Sunday, January 20, 2019

വാല്മീകി രാമായണം
അയോദ്ധ്യാകാണ്ഡം-88

നമ്മളെ നാം ശ്രദ്ധിക്കാതിരിക്കുന്നതിനാണ് മായ എന്ന് പറയുന്നത്. നിത്യ ശുദ്ധമായ വസ്തുവിലേയ്ക്ക് ശ്രദ്ധ പോകാത്തത് മായ. അത് 'കഷ്ടം കഷ്ടം' എന്നു പറയുന്നു കാരണം ഇത്രയും ലളിതമായ ഒന്നിനെ മനസ്സിലാക്കാതെ പോകുന്നല്ലോ. ഇന്റെർനെറ്റിൽ കളിച്ചു നടക്കുന്ന നമുക്ക് ഇത്ര സരസമായ ഒരു വസ്തു അപ്രാപ്യമായതെങ്ങനെ.

ഋഷികൾ ആ സത് വസ്തുവിനെ അപരോക്ഷം എന്ന് വിളിക്കുന്നു immediate experience എന്ന് വിളിക്കുന്നു. ഒരു ലഡ്ഡു കഴിക്കണമെങ്കിൽ കൂടി കടലമാവ് , പഞ്ചസാരയും ഒക്കെ വാങ്ങി വരണം, ഒരു പഴം കഴിക്കാൻ അതിന്റെ തൊലി ഉരിഞ്ഞ് വായിൽ വയ്ക്കുന്നതിന് ഒരു ചെറിയ കാലയളവുണ്ട്. ശരീരത്തിൽ കാല് മരവിച്ചാൽ നുള്ളി നോക്കും. എന്നാൽ തന്നിരുപ്പ് അറിയുന്നതിന് കാലയളവേ ഇല്ല. തന്നിരിപ്പിന് കാലമേ ഇല്ല. മനസ്സിരിക്കുന്നിടത്താണ് കാലത്തിന് പ്രസക്തി. തന്നിരുപ്പിൽ ഒരു ഇടവേളയില്ല അഖണ്ഡമായി ഇരിക്കുന്നു. " അഖണ്ഡ പ്രബോധ്യേഹി" എന്നാൽ വിച്ഛിത്തിയില്ലാത്ത ഉണർവ്വ് അഥവാ ഇടമുറിയാത്ത ഉണർവ്വ് എന്നർത്ഥം.

എന്നാൽ മനസ്സിന് വിച്ഛിത്തിയുണ്ട്. ഒരു കുഞ്ഞിന്റെ മുൻമ്പിൽ നമ്മൾ അച്ഛനോ അമ്മയോ ആകുന്നു. മാതാപിതാക്കളുടെ മുന്നിൽ മകനോ മകളോ ആകുന്നു. രണ്ടിനുമിടയിൽ വിച്ഛിത്തി വന്നു. പതിയുടെ അരികിൽ പത്നിയായും, പത്നിയുടെ മുന്നിൽ പതിയായും മാറുന്നു. ആഫീസിൽ പോയാൽ ആഫീസർ ആകുന്നു. നമ്മുടെ വ്യക്തിത്വം ഇത്തരത്തിൽ മാറി കൊണ്ടേയിരിക്കുന്നു .എന്നാൽ തന്നിരുപ്പ് വിച്ഛിത്തി ഇല്ലാതെയിരിക്കുന്നു. ഈ വ്യക്തിത്വത്തെ താനെന്ന് ധരിച്ചാൽ വിച്ഛിത്തി ഉണ്ട്. ഉണർവ്വിൽ ശ്രദ്ധ വന്നാൽ അവിച്ഛിന്നമായിരിക്കും. ആ അവിച്ഛിന്നമായ പ്രബോധം ആകാശമാണ്.

നമ്മൾ ആകാശമായാൽ ഈ ജഗത്തിലുള്ള സകല നാമ രൂപങ്ങളും ആകാശമാകും. അറിവും ആകാശമാകും. നമ്മുടെ ഉള്ളിലുള്ള സകല പ്രമാണങ്ങളും ആകാശമാകും. നമ്മുടെ അനുഭവങ്ങളും മനസ്സും ആകാശമാകും. സ്വയം പ്രകാശമാകും.

Nochurji 🙏 🙏
Malini dipu 

No comments:

Post a Comment