Saturday, January 19, 2019

കൃഷ്ണനോട് അഗാധമായ സ്നേഹമുണ്ടായിരുന്നു ഗോപികമാർക്ക്. കൃഷ്ണനെ ഭർത്താവായി കിട്ടാൻ അവരൊരിക്കൽ കാർത്ത്യായനി വ്രതം സ്വീകരിച്ചു. ശരത്കാലത്ത് ഒരു മാസം നീണ്ടു നിൽക്കുന്ന വ്രതസമയത്ത് എന്നും രാവിലെ കാളിന്ദീനദിയിൽ പോയി കുളിച്ച് പ്രാർത്ഥിക്കും. വ്രതം തീരുന്ന ദിവസം രാവിലെ അവർ പതിവ് പോലെ വസ്ത്രങ്ങളെല്ലാം കരയിൽ അഴിച്ചു വെച്ച് നദിയിലിറങ്ങി കുളിച്ചു കൊണ്ടിരുന്നപ്പോൾ കൃഷ്ണന്റെ പുല്ലാങ്കുഴൽ നാദം കേട്ടു. നോക്കിയപ്പോൾ കരയിലെ കദംബവൃക്ഷത്തിലിരിക്കുകയാണ് കൃഷ്ണൻ. ആ മരക്കൊമ്പിൽ തങ്ങളുടെ വസ്ത്രങ്ങളും. " വസ്ത്രങ്ങൾ തരൂ, അല്ലാതെ ഞങ്ങളെങ്ങനെ പോകു" മെന്ന് അവർ വിളിച്ചു ചോദിച്ചപ്പോൾ കൃഷ്ണൻ പറഞ്ഞു. *"ഓരോരുത്തരായി കയറി വന്നാൽ മതി തരാം "* എന്ന് ഗോപികമാർ പല തരത്തിൽ പറഞ്ഞു നോക്കിയിട്ടും കൃഷ്ണൻ വഴങ്ങിയില്ല. ഒടുവിൽ അവർ കൈകൊണ്ട് നഗ്നത മറച്ചു കേറി വരാൻ തുടങ്ങി. അപ്പോൾ കൃഷ്ണൻ പറയുകയാണ്‌
*" നിങ്ങൾ വലിയ തെറ്റാണ് ചെയ്തത്."*.കാളിന്ദിയിൽ നഗ്നരായി നിന്നതുകൊണ്ട് വ്രതത്തിന്റെ ഫലം പോയി. മാത്രമല്ല വരുണന്റെ അപ്രീതിക്കും നിങ്ങൾ പാത്രമായി. ഒന്നേയുള്ളൂ പ്രായശ്ചിത്തം. കൈകൾ രണ്ടു തലയ്ക്ക് മുകളിൽ തൊഴുതു പിടിച്ച് *ക്ഷമിക്കണേ* എന്നു പ്രാർത്ഥിച്ചുകൊണ്ട് കയറിവന്നോളു" എന്ന് വസ്ത്രങ്ങൾ കിട്ടാൻ കൃഷ്ണൻ പറയുന്നതെല്ലാം കേൾക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ലാതെ അവർ അങ്ങനെ ചെയ്തു  വസ്ത്രങ്ങൾ വാങ്ങി. കൃഷ്ണൻ അവരെ ശുദ്ധഭാവേന നോക്കി എന്നാണ് ഭാഗവതം പറയുന്നത്. എന്നിട്ട് പറഞ്ഞു. *" എന്നിലേക്ക്‌ തിരിയുന്ന നിങ്ങളുടെ ഈ കാമം പ്രേമമായി മാറും. വെന്ത വിത്തിൽ മുളയ്ക്കാനുള്ള ശക്തി ഇല്ലാത്തതുപോലെ എന്നിലേക്ക്‌ തിരിഞ്ഞ നിങ്ങളിൽ കാമവും ഇല്ലാതാകും. അതിന് സമയമാകുമ്പോൾ ഞാൻ നിങ്ങളെ അങ്ങനെ അനുഗ്രഹിക്കും*" അങ്ങനെ യാത്രയാക്കി. ഗോപികമാരുടെ ശരീരബോധത്തെ ഇല്ലാതാക്കുകയായിരുന്നു കൃഷ്ണൻ വസ്ത്രപഹരണത്തിലൂടെ. *ഇന്ദ്രിയ ബോധത്തിൽ നിന്നും ഉണർന്നു തന്നിലേക്ക് പ്രേമരൂപത്തിൽ വരൂ എന്ന   സന്ദേശമായിരുന്നു ഇതിലൂടെ കൃഷ്ണൻ നല്കിയത്. ഹരേ കൃഷ്ണാ... 🙏🌹*

അങ്ങനെ ഹേമന്തത്തിലെ ഒരു പൗർണ്ണമി ദിനത്തിൽ യമുനാ തീരത്തു ചെന്നിരുന്നു കൃഷ്ണൻ തന്റെ പുല്ലാങ്കുഴലൂതി. ഗോപികമാരുടെ ഹൃദയത്തിലേക്കായിരുന്നു ആ പുല്ലാങ്കുഴൽ നാദം ഇരച്ചു കയറിയത്. അവർക്ക് പിന്നെ എത്രയും വേഗം കൃഷ്ണന്റെ അടുത്തെത്താനായി ധൃതി. ചെയ്തുകൊണ്ടിരുന്ന ജോലികൾ എല്ലാം അങ്ങനെ തന്നെ ഇട്ടു, ==കുട്ടിക്കു മുലകൊടുത്തുകൊണ്ടിരുന്നവൾ അതുപോലും വിട്ട് മോഹനിദ്രയിലെന്നവണ്ണം ഓടി. അവരെ കണ്ട കൃഷ്ണൻ പറഞ്ഞു. *"ഈ രാത്രി നേരത്തു നിങ്ങളിങ്ങനെ വന്നത്  ശരിയായില്ല. ഭർതൃ ശുശ്രുഷയാണ് ചെയ്യേണ്ടിയിരുന്നത്. മടങ്ങിപ്പോവു"* എന്ന്. എന്നാൽ ഗോപികമാർ പറഞ്ഞു  *"പ്രേമവിരഹത്താൽ വേദനിച്ചാണ് ഞങ്ങൾ ഇത്രയും നാളും കഴിഞ്ഞുകൂടിയത് . അങ്ങാണ് ഞങ്ങളുടെ ഭർത്താവ്. മനസ്സാകുന്ന ഭാര്യയുടെ ഭർത്താവാകുന്നു കൃഷ്ണൻ*. ഈ മറുപടിയിൽ സന്തുഷ്ടനായ കൃഷ്ണൻ അവർക്കൊപ്പം നൃത്തം ചെയ്യുകയാണ് പിന്നെ. ഉന്മത്തമായ നൃത്തം. എല്ലാം മറന്നു അവരാടിയപ്പോൾ അതൊരു ആനന്ദതീരമായി. നിരവധി ഗോപികമാരുണ്ടെങ്കിലും ഓരോരുത്തർക്കും തോന്നി കൃഷ്ണൻ തന്റെ കൂടെ മാത്രമാണ് നൃത്തം ചെയ്യുന്നത് എന്ന്. എന്റെ സൌന്ദര്യം കണ്ട് മോഹിച്ചാണ് കൃഷ്ണൻ എന്റെ ഒപ്പം നൃത്തം വെക്കുന്നത് എന്ന്  ചിന്തിച്ച മാത്രയിൽ കൃഷ്ണൻ അപ്രത്യക്ഷനായി. അവർ കരഞ്ഞു കൊണ്ട്‌ കൃഷ്ണനെ തേടി നടന്നു. അങ്ങനെ അവരിലേ അഹങ്കാരം, ശരീരബോധം നീങ്ങിയപ്പോൾ കൃഷ്ണൻ വീണ്ടും പ്രത്യക്ഷനായി. അവർ ഒരുമിച്ചു ചേർന്ന് വീണ്ടും നടനം ചെയ്തു.. അങ്ങനെ ആ രാത്രി ഗോപികമാരുടെ മുക്തിയുടെതായി മാറിയെന്നു ഭാഗവതം പറയുന്നു.

*രാസലീലയെന്നാണ് ഈ കഥാഭാഗത്തിനു പേർ.* രാസമെന്നാൽ രസമെന്നർത്ഥം. ജീവിതത്തിൽ സുഖിക്കാനാണല്ലോ ഏവരും ഇഷ്ടപ്പെടുക. ദുഃഖിക്കാനല്ല. മറ്റുള്ളവരെ  നോക്കി താരതമ്യങ്ങളിൽ അഭിരമിക്കുമ്പോഴാണ് ദുഃഖം ജനിക്കുന്നത്. എന്നാൽ രസിക്കാനാണ് ഭഗവാൻ പറയുനത്. *ഭഗവാൻ തനിക്കൊപ്പമുണ്ടെന്ന അറിവിലേക്കുണർന്ന് ജീവിതം രസപൂരിതമാക്കുക*. എന്നതാണ് ഇവിടുത്തെ താല്പര്യം. എപ്പോഴൊക്കെ ഗോപികമാർ കൃഷ്ണനെ കാമത്തോടെ കാണാൻ തുടങ്ങിയോ അപ്പോഴൊക്കെ ഭഗവാനേ  കാണാൻ പറ്റുന്നില്ല. അപ്രത്യക്ഷനാകുകയാണ്. *എന്നാൽ പ്രേമത്താൽ ഭജിക്കുമ്പോഴാകട്ടെ ഞൊടിയിടയിൽ മുന്നിലെത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ നമ്മെ നമ്മളാക്കുന്ന ഭഗവദ്ചൈതന്യത്തെ പ്രേമപ്പൂർവ്വം കണ്ട് ഉപാസിക്കുമ്പോൾ ജീവിതം രസം ജനിപ്പിക്കുന്ന, അല്ലെങ്കിൽ രസത്തോടു കൂടിയ ലീല തന്നെയാകുന്നു.            ഹരേ കൃഷ്ണ. *

No comments:

Post a Comment