Thursday, January 31, 2019

കുരു കർമൈവ തസ്മാത് 'ത്വം പൂർവ്വൈ: പൂർവ്വതരം കൃതം...
ഒന്നും പ്രവർത്തിക്കാതെ ഇരിയ്ക്കുവാൻ ആർക്കെങ്കിലും കഴിയുമോ?  ഇല്ല തന്നെ. നാം എല്ലാ തരത്തിലും പ്രവൃത്തി നിരതരാണ് മറ്റൊരു തരത്തിൽ  പറഞ്ഞാൽ കർമ്മബദ്ധരാണ് ' എന്തിനാണ് പ്രവൃത്തി അഥവാ കാർമ്മം - ശ്രീ ശങ്കരാചാര്യർ പറയുന്നു " ചിത്തസ്യ ശുദ്ധയേ കർമ്മ നഹി വസ്തൂപലബ്ധയേ " [വിവേക ചൂഡാമണി ] മനസിന്റെ പരിപാകത്തിനാണ് കർമ്മം സത്യബോധത്തിനല്ല. എങ്ങനെയാണ് മനസ് പരിപാകപ്പെടുന്നത് ? അനുഭവങ്ങളുടെ തീച്ചൂളയിൽ പല വട്ടം ഉരുകി കണ്ണീരിന്റെ വെള്ളത്തിൽ കഴുകിയെടുത്ത പൊന്നാകണം മനസ് . ആ മനസിനേ സത്യം കാണാൻ കഴിയൂ ബ്രഹ്മാവ് മുതൽ അണുക്കൾ വരെ ഉള്ള എല്ലാവരും കർമ്മബദ്ധർ തന്നെ. എന്നാൽ മനുഷ്യൻ കർമ്മബദ്ധൻ മാത്രമല്ല ആസക്ത കർമ്മിയുമാണ്. കർമ്മയോഗം പറയുന്നു - പ്രവൃത്തി നിരതനാകുമ്പോൾ തന്നെ പ്രവൃത്തി വിരതനാകുന്ന ഒരു തരം അവസ്ഥയാണത് ജനക രാജർഷിയെ പറ്റി ഒരു കഥ പറയാറുണ്ട് ആദ്ധ്യാത്മിക ചർച്ചകൾക്ക് പേരുകേട്ടതാണ് ജനകരാജാവിന്റെ സദസ് .ഒരിക്കൽ വേദാന്ത ചർച്ച നടക്കുകയാണ് അല്പം അകലെ നദീതീരത്തുള്ള ജനകന്റെ യാഗശാലയിൽ. സത്യബ്രഹ്മത്തെ പറ്റി ജഗത്തിന്റെ മിഥ്യയെ പറ്റി പൊടിപൊടിച്ച ചർച്ച! അപ്പോൾ ദൂരെ മിഥിലാ നഗരം കത്തുന്നതായി അവർ കണ്ടു സ്വത്തുക്കൾ നശിക്കുന്നത് കണ്ട അവർ വേഗം കിട്ടാവുന്നത് രക്ഷിക്കാനായി ഓടി
ആ യാഗശാലയിൽ ജഗന്മിഥ്യാത്വം അനുഭവിച്ച് ഒരാൾ മാത്രമുണ്ട് ബാക്കി! ജനകൻ !! അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയാണ് "മിഥിലായാം പ്രദീപ്തായാം ന മേ ദഹതി കിഞ്ചന " സാക്ഷാത് ആത്മസ്വരൂപനായ എനിക്ക് മിഥില കത്തിയെരിഞ്ഞാലും ഒന്നും സംഭവിക്കില്ല
ഇന്നത്തെ ചിന്തയിൽ ഇത് ഒരു നെഗറ്റീവ് സന്ദേശമുല്ല എന്ന് തോന്നാം പക്ഷെ ജനകൻ കർമ്മനിരതൻ തന്നെ ആയിരുന്നു' ഇതിന് ഉത്തരം ഭഗവത് ഗീത തന്നെ പറയുന്നു  - °കർമ്മണൈവ ഹി സം സിദ്ധി മാസ്ഥിതാ: ജനകാദയ: " പ്രവൃത്തിയിൽ നിരതനാക്കുമ്പോൾ തന്നെ biased [ സ്വപക്ഷവാദി] ആകാതെ  നില കൊള്ളുക. ഈ മാനേജ്മെന്റ് ടെക്നിക് ആണ് കർമ്മയോഗം.  അല്ലാതെ ഒന്നും ചെയ്യാതിരിക്കലല്ല. ഉള്ളൂർ പറയുന്നതിങ്ങനെ-
തന്നാൽ കരേറേണ്ട വരെത്രയോ പേർ
താഴത്തു പാഴ്ചേറിലമർന്നിരിക്കേ
താനൊറ്റയിൽ ബ്രഹ്മപദം കൊതിക്കും
തപോ നിധിയ്ക്കെന്തൊരു ചാരിതാർത്ഥ്യം?
സത്യം സന്യാസമെന്നത് സമൂഹത്തിൽ നിന്നുള്ള ഒളിചോട്ടമല്ല സമൂഹത്തിലെ പല വിധമായ കർമ്മങ്ങളിൽ ഏർപ്പെടുമ്പോൾ തന്നെ അതിൽ ഒരു നിസംഗത്വം പുലർത്തുക പ്രവൃത്തി ആത്മാർത്ഥമാകുന്നത് കാണാം
പ്രവൃത്തി നിരതമായ ഒരു " ഗുരുവാസര' മാകട്ടെ എന്ന് ആശംസിക്കുന്നു

No comments:

Post a Comment