Thursday, January 31, 2019

തന്നിഷ്ടമായും സ്വന്തം മനസ്സുകൊണ്ടുമല്ലാതെ ചെയ്യുന്ന സംയമപരിശ്രമമേതും വിനാശകരം മാത്രമല്ല, വിപരീതഫലപ്രദവുമാണ്. ഓരോ ജീവന്റെയും ലക്ഷ്യം സ്വാതന്ത്ര്യവും അധീശത്വവുമാണ്; വിഷയങ്ങളുടെയും വിചാരങ്ങളുടെയും അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും, ബാഹ്യവും ആഭ്യന്തരവുമായ പ്രകൃതിയുടെ മേലുള്ള അധീശത്വവും. 
 ആ ലക്ഷ്യത്തിലേക്കു നയിക്കുന്നതിനുപകരം, അന്യരിൽനിന്നുള്ള ഇച്ഛയുടെ ഓരോ ധാരയും, അത് ഏതുരൂപത്തിലായാലും  നമ്മുടെ കരണങ്ങളെ നേരിട്ടു നിയന്ത്രിച്ചിട്ടായാലും അവശതയിൽപ്പെടുത്തി നിയന്ത്രിക്കാൻ നമ്മെ ശാസിച്ചിട്ടായാലും  മുൻസംസ്‌കാരങ്ങളുടെയും മുൻമൂഢവിശ്വാസങ്ങളുടെയും രൂപത്തിൽ നമ്മെ ഇപ്പോൾത്തന്നെ കെട്ടിയിട്ടിരിക്കുന്ന കനത്ത ചങ്ങലയ്ക്ക് ഒരു കണ്ണികൂടി പിടിപ്പിക്കുകയാണു ചെയ്യുന്നത്. അതുകൊണ്ട് അന്യന്റെ വരുതിക്കു വഴങ്ങിപ്പോകുന്നതു സൂക്ഷിച്ചുകൊള്ളുക. നിങ്ങൾ അറിയാതെ അന്യനു നാശം വരുത്തുന്നതും സൂക്ഷിച്ചിരിക്കുക. 
ഒരു സംഗതി വാസ്തവം; ഈ വശീകരണശക്തിയുള്ളവർ പലരുടെയും വാസനകളെ ഒരു പുതിയ വഴിക്കു തിരിച്ചു കുറേക്കാലത്തേക്കെങ്കിലും അവർക്കു നന്മവരുത്തുന്നുണ്ട്. എന്നാൽ അങ്ങനെ ചെയ്യുമ്പോൾത്തന്നെ അവർ അറിയാതെ ചുറ്റുപാടും പ്രസരിപ്പിക്കുന്ന പ്രേരണാശക്തികൾ നിമിത്തം അനേകലക്ഷം സ്ത്രീപുരുഷന്മാരെ മനസ്സിന്റെ ആരോഗ്യം കളഞ്ഞ് ചുണകെടുത്തി അവശരാക്കി ഒടുവിൽ ഏതാണ്ട് ആത്മ നാശത്തിലെത്തിക്കുന്നു. അതുകൊണ്ട്, കണ്ണടച്ചു വിശ്വസിക്കണമെന്ന് ആരോടെങ്കിലും പറയുകയോ, തന്റെ അസാധാരണ മനഃശക്തികൊണ്ട് അന്യരെ സ്വാധീനമാക്കി പിന്നാലെ വലിച്ചു കൊണ്ടു പോകുകയോ ചെയ്യുന്നവർ ആരായാലും അവർ മനുഷ്യവർഗത്തോടു, മനഃപൂർവമല്ലെങ്കിൽക്കൂടെയും, ഹിംസയാണു ചെയ്യുന്നത്.
അതുകൊണ്ടു സ്വന്തം മനഃശക്തിയുപയോഗിക്കുക. ശരീരവും മനസ്സും സ്വയം നിയന്ത്രിക്കുക. നിങ്ങൾ രോഗിയാകുന്നതുവരെ മറ്റൊരിച്ഛാശക്തിക്കും നിങ്ങളുടെമേൽ പ്രവർത്തിക്കാൻ കഴിവില്ലെന്ന് ഓർമവെയ്ക്കുക. കണ്ണടച്ചു വിശ്വസിക്കുവാൻ ഉപദേശിക്കുന്നവർ എത്ര നല്ലവരും മഹാന്മാരുമായാലും അവരെ വിട്ട് ഒഴിഞ്ഞുകളയുക. 
ആടിപ്പാടി കൂക്കിവിളിക്കുന്ന വിഭാഗക്കാർ ലോകത്തിൽ എവിടെയും ഉണ്ടായിട്ടുണ്ട്. അവർ ആടിപ്പാടി പ്രസംഗിച്ചു തുടങ്ങുമ്പോൾ അതു പകർച്ചവ്യാധിപോലെ പരക്കും. അവരും ഒരുതരം മയക്കുവിദ്യക്കാരാണ്. ലോലബുദ്ധികളായ ആളുകളുടെമേൽ അവർ തൽക്കാലത്തേക്കു ചെലുത്തുന്ന സ്വാധീനത പ്രത്യേകമാണ്. കഷ്ടം! അതു കാലാന്തരത്തിൽ പലപ്പോഴും ജനവർഗങ്ങളെ പാടേ ദുഷിപ്പിച്ചു കളയുന്നു. ഒരു മനുഷ്യനാകട്ടെ ഒരു ജനവർഗമാകട്ടെ മോശം ബാഹ്യനിയമങ്ങൾക്കു വശപ്പെട്ടു നല്ലവരെന്നു ചമഞ്ഞുകാണുന്നതിലും ആരോഗ്യകരമായിട്ടുള്ളതു ദുഷ്ടന്മാരായിരുന്നു കൊള്ളുന്നതാണ്.
 സദുദ്ദേശ്യത്തോടുകൂടിയവരെങ്കിലും ഉത്തരവാദിത്വമില്ലാത്ത ഈ മതഭ്രാന്തന്മാർ മനുഷ്യലോകത്തിനു വരുത്തിക്കൂട്ടുന്ന വിപത്തിന്റെ വിപുലതയെക്കുറിച്ചോർത്തിട്ടു നെഞ്ചിടിക്കുന്നു. അവരുടെ പാട്ടുകളും പ്രാർഥനകളും ചേർന്നുള്ള പ്രേരണകൾ നിമിത്തം പെട്ടെന്ന് ആധ്യാത്മികമായ അത്യുത്കർഷം ഉണ്ടാകുന്ന മനസ്സുകൾ തന്നെത്താൻ അവശവും ആതുരവും അശക്തവുമാകുകമാത്രമാണ്, പിന്നീടുവരുന്ന മറ്റേതു പ്രേരണകൾക്കും അവ എത്ര ദുഷിച്ചതായിക്കൊള്ളട്ടെ വഴി തുറന്നു വഴങ്ങിക്കൊടുക്കുകകൂടിയാണ് ചെയ്യുന്നതെന്ന് അവർ അറിയുന്നേയില്ല. 
 മനുഷ്യഹൃദയം മാറ്റിമറിക്കുവാൻ തങ്ങൾക്കുള്ള അത്ഭുതശക്തി ഭഗവദ്ദത്തമാണെന്നു തങ്ങളെത്തന്നെ അഭിനന്ദിക്കുന്ന ഈ അജ്ഞന്മാർ, ഈ മൂഢന്മാർ, ഭാവിയിൽ (ആ പാപങ്ങളുടെ) അധഃപതനത്തിനും അന്യായകർമങ്ങൾക്കും ബുദ്ധിനാശത്തിനും മരണത്തിനും വിത്തു വിതയ്ക്കുകയാണു ചെയ്യുന്നതെന്നു സ്വപ്‌നേപി വിചാരിക്കുന്നില്ല. അതുകൊണ്ടു നിങ്ങളുടെ സ്വാതന്ത്ര്യത്തെ അപഹരിക്കുന്ന ഏതൊന്നിനെയും സൂക്ഷിച്ചു കൊൾക; അത് ആപത്കരമെന്നു ധരിച്ചുകൊൾക. അതിനെ നിങ്ങളുടെ എല്ലാ കഴിവുമുപയോഗിച്ചു വർജ്ജിച്ചുകൊൾക.

No comments:

Post a Comment