Monday, February 18, 2019

സ്വരൂപാനുസന്ധാഷ്ടകം -1

  അവനവന്റെ സ്വരൂപം രാഗദ്വേഷ മറമാറ്റി തെളിച്ചനുഭവിക്കുന്നതാണ് ആത്മസാക്ഷാത്കാരം അഥവാ സത്യാനുഭവം. എന്താണ് അവനവന്റെ സ്വരൂപം? ബോധമാണ് എല്ലാ ജീവികളുടെയും സ്വരൂപം. എങ്ങനെയറിയാം? 'ഞാനുണ്ട്' എന്നിങ്ങനെ സ്വയം ഉണ്മ അനുഭവിക്കുന്നത് കൊണ്ട്. സ്വയം ഉണ്ടെന്നനുഭവിക്കാൻ കഴിവുള്ള ഒരേയൊരു വസ്തു ബോധം മാത്രമാണ്. ആ ബോധം രാഗദ്വേഷങ്ങൾ കൊണ്ട് മറയ്ക്കപ്പെടുമ്പോൾ ജീവനെന്നറിയപ്പെടുന്നു. രാഗദ്വേഷമറ മാറിക്കിട്ടിയാൽ ജീവൻ തന്നെയാണ് ബ്രഹ്മമെന്നനുഭവിക്കാറാകും. അഖണ്ഡാനന്ദ ബോധമാണു ബ്രഹ്മം. മറമാറ്റി ബ്രഹ്മത്വമനുഭവിക്കാനുള്ള ധ്യാനപരിശീലന ക്രമമാണു  സ്വരൂപാനുസന്ധാഷ്ടകത്തിൽ വിവരിക്കുന്നത്. എട്ടു പദ്യങ്ങളുൾപ്പെട്ട
കൃതിയായതുകൊണ്ട് അഷ്ടകമെന്നു പറഞ്ഞിരിക്കുന്നു.

തപോയജ്ഞദാനാദിഭിഃ:ശുദ്ധ
ബുദ്ധി-
ർവിരക്തോനൃപാദേഃപദേതുച്ഛബുദ്ധ്യാ| പരിത്യജ്യസർവ്വംയദാപ്നോതി
തത്ത്വം
പരബ്രഹ്മനിത്യം തദേവാഹമസ്മി ||
                                                 (1)
  തപസ്സ്, യജ്ഞം, ദാനം തുടങ്ങിയ അനുഷ്ഠാനങ്ങളിൽ കൂടി ചിത്തശുദ്ധി നേടിയവനും ചക്രവർത്തിപദം തുടങ്ങിയവയിൽ നിസ്സാരമെന്ന് കണ്ടു വിരക്തി വന്നവനുമായ സത്യാന്വേഷി എല്ലാം ഉപേക്ഷിച്ചിട്ട്  ഏതൊരു പരമസത്യത്തെ പ്രാപിക്കുന്നുവോ അതാണ് നിത്യമായ പരബ്രഹ്മം; ഞാൻ അതു തന്നെയാണ്.

ഓം. വ്യാഖ്യാതാ - പ്രൊഫസർ ബാലകൃഷ്ണൻനായർ സർ അവർകൾ.
തുടരും.

No comments:

Post a Comment