Saturday, February 23, 2019

ഭഗവദ് ഗീതാ - സാംഖ്യയോഗം - 16
വിഷാദം യോഗമായിട്ട് മാറണം. വിഷാദം കൊണ്ട് മനസ്സ് വിഷയങ്ങളിലുള്ള അലച്ചില് നിർത്തിയിട്ട് ആത്മാഭിമുഖം ആയിട്ട് തിരിയും. തന്റെ നേരെ തിരിയും.
താൻ സദാ സുഷുപ്തിയിൽ അനുഭവിക്കുന്ന സുഖം ബോധപൂർവ്വം കണ്ടെത്താനുള്ള ശ്രമം ആരംഭിക്കും. എപ്പൊ ആ സുഖം കിട്ടും? മനസ്സ് എപ്പോൾ നിശ്ചലമായി നിൽക്കും അപ്പോഴേ ആ സുഖം കിട്ടൂ. സ്വരൂപ സുഖം കിട്ടൂ. മനസ്സ് നിശ്ചലമായിട്ട് നിൽക്കണമെങ്കിലോ ആത്മാവിനെ അറിയണം.അപ്പോഴേ മനസ്സ് നിശ്ചലമാകൂ. അല്ലാതെ ഏതെങ്കിലും യോഗവിദ്യകൊണ്ട് പിടിച്ചു നിർത്തിയാൽ പോര . യോഗവിദ്യ കൊണ്ട് ഒക്കെ പിടിച്ചു നിർത്തുന്നത് തൽക്കാലത്തേക്ക്. മനസ്സ് പൂർണ്ണമായി ഇല്ലാതാവണമെങ്കിൽ മനസ്സിന്റെ മൂലം അറിയണം. മനസ്സ് എവിടുന്നു പൊന്തുന്നു എന്നു കണ്ടെത്തണം. കണ്ടെത്തിയാൽ ഞാൻ എന്നുള്ള വൃത്തിയാണ് മൂലവൃത്തി. ഞാൻ എന്നുള്ളത് എന്താണ്? അതിന്റെ യഥാർത്ഥ സ്വരൂപമെന്താണ് എന്ന് അന്വേഷിച്ചാൽ അഖണ്ഡമായ ചിദാകാശം. ആ ചിദാകാശം ഇതിനൊക്കെ പുറകില് തെളിഞ്ഞു കിട്ടും. ചിദാകാശത്തില് തോന്നുന്ന, പറന്നു നടക്കുന്ന മേഘങ്ങളെ പ്പോലെയാണ് ഈ ചിത്തവൃത്തികൾ. മേഘങ്ങളൊക്കെ ആകാശത്തി ലുണ്ടാവും . മഴ പെയ്തു കഴിഞ്ഞാൽ തെളിയും. അതേപോലെ ഈ ചിദാകാശത്തിൽ വികാരങ്ങളാകുന്ന മേഘങ്ങളൊക്കെ വരും അതൊക്കെ കുറെയൊക്കെ പുറത്തേക്ക് പോയിക്കഴിഞ്ഞാൽ കഴിഞ്ഞു. പിന്നെയും മേഘങ്ങളൊക്കെ ഉണ്ടാവും. പക്ഷേ മേഘങ്ങളൊന്നും ആകാശത്തിനെ സ്പർശിക്ക്ണ് ഇല്ല. ഇരുട്ടും വെളിച്ചവും ഒന്നും ആകാശത്തിനെ സ്പർശിക്കണ് ഇല്ല. ആകാശം യാതൊന്നും കൊണ്ടും സ്പർശിക്കാതെ നിൽക്കണപോലെ ആത്മ സുഖം, ദുഃഖം , കർത്തൃത്വം, ഭോക്തൃത്വം, രാഗം, ദ്വേഷം ഇതു കൊണ്ടൊന്നും സ്പർശിക്കപ്പെടുന്നില്ല. ഇതൊന്നും ആത്മാവിനെ സ്പർശിക്കണേ ഇല്ല.
(നൊച്ചൂർ ജി)

Sunil namboodiri

No comments:

Post a Comment