Saturday, January 19, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-87

ജ്ഞാനി ശിഷ്യനെ ബോധിപ്പിക്കുന്നു നിന്റെ സ്വരൂപം ആകാശം പോലെയാണ്. ഉപാധി , മനസ്സ്,ശരീരം ഒന്നും നിന്റെ ധർമ്മമല്ല.

അപ്രാണോഹി അമന: ശുഭ്ര:
പ്രാണൻ, ശരീരം, മനസ്സ് എല്ലാം ആകാശത്തിലെ മേഘങ്ങൾ പോലെ പ്രത്യക്ഷപ്പെടുന്നു അപ്രത്യക്ഷമാകുന്നു. ആകാശത്തിന് ഒരു കോട്ടവും സംഭവിക്കുന്നില്ല. അതുപോലെ സ്വരൂപമാകുന്ന ആകാശത്ത് ശരീരം നിൽക്കട്ടെ ശരീരം മറയട്ടെ മനസ്സുദിക്കട്ടെ മനസ്സ് മറയട്ടെ അഭിമാനമുദിക്കട്ടെ അഭിമാനം മറയട്ടെ ഇതൊക്കെ ഉദിച്ചത് കൊണ്ട് ആകാശത്തിന് ഒന്നും സംഭവിക്കുന്നില്ല അത് മറയുന്നത് കൊണ്ട് ഒന്നും നഷ്ടമാകുന്നുമില്ല.

സ്വരൂപമാകുന്ന ആകാശം ഉദിക്കാതെ മറയാതെ സദാ ഏക സ്വരൂപമായി അഘണ്ടമായി ആ ചിതാകാശം ഒന്നിനാലും സ്പർശിക്കപ്പെടാതെ നിത്യ അസ്പന്ദ സ്വരൂപമായി സിദ്ദ വസ്തുവായി ഇരിക്കുന്നു.

ആ സ്വരൂപം തന്നെയാണ് നമ്മുടെ ഹൃദയത്തിൽ ഞാൻ എന്ന ഉണർവിന്റെ രൂപത്തിൽ നിത്യ പ്രസിദ്ധമായിരിക്കുന്നത്. അഹം അഹം എന്ന പദത്തിലൂടെ നമ്മൾ കുറിക്കുന്ന വസ്തുവിന്റെ സത്യാവസ്ഥ ,പൊരുൾ, വാസ്തവത്തിലുള്ള സ്ഥിതി. അഹം പദത്തിന്റെ അർത്ഥം.

അഹമെന്നാൽ അഹങ്കാരമല്ല. അഹങ്കാരത്തിന്റെ സ്വരൂപത്തെ ആരാഞ്ഞു പോയാൽ അഹങ്കാരം മറയുകയും അഹം പദം അഥവാ ചിത് പദം ,ചിത് പദാർത്ഥം  താനേ വിളങ്ങുന്നത് അറിയുവാൻ സാധിക്കും.

പുതിയതായി അപ്പോൾ വിളങ്ങുന്നതല്ല വിളങ്ങി കൊണ്ടേയിരിക്കുകയാണ്. മനസ്സ് പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴും വിളങ്ങുന്നു ,ബുദ്ധി പ്രവർത്തിക്കുമ്പോഴും വിളങ്ങുന്നു, അഹങ്കാരം ഉള്ളപ്പോഴും അത് പ്രകാശിച്ചു കൊണ്ടിരിക്കുന്നു. ആ സ്വയം പ്രകാശിക്കുന്ന വസ്തുവിൽ ശ്രദ്ധ പോകുമ്പോൾ എണ്ണി ഒടുങ്ങി സ്വയം പ്രകാശം തന്നെ സ്വയമേവ പ്രകാശപ്പെടുത്തുന്നു അഥവാ വെളിപ്പെടുത്തുന്നു.

വിചാരം ഒടുങ്ങുന്നയിടത്ത് വിചാരം ചെയ്യുന്നവനും ഒടുങ്ങി വിശദമായ ബോധം ,വിശദമായ ഉണർവ് ,വിശദമായ ശാന്തി ,ശിവം ഹൃദയത്തിൽ പ്രകാശിക്കുന്നു. അതിനാണ് സമാധിയെന്നു പറയുന്നത്, ആത്മാനുഭവം എന്ന് പറയുന്നത്. അനുഭവം എന്നത് ആത്മാവിന്റെ സ്വരൂപമായിക്കുന്നു. ശരീരത്തിന് അനുഭവമില്ല പ്രതീതി മാത്രമാണുള്ളത്. മനസ്സിനനുഭവം ഇല്ല പ്രതീതി മാത്രമേയുള്ളു. ആത്മാ എപ്പോഴും അനുഭവ സ്വരൂപമായിരിക്കുന്നു. സന്ദേഹത്തിനിടമില്ലാതെ ഇരിക്കുന്നു.

ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്ന് സംശയിക്കാം. വേറെ ലോകങ്ങൾ ഉണ്ടാ ഇല്ലയോ എന്ന് സംശയിക്കാം. എന്നാൽ തന്നിലിരുപ്പ് ആർക്കും സംശയിക്കാൻ സാധിക്കില്ല. തന്നിലിരുപ്പ് എല്ലാവർക്കും ഉണർവായി സദാ നിത്യ സിദ്ദമായിരിക്കുന്നു. ആ കേവല അനുഭവത്തെ സംശയിക്കാതിരിക്കുന്നത് എന്തു കൊണ്ട് ശ്രദ്ധിക്കപ്പെടുന്നില്ല എന്നത് ആശ്ചര്യം തന്നെയാണ്.

Nochurji 🙏 🙏

No comments:

Post a Comment