Thursday, February 14, 2019

*ശ്രീമദ് ഭാഗവതം 62*

സതാം പ്രസംഗാന്മമ വീര്യസംവിദോ
ഭവന്തി ഹൃത് കർണ്ണരസായനാ: കഥാ:
തജ്ജോഷണാദ് ആശു അപവർഗ്ഗവർത്മനി
ശ്രദ്ധാ രതിർ ഭക്തിർ അനുക്രമിഷ്യതി.

കപിലഭഗവാൻ അമ്മയോട് പറയണു അമ്മേ, സത്സംഗം കൊണ്ട് ശ്രദ്ധ ണ്ടാവും ഭക്തി ണ്ടാവും. അതില് രതി ണ്ടാവും. അതില് അഡിക്ഷൻ ണ്ടാവും.

ലഹരി പദാർത്ഥങ്ങളിലൊക്കെ അഡിക്ഷൻ ണ്ടല്ലോ. കാപ്പി ചായ തന്നെ സമയത്ത് കിട്ടിയിട്ടില്ലെങ്കിൽ ചിലർക്ക് ദേഷ്യം വരും. അതേപോലെ സത്സംഗത്തിലും ഒരു അഡിക്ഷൻ. ഇടയ്ക്കിടയ്ക്ക് സത്സംഗം കിട്ടി കൊണ്ടേ ഇരിക്കണം.

ഒരു അഡിക്ഷനും നല്ലതല്ല. പക്ഷേ സത്സംഗത്തിലുള്ള അഡിക്ഷൻ കുറച്ച് കാലത്തേക്ക് ആവാം. കുറേ കഴിയുമ്പോൾ ആ അഡിക്ഷനും പോകണം. സത്സംഗത്തിനെ പോലും ആശ്രയിക്കാൻ പാടില്ല്യ. സത്സംഗത്തിൽ എപ്പോഴും ഇരിക്കാൻ പഠിക്കണം. അങ്ങനെ ഒരു ബലം കിട്ടണ വരെ ലൗകികത്തിന്റെ പിടി വിട്ടു പോകാൻ സത്സംഗത്തിനെ ആശ്രയിക്കാം.

വീട്ടിലിരുന്നും ഇതു പോലെ ധ്യാനിക്കാം ഭാഗവതം വായിക്കാം പക്ഷേ അത്ര എളുപ്പല്ല. ഇവിടന്നങ്ങട് പോയി അവിടെ കയറി കഴിഞ്ഞാൽ പലേ കുന്ത്രാണ്ടങ്ങളും ണ്ട്. വിഷമങ്ങളും ണ്ട്. നമ്മള് വിചാരിക്കണ പോലെ കാര്യം നടക്കില്ല്യ. . ഇവിടെ ആവുമ്പോ അടുക്കളപ്പണി മുഖ്യായിട്ട് ഇല്ല്യ. സത്സംഗം കേട്ടിരിക്കാം. ദേ കൂട്ടാനില് ഉപ്പ് പോരാ എന്നൊക്കെ ഇടയ്ക്ക് പറയാം. ഭക്ഷണം ഒക്കെ കഴിക്കാം. കേൾക്കേം ചെയ്യാം.

സത്സംഗത്തിൽ പോയിരുന്ന് പതുക്കെ പതുക്കെ ഇതിനോട് ശ്രദ്ധ രതിർ ഭക്തിർ അനുക്രമിഷ്യതി . ശ്രദ്ധ ണ്ടാവും പിന്നെ അതിൽ രതി ണ്ടാവും. അതിനെ തന്നെ ആസ്വദിച്ചു തുടങ്ങും.

രതി ണ്ടായാൽ അടുത്ത പടി ഭക്തി: നിത്യനിരന്തരമായ ഭഗവദ് അനുഭവം. ഇതൊക്കെ അനുക്രമിഷ്യതി. respectively ഒന്നിന് പിറകെ ഒന്നായിട്ട് വരും. ആദ്യം ശ്രദ്ധ ആണ്. സത്സംഗത്തിലേക്ക് പോണം എന്നൊരു *ശ്രദ്ധ* . രണ്ടാമത്തെ പടി *രതി* .

ശ്രദ്ധ ണ്ടായാലും ചിലർക്ക് വരാൻ കഴിയാതെ പോകാം. അത് ഏതോ ഒരു വിഘ്നം. മന്ദഭാഗ്യാ: എന്ന് ഭാഗവതം പറയണു. ഭാഗ്യക്കേട് കൊണ്ട് വരാൻ കഴിയാതെ പോകാം. ചിലപ്പോ ശ്രദ്ധ വന്നു കഴിഞ്ഞ് രതി ണ്ടാവും. സത്സംഗം കേൾക്കാനുള്ള സുഖം. പിന്നെ ക്രമേണ അത് *ഭക്തി* ആയിട്ട് മാറും. ഭക്തി എന്നാൽ അനുഭവം. ആ അനുഭവം സത്സംഗം കഴിഞ്ഞാലും നില്ക്കും. അത് വിട്ടു പോകാതെ നമ്മുടെ സ്വഭാവം ആയിട്ട് തീർന്നാൽ അതിനെ ഭക്തി എന്നു പറയാം.
ശ്രീനൊച്ചൂർജി
 *തുടരും. ...*
Lakshmi Prasad 

No comments:

Post a Comment