Friday, January 11, 2019

*ശ്രീമദ് ഭാഗവതം 28*

ഭഗവാൻ ധർമ്മോപദേശം ചെയ്യാനായിട്ട് ധർമ്മപുത്രരെ ഭീഷ്മരുടെ അടുത്തേയ്ക്ക് കൂട്ടി ക്കൊണ്ട് പോവാണ്. ധർമ്മപുത്രർക്ക് സമാധാനം ല്ല്യ. മഹാഭാരതയുദ്ധം കഴിഞ്ഞ് ഈ യുദ്ധത്തിനൊക്കെ കാരണക്കാരൻ താനാണ് എന്നൊരു തോന്നല്. ദു:ഖം എവിടെ ഉണ്ടെങ്കിലും അഹങ്കാരം ആണ് കാരണം. നല്ല ആളുകൾക്കും ദുഖം വരും. ചീത്ത ആളുകൾക്കും ദുഖം വരും. പുണ്യം ചെയ്യുന്നവർക്കും പാപം ചെയ്യുന്നവർക്കും ദുഖം വരും.  പുണ്യവും പാപവും രണ്ടും നമ്മളെ ബന്ധിക്കുന്ന ചങ്ങലയാണ്.

ധർമ്മപുത്രർക്ക് ഇപ്പൊ ദുഖം വരാൻ കാരണം അദ്ദേഹത്തിന് ഒരു പുണ്യാഹങ്കാരം ,ഒരു സാത്വികാഹങ്കാരം വന്നു. അതെങ്ങനെയാ പറയാ, യ്യോ ,എന്നെ കാരണം സംഭവിച്ചു. നമ്മൾ ആരും തന്നെ ലോകത്തിൽ ഒന്നിനും കാരണക്കാരല്ല.

വിവേകാനന്ദ സ്വാമികൾ ഒരു ഉദാഹരണം പറയും. ഒരു പോത്തിന്റെ കൊമ്പിൽ ഒരു ഈച്ച വന്നിരുന്നു അത്രേ. and that fly had its conscience prick. ആ ഈച്ചയ്ക്ക് ഇത്തിരി മനസ്സാക്ഷി കുത്ത് ഉണ്ടായീന്നാണ്. ഈച്ച പറഞ്ഞു അത്രേ പോത്തിനോട് യ്യോ ഞാൻ നിന്റെ കൊമ്പിൽ വളരെ നേരായി ഇരിക്കണു. നിനക്ക് വേദനിക്കും.  ഞാനിപ്പോ പോയേയ്ക്കാം. അപ്പോ പോത്ത് പറഞ്ഞു അത്രേ. നീ ഇപ്പൊ പറഞ്ഞപ്പഴാ  എനിക്ക്  മനസ്സിലായത് നീ ഇരിക്കണ കാര്യം. ഇനി ഇപ്പൊ നീ  കുടുംബത്തോടെ  വന്ന് എന്റെ പുറത്ത് ഇരുന്നാലും എനിക്ക് അറിയാൻ പറ്റില്ല്യ. ഇതിനാ സാത്വികാഹങ്കാരം ന്ന് പറയാ. എന്നെ കാരണം സംഭവിച്ചു. ഞാൻ വിഷമിപ്പിക്കണു.

ഇപ്പൊ ധർമ്മപുത്രർക്ക് ഇതാണ് വിഷമം. എന്നെ കാരണം യുദ്ധം സംഭവിച്ചു. എന്നെ കാരണം ഇത്രയും ആള് മരിച്ചു. വ്യാസഭഗവാൻ പറഞ്ഞു കൊടുത്തു. ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞു കൊടുത്തു. അങ്ങ് ഇതിനൊന്നും കാരണമല്ല.

ജനം ജനേന ജനയൻ
മാരയൻ മൃത്യുനാന്തകം.

ഭഗവാൻ തന്നെ ജനങ്ങളെ വെച്ച് ജനങ്ങളെ ജനിപ്പിക്കുന്നു. വേറെ ആരെയൊക്കെയോ വെച്ച് മരിപ്പിക്കുന്നു. സൈ ഏവ ഭഗവാൻ കാല:
ആ കാലസ്വരൂപിയായ ഭഗവാൻ തന്നെ പല രീതിയിൽ പ്രവർത്തിക്കുന്നു. അതിന്റെ ഒരു രൂപമാണ് ഈ യുദ്ധവും മരണവും ഒക്കെ. അതുകൊണ്ട് ദുഖിക്കരുത്. കർതൃത്വം ഉപേക്ഷിക്കാ. എല്ലാ ദുഖത്തിനും കാരണം ഞാൻ കർത്താവാണ്. ഞാൻ ഭോക്താവാണ് എന്ന തോന്നലാണ്. അത് ഉപേക്ഷിക്കാ.

പക്ഷേ ധർമ്മപുത്രർക്ക് സാധിച്ചില്ല്യ. സാധിച്ചിട്ടില്ലെങ്കിൽ എന്താ ചെയ്യാ. യ്യോ, സ്വാമീ ഞങ്ങളൊക്കെ സാധാരണ ആൾക്കാരല്ലേ. ഞങ്ങളെ കൊണ്ട് ഇങ്ങനെ ഒക്കെ സാധിക്കോ. സാധിച്ചിട്ടില്ലെങ്കിൽ ദുഖിക്കേ നിവൃത്തി ഉള്ളൂ. വേറെ മരുന്ന് ഒന്നും ഇല്ല്യ.

 ഇപ്പൊ, ധർമ്മപുത്രർക്ക് കൃഷ്ണനും വ്യാസനും ഒക്കെ പറഞ്ഞു കൊടുത്തിട്ട് മനസ്സിലാവാത്തത് ന്താ ച്ചാൽ ചിലപ്പോഴൊക്കെ അങ്ങനെയാ. നമുക്കും ചില ഭാവങ്ങളൊക്കെ ണ്ടാവും. ചിലര് പറഞ്ഞാലേ ഗ്രഹിക്കൂ. ചിലർക്ക് മലയാളം അറിഞ്ഞാൽ പോലും തമിഴിൽ പറഞ്ഞാലേ മനസ്സിലാവുള്ളൂ. ചിലർക്കാകട്ടെ തൃശ്ശൂർ മലയാളത്തിൽ പറഞ്ഞാലേ മനസ്സിലാവുള്ളൂ. ചിലർക്ക് തിരുവനന്തപുരം ഭാഷയിൽ പറയണം.  എന്തൊക്കെ നമുക്ക് വേണോ, അതൊക്കെ ഭഗവാൻ ശരിയാക്കി തരും. നമുക്ക് സത്യം വേണം ന്നു ണ്ടോ, നമ്മളുടെ ഭാഷയിൽ പറയണ ഒരാളെ നമുക്ക് കിട്ടും.

ഇപ്പൊ, ധർമ്മപുത്രർക്ക് തൃപ്തി ആയി ഉപദേശിക്കാനുള്ള ഒരു ആളുണ്ട്. ഭീഷ്മപിതാമഹൻ. അതുകൊണ്ട് ഭഗവാൻ എന്ത് ചെയ്തു. ധർമ്മപുത്രരെ ഭീഷ്മരുടെ അടുത്തേയ്ക്ക് കൂട്ടി ക്കൊണ്ട് പോയി. ഭീഷ്മര് ഉപദേശിക്കട്ടെ എന്നാണ്. അവിടെ പഞ്ചപാണ്ഡവന്മാരും ചെന്നു. ഭഗവാനും ചെന്നു.
ശ്രീനൊച്ചൂർജി
 *തുടരും. ...*

No comments:

Post a Comment