Saturday, February 23, 2019

*ശ്രീമദ് ഭാഗവതം 70*
ഭഗവാന്റെ അടുത്ത് ചെന്നു ദേവി. എങ്ങനെ ഇപ്പൊ ചോദിക്കും? ഭഗവാനറിയാം. ദേവി എന്തായാലും പോകും. ഈ ശരീരം ഉപേക്ഷിക്കും. പിന്നെ പാർവ്വതീ ആയിട്ട് വരും എന്നറിയാം. എന്നാലും ദക്ഷയാഗത്തിന് പോകാൻ സതിക്ക് ആഗ്രഹം.
ഒരു ജീവന് ലോകവിഷയങ്ങളൊക്കെ വിട്ട് ഭഗവാന്റെ അടുത്തേയ്ക്ക് വന്നിട്ടും പൂർവ്വ വാസന ചിലപ്പോ അങ്ങടേയ്ക്ക് വലിക്കും. തന്റെ ബന്ധുക്കൾ, തന്റെ കുടുംബം ഇങ്ങനെ കുറച്ച്, അല്പാല്പം ണ്ടാവും. അപ്പോ അതിന് പോകാനായിട്ട് യാചിക്കാനായി വന്നിരിക്കയാണ് സതീദേവി . ഭഗവാനാകട്ടെ ഗൗരവം ആയി യാതൊന്നും മിണ്ടാതെ ഇരിക്കണു. അദ്ദേഹം ഒന്നും ചോദിക്കണില്ല്യ. അപ്പോ എങ്ങനെ കാര്യം അവതരിപ്പിക്കും. അവിടെ ചെന്ന് നിന്നു. ശിവൻ നോക്കണില്ല്യ. നിന്ന് കിണച്ചു. അപ്പഴും നോക്കിയില്ല്യ.
പ്രജാപതേസ്തേ ശ്വശുരസ്യ സാമ്പ്രതം
നിര്യാപിതോ യജ്ഞ മഹോത്സവ: കില
അതേയ്...അത്. ..ആ പ്രജാപതി ല്ലേ പ്രജാപതി....അപ്പാ...എന്റെ അപ്പാ ഒരു യജ്ഞ മഹോത്സവം നടത്തണ്ട്.
ഉം. . (ഭഗവാൻ)
വയം ച തത്രാഭിസരാമ വാമ! തേ
യദ്യർത്ഥിതാമീ വിബുധാ വ്രജന്തി ഹി.
ഹേ വാമദേവാ, വയം ച തത്ര അഭിസരാമ,
ഉം...mmmmm(ഭഗവാൻ നീട്ടി മൂളണു)
വയം ച തത്ര അഭിസരാമ
നമുക്കും അങ്ങട് പോവാം.
ദേവന്മാരൊക്കെ പോകണു. നിക്കും അവിടെ പോണം. .😢😢
യദ്യർത്ഥിതാമീ വിബുധാ: വ്രജന്തി ഹി.
അതുമാത്രല്ല,
തസ്മിൻ ഭഗിന്യോ മമ ഭർതൃഭിസ്സ്വകൈ:
ധ്രുവം ഗമിഷ്യന്തി സുഹൃദ്ദിദൃക്ഷവ:
എന്റെ സഹോദരിമാരെല്ലാം അവരുടെ ഭർത്താക്കന്മാരെ കൂട്ടി പോയണ്ട് . അപ്പോ ഞാനും അങ്ങയെ കൂട്ടിക്കൊണ്ടു പോകണ്ടേ. ക്ഷണം വന്നിട്ടില്ല്യല്ലോ എന്ന് തോന്നേണ്ട.അങ്ങനെ ക്ഷണിക്കണമെന്നില്ല്യ.
അവരവരുടെ വീട്ടിലേക്ക്, ഗുരുവിന്റെ വീട്ടിലേക്ക്, താൻ ജനിച്ച വീട്ടിലേക്ക്, സുഹൃത്തുക്കളുടെ വീട്ടിലേക്ക് ഒക്കെ ക്ഷണിച്ചിട്ടില്ലെങ്കിലും പോകാം.
ഇത്രയും പറഞ്ഞ് ദേവി അനുമതിയ്ക്ക് കാത്തു കൊണ്ട് നില്ക്കണു. ഈ പോക്ക് അത്ര ശരിയല്ല. ഭഗവാൻ ദേവിയെ മംഗളസ്വരൂപിണി എന്ന് വിളിക്കും. ദേവിക്ക് എത്ര സുന്ദരമായ നാമങ്ങളണ്ട് അറിയോ. ലളിതാ പരമേശ്വരി ലളിതാ എന്നൊരു പേര്. സ്ത്രീകളിൽ ഈ ഭാവങ്ങളൊക്കെ കാണും. സ്ത്രിയത്സമസ്താ: തവ ദേവി ഭേദാ: സ്ത്രീകൾ അമ്മയുടെ ഓരോ രൂപങ്ങളാ. ലളിതാ എന്നാൽ വളരെ സരളമായ ഭാവം അംബികയ്ക്ക്. മാതൃഭാവം ലളിതാംബിക. ശാരദ എന്ന് ജ്ഞാനപ്രദാനമായ മറ്റൊരു ഭാവം. വീര്യം പ്രദാനം ചെയ്യുമ്പോ ദുർഗ്ഗാ എന്ന ഭാവം. കോധം വന്നാൽ ചണ്ഡികാ എന്ന ഭാവം.
ഇവിടെ ദേവിയെ ഭഗവാൻ ശോഭനേ എന്ന് വിളിക്കാണ്.
ത്വയോദിതം ശോഭനമേവ ശോഭനേ
അനാഹുതാ അപ്യഭിയന്തി ബന്ധുഷു
തേ യദി അനുല്പാദിത ദോഷദൃഷ്ടയോ
ബലീയസാ അനാത്മന്യമദേന മന്യുനാ
ഹേ മംഗളസ്വരൂപിണി, കാമം കോപം ദ്വേഷം എല്ലാത്തിനും കാരണം ആത്മാവിനെ അനാത്മാവായി ധരിക്കുന്നതാണ്. ശരീരത്തിനെ ഞാൻ എന്ന് ധരിക്കുന്നതുകൊണ്ടാണ് മറ്റൊരു ശരീരത്തിനോട് കാമമോ കോപമോ ദ്വേഷമോ അസൂയയോ ഒക്കെ ണ്ടാവണത്. അതിന്റെ മൂർത്തരൂപം ആണ് കംസൻ. അസുരന്മാർ ക്കൊക്കെ ദ്വേഷവും ഭയവും ഒക്കെ വരണ ണ്ട്. പ്രജാപതികളൊന്നും അസുരന്മാരല്ല. അവർ ഋഷിതുല്യരാണ്. അതിലും മേലെയുള്ളവരാണ്. എന്നിട്ടും ഈ ദക്ഷന് കോപം വരാനോ ദ്വേഷം വരാനോ കാമം വരാനോ വല്ല കാരണവും ണ്ടെങ്കിൽ ദക്ഷനിലെ ശരീരാഭിമാനം ആണ്.
ദക്ഷൻ അസുരനല്ല. പ്രജാപതി ആണ്. ഋഷികളേക്കാളും ദേവന്മാരേക്കാളും മേലെ ഉള്ള ആളാണ്. കർമ്മകാണ്ഡത്തിൽ വളരെ പ്രബലനായിട്ടുള്ള ആളാണ്. എന്നിട്ടും ജ്ഞാനത്തിനെ തിരസ്ക്കരിക്കുമ്പോൾ അവിടെ അനാത്മ്യമദം എന്നാ പറയാ. അനാത്മാവിനെ ആത്മാവ് എന്ന് കരുതുക. ശരീരാദികളെ താനെന്ന് കരുതുക. അതിന് മൂർത്തരൂപം ആയിട്ട് ദക്ഷൻ ഇരിക്കുന്നു. അവിടെ പോയി പറഞ്ഞാലൊന്നും മനസ്സിലാവില്ല്യ. എന്നെ കൂടാതെ യാഗം ചെയ്യണമെന്ന് നിശ്ചയിച്ചു കഴിഞ്ഞപ്പോ നമ്മള് അവിടെ പോയി നിന്നാൽ എങ്ങനെ ണ്ടാവും. അവര് ചെയ്തോട്ടെ. അവരുടെ തൃപ്തി അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. പക്ഷേ ദേവി ഭഗവാൻ പറഞ്ഞത് കേൾക്കാൻ നിശ്ചയിച്ചിട്ടില്ല്യ. പോകാൻ തന്നെ തീരുമാനിച്ചിരിക്കണു.
ശ്രീനൊച്ചൂർജി .
Lakshmi Prasad

No comments:

Post a Comment