Monday, January 07, 2019

*ശ്രീമദ് ഭാഗവതം 24*

പക്ഷേ ഇവിടെ ഉത്തരയുടെ ശരണാഗതിയ്ക്ക് ഒരു വൈശിഷ്ട്യം. എന്താച്ചാൽ എല്ലാവരും ണ്ട്. പഞ്ചപാണ്ഡവരൊക്കെണ്ട്. ആരുടെ അടുത്തും പോയില്ല്യ. നേരേ ഭഗവാന്റെ അടുത്തേയ്ക്ക്.

പാഹി പാഹി മഹായോഗിൻ ദേവ ദേവ ജഗത് പതേ.

എന്താ അവരൊക്കെ ഇല്ല്യേ. അവരൊക്കെ രക്ഷിക്കില്ലേ. യത്ര മൃത്യു: പരസ്പരം. എല്ലാവർക്കും മൃത്യു ണ്ട്. ഒരാൾക്കും തന്നെ ഞാൻ രക്ഷിക്കാംന്ന് പറയാൻ പറ്റില്ല്യ. ഒരു ഡോക്ടർ പറഞ്ഞു. വളരെ ക്രിട്ടിക്കൽ സ്റ്റേറ്റിലുള്ള രോഗി. രക്ഷപെടും. നാളെ രാവിലെ ഓപ്പറേഷൻ ചെയ്യാം. പേടിക്കണ്ടാ ന്ന് പറഞ്ഞു. പക്ഷേ ഡോക്ടർ രാവിലെ വന്നില്ല്യ. യത്ര മൃത്യു പരസ്പരം. ഇവിടെ ആർക്ക് വാക്ക് കൊടുക്കാൻ പറ്റും. തന്നെ ഞാൻ രക്ഷിക്കാം ന്ന് പറയാൻ പറ്റ്വോ. എന്താ. എല്ലാവരും മൃത്യുവിലാണ് ഇരിക്കണതേ. പാമ്പിന്റെ വായിൽ ഇരിക്കണ തവള ഈച്ചയെ പിടിക്കാൻ പോലെയാണ്. പാമ്പ് വായടക്കേ വേണ്ടൂ. പക്ഷേ തവള പാമ്പിന്റെ വായിൽ ആണിരിക്കണത്. എന്തൊരു ഗൗരവം. യത്ര മൃത്യു: പരസ്പരം. സർവ്വത്ര മൃത്യു ആണ്.

അപ്പോ ഇതറിഞ്ഞ് കൊണ്ട് ഉത്തര ചിന്തിച്ചു. അനിത്യ വസ്തുക്കളെ ആശ്രയിച്ചിട്ട് എന്തു കാര്യം. അതും വീഴും നമ്മളേം വീഴ്ത്തും. മരണഭയം വരുമ്പോ മരണത്തിനെ ജയിച്ചവനായ ഒരാളേ ഉള്ളൂ ഭഗവാൻ. എന്ന്വാച്ചാൽ  സദ്ഗുരു, ജ്ഞാനികൾ.അവർക്ക് പോയി ശരണാഗതി ചെയ്യണം ന്ന് പറഞ്ഞാൽ എന്നെ മരണത്തിൽ നിന്ന് രക്ഷിക്കണേ ന്ന് പറഞ്ഞാൽ 'അയാളെ' ആദ്യം കാച്ചും അത്രേ അവര്(ജ്ഞാനികൾ). പിന്നെ അവർക്ക് മരണം ഇല്ല്യാ ന്നാണ്. ആർക്കാണ് മരണം. ശരീരത്തിന്.

ശരീരം ഞാൻ എന്ന് കരുതിക്കൊണ്ടിരിക്കുന്ന അഹങ്കാരത്തിനാണ് ഭയം. ഈ അഹങ്കാരം ഭഗവാന് ശരണാഗതി ചെയ്യുന്നതോടുകൂടി പോയീ ന്നാച്ചാൽ പിന്നെ മരണവും ഇല്ല്യ ജനനവും ഇല്ല്യ. അവർക്ക് മരണത്തിനെ കുറിച്ചുള്ള ചിന്തയേ ഇല്ല്യ. അപ്പോ മരണം വരുമ്പോ ഭഗവാന് ശരണാഗതി ചെയ്താൽ മരണഭയം അതോടെ പോയി. അയാളുടെ ശരീരം ജീവനോടെ ഇരിക്കുമ്പഴേ അഹങ്കാരം മരിച്ചു. മരിച്ചു കഴിഞ്ഞ് ഏതൊന്ന് ജീവിച്ചിരുന്ന് മറ്റു ശരീരത്തിലേയ്ക്ക് പോകുമോ അത് ജീവിച്ചിരിക്കുമ്പഴേ മരിച്ചാൽ പിന്നെ മരണമില്ല്യാന്നാണ്.

പഞ്ചമസ്കന്ധത്തിൽ ഭരത ചരിത്രം പറയുന്ന സ്ഥലത്ത് ശ്രീ ശുകബ്രഹ്മ മഹർഷി പരീക്ഷിത്തിനെ ഒരു പ്രത്യേക പേര് വിളിക്കണു. ഹേ ഉത്തരാമാത: ഉത്തരയെ അമ്മയായി കിട്ടാൻ ഭാഗ്യം ചെയ്തവനേ എന്ന്. എന്താപ്പോ ഉത്തരയെ അമ്മ ആയി കിട്ടിയതിന്റെ ഭാഗ്യം വെച്ചാൽ ഉത്തര ശരണാഗതി ചെയ്തു. ശരണാഗതി ചെയ്യണ അമ്മ വളരെ കുറവാണ്. ഗർഭസ്ഥശിശുവിനെ ഭഗവാന് അർപ്പിച്ചു. അങ്ങനെ ഉത്തര ഭഗവാന് ശരണാഗതി ചെയ്തു. ഭഗവാൻ ആ ശിശുവിനെ ഗർഭത്തിൽ രക്ഷിച്ചു.

ആ ശിശുവിനെ രക്ഷിച്ചതിനുശേഷം ഭഗവാൻ ദ്വാരകയ്ക്ക് പുറപ്പെടാണ്. ഒരു മുത്തശ്ശി വന്നു നമസ്ക്കരിച്ചു. ഭഗവാന്റെ അച്ഛന്റെ പെങ്ങളാണ്. കുന്തി. അവതാരത്തിനെ മനസ്സിലാക്കാൻ വളരെ പ്രയാസം. കുന്തി പറയാ. ഭഗവാനെ എനിക്ക് വയസ്സായി. ഞാൻ അനുഭവിച്ചു അനുഭവിച്ച് പഠിച്ചു. അവിടുന്ന് പരമപുരുഷനാണ് എന്ന് ഞാനറിഞ്ഞു.

നമസ്യേ പുരുഷന്ത്വാം ആദ്യം ഈശ്വരം പ്രകൃതേ: പരം
അലക്ഷ്യം സർവ്വഭൂതാനാം അന്തർബഹിരവസ്ഥിതം

ഉള്ളിലും പുറത്തും നിറഞ്ഞു നില്ക്കണ നാരായണനാണ് അവിടുന്ന് എന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. എന്നാലോ അലക്ഷ്യം,  കാണാനും വയ്യ. ബ്രഹ്മം എല്ലായിടവും നിറഞ്ഞു നില്ക്കണു. എന്നിട്ടും ഒന്നും കാണാൻ വയ്യ.
അന്തർബഹിരവസ്ഥിതം .

മത്സ്യം വെള്ളത്തിൽ കിടക്കും. പക്ഷേ മത്സ്യത്തിന് വെള്ളം കാണാൻ പറ്റില്ല്യാത്രേ. ഒരു മീൻ കുട്ടി അമ്മ മീനിന്റെ അടുത്ത് ചെന്ന് ചോദിച്ചു. അമ്മാ, വെള്ളം ന്ന് വെച്ചാൽ എന്താ. അപ്പോ അമ്മ മീൻ പറഞ്ഞു യ്യോ കുട്ടി നമ്മൾ വെള്ളത്തിലാണിരിക്കണത്. ഉള്ളില് വെള്ളം  പുറത്തു വെള്ളം സർവ്വത്ര വെള്ളം. അമ്മേ അമ്മ വെള്ളം കണ്ടണ്ടോ. അമ്മ പറഞ്ഞു. ഇല്ല്യ ഞാൻ കണ്ടിട്ടില്ല്യ. നമ്മുടെ മുത്തശ്ശന്മാര് ആരോ കണ്ടണ്ട്. (അവരുടെ ഇടയിലും പ്രഭാഷണം ചെയ്യുന്നവരുണ്ടാകും. വെള്ളത്തിന്റെ മഹിമ വർണ്ണിക്കുമ്പോ വെള്ളം നിങ്ങള് കണ്ടണ്ടോ എന്ന് ചോദിച്ചാൽ അവര് ശ്ലോകം ചൊല്ലും).

അങ്ങനെ ഇരിക്കുമ്പോ ഈ മീൻ ഒരു വലയിൽ കുടുങ്ങി. അയാള് വല പുറത്തു വലിച്ചു. വലിച്ചപ്പോ സർവ്വത്ര ജലം. ശ്വാസം മുട്ടണു. പുറത്ത് നില്ക്കാൻ വയ്യ. ചെറിയ വലയുടെ കൊച്ചു ദ്വാരത്തിലൂടെ കുഞ്ഞു മത്സ്യം പുറത്തു ചാടി പറഞ്ഞു ഇപ്പൊ എനിക്കറിയാം എന്താ വെള്ളം ന്ന്. അപ്പോ എന്താ. വെള്ളത്തിന്റെ സുഖം അറിയണംങ്കിൽ വെള്ളത്തിൽ നിന്ന് അല്പം വിട്ടു നില്ക്കണം ല്ലേ. അതേപോലെ നമ്മള് ഭഗവദ് സ്വരൂപം ആണ് എന്നറിയാതിരിക്കാൻ കാരണം എന്താ . നമുക്ക് അല്പം ശരീരബോധം ണ്ട്. ശരീരാനുഭവത്തിൽ പെട്ട് ഏറ്റവും അധികം ദുഖിച്ച് വലഞ്ഞു കഴിഞ്ഞ് വീണ്ടും തിരിച്ചു വരുമ്പഴേ നാം ഭഗവദ്സ്വരൂപികളാണെന്ന ജ്ഞാനം ഉള്ളിൽ ഉദിക്കുള്ളൂ.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi Prasad 

No comments:

Post a Comment