Friday, January 25, 2019

ശ്രീകൃഷ്ണ, കൃഷ്ണസഖ, വൃഷ്ണ്യഋഷഭാവനിധ്രുഗ്
രാജന്യ വംശദഹനാനപവര്‍ഗ്ഗവീര്യ
ഗോവിന്ദ ഗോപവനിതാവ്രജഭൃത്യഗീത-
തീര്‍ത്ഥശ്രവഃ, ശ്രവണമംഗള പാഹി ഭൃത്യാന്‍ (12-11-25)
ശൗനകന്‍ പറഞ്ഞു:
അല്ലയോ സൂതാ, ദയവായി ഭഗവാന്റെ ശരീരം ഞങ്ങള്‍ക്ക്‌ ധ്യാനിക്കുന്നതിനായി വിവരിച്ചു തന്നാലും. അങ്ങനെ ശരിയായ ഭാവത്തില്‍ ഞങ്ങള്‍ക്ക്‌ ധ്യാനം നടത്താമല്ലോ.
സൂതന്‍ പറഞ്ഞു:
വിശ്വാണ്ഡം ഒന്‍പതു പ്രാഥമികതത്വങ്ങള്‍ (പ്രകൃതി, മഹത്, സൂത്രം, അഹങ്കാരം, അഞ്ച്‌ സൂക്ഷ്മധാതുക്കള്‍). പതിനാറു പരിണിതരൂപങ്ങള്‍ (മനസ്, പത്തിന്ദ്രിയങ്ങള്‍, അഞ്ച്‌ സ്ഥൂലധാതുക്കള്‍) എന്നിവ ചേര്‍ന്നുളളതാണെന്നാണ്‌ ശാസ്ത്രമതം. ഇതിനെ നയിക്കുന്നത്‌ വിശ്വപുരുഷനത്രെ. വിശ്വപുരുഷന്റെ അവയവങ്ങളോരോന്നും ദ്യോതിപ്പിക്കുന്നതും അവയില്‍ അധിവസിക്കുന്നതുമായ ദേവതകളെപ്പറ്റി ഞാന്‍ നേരത്തെതന്നെ പറഞ്ഞു തന്നിട്ടുണ്ടല്ലോ. ബോധമെന്ന ജീവനാണ്‌ അദ്ദേഹത്തിന്റെ മാറിലെ കൗസ്തുഭം. അതിന്റെ പ്രഭയാണ്‌ ശ്രീവല്‍സം. ഗുണങ്ങള്‍ പൂമാലയാകുന്നു. വേദങ്ങള്‍ അദ്ദേഹത്തിന്റെ അരക്കെട്ടില്‍ ചുറ്റിയ വസ്ത്രം. ഓം (അ, ഉ, മ) എന്നത്‌ മൂന്നിഴകളുളള പൂണൂലത്രെ. സാംഖ്യവും യോഗവും കണ്ഠാഭരണങ്ങള്‍ . ബ്രഹ്മലോകമാണ്‌ കിരീടം . അപ്രകടിതാവസ്ഥയാണ്‌ സര്‍പ്പമെത്ത. പത്മാസനം സത്വം. പ്രാണനാണ്‌ വിശ്വപുരുഷന്റെ ഗദ. ശംഖ്‌ ജലത്തെയും ചക്രം അഗ്നിയെയും പ്രതിനിധീകരിക്കുന്നു. ആകാശം വാളും കാലം അസ്ത്രവുമാണ്‌. ആവനാഴി നിറയെ സകലജീവജാലങ്ങളുടെയും കര്‍മ്മഫലങ്ങള്‍ . മനസ്സാണ്‌ സാരഥി. സൂര്യപഥത്തിലുളള ഭഗവാനെ ആരാധിക്കുന്നതുമൂലം പൂജകള്‍ ഒന്നുകൊണ്ടുതന്നെ പാപങ്ങള്‍ ഇല്ലാതാവുന്നു.
ഭഗവാന്റെ കയ്യിലുളള താമരപ്പൂ ആറ് ലോകസ്വഭാവങ്ങളെ പ്രതിനിധീകരിക്കുന്നു. വൈകുണ്ഠം കുടയാണ്‌. തന്റെ വാഹനമായ ഗരുഡന്‍ വേദമാണ്‌. അദ്ദേഹം സ്വയം യജ്ഞമാണ്, ബലിയുടെ ആത്മസത്ത. തന്റെ സ്വശക്തിയാണ്‌ ലക്ഷ്മി. വിശ്വസേനന്‍ ഭഗവാന്റെ പ്രഥമസേവകനും പൂജാവിധികളും തന്ത്രങ്ങളുമത്രെ. ദിവ്യശക്തികള്‍ അവിടുത്തെ സേവകരാണ്‌. അദ്ദേഹം നാലു രൂപങ്ങളോടെയാണ്‌ സങ്കല്‍പ്പിക്കപ്പെട്ടിട്ടുളളത്‌. വാസുദേവന്‍, സംകര്‍ഷണന്‍, പ്രദ്യുമ്നന്‍, അനിരുദ്ധന്‍ – ഇവ യഥാക്രമം വിശ്വന്‍, തൈജസന്‍, പ്രാജ്ഞന്‍, തുരീയന്‍ എന്നീ ബോധാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നു.
അദ്ദേഹത്തെ പല രീതിയിലും വര്‍ണ്ണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഒന്നു മാത്രം – ഭക്തന്റെ ആത്മസത്ത തന്നെ. പ്രഭാതകാലത്ത്‌ ഭഗവദ്ഭക്തന്‍ ഈ ശ്ലോകം ഉരുവിടണം. ‘കൃഷ്ണാ, അര്‍ജ്ജുനസുഹൃത്തേ, വൃഷ്ണികളില്‍ ഉത്തമനായുളളവനേ, ഗോവിന്ദാ, ദുഷ്ടരാജാക്കന്മാരെ നിഗ്രഹിച്ചവനേ, അനന്തശക്തിയുളളവനേ, ഗോപികമാരും മറ്റുളളവരും വാഴ്ത്തുന്ന മാഹാത്മ്യമേ, അവിടുത്തെ ഭക്തരെ സംരക്ഷിച്ചാലും.’ ഇതുമൂലം പരമപുരുഷനെ ഹൃദയത്തില്‍ സാക്ഷാത്കരിക്കാന്‍ ഭക്തനു സാധിക്കും.
ശൗനകന്‍ പറഞ്ഞു:
ശ്രീഹരിതന്നെയായ സൂര്യദേവനെപ്പറ്റി പറഞ്ഞു തന്നാലും.
സൂതന്‍ പറഞ്ഞു:
ഭഗവാന്‍ ഹരിയുടെ അവതാരങ്ങളിലൊന്നാണെങ്കിലും മാമുനിമാര്‍ പല വിധത്തിലാണ്‌ സൂര്യനെ വിവരിച്ചിട്ടുളളത്‌. ഒന്നുതന്നെയെങ്കിലും, ശ്രീഹരിയെ കാലം, ആകാശം, കര്‍മ്മം, കര്‍മ്മി, ഉപകരണം, ക്രിയ, വേദം, ദ്രവ്യവസ്തുക്കളും കര്‍മ്മഫലങ്ങളും എന്നിങ്ങനെയെല്ലാം വര്‍ണ്ണിച്ചിട്ടുണ്ടല്ലോ. കാലമായി ഭഗവാന്‍ ഹരി സൂര്യദേവന്റെ രൂപത്തില്‍ പന്ത്രണ്ടു സൂര്യരാശികളായി മാസാമാസം പന്ത്രണ്ടു സേവകവൃന്ദങ്ങളുടെ അകമ്പടിയോടെ ചുറ്റിസഞ്ചരിക്കുന്നു.

No comments:

Post a Comment