Wednesday, February 20, 2019

ശ്രീമദ് ഭാഗവതം 67*
വിദുരർ മൈത്രേയ മഹർഷിയോട് ചോദിക്കാണ്. ദക്ഷനും ശിവനും തമ്മിലൊരു സ്വരചേർച്ച ഇല്ലായ്മ ണ്ടായി. സാധാരണ ലോകത്തില് ബഹളം കൂട്ടുന്നത് എപ്പഴാ? ഒരാളുടെ വസ്തു മറ്റൊരാള് അപഹരിക്കുമ്പോ അല്ലെങ്കിൽ അപഹരിക്കോ എന്ന് ഭയം ഉള്ളപ്പോ നമ്മളേക്കാളും കൂടുതൽ വേറൊരാൾക്ക് ഉണ്ടാവോ എന്ന് സംശയം ഉള്ളപ്പോഴൊക്കെ ദേഷ്യണ്ടാവും.
രണ്ട് സന്യാസികൾ ണ്ട്. നാടേ കാണാതെ കാട്ടിൽ തന്നെ വസിക്കുന്നവരാണ്. അതില് ചെറുപ്പക്കാരനായ സന്യാസി ഒരിക്കൽ നാട് കാണാനായിട്ട് വന്നു. വന്നു തിരിച്ചു പോയി വലിയ സന്യാസിയോട് ചോദിച്ചു ഞാൻ നാട്ടിൽ അത്ഭുതകരമായ ഒരു കാര്യം കണ്ടു. രണ്ടു പേർ പരസ്പരം നിലവിളിക്കിണു. ശണ്ഠ കൂടുന്നു. ഇതെങ്ങനെയാ ഈ ശണ്ഠ കൂടാ. ഇവര് ശണ്ഠ കൂടീട്ടേ ഇല്ല്യേ. ഇതെങ്ങനെയാ ദേഷ്യപ്പെടാ. അപ്പോ വയസ്സായ സന്യാസി പറഞ്ഞു. അവിടെ ഒരു കമണ്ഡലൂ ണ്ട്. ഈ ചെറുപ്പക്കാരൻ സന്യാസിയുടെ കമണ്ഡലം. അതെടുത്തിട്ട് വൃദ്ധ സന്യാസി പറഞ്ഞു. ഇതെന്റെയാ. അപ്പോ യുവ സന്യാസി പറഞ്ഞു. അതിനെന്താ സ്വാമി എടുത്തോളൂ. നിന്നെ പഠിപ്പിക്കാൻ പറ്റില്ല്യ ശണ്ഠ കൂടുന്നത്. ശണ്ഠ കൂടണങ്കിൽ ഇത് എന്റെ ആണെന്ന് പറയുമ്പോ അല്ലാ ഇത് എന്റെ ആണെന്ന് നീ പറയണം. അപ്പഴേ ശണ്ഠ കൂടാൻ പറ്റൂ. എടുത്തോളൂ എന്ന് പറഞ്ഞാൽ എങ്ങനെ ശണ്ഠ കൂടും?
അതേപോലെ എന്തൊക്കെ സമൃദ്ധമായ സാധനങ്ങൾ വേണോ, എല്ലാം എടുത്തോളൂ എന്ന് പറയണ ആളാണ് ശിവൻ. അമൃതമഥനത്തിൽ അപ്സരസ്ത്രീകൾ വന്നു. അദ്ദേഹം കണ്ടില്ല്യ. മഹാലക്ഷ്മി വന്നു. അദ്ദേഹം കണ്ടില്ല്യ. ഐരാവതം വന്നു. അദ്ദേഹം കണ്ടില്ല്യ. ഉച്ചൈശ്രവസ്സ് വന്നു. അദ്ദേഹം കണ്ടില്ല്യ. ഇതൊക്കെ എടുക്കാൻ ആളുണ്ടായിരുന്നു. ഒന്നിനും അദ്ദേഹം മത്സരത്തിന് വന്നില്ല്യ. വിഷം വന്നപ്പോ ആർക്കും വേണ്ട. ദേവ ദേവ മഹാദേവ എന്ന് പറഞ്ഞു പോയപ്പോ കൈ നീട്ടി വാങ്ങി കുടിച്ചു. അങ്ങനെയുള്ള ആളോട് ഈ ദക്ഷൻ എന്തിന് ശണ്ഠ കൂടാൻ പോയി?
ഭവേ ശീലവതാം ശ്രേഷ്ഠേ ദക്ഷോ ദുഹിതൃവത്സല:
വിദ്വേഷമകരോത് കസ്മാദ് അനാദൃത്യാ ആത്മജാം സതീം.
അതോ തന്റെ മകളെ വിവാഹം കഴിച്ചു കൊടുത്തിരിക്കയാ. അങ്ങനെ ഉള്ള ശിവനോട്,
കസ്തം ചരാചരഗുരും നിർവ്വൈരം ശാന്തവിഗ്രഹം
ആത്മാരാമം കഥം ദ്വേഷ്ടി ജഗതോ ദൈവതം മഹത്
ആത്മാരാമനായി ചരാചരത്തിന് ഗുരുവായി ശാന്തവിഗ്രഹം. എപ്പോഴും പ്രശാന്തമായി സമാധി സ്ഥിതിയിൽ ഇരിക്കുന്ന ശിവൻ ഈ ശിവനും ദക്ഷനും പരസ്പരവിരോധം ണ്ടാവാൻ കാരണം എന്താ?
ഒരിക്കൽ പ്രജാപതികൾ ഒരു യാഗം നടത്തി. ദേവന്മാര് ഒക്കെ ണ്ട്. ഋഷികൾ ഒക്കെ ണ്ട്. യാഗശാലയിലേക്ക് ദക്ഷൻ വന്നു. ദക്ഷപ്രജാപതി വളരെ തേജസ്വി ആണ്. ഈ പ്രജാപതികളിലൂടെയാണ് ലോകത്തിൽ കർമ്മകാണ്ഡം പ്രചാരം ആയത്. സനകസനന്ദനാദികളിലൂടെ ജ്ഞാനകാണ്ഡവും പ്രചാരം ആയി. ഈ പ്രജാപതികളൊക്കെ കർമ്മകാണ്ഡപ്രധാനികളാണ്. അതിലൊക്കെ ഒരു അഹങ്കാരവും അഭിമാനവും ഒളിഞ്ഞു കിടപ്പുണ്ട്. അതുകൊണ്ട് തന്നെ ദക്ഷന് ശിവനോട് പുച്ഛം ആണ്.
ശ്രീനൊച്ചൂർജി .
lakshmi Prasad

No comments:

Post a Comment