Wednesday, February 20, 2019

*ശ്രീമദ് ഭാഗവതം 68*

ശിവൻ   ഒന്നും ചെയ്യണില്ല്യ. യാതൊരു കർമ്മാനുഷ്ഠാനവും ഇല്ല്യ. ഒരു ക്രിയയും ഇല്ല്യ. സന്ധ്യാവന്ദനാദി അനുഷ്ഠാനങ്ങൾ ഒന്നൂല്ല്യ. ശ്മാശാനത്തിൽ പ്രേതഭൂതങ്ങളോട് കൂടെ നടനം ആടണു. വസ്ത്രം ഉടുക്കാതെ നടക്കണു. ഉന്മാദനാഥൻ. ഭ്രാന്ത് പിടിച്ചു നടക്കണ പോലെ. എന്നൊക്കെ ആണ് പറയണത്.

ജഡഭരതന്റെ ഏട്ടന്മാരൊക്കെ ജഡഭരതനെ അതുപോലെ ആണത്രേ കരുതിയത്. അവരെല്ലാം വേദം ഒക്കെ നല്ലവണ്ണം പഠിച്ചിട്ടുള്ളവരായിരുന്നു. പക്ഷേ ഇദ്ദേഹത്തിന്റെ ആന്തരികമായ സ്ഥിതിയെ മനസ്സിലാക്കാൻ അവർക്ക് ബലം പോരാ.

ദക്ഷന് ശിവദ്വേഷം വരാൻ മുഖ്യമായ കാരണം ശിവൻ ഇങ്ങനെ അവധൂതനായിട്ട് നടക്കണു. വസ്ത്രം ഉടുക്കാതെ നടക്കണു. ചിലപ്പോ ഒരു ആനത്തോൽ ഉടുത്ത് നടക്കണു. നാരായണഗുരുസ്വാമിയുടെ സുബ്രഹ്മണ്യസ്തോത്രത്തിൽ അവസാന ശ്ലോകം നല്ല രസാണ്. 

ഉൺമാനില്ലാഞ്ഞിരപ്പോട്ടിയും ഒരു വടിയും
കൊണ്ടു നീളെ നടക്കും
പെൺമെയ്പങ്കൻ കുടത്തിൻ കവിളു കവിയുമാറുള്ള
കള്ളും ചുമന്നും
നിർമ്മാണം പോൽ ചിലപ്പോളരയിലൊരു
 കരിത്തോലുടുത്തും നടക്കും
വൻമായം നിൻതകപ്പൻ വികൃതികൾ പറവാ-
നാദിശേഷന്നുമാമോ?

പുറമേക്ക് ഭഗവാന്റെ നടത്തം കൈയ്യില്‍ ഒരു എരപ്പോട്ടീം( ഭിക്ഷാപാത്രം) എടുത്ത് നടക്കുന്നു എന്നാണ്.  ഈ ലഹരി പിടിച്ച ആളുകളെ പ്പോലെയാത്രേ നടക്കണത്. കരിത്തോലുടുത്തും നടക്കും. പുറമേക്ക് നോക്കിയാൽ ഇതൊക്കെ ആണ് ലക്ഷണങ്ങൾ. കണ്ടാൽ മനസ്സിലാവില്ല്യ. എവിടെയാ കളിക്കണത്. ശ്മശാനേഷു ആക്രീഡാ. ശ്മശാനത്തിലാണ് കളി. എന്താണ് ശ്മശാനം? ശ്മശാനത്തിൽ എന്ത് സംഭവിക്കണു. ശരീരത്തിനെ എരിച്ച് കളയുന്നു.

ഈ ശരീരം ഞാൻ അല്ല എന്ന് പറഞ്ഞ് എരിച്ചു കളയുന്ന ആ ജ്ഞാനശ്മശാനത്തിലേ ശിവനെ കാണാൻ സാധിക്കൂ. അതാണ് ശിവക്ഷേത്രത്തിൽ പോയാൽ ഭസ്മം കൊടുക്കാ. പറയാതെ പറയാണ് ഒടുവിൽ ഇതാവും എന്ന്. ഓരോരുത്തർക്കും കൊടുക്കുമ്പോ ഇതാണ് ഗതി ഇതാണ് ഗതി എന്ന് ഓർമ്മിപ്പിക്കാ. വായ കൊണ്ട് പറഞ്ഞാൽ ആൾക്കാർ ദേഷ്യപ്പെടുമേ.

 ശ്മശാനേഷു ആക്രീഡാ സ്മരഹര. എന്താണവിടെ ശ്മശാനത്തിൽ ചെയ്യണത്. സ്മരദഹനം. കാമദഹനം.

പിശാചാ: സ്മരദഹാ:  ഭഗവാന്റെ കൂടെ ഉള്ളത് പിശാചുക്കളാണത്രേ. ചില മഹാത്മാക്കൾക്ക് ചുറ്റും ണ്ടാവും. പിശാചുക്കൾ. അമ്പലങ്ങളിലുണ്ടാവും പിശാചുക്കൾ. പിശാചുക്കൾ എന്താ? ഭക്തന്മാർക്ക് പിശാചുക്കളെപ്പോലെയും ഭൂതഗണങ്ങളെ പ്പോലെയും ഒക്കെ ലക്ഷണം പറയും. ആ അനുഭൂതി രസത്തിൽ അവർ പിശാചിനെ പോലെ ഉന്മാദം പിടിച്ചവരെ പോലെ ആകും. മഹാത്മാക്കളിൽ ചിലരൊക്കെ പിശാചിനെ പോലെ കാണിക്കും.

ഭാഗവതം തന്നെ പറയണു. ബാല ഉന്മത്ത പിശാചവദ്. ചിലപ്പോ കുഞ്ഞുങ്ങളെ പോലെ, ചിലപ്പോ ഭ്രാന്തരെ പോലെ ചിലപ്പോ പിശാചിനെ പോലെ ഇങ്ങനെ ഒക്കെ സിദ്ധന്മാരുണ്ടാവും. ഭഗവാന്റെ ഭക്തന്മാരും ഈ പിശാചുക്കളെപ്പോലെ ആണെന്നാണ്.

പിശാചാ: സഹചരാ: ചിതാഭസ്മാലേപോ ശ്മശാനഭസ്മം പൂശിയിരിക്കാണ്. അദ്ദേഹത്തിന് വേറെ പൗഡറൊന്നൂല്ല്യേ. തലയോട്ടി മാല. അമംഗല്യം ശീലം
പുറമേക്ക് നോക്കിയാൽ അമംഗളമായ ശീലം.
ശ്രീനൊച്ചൂർജി
 *തുടരും. ..*
Lakshmi prasad 

No comments:

Post a Comment