Saturday, January 19, 2019

കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമ ഉയരുന്ന ആഴിമല ക്ഷേത്ര വിശേഷങ്ങൾ*💥
കടൽക്കാറ്റേറ്റ് ദൈവസന്നിധിയിൽ നിൽക്കുവാൻ ആഗ്രിഹിച്ചിട്ടില്ലേ...ഉദയവും അസ്തമയ കാഴ്ചകളും കണ്ട് തീരക്കാഴ്ടകളിൽ അലിഞ്ഞ് തീരുന്ന ഒരു ദിനം... തിരുവനന്തപുരം വിഴിഞ്ഞത്തു നിന്നും നാലു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആഴിമല ശിവക്ഷേത്രം ഇത്തരത്തിലൊന്നാണ്. കോവളം മുതൽ കന്യാകുമാരി വരെ നീാണ്ടു കിടക്കുന്ന കടൽത്തീരത്തെ ക്ഷേത്രം! കടലിനോട് ചേർന്നിരിക്കുന്ന ക്ഷേത്രവും നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ധ്യാനമണ്ഡപവും ഒക്കെ ഒരു നാടിന്റെ തന്നെ അഭിമാനമായി ഇവിടെ ഉയരുകയാണ്. അതിപുരാതനമായ ആഴിമല ക്ഷേത്രത്തിന്റെ വിശേഷങ്ങൾ വായിക്കാം...
*ആഴി മല ശിവക്ഷേത്രം*
തിരുവനന്തപുരത്തെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തിനു സമീപമുള്ള ആഴിമല ശിവക്ഷേത്രം. ശൈവ ഭക്തരോടൊപ്പം തന്നെ വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന ഇവിടം ധാരാളം പ്രത്യേകതകളുള്ള ക്ഷേത്രമാണ്. കടൽത്തീരത്തിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ക്ഷേത്രം എന്നതാണ് ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
*മലയും കടലും ചേരുന്ന ഇടം*
ആഴി എന്നാൽ കടൽ എന്നും മല എന്നാൽ കുന്ന് എന്നുമാണ് അർഥം. കടലിനോട് ചേരുന്ന കുന്നിന് സമീപത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നതിനാലാണ് ഇത് ഈ പേരിൽ അറിയപ്പെടുന്നത്. പുളിങ്കുടി ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റിൻറെ കീഴിലാണ് ക്ഷേത്രമുള്ളത്.
*ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ*
കേരളത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമയാണ് ഇവിടെ ഇപ്പോൾ നിർമ്മിക്കുന്നത്. 56 അടി ഉയരത്തിലുള്ള മഹേശ്വരന്റെ പ്രതിമയുടെ നിർമ്മാണം തുടങ്ങിയിട്ട് നാലുവർഷത്തോളമായി. ഇപ്പോൾ ഇത് അവസാന ഘട്ടത്തിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ്. ഗംഗാധരേശ്വര പ്രതിമ എന്നാണ് ഇതിന്റെ പേര്. പൂർണ്ണമായും കോൺക്രീറ്റിലാണ് ഇത് നിർമ്മിക്കുന്നത്.
*ധ്യാനമണ്ഡപം*
മഹേശ്വരന്റെ രൂപത്തോടൊപ്പം തന്നെ ഇവിടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഒന്നാണേ ധ്യാനമണ്ഡപം. കടൽത്തീരത്തിനും ക്ഷേത്രത്തിനും നടുവിലുള്ള ഗംഗാധരേശ്വരന്റെ രൂപത്തിന് താഴെ ഭാഗത്തായാണ് ധ്യാനമണ്ഡപം നിർമ്മിക്കുന്നത്. എകദേശം 3500 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിലാണ് ധ്യാനമണ്ഡപം ഒരുക്കിയിരിക്കുന്നത്. ഒരു ഗുഹയ്ക്കുള്ളിൽ കയറിയതിനു സമാനമായ അന്തരീക്ഷമായിരിക്കും ധ്യാനനമണ്ഡപത്തിനുള്ളിൽ അനുഭവിക്കുവാൻ സാധിക്കുക.
കടൽത്തീരത്തിനോട് ചേർന്നു കിടക്കുന്ന പാറക്കൂട്ടങ്ങൾക്കു മുകളിലായാണ് ധ്യാനമണ്ഡപമുള്ളത്. ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തുള്ള ചെറിയ കവാടത്തിൽ നിന്നുമാണ് ധ്യാനമണ്ഡപത്തിലേക്കുള്ള പ്രവേശനം ഒരുക്കിയിരിക്കുന്നത്. 27 പടികൾ കടന്നാൽ ഗുഹയ്ക്കുള്ളിലെത്താം. ശില്പങ്ങളും പ്രതിമകളും ഒക്കെകൊണ്ട് അതിമനോഹരമായാണ് ഇതിന്റെ ഉള്ളറ നിർമ്മിച്ചിരിക്കുന്നത്.
*ചരിത്രം മാത്രമല്ല പുരാണവും*
യഥാർഥത്തിലുള്ള പാറകൾ കൂടാതെ അവയ്ക്കിടയിലായി തൂണുകളും ഗുഹയ്ക്കുള്ളിൽ നിർമ്മിച്ചിട്ടുണ്ട്. ചുവരുകളിലും ചിത്രപ്പണികളും കൊത്തുപണികളും ഒരുപാട് കാണാം. ശിവന്റെ അപൂർവ്വമായ ശനയ രൂപവും അർധ നാരീശ്വര രൂപവും ഒക്കെ ഇവിടുത്തെ ചുവരുകളിൽ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സാധാരണയായി മറ്റു ക്ഷേത്രങ്ങളിൽ കാണപ്പെടുന്നതിനേക്കാൾ വലുതാണ് ഇവിടുത്തെ ശിവന്റെ ശയന രൂപം. ഇതുകൂടാതെ ഒരുവശം മുഴുവനും ആഴിമല ക്ഷേത്രത്തിന്റെ ചരിത്രം രേഖപ്പെടുത്തുവാനും പദ്ധതിയുണ്ട്. ഗംഗാധരേശ്വര പ്രതിമയുടെ ഭാഗത്തു നിന്നുള്ള കവാടം കൂടാതെ കടലിൽ കുളി കഴിഞ്ഞ് വരുന്നവർക്ക് നേരെ പ്രവേശിക്കാനായി മറ്റൊരു കവാടവും നിർമ്മാണത്തിലുണ്ട്.
*ഒൻപത് നൃത്ത രൂപങ്ങൾ*
വിവരിച്ചു തീർക്കുവാൻ സാധിക്കാത്തത്രയും പ്രത്യേകതകളും നിർമ്മാണങ്ങളും നിറഞ്ഞതാണ് ധ്യാനമണ്ഡപം. കൊത്തുപണികളും ചിത്രപ്പണികളും കൂടാതെ ശിവന്റെ ഒൻപതു നൃത്ത രൂപങ്ങളും ചുവരിൽ കൊത്തിവയ്ക്കുന്ന പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുള്ളി്ലെ തൂണുകളിലും മനോഹരചെറു ശിൽപ്പങ്ങൾ കൊത്തിവച്ചിരിക്കുകയാണ്. കൂടാതെ ധാന്യമണ്ഡപത്തിന്റെ മുകൾത്തട്ടിലും ഇത്തരത്തിലുള്ള ധാരാളം പണികൾ കാണുവാൻ സാധിക്കും...2020 ഓടെ പൂർത്തിയാക്കുവാൻ പറ്റുന്ന രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
*ഉൽസവം*
ഒട്ടേറെ വിശേഷ ദിവസങ്ങൾ ക്ഷേത്രത്തിനുണ്ട്. ശിവനുമായി ബന്ധപ്പെട്ട ക്ഷേത്രമായതിനാൽ ചൊവ്വാഴ്ചയാണ് ഇവിടെ ഏറ്റവും അധികം ആളുകൾ എത്തുന്ന ദിവസം. ദൂരദേശങ്ങളിൽ നിന്നു പോലും അന്നേ ദിവസം ഇവിടെ ആളുകളെത്തുന്നു. മകരമാസത്തിലെ ഉതൃട്ടാതി ആറാട്ടായി നടക്കുന്ന പത്തു ദിവസത്തെ ഉത്സവമാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. ഉദയാസ്തമയ പൂജ, പ്രദേഷ പൂജ. ആയില്യ പൂജ, ഉമാ മഹേശ്വരി പൂജ, ദിവസ പൂജ തുടങ്ങിയവയാണ് ഇവിടുത്തെ പ്രത്യേക പൂജകള്.
*പാണ്ടവ തീർത്ഥം*
മഹാഭാരതവുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥകൾ ആഴിമല ക്ഷേത്രത്തിനുമുണ്ട്.പാണ്ഡവൻമാർ അജ്ഞാതവാസകാലത്തു ഇതുവഴി കടന്നു പോവുകയുണ്ടായി യാത്രക്കിടയിൽ ഈ പ്രദേശത്ത് ജീവൽ സമാധി കാണുകയും അതിനു മേൽ ശിവലിംഗ പ്രതിഷ്ഠ നടത്തുകയും ചെയ്തു.തുടർന്ന് അഭിഷേകത്തിനായി ജലം തേടിയെങ്കിലും കിട്ടാതെ വന്നു.കടൽ വെള്ളം മാത്രം കിട്ടുന്ന പ്രദേശത്തു ശുദ്ധജലം ലഭ്യമല്ലാതിരുന്നതിനാൽ വെള്ളത്തിനായി ഭീമൻ കൈമുട്ടുകൊണ്ടു പാറപ്പുറത്തു ഇടിച്ചുവത്രെ. . ഇടിയുടെ ശക്തിയിൽ പാറയിൽ ഉണ്ടായ വിള്ളലിൽ വെള്ളം ലഭിച്ചുവെന്നാണ് വിശ്വാസം. ക്ഷേത്രത്തിനു സമീപത്തെ ഒന്നിനു മുകളിൽ ഒന്നായി കാണുന്ന പാറകളുടെ വിള്ളലിലൂടെയുള്ള ജലപ്രവാഹം കാണുന്ന ഈ സ്ഥലമാണ് കിണ്ണിക്കുഴി അഥവാ പാണ്ഡവ തീർത്ഥം എന്നറിയപ്പെടുന്നത്. മാറാരോഗങ്ങൾക്കു സിദ്ധഔഷധമായ കിണ്ണിക്കുഴിയിലെ ജലം ഉപയോഗിക്കുന്നു. ഈ ജലം മുൻപ് ക്ഷേത്രത്തിൽ പൂജക്ക്‌ ഉപയോഗിച്ചിരുന്നു. കടൽ തീരമാണെങ്കിലും ക്ഷേത്ര കിണറിൽ ഉപ്പു രസമില്ല എന്നൊരു പ്രത്യേകതയും ഉണ്ട്.
*ശ്രീ നാരായണ ഗുരുവും ആഴിമല ക്ഷേത്രവും*
ശ്രീ നാരായണ ഗുരുവുമായും ബന്ധപ്പെട്ട കഥകൾ ഈ ക്ഷേത്രത്തിനുണ്ട്. അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു എത്തിയത് ഇവിടെയാണത്രെ. ഈ പ്രദേശത്തിന്റെ ഭംഗിയും ഇവിടുത്തെ ആശ്വര സാന്നിധ്യം തിരിച്ചറിയുകയും ചെയ്തുവത്രെ. ഇവിടുത്തെ ജീവൽ സമാധിയെക്കുറിച്ച് പ്രദേശവാസികളോട് വിശദീകരിച്ച അദ്ദേഹം ക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുകയും അതിനുള്ള സ്ഥലം കാണിച്ചു കൊടുക്കുകയും ചെയ്തുവത്രെ. അങ്ങനെയാണ് ഇവിടെ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് ഇവിടുള്ളവരുടെ വിശ്വാസം.
*ആഴിമല ബീച്ചും സൂര്യോദയവവും*
ക്ഷേത്രത്തോട് ചേർന്നു തന്െയാണ് പ്രശസ്തമായ ആഴിമല ബീച്ചും സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തെ അധികം അറിയപ്പെടാതത് ബീച്ചുകളുടെ പട്ടികയിലാണ് ഇത് ഉൾപ്പെട്ടിരിക്കുന്നത്. സൂര്യോദയ സൂര്യാസ്തമയ കാഴ്ചകൾ കാണുവാനാണ് ഉവിടെ സഞ്ചാരികൾ എത്തിച്ചേരുക.
*സന്ദർശിക്കുവാൻ പറ്റിയ സമയം*
എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കുവാൻ സാധിക്കും. സൂര്യോദയവും സൂര്യാസ്തമയവുമാണ് പ്രധാന കാഴ്ചകൾ എന്നതുകൊണ്ടുതന്നെ അതിനു കണക്കാക്കി ഇവിടെ വരുന്നതായിരിക്കും നല്ലത്.
*എത്തിച്ചേരുവാൻ*
തിരുവനന്തപുരത്തിനും കോവളത്തിനും ഇടയിലായാണ് ആഴിമല സ്ഥിതി ചെയ്യുന്നത്. ഈസ്റ്റ് ഫോർട്ടിൽ നിന്നും തമ്പാനൂരിനോ അല്ലെങ്കിൽ പൂവാറിനെ പോകുന്ന ബസിന് കയറിയാൽ ആഴിമല ബസ് സ്റ്റോപ്പിലിറങ്ങാം. ഇവിടെ നിന്നും 100 മീറ്റർ ദൂരമേയുള്ളൂ ക്ഷേത്രത്തിലേക്ക്. തിരുവനന്തപുരത്ത് നിന്നും 20 km അകലെയായി വിഴിഞ്ഞം പൂവാർ റൂട്ടിൽ ആഴിമല ജംഗ്ഷനിൽ നിന്നും അരകിലോ മീറ്റർ ദൂരത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
Kadappad. Native planet

No comments:

Post a Comment