Tuesday, February 26, 2019

*ശ്രീമദ് ഭാഗവതം 73* 

തസ്മിൻ മഹാ യോഗമയേ മുമുക്ഷുശരണേ സുരാ:
ദദൃശു:ശിവം ആസീനം ത്യക്താമർഷമിവാന്തകം 
സനന്ദനാദ്യൈ: മഹാസിദ്ധൈ: ശാന്തൈ: സംശാന്തവിഗ്രഹം
ഉപാസ്യമാനം സഖ്യാ ച ഭർത്രാ ഗുഹ്യകരക്ഷസാം.
വിദ്യാതപോയോഗപഥമാസ്ഥിതം തമധീശ്വരം 
ചരന്തം വിശ്വസുഹൃദം വാത്സല്യാത് ലോകമംഗളം.
ലിംഗം ച താപസാഭീഷ്ടം ഭസ്മദണ്ഡജടാജിനം 
അംഗേന സന്ധ്യാഭ്രരൂചാ ചന്ദ്രലേഖാം ച ബിഭ്രതം 
ഉപവിഷ്ടം ദർഭമയ്യാം ബൃസ്യാം ബ്രഹ്മ സനാതനം 
നാരദായ പ്രവോചന്തം പൃച്ഛതേ ശൃണ്വതാം സതാം 
കൃത്വോരൗ ദക്ഷിണേ സവ്യം പാദപത്മം ച ജാനുനി 
ബാഹും പ്രകോഷ്ഠേഽക്ഷമാലാമാസീനം തർക്കമുദ്രയാ 
തം ബ്രഹ്മനിർവ്വാണസമാധിമാശ്രിതം 
വ്യൂപാശ്രിതം ഗിരിശം യോഗകക്ഷാം 
സലോകപാലാ മുനയോ മനൂനാം
ആദ്യം മനും പ്രാജ്ഞലയ: പ്രണേമു:

അത്ഭുതകരമായ വർണ്ണന ആണ്. മഹായോഗപീഠത്തിൽ ഭഗവാൻ ദക്ഷിണാമൂർത്തി ആയിട്ട് തന്നെ ഇരിക്കുന്നു. വലതുകാൽ ഇടതുകാൽ മേൽ വെച്ച് ചിന്മുദ്രയോടുകുടെ, തപസ്വികൾക്ക് വേണ്ട വേഷത്തൊടു കൂടെ, സന്ധ്യാകാലത്തിലെ സൂര്യനെ പ്പോലെ പ്രകാശിച്ചു കൊണ്ട്, സന്ധ്യാഭ്രരുചാ ചന്ദ്രലേഖാം ച ബിഭ്രമം. ചന്ദ്രലേഖ ശിരസ്സില് ധരിച്ച്, സനകൻ സനന്ദനൻ സനാതനൻ സനത്കുമാരൻ മുതലായ മഹാസിദ്ധന്മാർ ചുറ്റും കൂടിയിരിക്കുന്നു. കുബേരൻ വന്ന് ഉപാസിച്ചു കൊണ്ടിരിക്കുന്നു. നാരദമഹർഷി മുമ്പില് ഇരിക്കുന്നു. ഭഗവാനേ, ബ്രഹ്മം എന്താണെന്ന് പറഞ്ഞു തരൂ എന്ന് ചോദിക്കുന്നു. ഭഗവാൻ നാരദമഹർഷിക്ക് പറഞ്ഞു കൊടുക്കാണ്. 

ഈ കാണുന്ന വിശ്വം ണ്ടല്ലോ, അത് കണ്ണാടിയിൽ കാണുന്ന ഒരു നഗരം പോലെ ആണ്. സ്വപ്നവേളയിൽ ഉള്ളിൽ കാണുന്നത് പുറമേക്ക് എന്നതുപോലെ കാണപ്പെടും. പക്ഷേ വാസ്തവത്തിൽ തന്നിലാണ് കാണുന്നത്.

ഒരു ബീജത്തിൽ നിന്നും ഒരു അങ്കുരം ണ്ടായി ഒരു വലിയ വടവൃക്ഷം ണ്ടാവണത് പോലെ ഈ ചിത്തത്തിനകത്ത് ഈ പ്രപഞ്ചം മുഴുവൻ ബീജരൂപത്തിൽ കിടക്കണു. പിന്നീട് ദേശകാലങ്ങളോട് കൂടെ വിചിത്രമായിട്ട് പൊന്തി വരണു. ഈ പ്രപഞ്ചത്തിന് മുഴുവൻ ആശ്രയസ്ഥാനമായ 'സത്യം' എപ്പോഴും ഉള്ളില് ണ്ട് ണ്ട് എന്നുള്ള അനുഭവരൂപത്തിൽ കിടക്കണു.

ഒരു കുടത്തിന്റെ ഉള്ളിൽ ഒരു വിളക്ക് വെച്ച് അനേക ദ്വാരങ്ങൾ ഉണ്ടാക്കിയാൽ ആ ദ്വാരത്തിലൂടെ ഈ വിളക്കിന്റെ പ്രകാശം പുറത്തേക്ക് വരുന്നതുപോലെ സർവ്വേന്ദ്രിയങ്ങളിലൂടെയും അന്തര്യാമി ആണ് വിഷയങ്ങളെ ഗ്രഹിച്ച് കൊണ്ട് പുറമേക്ക് പ്രകാശിക്കണത്. ഈ സത്യം അറിയാത്തവർ ശരീരം ആണ്, മനസ്സ് ആണ്, ബുദ്ധി ആണ്, പ്രാണൻ ആണ്, ശൂന്യം ആണ് എന്നൊക്കെ ആത്മാവിനെ തെറ്റിദ്ധരിക്കുന്നു. 

രാഹു, സൂര്യനേയും ചന്ദ്രനേയും ബാധിക്കുന്നതുപോലെ സുഷുപ്തി അവസ്ഥയിൽ ഈ ജീവൻ അജ്ഞാനാവരണം കൊണ്ട് മൂടപ്പെട്ട് ഉള്ളിൽ ഉറങ്ങിക്കിടക്കണു. വീണ്ടും കാര്യകാരണത്തോടുകൂടെ പ്രപഞ്ചം പൊന്തി വരണു. 

അച്ഛൻ, മകൻ, ഗുരു, ശിഷ്യൻ, യജമാനൻ, ദാസൻ, ഭൃത്യൻ, സ്വാമി എന്നിങ്ങനെയുള്ള ഭേദത്തോടു കൂടെ ഈ പ്രപഞ്ചം ത്രിപുടികളോടു കൂടെ കാണപ്പെടുന്നു. വിചാരം ചെയ്യുന്ന ആളുകൾക്ക് ബാല്യം കൗമാരം യൗവ്വനം വാർദ്ധക്യം എന്നീ അവസ്ഥകളൊക്കെ ശരീരത്തിന് മാറി വരുമ്പോഴും ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നിങ്ങനെയുള്ള അവസ്ഥകളൊക്കെ ശരീരത്തിന് മാറി വരുമ്പോഴും ഇതിലൊന്നും മാറാതെ ഞാൻ ണ്ട് എന്നുള്ള അനുഭവരൂപത്തിൽ, 'ഞാൻ' 'ഞാൻ' എന്ന അനുഭവരൂപത്തിൽ ഒരു വസ്തു മാറാതെ പ്രകാശിക്കുണു. ആ വസ്തുവിനെ ഉള്ളിൽ കണ്ടെത്തിയവർക്ക് അതിൽ നിന്നും പൊന്തുന്ന ഈ അപരാപ്രകൃതി മുഴുവനും ഈശ്വരസ്വരൂപമായിട്ട് കാണാൻ പറ്റും. ഭൂമി ആയിട്ടും ജലം ആയിട്ടും അഗ്നി ആയിട്ടും വായു ആയിട്ടും ആകാശമായിട്ടും സൂര്യനായിട്ടും ചന്ദ്രനായിട്ടും ഉള്ളില് ചേതന ആയിട്ടും നില്ക്കുന്നത് ഒരേ വസ്തു ആണെന്ന് കാണാൻ സാധിക്കും. ഈ തത്വം നല്ലവണ്ണം ചിന്തിച്ച് അർത്ഥത്തിനെ മനനം ചെയ്ത് അത് മറ്റുള്ളവരോടും പറഞ്ഞ് ക്രമേണ തത്വം കരതലാമലകം പോലെ പ്രകാശിക്കും. അഷ്ടസിദ്ധികളും അവരുടെ മുമ്പിൽ ആവിർഭവിക്കും. ഇങ്ങനെ ദക്ഷിണാമൂർത്തി സ്തോത്രം. 

ദക്ഷിണാമൂർത്തി ആയി ഭഗവാൻ പറഞ്ഞിട്ടോ പറയാതെയോ നാരദാദികൾക്കും സനന്ദസനകാദികൾക്കും ഈ തത്വത്തിനെ ഉപദേശിച്ചു കൊണ്ട് ബ്രഹ്മനിർവ്വാണസമാധിസുഖസ്വരൂപനായി നില്ക്കുന്നു. അവിടെ സതി ഉണ്ടായതോ ശരീരത്യാഗം ചെയ്തതിന്റെ യാതൊരു ലക്ഷണവും ഇല്ല്യ. ബ്രഹ്മനിഷ്ഠനായി  ദക്ഷിണാമൂർത്തി ആയിട്ടിരിക്കുന്ന ഭഗവാനെ കണ്ട് വന്ദിച്ചു ദേവതകളൊക്കെ പ്രാർത്ഥിച്ചു ദേവന്മാരൊക്കെ പേടിച്ചു വന്നതാണ്. പക്ഷേ ഇവിടെ വന്ന്  അവരുടെ മനസ്സൊക്കെ ശാന്തമായി. ആ ദേവന്മാർക്ക് ഭഗവാൻ അനുഗ്രഹിച്ചു പറഞ്ഞു. ഞാൻ ആരോടും ദ്വേഷം വെച്ചിട്ടില്ല്യ. ദക്ഷൻ അദ്ദേഹത്തിന്റെ കർമ്മഫലം അനുഭവിച്ചു. ദക്ഷന് വീണ്ടും ആടിന്റെ തല വെച്ച് കൊടുത്തു യാഗം പൂർത്തി ചെയ്തു.

ഭഗവാൻ മഹാവിഷ്ണു അവിടെ ആവിർഭവിച്ചു. ഭഗവാനെ എല്ലാ ദേവതകളും സ്തുതിച്ചു. വിഷ്ണു ഭഗവാൻ തന്നെ പറഞ്ഞു. 
 *അഹം ബ്രഹ്മാ ച ശർവ്വശ്ച ജഗത: കാരണം പരം* 
ഞാനും ബ്രഹ്മാവും ശിവനും ഈ ജഗത്തിന് കാരണം ആണ്. അദ്വിതീയമായ ബ്രഹ്മത്തിൽ ശിവൻ വിഷ്ണു മുതലായ ഭേദങ്ങളെ ഒക്കെ കാണുന്നു. 
 *തസ്മിൻ ബ്രഹ്മണി അദ്വിതീയേ കേവലേ* *പരമാത്മനി* 
 *ബ്രഹ്മരുദ്രൗ ച ഭൂതാനി* *ഭേദേനാജ്ഞോഽനുപശ്യതി* .
ഈ ഭേദം കാണുന്നത് അജ്ഞാനം കൊണ്ടാണ്. അങ്ങനെ ഭേദം കാണുന്ന ആളുകൾക്ക് ശാന്തി ണ്ടാവില്ല്യ. ആർക്കാണോ സകലദേവതകളോടും 
 *ത്രയാണാം ഏകഭാവാനാം യോ ന പശ്യതി വൈ ഭിദാം* 
മൂന്നിനേയും ആര് ഒന്നായി കാണുന്നുവോ അത് മാത്രം പോരാ 
 *സർവ്വഭൂതാത്മനാം ബ്രഹ്മൻ,* 
എല്ലാ ഭൂതങ്ങളോടും എല്ലാവരുടെയും അന്തര്യാമി ഒരു വസ്തു ആണെന്ന് കാണുന്ന ആൾക്ക് 
  സ: ശാന്തിം അധിഗച്ഛതി
അങ്ങനെ ഉള്ള ആൾക്കേ ശാന്തി ണ്ടാവുള്ളൂ. എന്ന് ഭഗവാൻ തന്നെ വന്ന് ഇവിടെ ഉപദേശിച്ചു.

അങ്ങനെ, 
ഇദം പവിത്രം പരമേശചേഷ്ടിതം 
യശസ്യം ആയുഷ്യം അഘൗഘമർഷണം 
യോ നിത്യദാഽഽകർണ്യ നരോഽനുകീർത്തയേദ് 
ധുനോത്യഘം കൗരവ ഭക്തി ഭാവത:
അങ്ങനെ ഭഗവാന്റെ  പരമേശ്വര ലീല.

സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ ഗോവിന്ദാ 
ശ്രീനൊച്ചൂർജി 
 *തുടരും. ..*
lakshmi prasad

No comments:

Post a Comment