Thursday, January 31, 2019

ആധ്യാത്മിക ശാസ്ത്രത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ വിരാജിക്കുന്നവയാണ് ഉപനിഷത്തുക്കളും ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും. ഇവ മൂന്നിനേയും ചേര്‍ത്ത് പ്രസ്ഥാനത്രയം എന്ന് പറയുന്നു. വേദാന്ത ആശയങ്ങളെ വളരെ നന്നായി വിശകലനം ചെയ്ത് ഉറപ്പിക്കുന്നതിനാലാണ് അങ്ങനെ പേര് വന്നത്. ശ്രുതി പ്രസ്ഥാനം, ന്യായപ്രസ്ഥാനം, സ്മൃതി പ്രസ്ഥാനം എന്നിങ്ങനെ മൂന്ന് തലത്തിലായാണ് ഇവയെ തരം തിരിച്ചിട്ടുള്ളത്.
പ്രസ്ഥാനം-പ്രകര്‍ഷേണ സ്ഥാപയതി- വളരെ നന്നായി നിലനിര്‍ത്തുന്നത്. ഉറച്ചു നില്‍ക്കുന്നത്, ഉറപ്പിക്കുന്നത് എന്നൊക്കെയാണ് അതിനര്‍ഥം. പ്രസ്ഥാനമെന്നാല്‍ നന്നായി സ്ഥാപിച്ച് തരുന്നത്. എന്തിനെയെന്നാല്‍ ആത്മ തത്വത്തിനെ. നമ്മുടെ ഉള്ളില്‍ നന്നായി തത്വം  ഉറപ്പിക്കാന്‍ ഇതില്‍പരം മറ്റൊന്നില്ലെന്ന് വേണം പറയാന്‍.
ശ്രുതി പ്രസ്ഥാനമായ ഉപനിഷത്തുക്കളുടെ പഠനം നടത്തുമ്പോള്‍ പരസ്പര വിരുദ്ധങ്ങളെന്ന് തോന്നിയേക്കാവുന്നവയും പല വൈവിധ്യങ്ങളുള്ളവയുമായ പ്രസ്താവനകളും ആഖ്യാനങ്ങളും കണ്ടേക്കാം. ഇവയെ വേണ്ടവിധത്തില്‍ യുക്തിയുക്തം വിചാരം ചെയ്ത് പരിഹരിച്ച് ഏകത്വ ദര്‍ശനത്തിലേക്ക് എത്തിക്കുകയാണ് ന്യായപ്രസ്ഥാനമായ ബ്രഹ്മസൂത്രം. സംശയങ്ങളെ അവതരിപ്പിച്ച് അവയെ യുക്തി സഹമായി വിചാരം ചെയ്ത് ബ്രഹ്മസൂത്രം തത്വത്തെ ഉറപ്പിക്കുന്നു. ഇതിന്റെ പ്രയോഗിക വശത്തെ സ്മൃതി പ്രസ്ഥാനമായ ഭഗവദ്ഗീതയും കൈകാര്യം ചെയ്യുന്നു. വേദാന്ത തത്വങ്ങളെ നല്ലപോലെ ഉള്‍ക്കൊണ്ട് ആധ്യാത്മിക പാതയില്‍ ചരിക്കാനും ആത്മസാക്ഷാത്കാരമെന്ന ലക്ഷ്യത്തിലെത്താനുമാണ് പ്രസ്ഥാനത്രയം നമ്മെ സഹായിക്കുന്നത്.
ഇതില്‍ ബ്രഹ്മസൂത്രത്തെപ്പറ്റിയാണ് ഈ ലേഖന പരമ്പര. ഭഗവാന്‍ വേദവ്യാസമഹര്‍ഷിയാണ് ബ്രഹ്മസൂത്രത്തിന്റെ രചയിതാവ്. വേദാന്തത്തിലെ പ്രമാണ ഗ്രന്ഥമായി കരുതുന്നതാണ് ബ്രഹ്മസൂത്രം.
കഠം, പ്രശ്‌നം, മുണ്ഡകം, തൈത്തിരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം, ശ്വേതാശ്വതരം, കൗഷിതകി എന്നീ ഉപനിഷത്തുക്കളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും ബ്രഹ്മസൂത്രത്തെ രചിച്ചിരിക്കുന്നത്. ജഗദ് ഗുരു ആദിശങ്കരാചാര്യസ്വാമികളുടെ ഭാഷ്യം ബ്രഹ്മസൂത്ര പഠനത്തെ സുഗമവും കേമവുമാക്കി മാറ്റുന്നു.
 വേദവ്യാസമഹര്‍ഷി എന്തുകൊണ്ടാണ് ബ്രഹ്മസൂത്രമെഴുതാന്‍ കാരണം എന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം ഇങ്ങനെയാകും.
ഉപനിഷത്തിന്റെ അഥവാ വേദാന്തത്തിന്റെ സാരത്തെ പകര്‍ന്ന് നല്‍കുക. വേദാന്ത ആശയങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കുക. ഉപനിഷദ് ഗ്രന്ഥങ്ങളിലെ വൈരുധ്യങ്ങളെ പരിഹരിക്കുക. മറ്റ് ചിന്താപദ്ധതികളുടെ വാദമുഖങ്ങള്‍ക്ക് മറുപടി നല്‍കുക. വേദാന്തേതര ആശയങ്ങളെ ശക്തിയുക്തം എതിര്‍ത്ത് പരാജയപ്പെടുത്തുക തുടങ്ങിയവയാണ് ബ്രഹ്മസൂത്ര രചനയ്ക്ക് കാരണമായത്.
വളരെ വലിയ ആശയങ്ങളേയും തത്വത്തേയും പകര്‍ന്നു നല്‍കുന്ന കൊച്ചു വാക്യങ്ങളാണ് സൂത്രങ്ങള്‍.
സൂത്രം എന്നതിന്റെ നിര്‍വചനം ഇപ്രകാരമാണ് -
അല്‍പ്പാക്ഷരമസന്ദിഗ്ധം
സാരവത് വിശ്വതോമുഖം
അസ്‌തോഭമനവദ്യം ച
സൂത്രം സൂത്രവിദോവിദുഃ
വളരെ കുറച്ച് വാക്കുകള്‍ കൊണ്ട് വളരെ വ്യക്തമായി സാരമായത് മാത്രം,  വിവിധ കാഴ്ചപ്പാടുകളെ പരിഗണിച്ച് അനാവശ്യമായവയെ പറയാതെ, ആവശ്യമുള്ളത് വിട്ടുകളയാതെ രചിക്കുന്നതാണ് സൂത്രം. അനാവശ്യമായ ഒരു വാക്കോ അക്ഷരമോ സൂത്രത്തില്‍ ഉണ്ടാകില്ല. ഒരു അക്ഷരം ലാഭിക്കാനായാല്‍ ഒരു മകന്‍ ഉണ്ടായ പോലുള്ള നേട്ടമാണ് സൂത്രകാരന്. അത്രയ്ക്ക് കണിശതയോടെയാണ് സൂത്രരചന നടത്തുന്നത്.
 സൂത്രം എന്നാല്‍ ചരട് എന്നര്‍ഥം. ഉപനിഷദ് വാക്യങ്ങളാകുന്ന കുസുമങ്ങളെ നന്നായി കോര്‍ത്തിണക്കിയ ഒന്നാന്തരം വാടാമാലയാണ് ബ്രഹ്മസൂത്രം. വേദാന്തത്തിലെ ഓരോ ആശയവും അത്രയേറെ കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് ബ്രഹ്മസൂത്രമെന്ന വാങ്മനോഹര ഹാരത്തില്‍ കൊരുത്തിട്ടുള്ളത്.
സൂത്രങ്ങള്‍ പലവിധത്തിലുണ്ടെങ്കിലും ഉത്തരമീമാംസയുമായി ബന്ധപ്പെട്ടതാണ് നാം വിചാരം ചെയ്യാന്‍ പോകുന്ന ബ്രഹ്മസൂത്രം.

No comments:

Post a Comment