Tuesday, February 26, 2019

*ശ്രീമദ് ഭാഗവതം 71* 

യദി വ്രജിഷ്യസ്യതി അതിഹായ മദ്വചോ 
ഭദ്രം ഭവത്യാ ന തതോ ഭവിഷ്യതി.
 
ഹേ ഭദ്രേ, ഭദ്രകാളി എന്ന് ദേവിക്കൊരു പേര്.  മംഗളമായ കാളി ആണ് ഭദ്രകാളി. പക്ഷേ ഇപ്പോഴത്തെ പോക്ക് ഭദ്രം ല്ല. ഇപ്പൊ പറഞ്ഞാൽ കേൾക്കാതെ പോകാണെങ്കിൽ,

ഭദ്രം ഭവത്യാ ന തതോ ഭവിഷ്യതി 
ഇതിൽ നിന്ന് ഭദ്രം വരില്ല്യ. 
സ്വജനത്തിൽ നിന്നും അപമാനം ണ്ടായാൽ മരണത്തിന് കാരണമായിട്ട് തീരും. 

ഏതാവദുക്താ വിരരാമ ശങ്കരാ.
എന്ന് പറഞ്ഞ് ശിവൻ ചുമ്മാ ഇരുന്നു.

സതി യ്ക്ക് പോകണോ വേണ്ടയോ എന്ന് സന്ദേഹം. 

സുഹൃദ്ദിദ്യഷു: പരിശങ്കിതാ ഭവാ-
ന്നിഷ്ക്രാമതീ നിർവ്വിശതീ ദ്വിധാഽഽസ സാ.

കുറച്ച് മുന്നോട്ടു നടക്കും. വീണ്ടും തിരിച്ചു വരും. വീണ്ടും പോകും. പിന്നെ തിരിച്ചു വരും .അങ്ങനെ സന്ദേഹപ്പെട്ട് നില്ക്കാണ്. 

പിത്രോരഗാത് സ്ത്രൈണവിമൂഢധീർഹാൻ 
പ്രേമ്ണാഽഽത്മനോ യോഽർദ്ധമദാത് സതാംപ്രിയ:

ഏതൊരു ഭർത്താവാണോ പ്രേമം കൊണ്ട് തന്നെ തന്നെ പകുത്തു കൊടുത്തത്, ആ ഭർത്താവിനെ വിട്ട് സതി ഇതാ പിരിഞ്ഞു പോയി. ഇതിന് മൂഢത എന്നല്ലാതെ എന്ത് പറയാനാ. ദേവി അവിടെ നിന്ന് ഇറങ്ങി പോയി. ഭൂതഗണങ്ങൾ കുറച്ച് പേര് പുറകെ ചെന്നു കൊണ്ടാക്കാനായിട്ട്. യാഗശാലയിൽ യാഗം നടന്നു കൊണ്ടിരിക്കണു. ആരും തിരിഞ്ഞു നോക്കിയില്ല്യ. ദേവി വന്നിറങ്ങി. എല്ലാവരും തിരിഞ്ഞിരുന്നു. ദക്ഷനെ പേടിച്ചിട്ട്. ദേവി ദക്ഷന്റടുത്തേയ്ക്ക് ചെന്നു. ദക്ഷൻ ഗൗരവമായിട്ട് നിന്നു. ദക്ഷനോട് ചൊദിച്ചു. അച്ഛൻ ആരോടാ ദേഷ്യപ്പെടണത്. 

നമ്മള് ആരോടെങ്കിലും ദേഷ്യപ്പെടുമ്പോ അവര് നമ്മളുടെ ദേഷ്യത്തിനെ മാനിച്ചാലല്ലേ ദേഷ്യപ്പെടുന്നതിന് അർത്ഥം ഉള്ളൂ. തൂണിനോട് ആരെങ്കിലും ദേഷ്യപ്പെടോ ചീത്ത പറയോ? യാതൊരു വിധത്തിലും ബാധിക്കപ്പെടാത്ത ആളെ എങ്ങനെ ചീത്ത പറയും?

ത യസ്യ ലോകേഽസ്തു അതിശായന: പ്രിയ:
തഥാപ്രിയോ ദേഹ ഭൃതാം പ്രിയാത്മന:

ദേഹം ധരിച്ച് കൊണ്ടിരിക്കുന്ന എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ടത് എന്താ? ചോദിച്ചാ ഓരോരുത്തരും ഓരോന്നാവും പറയാ. അച്ഛനെയാണിഷ്ടം എന്റെ അമ്മയെ ആണിഷ്ടം .എന്റെ മതം ആണിഷ്ടം എന്റെ പൊസിഷൻ ആണിഷ്ടം ഇങ്ങനെ ഓരോന്ന് പറയും. പക്ഷേ അവസാനം ആരാ ന്ന് ചോദിച്ചാൽ എല്ലാവർക്കും അവനവനെ ആണിഷ്ടം. എല്ലാവരിലും അവനവന്റെ പ്രതിബിംബം കാണുമ്പോൾ ആ വ്യക്തിയിൽ ഇഷ്ടം. ഏത് വസ്തുവിലും പ്രിയം ണ്ടാവണത് ആത്മാവിന് വേണ്ടീട്ടാണ്. ആ വസ്തുവിൽ ആത്മാവിനെ കാണുമ്പോഴാണ് പ്രിയം ണ്ടാവാ. ആ ആത്മാവാണ് ശിവൻ. 

സതി ദക്ഷനോട് ചോദിക്കാ അങ്ങേയ്ക്ക് എങ്ങനെ ശിവനോട് ദ്വേഷം വെയ്ക്കാൻ പറ്റും? ശിവൻ അങ്ങയുടെ ആത്മാവാണ്. അന്തര്യാമി ആണ്. അറിവില്ലാത്തതുകൊണ്ട് അവിടുന്ന് ശിവദ്വേഷം ചെയ്യണു. ശവത്തിനെ ആത്മാവെന്ന് കരുതിയ ആൾ ശിവത്തിനെ ദ്വേഷിക്കുന്നതിൽ ആശ്ചര്യം ഒന്നൂല്ല്യ. ശിവം രണ്ടേ രണ്ടക്ഷരം. വേദത്തിന്റെ അന്തര്യാമി.
ശ്രീനൊച്ചൂർജി 
 *തുടരും. ...*
lakshmi prasad

No comments:

Post a Comment