Wednesday, January 23, 2019

*പരബ്രഹ്മനിരൂപണം*


              ഉഗ്രസേനൻ പറഞ്ഞു അങ്ങ് വിശദമായി കേൾപ്പിച്ച ശ്രീകൃഷ്ണപദ്ധതിയാൽ  ഞാൻ സിദ്ധനായി.  ശ്രീകൃഷ്ണ രൂപി തന്നെയാണ് അവിടുന്ന്.  ഇത്രയും നല്ല മാർഗ്ഗങ്ങൾ ഉണ്ടായിട്ടും ഇതൊന്നും ശ്രദ്ധിക്കാതെ മൂഢന്മാർ ലോഭമോഹമദങ്ങൾ വച്ചു പുലർത്തുന്നു .  അവർ വിരക്തി വന്ന് ഭഗവൽസേവ ചെയ്യുന്നില്ലല്ലോ ആശ്ചര്യം തന്നെ.  ഭഗവൻ!  ജഗത്തിന്റെ  മോഹകാരണം ദുരൂഹമായിരിക്കുന്നു. ഇതെങ്ങനെ ഉണ്ടാകുന്നു.  ഇതിൽ  നിന്ന് വിട്ടുനിൽക്കാൻ വല്ല മാർഗ്ഗവുമുണ്ടോ?

        വ്യാസൻ പറഞ്ഞു ആകാശത്തിലെ ഒരൊറ്റ ചന്ദ്രൻ ജലാശയത്തിൽ പ്രതിബിംബിക്കുമ്പോൾ അനേകമായും ഇളകുന്നതായും  തോന്നുന്നു.  അതുപോലെ സംസാരികളായ  നമ്മിൽ  അവിടുത്തെ മായയാൽ ഞാനെന്നും എൻറേതെന്നുമുള്ള അഹംഭാവം ഉണ്ടാകുന്നു. മായാ,  കാലം,  അന്തഃകരണം,  ശരീരഗുണങ്ങൾ,  ഇവ ഇന്ദ്രിയങ്ങളിലൂടെയാണ് പ്രകാശിക്കുന്നത്.  കണ്ണാടിയിൽ കുട്ടിയെന്നപോലെയോ മരീചികയിൽ വെള്ളമെന്നപോലെയോ ഇവയെല്ലാം തെറ്റിദ്ധരിക്കാനിടയാകുന്നു.  രാജൻ! ഈ ജഗത്ത് മോഹത്തിൽ  മുങ്ങിക്കഴിയുന്നു. രാജസമോ  താമസമോ  സാത്വികമോ  ഏതായാലും മനസ്സ് മോഹിക്കുക തന്നെ ചെയ്യുന്നു.  ചഞ്ചലസ്വഭാവമുള്ള മനസ്സിന്റെ  സൃഷ്ടിയാണ് വിഭ്രമം  .  തീകൊളളി ചുഴറ്റുമ്പോൾ ചക്രം പോലെ കാണുന്നു.  മനോവിലാസം അതുപോലെ വികൃതമാണെന്നറിഞ്ഞാലും.  ഞാൻ ചെയ്യുന്നു ഞാൻ ചെയ്യും ഇതെന്റെ ഇത് നിന്റെ  ഞാൻ സുഖിയാണ് ഞാൻ ദുഃഖിയാണ്  എന്നെല്ലാം മായാമോഹിതരായ  ജനം പറഞ്ഞ് അഹങ്കരിക്കുന്നു.

          പരമാത്മാവിന്റെ ലക്ഷണം പറഞ്ഞു തരാൻ ഉഗ്രസേനൻ ആവശ്യപ്പെട്ടതനുസരിച്ച്  വ്യാസൻ പറഞ്ഞു.  ശ്രീകൃഷ്ണഭഗവാൻ സനാതനനാണ്.  ഭഗവാന്  ജനനമരണങ്ങളോ ശോകമോഹങ്ങളോ ജരയോ യുവത്വമോ  ഒന്നുമില്ല . അഹങ്കാരം,  വ്യാധി ,  ഭയം , സുഖം,  ദുഃഖം,  ക്ഷുത്ത്,  ദാഹം,  ഇച്ഛ,  രതി ,  ആധി ഇവയൊന്നും അദ്ദേഹത്തിനില്ല . പരമാത്മാവ് ഇച്ചയില്ലാത്തവനും  അഹങ്കാരമില്ലാത്തവനും ശുദ്ധനും ബലവാനും ഗുണങ്ങൾക്ക് ആശ്രയീഭൂതനും ശ്രേഷ്ഠനും സ്വയം സിദ്ധനും മംഗളസ്വരൂപനും  ജ്ഞാനസ്വരൂപനുമായിട്ടാണ്  ഋഷികൾ മനസ്സിലാക്കിയിരിക്കുന്നത്.  ജഗത്ത് ഉറങ്ങുമ്പോഴും  പരമാത്മാവ് ഉണർന്നിരിക്കുന്നു.  ജനം അവനെ അറിയുന്നില്ല . അവൻ എല്ലാത്തിനെയും അറിയുന്നു.  പരമാത്മാവിനെ ആരും കാണുന്നില്ല . അവൻ എല്ലാവരെയും കാണുന്നുണ്ട് . അങ്ങനെയുള്ള സ്വച്ഛനിർമ്മലമായതിനെ ഭജിച്ചാലും.

          ആകാശത്തെ ഘടവും അഗ്നിയെ കാഷ്ഠവും പവനനെ രജസ്സും  ആവരണം  ചെയ്തതായി തോന്നുന്നുവെങ്കിലും അവിടെ അവർക്ക് ലിപ്തതയില്ല.  അതുപോലെ നിർമ്മലനായ പരമാത്മാവ് ഗുണങ്ങളാൽ ബന്ധിതനാകാതെ നിർമ്മലനായിരിക്കുന്നു.  സ്പടികം നിറങ്ങളിൽ ലിപ്തമാകാതെ  നിർമ്മലമായിരിക്കുന്നതുപോലെ പരമാത്മാവും നിർമ്മലമാണ് . വ്യംഗ്യത്താലോ  ലക്ഷണങ്ങളാലോ  വാഗ്ധോരണിയാലോ ശബ്ദവിശേഷണങ്ങളാലോ  പരമാത്മാവിനെ അറിയാൻ കഴിയുന്നില്ല.  ഉത്തമമായ ജ്ഞാനത്താൽ ബ്രഹ്മാദികൾക്കുകൂടി അത് സാധ്യമല്ലെങ്കിൽ ലൗകികന്മാർക്ക് എങ്ങനെ കഴിയും.  ചിലർ കർമ്മം  എന്നും ചിലർക്ക് കർത്താവ് എന്നും മറ്റു ചിലർ കാലം എന്നും വേറെ ചിലർ വിചാരം എന്ന് വേദാന്തികൾ ബ്രഹ്മമെന്നുമെല്ലാം  പറയുന്നുവെന്ന് മാത്രം .

         ഗുണങ്ങൾ ,ഇന്ദ്രിയങ്ങൾ എന്നിവയ്ക്കൊന്നും ഇതിനെ സ്പർശിക്കാൻ കഴിയുന്നില്ല.  വേദങ്ങൾക്ക് വിവരിക്കാനും പ്രയാസമാണ് . അഗ്നിസ്ഫുലിംഗങ്ങൾ അഗ്നിയിൽ പ്രവേശിക്കുന്നതുപോലെ ഇവകളെല്ലാം ഏതൊന്നിൽ പ്രവേശിച്ചു ലയിക്കുന്നുവോ  അതാണ് ബ്രഹ്മം. (  ഭഗവാന്റെ വ്യക്തി ഭാവമില്ലാത്ത അവസ്ഥയാണിത്)  ബ്രഹ്മാവ് ഇതിനെ പരമാത്മതത്ത്വമെന്നും സത്തുക്കൾ വാസുദേവനെന്നും  വർണ്ണിക്കുന്നു. ആ  സ്വരൂപത്തെ വിചിന്തനം ചെയ്ത്  മോഹങ്ങളെല്ലാം വർജ്ജിച്ച്  നിസ്സംഗനായി ജീവിക്കണം. ഒരേ ചന്ദ്രൻ അനേക ജലപാത്രങ്ങളിലെന്നപോലെയും ഒരേ അഗ്നി പല വിറകുകളിലും  പലരൂപത്തിലുമെന്നപോലെയും ഏകത്വത്തിൽ നാനാത്വം  കണ്ടുകൊൾക. ഇതുപോലെ ഭഗവാൻ ഒന്നേയുള്ളൂ ( സാക്ഷാൽ ശ്രീകൃഷ്ണൻ)  നാനാത്വം  എന്ന് തോന്നുന്നു.  "ഏകമേവാദ്വിതീയം ബ്രഹ്മ".

               രാത്രിയിലെ അന്ധകാരം  സൂര്യോദയത്തിൽ ഇല്ലാതായി വസ്തുക്കൾ ദൃശ്യമാകുന്നതുപോലെ ജ്ഞാനോദയത്തിൽ  അജ്ഞാനതമസ്സ് നശിച്ച് സ്വശരീരത്തിൽ തന്നെ പരബ്രഹ്മം പ്രത്യക്ഷമാകുന്നു.  ഒരേ വസ്തു ഇന്ദ്രിയവ്യത്തികളാൽ അനേകമായിത്തീരുന്നു,  അതുപോലെ പരമാത്മാവിനെ ശാസ്ത്രമാർഗ്ഗങ്ങളിലൂടെ , അനേക മാർഗ്ഗങ്ങളിലൂടെ മുനികൾ ചിത്രീകരിച്ചുതന്നതാണ്.  സാക്ഷാൽ പുരുഷോത്തമനായ ഹരിയെ , ശ്രീകൃഷ്ണ ചന്ദ്രനും ഭക്തവത്സലനും കൈവല്യനാഥനുമായ ആ  ഭഗവാനെ,  പൂർണ്ണവും  പരബ്രഹ്മവുമായ ആ പരമാത്മാവിനെ,  സാക്ഷാൽ ശ്രീകൃഷ്ണനെ ഞാൻ സാഷ്ടാംഗം നമസ്കരിക്കുന്നു.

        ശ്രീനാരദ മുനി പറഞ്ഞു ഇത്രയും പറഞ്ഞ് ബാദരായണനായ വ്യാസമഹർഷി യാദവന്മാർ കാൺകെ അവിടെ മറഞ്ഞു.  ഈ വിജ്ഞാനഖണ്ഡം ഞാൻ  അങ്ങേയ്ക്ക്  പറഞ്ഞുതന്നു . ഇത് കേൾക്കുന്നവർക്ക് മോക്ഷം ലഭിക്കുന്നതാണ്.  ഗർഗ്ഗാചാര്യർ  പാടിയ ഗർഗസംഹിതയാണ് ഇത്.  സർവ്വദോഷകരവും പുണ്യവുമാണിത്.  ധർമ്മാർത്ഥകാമമോക്ഷങ്ങൾ  ഇതിന്റെ ശ്രവണത്തിലൂടെ  ലഭിക്കുന്നു.   ഗോലോകം,  വൃന്ദാവനം,  ഗിരിരാജ , മാധുര്യം,  മഥുരാ,  ദ്വാരകാ,  ബലഭദ്ര , വിശ്വജിത്,  വിജ്ഞാനം എന്നിങ്ങനെ ഒൻപതു ഖണ്ഡങ്ങൾ ഇതിലുണ്ട് . ശൃംഗാരാദി നവരസങ്ങളിൽ  ശ്രീകൃഷ്ണപരമാത്മാവും  ഭാരതാദി നവഖണ്ഡങാങളിൽ  ഭൂഖണ്ഡവും ശോഭിക്കുന്നതു പോലെ ഒൻപതു ഖണ്ഡങ്ങളിലൂടെ ഗർഗസംഹിതയും  ശോഭിക്കുന്നു . ഭഗവാന്റെ  തൃക്കയ്യിലുള്ള സ്വർണ്ണമോതിരത്തിൽ  നവരത്നങ്ങൾ ശോഭിക്കുന്നതുപോലെ ചതുർവർഗ്ഗഫലപ്രദനായ ബ്രഹ്മാവിൽ സർഗ്ഗ വിസർഗ്ഗങ്ങളെക്കൊണ്ട് ഗർഗസംഹിത  ശോഭിക്കുന്നു.   ഈ ഗർഗ്ഗസംഹിത  ഭക്തിയോടുകൂടി ശ്രവിക്കുന്നവർക്ക് ഇഹലോക സൗഖ്യവും   ഒടുവിൽ ഗോലോക പ്രാപ്തിയും ലഭിക്കുന്നു.

         ഒരു വന്ധ്യയായ സ്ത്രീ പീതാംബരം ധരിച്ച് ഭക്തിയോടുകൂടി ഈ  ഗർഗസംഹിത ശ്രവിച്ചാൽ  അല്പകാലത്താൽ  തന്റെ സ്വസന്തതി മുറ്റത്തു   ഓടിക്കളിക്കും . രോഗി എല്ലാ  യോഗങ്ങളിൽ  നിന്നും ബന്ധനസ്ഥൻ ബന്ധനത്തിൽ നിന്നും  മോചിക്കപ്പെടുന്നു. ഇതു കേൾക്കുന്ന നിർദ്ധനൻ ധനവാനും ബുദ്ധിശൂന്യൻ  പണ്ഡിതനുമായിത്തീരുന്നു.  രാജലക്ഷ്മിയോടു കൂടിയ രാജാവ് കാർത്തികമാസത്തിൽ ഈ ഗർഗസംഹിത  ശ്രവിച്ചാൽ താമസിയാതെ മറ്റു രാജാക്കന്മാരാൽ സേവിയ്ക്കപ്പെടുന്ന ചക്രവർത്തിയായിത്തീരുന്നതാണ്.  വായുവേഗമുള്ള കുതിരകളും വിന്ധ്യാചലത്തിലെ ഗജങ്ങളും വൈതാളികന്മാരും സേവനനിരതരായ സുന്ദരികളും അദ്ദേഹത്തെ സേവിക്കുന്നതാണ്.

         ഓരോ ഖണ്ഡവും അവസാനിക്കുമ്പോൾ സ്വർണംകൊണ്ട് കൊമ്പ് കെട്ടിച്ച് കിടാവെത്ത രണ്ടു  പശുക്കളെ ദാനം ചെയ്യുന്നവന്റെ  മനോരഥം എന്തുതന്നെയായാലും അത് സാധിക്കും.  നിഷ്കാമനായി  ആരാണോ ഈ ഗർഗസംഹിത കേൾക്കുന്നത് അവന്റെ  ഹൃദയത്തിൽ ഭക്തവത്സലനായ ശ്രീകൃഷ്ണഭഗവാൻ സദാ സ്ഥിതിചെയ്യുന്നതാണ്.

       ശ്രീ ഗർഗ്ഗമുനി പറഞ്ഞു ശ്രീനാരദമഹർഷി ഇങ്ങനെ പറഞ്ഞ് എല്ലാവരും കാൺകെ ആകാശമാർഗ്ഗത്തിലേക്ക് ഉയർന്ന് അന്തർദ്ധാനം ചെയ്തു.  ബഹുലാശ്വമഹാരാജാവ് സദാ ശ്രീകൃഷ്ണനിൽ ലയിച്ച മനസ്സോടെ ഈ സംഹിത കേട്ട് അത്യധികം കൃതാർത്ഥനായി.  അങ്ങ്  ചോദിച്ചതിനാൽ ഞാൻ ഇത്രയും പറഞ്ഞു.  ഇത് കേൾക്കുകയോ വായിക്കുകയോ ചെയ്താൽ കോടിയജ്ഞങ്ങളുടെ ഫലം ലഭിക്കും.

       ശ്രീ ശൗനകൻ പറഞ്ഞു അങ്ങയുടെ സമാഗമം കൊണ്ട് ഞാൻ ധന്യനും  കൃതാർത്ഥനുമായി.  ശ്രീകൃഷ്ണനിൽ പരമമായ   ഭക്തിക്കും അതിൻറെ വർദ്ധനയ്ക്കും ഇത് ഉത്തമമാകുന്നു.  മുനികളുടെ വിശാലമായ ഹൃദയസരസ്സിൽ രാജഹംസമായും  സർവ്വസുഖപ്രദായിയായ  നാദമാധുര്യം  രുചിച്ചിരുന്ന  ഓടക്കുഴലോടുകൂടിയവനായും ശൂരവംശത്തിന് അവതംസമായും  കരബലത്താൽ കംസനെ നിഗ്രഹിച്ചവനായും  സത്തുക്കൾ പ്രശംസിക്കുന്നവനായും വിരാജിക്കുന്ന ശ്രീകൃഷ്ണഭഗവാൻ നമ്മെ രക്ഷിക്കട്ടെ

     ഇത്രയും പറഞ്ഞ് ശ്രീഗർഗാചാര്യൻ ശൗനകാദി മഹർഷിമാരെ  സന്തോഷിപ്പിച്ച് പ്രസന്നനായിട്ട് പോകാൻ തയ്യാറായി.  ഒൻപതു ഖണ്ഡങ്ങളായി സ്വർഗ്ഗ പ്രദായിനിയായ ഗർഗസംഹിതയെ ഭംഗിയായി പാടിക്കൊടുത്ത് ഗർഗാചാര്യൻ സ്വർഗ്ഗത്തിലേക്ക് പോയി.

      ശരൽക്കാലത്ത് വിരിഞ്ഞു വിലസുന്ന താമരപൂവിന്റെ  ശോഭയെ വെല്ലുന്നതും  മുനികളാകുന്ന വണ്ടുകളെ സന്തോഷിപ്പിച്ചു കൊണ്ടിരിക്കുന്നതും  വജ്രം,  കമലം, യവം, ധ്വജം  എന്നീ രേഖകളാൽ  ശോഭിക്കുന്നതും ഭക്തന്മാരുടെ ത്രിവിധ താപങ്ങളെ അകറ്റുന്നതും സുവർണ്ണനൂപുരങ്ങളാൽ അലംകൃതമായുതും  ചലിച്ചുകൊണ്ടിരിക്കുന്ന കാന്തിപ്രസരങ്ങളോടു കൂടിയതുമായ ശ്രീരാധാപതിയുടെ പാദാരവിന്ദങ്ങളിൽ ഞാൻ ധ്യാനിക്കുന്നു.


      *സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു*

No comments:

Post a Comment