Thursday, December 27, 2018

ദേവീഭാഗവതത്തിന്റെ പ്രസക്‌തി

നിത്യയും സർവ്വവ്യാപിയും ഒരിക്കലും വികാരം പ്രാപിക്കാത്തവളും എല്ലാറ്റിനും ആശ്രയവും നാലാമത്തെ തുരീയാവസ്‌ഥയിൽ സ്‌ഥിതി ചെയ്യുന്നവളുമായ യാതൊരു ദേവിയുണ്ടോ, ആ ദേവിയുടെ സാത്വികം, രാജസം, താമസം എന്നീ മൂന്നു ശക്‌തികളാണ്‌ മഹാലക്ഷ്‌മി, മഹാസരസ്വതി, മഹാകാളി എന്ന മൂന്നു സ്‌ത്രീശക്‌തി ഭേദങ്ങൾ. ശ്രീമദ്‌ ദേവീഭാഗതത്തെ ഉപപുരാണങ്ങളുടെ വിഭാഗത്തിലാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും അടുത്ത കാലത്തായി മഹാപുരാണങ്ങളുടെ സ്‌ഥാനം അതിന്‌ ലഭിച്ചിട്ടുണ്ട്‌. ലളിതമായ പദപ്രയോഗങ്ങളാലും സാഹിത്യസുന്ദരമായ ശ്ലോകങ്ങളാലും അലങ്കൃതമാണ്‌ ദേവീഭാഗവതം. കാല്‌പനിക കഥകളിലെ തത്വങ്ങൾ ജീവിതഗന്ധിയായി രൂപപ്പെട്ടിരിക്കുന്നത്‌ സ്‌ക്കന്ധങ്ങൾ  പരിശോധിച്ചാൽ ബോധ്യമാകും. കഥാരൂപേണ അവതരിപ്പിച്ചിട്ടുള്ള ഉപദേശങ്ങൾ അനുവാചക ഹൃദയങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നവയാണ്‌. പ്രകൃതിശക്‌തിയെ മാതൃരൂപത്തിൽ ആരാധിക്കുവാൻ പഠിപ്പിക്കുന്ന ദേവീഭാഗവതം മനുഷ്യനും പ്രകൃതിയും തമ്മിൽ അനാദികാലം മുതൽക്കേ നിലനില്‍ക്കുന്ന അഭേദ്യമായ ബന്ധത്തെ അനാവരണം ചെയ്യുന്നു.

പന്ത്രണ്ട്‌ സ്‌കന്ധങ്ങളിലെ മുന്നൂറ്റിപ്പതിനെട്ട്‌ അദ്ധ്യായങ്ങളിലായി പതിനെണ്ണായിരം ശ്ലോകങ്ങളാണ്‌ ദേവീഭാഗവതത്തിലുള്ളത്‌. നൈമിശാരണ്യത്തിൽ  നടക്കുന്ന സൂത ശൗനക സംവാദരൂപത്തിലാണ്‌ ഇതിന്റെ വർണ്ണന. വംശം, വംശാനുചരിതം, സർഗ്ഗവും പ്രതിസർഗ്ഗവും മന്വന്തരവുമീ വണ്ണം പുരാണം പഞ്ചലക്ഷണം. (1-2-18)  സർഗ്ഗം, പ്രതിസർഗ്ഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നിങ്ങനെ അഞ്ചുലക്ഷണങ്ങളാണ്‌ പുരാണത്തിന്‌ ദേവീഭാഗവതം നിർദ്ദേശിക്കുന്നത്‌. ആ അഞ്ചു ലക്ഷണങ്ങളും ഇതിൽ സമന്വയിച്ചിട്ടുണ്ടെന്ന്‌ മാറ്റുരച്ചുനോക്കിയാൽ ബോധ്യമാകും.

നിത്യയും സർവ്വവ്യാപിയും ഒരിക്കലും വികാരം പ്രാപിക്കാത്തവളും എല്ലാറ്റിനും ആശ്രയവും നാലാമത്തെ തുരീയാവസ്‌ഥയി‍ൽ സ്‌ഥിതി ചെയ്യുന്നവളുമായ യാതൊരു ദേവിയുണ്ടോ, ആ ദേവിയുടെ സാത്വികം, രാജസം, താമസം എന്നീ മൂന്നു ശക്‌തികളാണ്‌ മഹാലക്ഷ്‌മി, മഹാസരസ്വതി, മഹാകാളി എന്ന മൂന്നു സ്‌ത്രീശക്‌തി ഭേദങ്ങൾ. സൃഷ്‌ടിക്കുവേണ്ടി ഈ മൂന്നുശക്‌തികളെ മൂർത്തിരൂപത്തിൽ അംഗീകരിച്ചുകൊണ്ട്‌ പ്രതിപാദിക്കുന്ന വസ്‌തുതകളാണ്‌ സർഗ്ഗം എന്ന ലക്ഷണംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

സൃഷ്‌ടി, സ്‌ഥിതി, സംഹാരം എന്നിവയെ മുൻനിർത്തിയുള്ള ബ്രഹ്‌മവിഷ്‌ണു മഹേശ്വരന്മാരുടെ ഉൽപ്പത്തിയാണ്‌ പ്രതിസർഗ്ഗം എന്നതുകൊണ്ട്‌   എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

സോമ- സൂര്യ വംശങ്ങളിൽപ്പെട്ട രാജാക്കന്മാരുടെയും ഹിരണ്യകശിപു തുടങ്ങിയവരുടെയും വംശവർണ്ണനയാണ്‌ വംശം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

സ്വയംഭുവ പ്രമുഖന്മാരായ മനുക്കളുടെയും അതാതു മനുക്കളുടെ കാലത്തെയുംപറ്റിയുള്ള വർണ്ണനയാണ്‌ മന്വന്തരങ്ങൾ എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌.

അവരുടെ വംശത്തെക്കുറിച്ചുള്ള വർണ്ണനയാണ്‌ വംശാനുചരിതം.

ശ്രീമദ്‌ ദേവീഭാഗവതത്തിലെ ഉള്ളടക്കത്തിന്‌ പ്രധാനമായും രണ്ടുഭാഗങ്ങൾ ഉള്ളതായി കാണാം. മധുകൈടഭന്മാർ, മഹിഷാസുരൻ, ശുംഭനിശുംഭന്മാർ, ചണ്ഡമുണ്ഡന്മാർ , രക്‌തബീജൻ തുടങ്ങിയ ആസുരിക പ്രഭൃതികളെ നിഗ്രഹിക്കുന്നതിനും ദേവഗണങ്ങളെയും ഭക്‌തന്മാരെയും അനുഗ്രഹിക്കുന്നതിനുമായി ലോകാംബിക മൂർത്തിഭാവം കൈക്കൊള്ളുന്നതാണ്‌ ഷഷ്‌ഠസ്‌ക്കന്ധം വരെയുള്ള പൂർവ്വാർദ്ധഭാഗത്തെ വിഷയം.രണ്ടു രീതിയിലാണ്‌ ജഗദംബ ശത്രുസംഹാരം നടത്തുന്നത്‌. ചിലപ്പോൾ മൂർത്തിത്വം കൈക്കൊള്ളുന്നു.
ചില അവസരങ്ങളിൽ മറ്റു ദേവന്മാർക്ക്‌ അതിനുള്ള ശക്‌തി പ്രദാനം ചെയ്യുന്നു.

അതുപോലെ തന്നെ അറിയാതെയാണെങ്കിലും ദേവിയുടെ ബീജാക്ഷര മന്ത്രങ്ങൾ ഉരുക്കഴിക്കുന്നവർക്ക്‌ ഫലസിദ്ധി ഉറപ്പാണെന്നും ദേവീഭാഗവതം ഉപദേശിക്കുന്നു.

''ബിന്ദുഹീനമപീത്യുക്‌തം വാഞ്‌ഛിതം പ്രദദാതിവൈ.'' 'ബിന്ദു' ഹീനമായി ദേവീമന്ത്രം ഉച്ചരിച്ചാൽ പോലും അത്‌ അഭീഷ്‌ടം നൽകുകതന്നെ ചെയ്യും.ദേവീഭാഗവതത്തിന്റെ ഉത്തരാർദ്ധം ഏഴാം സ്‌കന്ധം മുതൽ ആരംഭിക്കുന്നു. ദേവീപ്രാദുർഭാവത്തിന്റെ കാരണങ്ങളും ലക്ഷ്യങ്ങളും മന്ത്രോപസാനാവിധികളും സ്‌തുതികളുമാണ്‌ ഉത്തരാർദ്ധത്തിലെ പ്രതിപാദ്യം. ഏഴാം സ്‌കന്ധത്തിലെ 32 മുതൽ 40 വരെയുള്ള അദ്ധ്യായങ്ങൾ മർമ്മ പ്രധാന ഭാഗങ്ങളാണ്‌.

ദേവീഗീത എന്നറിയപ്പെടുന്ന പ്രസ്‌തുത അദ്ധ്യായങ്ങളിൽ നിന്നും ദേവിയുടെ ആത്മ തത്ത്വവും ജ്‌ഞാനോപദേശവും പൂജാക്രമങ്ങളും മനസ്സിലാക്കാൻ സാധിക്കുന്നു. ഏറ്റവും ബൃഹത്തായ നവമസ്‌ക്കന്ധത്തിൽ സൃഷ്‌ടിയുടെ ആരംഭത്തിൽ മൂലപ്രകൃതി ദുർഗ്ഗ, രാധ, ലക്ഷ്‌മി, സരസ്വതി, സാവിത്രി എന്നീ അഞ്ചുദേവീരൂപങ്ങൾ സ്വീകരിച്ചതായി സൂചിപ്പിക്കുന്നു. കൂടാതെ അംശഭൂതരായി ഗംഗ, തുളസി മനസാ, ദേവസേന (ഷഷ്‌ഠി), മംഗളചണ്ഡിക എന്നിവരും അംശാംശഭൂതരായി സ്വധാ, സ്വാഹാ, ദക്ഷിണാ, ദീഷാ, സ്വസ്‌തി, പുഷ്‌ടി, ആദിയായവരും പ്രാദുർഭവിച്ചിരിക്കുന്നു.

സ്വർണ്ണം കൂടാതെ തട്ടാന്നു
കുണ്ഡലം പണിയാവതോ?
മണ്ണില്ലാതെ കുലാലന്നു
ഘടവും പണിയാവതോ?

ഏവമാത്മാവിന്നുമാകാ
സൃഷ്‌ടിക്കാനവളെന്നിയേ; അശ്ശക്‌തിമയിയെക്കൊണ്ടേ-
യാത്മാവും ശക്‌തനായിടൂ! (9-2-9)

സ്വർണ്ണപ്പണിക്കാരന്‌ സ്വർണ്ണമില്ലാതെ കുണ്ഡലം ഉണ്ടാക്കാൻ കഴിയുകയില്ല. മണ്ണില്ലാതെ കുടമുണ്ടാക്കാൻ കുശവനും കഴിയുകയില്ല. അതുപോലെ ആ പ്രകൃതിയെ കൂടാതെ പരമാത്മാവ്‌ പ്രപഞ്ചത്തെ സൃഷ്‌ടിക്കാൻ ശക്‌തനല്ല. സർവ്വശക്‌തി സ്വരൂപിണിയായ അവളോട്‌ ചേർന്നിട്ടാണ്‌ പരമാത്മാവ്‌ സദാ ശക്‌തനായി ഭവിക്കുന്നത്‌. സർവ്വാഭീഷ്‌ടപ്രദായിനിയാണ്‌ ജഗദംബിക. ആ ദേവിയിലുള്ള ഭക്‌തി വളർത്തിയെടുക്കുവാനുള്ള കേവലമായ മാർഗ്ഗമാണ്‌ സദാചാരനിഷ്‌ഠ. ആധുനിക ഗൃഹസ്‌ഥന്‌ അവശ്യം അനുഷ്‌ഠേയമായ ധർമ്മ മര്യാദകൾ എല്ലാം അതിൽ ഉൾപ്പെടുന്നു. ഗൃഹസ്‌ഥാശ്രമജീവിതം നയിച്ചുകൊണ്ടുതന്നെ സത്‌ക്കർമ്മാചരണം യഥാകാലം നിർവ്വഹിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ദേവീഭാഗവതം ഉദ്‌ബോധിപ്പിക്കുന്നു.ദാനം, വ്രതം, പൂജനം, തീർത്ഥാടനം തുടങ്ങിയവയെല്ലാം ചിത്തശുദ്ധി സമാർജ്ജിച്ച്‌ മനുഷ്യനെ നന്മയുടെ പന്ഥാവിലേക്ക്‌ ആനയിക്കുവാനുള്ള മാർഗ്ഗങ്ങളാണ്‌. അവയെ ക്രമീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നവയാണ്‌ ആശ്രമങ്ങൾ.

ആശ്രമങ്ങൾ ഓരോന്നും കടന്നുവേണം പരമപദത്തിലെത്താൻ. അങ്ങനെയെങ്കിൽ വാസനാഗ്രസ്‌തനായ മനുഷ്യൻ അധഃപതനം തീർച്ചയാണെന്നും ദേവീഭാഗവതം ഉദ്‌ബോധിപ്പിക്കുന്നു.ദേവീതത്വവും ദേവീ മാഹാത്മ്യവും ഉൾക്കൊള്ളുവാൻ ശേഷിയുള്ളവർക്കു മാത്രമേ അതിനെ അതിജീവിക്കാൻ കഴിയൂ. ആയതിന്‌ ഏറ്റവും ഉപയുക്‌തമായ പുണ്യപുരാണ ധർമ്മഗ്രന്ഥമാണ്‌ ശ്രീമദ്‌ ദേവീ ഭാഗവതം.

No comments:

Post a Comment