Sunday, January 20, 2019

തുളസി നട്ടുവളര്‍ത്തി പൂജിക്കുന്ന വീടുകള്‍ ക്ഷേത്രങ്ങള്‍ പോലെ പവിത്രമെന്നാണ് സങ്കല്‍പം. നൈര്‍മല്യത്തിന്റെ, പവിത്രതയുടെ, ഐശ്വര്യത്തിന്റെയെല്ലാം പ്രതീകമാണ് തുളസി. വിഷ്ണുഭഗവാന്റെ പത്‌നിയാണ് തുളസിയെന്ന് പുരാണങ്ങള്‍ അനുശാസിക്കുന്നു. തുളസിയില്ലാതെ നല്‍കുന്ന പൂജകള്‍ വിഷ്ണുഭഗവാന്‍ സ്വീകരിക്കില്ലെന്നാണ് വിശ്വാസം. തുളസിച്ചെടി ഭൂമിയില്‍ കിളിര്‍ത്തു വന്നതിനു പിന്നില്‍ ഹൃദയസ്പര്‍ശിയായ ഒരു കഥ പറയുന്നുണ്ട് പുരാണങ്ങള്‍. 
രാക്ഷസകുലത്തില്‍ പിറന്ന വൃന്ദയെന്ന പെണ്‍കുട്ടി കറകളഞ്ഞ വിഷ്ണുഭക്തയായിരുന്നു. ജലന്ധരനെന്ന രാക്ഷസ രാജാവാണ് അവളെ വിവാഹം ചെയ്തത്. പാതിവ്രത്യത്തില്‍ അങ്ങേയറ്റം നിഷ്ഠ പു
ലര്‍ത്തിയിരുന്നു വൃന്ദ. ഒരിക്കല്‍ ദേവാസുര യുദ്ധത്തിനായി പുറപ്പെട്ട ജലന്ധരനോട്, വിജയം അങ്ങേക്ക് ഉറപ്പായിരിക്കുമെന്നും അങ്ങ് തിരികെയെത്തും വരെ ഊണും ഉറക്കവുമില്ലാതെ  വ്രതമനുഷ്ഠിക്കുമെന്ന് വൃന്ദ പറഞ്ഞു. തിരികെയെത്തിയ ശേഷമേ പൂജയും പ്രാര്‍ഥനയും ഉപേക്ഷിക്കൂ എന്നു പറഞ്ഞ് വൃന്ദ ഭര്‍ത്താവിനെ യാത്രയാക്കി. 
വൃന്ദയുടെ വ്രതാനുഷ്ഠാനം കൊണ്ട് ജലന്ധരനെ ഒരു തരത്തിലും തോല്‍പ്പിക്കാന്‍ പറ്റാതായി ദേവന്മാര്‍ക്ക്. മറ്റൊരു വഴിയും കാണാതെ ദേവന്മാര്‍ വിഷ്ണു ഭഗവാനെ ശരണം പ്രാപിച്ചു. വൃന്ദ തന്റെ ശപഥം ഉപേക്ഷിക്കാത്ത പക്ഷം ജലന്ധരനെ തോല്‍പ്പിക്കാനാവില്ലെന്ന് അവര്‍ ഭഗവാനെ  അറിയിച്ചു. പക്ഷേ തന്റെ പരമഭക്തയായ വൃന്ദയെ  പിന്തിരിപ്പിക്കാന്‍ തനിക്കാവില്ലെന്നായിരുന്നു ഭഗവാന്റെ മറുപടി. 
മറ്റൊരു വഴിയുമില്ല,  അങ്ങ് ഞങ്ങളെ രക്ഷിച്ചേ  മതിയാകൂ എന്നായി ദേവന്മാര്‍. നിര്‍ബന്ധത്തിനു വഴങ്ങിയ ഭഗവാന്‍ ഒടുവില്‍ ജലന്ധരന്റെ രൂപത്തില്‍ വൃന്ദയ്ക്കു മുമ്പിലെത്തി. തന്റെ പ്രിയതമന്‍ വിജയശ്രീ ലാളിതനായി തിരിച്ചെത്തിയെന്ന ധാരണയില്‍ അത്യാഹ്ലാദത്തോടെ വൃന്ദ വ്രതാനുഷ്ഠാനങ്ങളുപേക്ഷിച്ച് ഭര്‍ത്താവിന് അരികിലെത്തി. വ്രതം മുറിഞ്ഞതോടെ ദേവന്മാര്‍ ജലന്ധരനെ നിഷ്പ്രയാസം വധിച്ചു. ജലന്ധരന്റെ തലയറ്റ്  അദ്ദേഹത്തിന്റെ കൊട്ടാരത്തിനു മേല്‍ പതിച്ച് വൃന്ദയ്ക്കു മുമ്പില്‍ വീണു. ഇതു കണ്ട വൃന്ദ, തന്റെ മുമ്പില്‍ വേഷംമാറിയെത്തിയത് ആരെന്ന ആശയക്കുഴപ്പത്തിലായി. ഒടുവില്‍ യാഥാര്‍ഥ്യമെല്ലാം ഭഗവാന് വൃന്ദയെ അറിയിക്കേണ്ടി വന്നു. കോപാഗ്നിയില്‍  ജ്വലിച്ച വൃന്ദ, അങ്ങയെ ഞാന്‍ എന്റെ ഭര്‍ത്താവെന്നു കരുതി സ്പര്‍ശിച്ചു, 
അങ്ങ്  കല്ലായി തീരട്ടെയെന്ന് ഭഗവാനെ ശപിച്ചു. ആ നിമിഷം ഭഗവാന്‍ കല്ലായി ( സാളഗ്രാമം) മാറി. ഇതു കണ്ട് ദേവന്മാര്‍, സഹിക്കവയ്യാതെ ഭഗവാന് ശാപമോക്ഷം നല്‍കണമെന്ന് അപേക്ഷിച്ചു. ലക്ഷീദേവി അലമുറയിട്ടു. ഒടുവില്‍ വൃന്ദ, ഭഗവാന് ശാപമോക്ഷം നല്‍കി. അതിനുശേഷം തന്റെ ഭര്‍ത്താവിന്റെ തലയുമെടുത്ത് സതിയനുഷ്ഠിച്ചു. ആ ചിതയില്‍ നിന്ന് കളിര്‍ത്തു വന്നതാണ് ഹൈന്ദവരുടെ പുണ്യസസ്യമായ തുളസി. വൃന്ദ ശപിച്ചു മാറ്റിയ സാളഗ്രാമത്തിന്റെ രൂപത്തില്‍ തന്നെയും തുളസിക്കൊപ്പം പൂജിക്കണമെന്ന് ഭഗവാന്‍ അരുളിചെയ്തു.
വൃന്ദയുടെ ഭര്‍ത്താവായി രൂപം മാറിയെത്തിയെന്ന സങ്കല്പത്തില്‍ ഇന്നും ഭാരതീയര്‍ തുളസിച്ചെടിയെയും സാളഗ്രാമത്തെയും തനത് അനുഷ്ഠാനങ്ങളോടെ വിവാഹച്ചടങ്ങുകള്‍ നടത്തുന്നു. തുളസിത്തറയില്‍ വധുവിനെ പോലെ ഒരുക്കി നിര്‍ത്തിയ തുളസിച്ചെടിക്കൊപ്പം സാളഗ്രാമത്തെ വരനായി സങ്കല്‍പിച്ച് ഇരുത്തിയാണ് വിവാഹം നടത്തുന്നത്. 
കേരളത്തില്‍ പതിവില്ലെങ്കിലും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കാര്‍ത്തിക മാസത്തില്‍ പവിത്രമായ തുളസീ വിവാഹം നടത്തുന്ന പതിവുണ്ട്. ഹൈന്ദവര്‍ വിവാഹങ്ങള്‍ക്ക് തുടക്കമിടുന്നത് തുളസീ വിവാഹത്തോടെയാണ്. നാലുമാസത്തെ ഉറക്കം വിട്ട് വിഷ്ണു ഭഗവാന്‍ ഉറക്കം വിട്ടുണരുന്ന നാളിലാണ് തുളസീവിവാഹം നടത്തുന്നത്.
സാളഗ്രാമത്തിനു പകരം വിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണനെ തുളസിയുെട വരനായി സങ്കല്‍പിച്ച് വിവാഹം നടത്തുന്ന പതിവുമുണ്ട്. വെളുപ്പിന് തുളസിത്തറയിലോ, വീട്ടു മുറ്റത്ത് മധ്യത്തിലായോ തുളസിയെ അലങ്കരിച്ചിരുത്തിയാണ് ചടങ്ങുകള്‍ തുടങ്ങുക. കാര്‍ത്തികസ്‌നാനം കഴിഞ്ഞുവരുന്ന സ്ത്രീകളാണ് പൂജാകര്‍മങ്ങള്‍ നടത്താറുള്ളത്.

No comments:

Post a Comment