില്ലാത്ത ആത്മസത്യത്ത്തിന്റെ പരമപദം അവരവരിൽ നിന്നും ദൂരത്തിലല്ല.  കണ്ണുകൊണ്ട് കാണുന്നതെല്ലാം ഇല്ലാത്തതാണെന്ന് തിരിച്ചറിയാനുള്ള വിവേകം മനുഷ്യന് മാത്രമേ നൽകിയിട്ടുള്ളു. കണ്ടതിലൂടെ കാണാത്തതിനെ, ഉണ്മയെ അറിയാനും ആയിതതീരാനുമാണ് പരിശ്രമിക്കേണ്ടത്.  ഈ അവസ്ഥ അനുഭവിക്കുന്നതിന് ശാസ്ത്രഭ്യാസമൊന്നും ആവശ്യമില്ല. നാമരൂപാതികളെല്ലാം ഇല്ലാത്തതാണെന്നും, ഇതിനെയെല്ലാം ചേതനമാക്കുന്ന ശക്തി  ആത്മാവാനെന്നും അറിയണം.  എല്ലമായിത്തീർന്നിരിക്കുന്ന ഏക വസ്തു താൻ തന്നെയാണെന്ന് മനസ്സിലാക്കി സ്വയം അതിൽ ലയിക്കുന്ന അവസ്ഥയാണ് യോഗം.  കണ്ണാടിയിൽ നോക്കുമ്പോൾ ദൃശ്യമാകുന്നത് ഇല്ലാത്തതാണെന്നും ഇതെനിക്ക് ഈശ്വരൻ ഏൽപിച്ച ഒരുപകരണം മാത്രമാണെന്നും തിരിച്ചറിഞ്ഞാൽ എല്ലാം എളുപ്പമാകും.    എൻറെ ശരീരം ഞാൻ ചോദിച്ചു വാങ്ങിയതല്ല.  കുറച്ചു കാലം എനിക്ക് ഉപയോഗിക്കാൻ വേണ്ടി  എന്നിൽ ആരോപിച്ച്താണ്.  ആനന്ദൻ എന്ന പേര്,  അതിൻറെ രൂപം,    1963 ജനുവരി 30   എന്ന തീയതിയോ  കടുപ്പശ്ശേരി എന്ന സ്ഥലമോ ഞാൻ നിശ്ചയിച്ചതല്ല.
ശരീരബോധം മാത്രമാണ് എല്ലാ അറിവിനും തടസ്സം സൃഷ്ടിക്കുന്നത്.  വിവേകം നഷ്ടപ്പെട്ട ആത്മാവ് ശരീരത്തെ ഉപയോഗിക്കുമ്പോൾ അതിനെ തെറ്റ് എന്ന് വിശേഷിപ്പിക്കുമെങ്കിലും  സത്യത്തിൽ ഇത് മാരക രോഗമാണ്.  നന്മ ചെയ്യുന്നതിനെ സ്തുതിക്കുകയും, തിന്മ ചെയ്യുന്നതിനെ തൂക്കിലേറ്റുകയും ചെയ്യുമ്പോൾ  തിന്മ ഇല്ലാതാകുന്നില്ല, ശരീരം മാത്രമാണ് ഇല്ലാതാകുന്നത്.  കാരണം നന്മയിലും തിന്മയിലും ഉപകരണമായി നിലനിന്ന ദേഹത്തിന് ഒരു
8
ബദ്ധവുമില്ല.   ഒരു ജ്ഞാനി എല്ലാ കര്മങ്ങളിലും ബന്ധപ്പെടുമെങ്കിലും ഒന്നിലും സംഗമില്ലാതെ കഴിയുന്നു.  ചെളിയിൽ കഴിയുന്ന മത്സ്യത്തെപ്പോലെ.  ഉള്ളത് ഞാൻ മാത്രം, ഞാൻ തന്നെ സകലതും പിന്നെ എനിക്ക് എന്ത് ചിന്തിക്കാനാണ്, എന്ത് ധ്യാനിക്കനാണ്.  ശീതളമായ അന്തരംഗത്തോടുകൂടി പ്രകാശമയമായി നിലനില്ക്കും.  എനിക്ക് ജനനവും മരണവുമില്ല. ഞാൻ ജനി മൃതികൾക്കെല്ലാം അതീതമായി ഈ പ്രപഞ്ചമുള്ള കാലം നില നില്ക്കും.  ദേഹം മാറി മാറി വരുമ്പോൾ ലോക വ്യാപാരങ്ങളിൽ ഇടപെട്ട് വർത്തിക്കുമ്പൊഴും ആനന്ദമനുഭവിക്കുന്നവ്നായി ഞാൻ ശോഭിക്കും. എല്ലാ വേദങ്ങളും, ഉപാനീഷത്തുകളും, ബൈബിളും, ഖുറാനും എല്ലാ ദാർശനീക ഗ്രന്ഥങ്ങളും ഒന്നിൽ നിന്നും ഉണ്ടായതാണ്.  ചരിത്ര പുര്ഷന്മാരെയെല്ലാം കർമം ചെയ്യിച്ച വസ്തു ഒന്നു തന്നെയാണ്.  കൃഷ്ണനെയും, കൃസ്തുവിനെയും, ദൈവങ്ങളാക്കിയത്‌ അറിവില്ലായ്മയിൽ നിന്നും ഉടലെടുത്ത സ്വാർത്ഥ താത്പര്ര്യങ്ങളാണ്.  ഈ ശരീരങ്ങളെ ആരാധിക്കാതെ, അതിനെ കൊണ്ട് കർമം ചെയ്യിച്ച്ചതിനെ അറിയാനാണ് ശ്രമിക്കേണ്ടത്. 
കണ്ണ് കൊണ്ട് കാണാവുന്നത് മാത്രമാണ് സത്യമെന്നു കരുതി തൻറെ വ്യവഹാര ബോധത്തിലിരിക്കുന്ന യുക്തിയെ മാത്രം ആശ്രയിക്കുന്നവർക്ക് ആത്മീയതയുടെ ഒരു ചെറു കണിക പോലും അറിയാൻ കഴിയാതെ പോകുന്നു. പറയുന്നതിനോട് ഞാൻ വിയോചിക്കുന്നു എങ്കിലും നിങ്ങള്ക്ക് അത് പറയാനുള്ള സ്വാതന്ത്ര്യത്തെ പൂർണമായും അംഗീകരിക്കുന്നു.  മനസ്സിലാക്കാൻ കഴിയാത്തതെല്ലാം അസംബന്ധങ്ങളാണെന്ന്‌ വിചാരിക്കരുത്.  ലഭിച്ചത് മനുഷ്യശരീരമാണെങ്കിൽ ഏതൊരാത്മാവിനും ഞാൻ തന്നെയാണ് ഈശ്വരൻ എന്ന സത്യം ശരീരം നഷ്ടപ്പെടുന്നതിനു മുൻപ് തന്നെ അറിയാൻ കഴിയണം.   ഒരു ജന്മം കൊണ്ട് അറിയുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്.  ഭാരതീയ ദർശനങ്ങളുടെ വേരറുത്തുമാറ്റാൻ ശ്രമിച്ച മാക്സ് മുള്ളർക്ക് അവസാനം വേദങ്ങളും, ഉപനിഷത്തുക്കളും ഗവേഷണം നടത്താൻ ശരീരത്തിന് കുറച്ച് കാലം കൂടി നീട്ടിക്കിട്ടണമെന്നു തോന്നുകയുണ്ടായി.  ഈ ഭൂമിയിൽ ജന്മം കൊള്ളുന്ന ഓരോ മനുഷ്യനേയും അറിവിലേക്ക് ഉയരുന്നതിന് കൈവിടാതെ കൂട്ടികൊണ്ടു പോകുന്ന സംഹിതയാണ് ഭാരതീയ ദര്ശനങ്ങളെല്ലാം തന്നെ.
ഒരു രാജ്യത്തിൻറെ ചൈതന്യത്തെ  അക്ഷയമായി നിലനിർത്തുന്നത് അതിൻറെ സംസ്കാരമാണ്.   ആത്മീയമായ വെളിച്ചത്തെ പ്രസരിപ്പിക്കുന്ന സാഹിത്യ കൃതികളും, ദാര്ശനീക ഗ്രന്ഥങ്ങളും ഈ സംസ്കാരത്തിൻറെ പ്രകാശങ്ങളായിരിക്കും.   പലേടത്തുനിന്നും ലഭിക്കുന്ന ആശയങ്ങളെ ബുദ്ധിയുടെ മണ്ഡലത്തിൽ വിശകലനം ചെയ്യാൻ വ്യക്തിക്ക് കഴിയണം. മനസ്സിനെ നിർമ്മലമാക്കി,  മായയാകുന്ന ധൂമപടലങ്ങളെ ഇല്ലായ്മ ചെയ്യുമ്പോൾ ഏകമായ ചൈതന്യമായിത്തീരുന്നു.  ബ്രഹ്മ്മജ്ഞാനം എന്നത് ബോധത്തിൻറെ പ്രകാശ മേഖലയാണ്.  എല്ലാ ശരീരങ്ങളെകൊണ്ട് കർമം ചെയ്യിക്കുന്ന ഈ ശക്തിവിശേഷത്തെ കാണാൻ കഴിയുമായിരുന്നെങ്കിൽ ഹിമാലയത്തെക്കാൾ ഔന്നിത്യവും, ആകാശത്തേക്കാൾ പരപ്പും, സമുദ്രത്തേക്കാൾ അഗാധവുമാണ് ഈ അറിവ് എന്നറിയാൻ പ്രയാസമുണ്ടാകില്ല.
9
കാണുന്ന വസ്തുക്കളെല്ലാം ഇല്ലാത്തതാണെന്ന തിരിച്ചറിവിലൂടെ വ്യത്യാസത്തെ ഇല്ലായ്മ ചെയ്തുകൊണ്ട് എല്ലാറ്റിനെയും സമന്വയിപ്പിക്കുക എന്നത് തന്നെയാണ് ബ്രഹ്മ്മവിദ്യ.  ഞാനായിരിക്കുന്ന അസ്തിത്വത്തിന് ഈ പ്രപഞ്ച സൃഷ്ടാവായ അസ്തിത്വ വുമായി ബന്ധമുണ്ടോ എന്ന അന്വേഷണമാണ് സത്യാന്വേഷണം.  ഈ അറിവിലേക്കുള്ള പാലം പണിതീർക്കുകയും, കൈ പിടിച്ചു അതിലൂടെ അപ്പുറത്തേക്ക് എത്തിക്കുകയും ചെയ്യുന്നവരാണ് മഹാത്മാക്കൾ.    കണ്ണ് കാണാനുള്ളതല്ല.  നോക്കാൻ ഉള്ളതാണ്.   നോട്ടത്തിൽ  നിരീക്ഷണവും അപഗ്രഥനവും നടക്കും.  സർവ്വചരാചരങ്ങളെയും  ചലിപ്പിച്ചു കൊണ്ടിരിക്കുന്ന  ജീവാത്മാവാണ് ഞാനെന്നും,  സർവ്വഭൂതങ്ങൾക്കും അതീതനായ    പ്രപഞ്ചനാഥനായ പരമാത്മാവ്  എന്നിൽ നിന്ന് അന്യം അല്ലെന്നും  ഉള്ള അറിവാണ് അദ്വൈതം.   ഈ അറിവിലേക്ക്  ഉയരാൻ കഴിഞ്ഞാൽ  കൃഷ്ണനും ക്രിസ്തുവും രാമനും എല്ലാം  ഞാൻതന്നെ ആയിരുന്നു എന്നത് ബോധ്യമാകും.
ഇന്നുള്ള ജന സംഖ്യയിൽ ബഹു പൂരിപക്ഷവും അനുകൂല സാഹചര്യങ്ങളിൽ അനുകൂലമായി പ്രതികരിക്കുന്നവരാണ്.   ശരീരത്തിന്റെ ധർമം അനുഷ്ടിക്കാതെ ആത്മ സുഖത്തിനു വേണ്ടി നില കൊള്ളുന്നവരായിരിക്കും ഇതിലതികവും.  തത്വവിചാരം ചെയ്യാനോ, ആദർശങ്ങളെ  പരിരക്ഷിക്കാനോ, ത്യാഗമോ, വിനയമോ, സത്യസന്ധതയോ ഒന്നും തന്നെ ഇവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല.  വിവേകം നഷ്ടപ്പെട്ട ഇത്തരക്കാരുമായുള്ള സമ്പർക്കം എപ്പോഴും വളരെ ജാഗ്രതയോടെയായിരിക്കണം.  സൗമ്യക്കും, ജിഷക്കും സംഭവിച്ചതുപോലെ ഈ ഭൂമിയിൽ ആർക്കും തന്നെ ഇത്തരം ദാരുണമായ അനുഭവം ഉണ്ടാകാതിരിക്കാൻ എല്ലാ ശരീരങ്ങളെയും ഉപയോകിക്കുന്ന വസ്തു ബൊധമായിരിക്കട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ടു ഞാൻ നിറുത്തുന്നു.
ഇതെഴുതുവാൻ എനിക്ക് ഈ പൂർണമായ ശരീരം തന്നനുഗ്രഹിച്ച  സർവശക്തനായ പ്രപഞ്ച സൃഷ്ടാവിനെ നമിച്ചുകൊണ്ട് :-anandanka

No comments:

Post a Comment