Tuesday, February 05, 2019

യക്ഷിയുടെ അനുമതിയോടെ വെണ്‍മണി നമ്പൂതിരി വേളി കഴിച്ചു. ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ തന്നോടൊപ്പം ശയിക്കണമെന്ന യക്ഷിയുടെ നിബന്ധന  നമ്പൂതിരി പാലിച്ചു പോന്നു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്പൂതിരിയുടെ അന്തര്‍ജനം ഗര്‍ഭം ധരിച്ചു. പത്തുമാസം തികഞ്ഞ് ഒരു പുത്രന് ജന്മം നല്‍കി. യഥാകാലം പുത്രന്റെ നാമകരണം, അന്നപ്രാശനം എന്നിവയെല്ലാം നടത്തി. ആഗ്രഹിച്ചതു പോലെ എല്ലാം നടന്ന ചാരിതാര്‍ഥ്യത്തോടെയായിരുന്നു  വെണ്‍മണി നമ്പൂതിരിയുടെ അച്ഛന്റെ അന്ത്യം.
മകന്റെ ഉപനയനത്തിനുള്ള കാലമായി. മുഹൂര്‍ത്തവും നിശ്ചയിച്ചു. ക്രിയാദികള്‍ക്ക് ആളുകളെ ക്ഷണിച്ചു. ഉപനയനത്തിന്റെ തലേന്നാള്‍ വെണ്‍മണി നമ്പൂതിരിക്കൊപ്പം ശയിക്കാനുള്ള ഊഴം യക്ഷിയുടേതായിരുന്നു. യക്ഷി പതിവുപോലെ നമ്പൂതിരിയുടെ അരികിലെത്തി. ഉണ്ണിയുടെ ഉപനയനത്തിന്റെ കാര്യം നമ്പൂതിരി യക്ഷിയോട് പറഞ്ഞു.
ഉടനെ യക്ഷി തന്റെയൊരു ആഗ്രഹം വെളിപ്പെടുത്തി. അവിടുത്തെ പ്രധാനഭാര്യ അന്തര്‍ജനമാണെങ്കിലും ആദ്യഭാര്യ ഞാനാണല്ലോ. അതുകൊണ്ട്  അങ്ങയുടെ ഉണ്ണിക്ക് ഞാന്‍ വലിയമ്മയാണ്. നാളെ ഉപനയനത്തിന് ഉണ്ണി, ക്രിയാംഗമായി ഭിക്ഷ യാചിക്കുമ്പോള്‍ ആദ്യം ഭിക്ഷ കൊടുക്കുന്നത് ഞാനാകണമെന്ന് ആഗ്രഹമുണ്ട്. അങ്ങ് അതിന് അനുവദിക്കണം. സമയമാകുമ്പോള്‍ ഞാനൊരു അന്തര്‍ജനത്തിന്റെ വേഷത്തില്‍ അവിടെയെത്താം എന്നു പറഞ്ഞു. നമ്പൂതിരി അക്കാര്യം വളരെ സന്തോഷത്തോടെ സമ്മതിച്ചു.
ഓതിക്കോനും ബന്ധുക്കളുമെല്ലാം തലേ ദിവസം തന്നെ ഇല്ലത്തെത്തിയിരുന്നു. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഉപനയന ക്രിയകള്‍ക്ക് തുടക്കമായി. ഭിക്ഷ കൊടുക്കാനുള്ള നേരമായപ്പോഴേക്കും മറക്കുടയും പുതപ്പും ധരിച്ച് അന്തര്‍ജനത്തിന്റെ രൂപത്തില്‍ ഒരു പാത്രത്തില്‍ അരിയുമായി യക്ഷി അവിടെയെത്തി. അവിടെയുണ്ടായിരുന്ന അന്തര്‍ജനങ്ങള്‍ക്കൊപ്പം നിന്ന യക്ഷിയെ നമ്പൂതിരി പെട്ടെന്ന് തിരിച്ചറിഞ്ഞു. പക്ഷേ മറ്റ് അന്തര്‍ജനങ്ങള്‍ക്കും ബ്രാഹ്മണര്‍ക്കുമിടയില്‍ ഈ അന്തര്‍ജനം ഏതാണെന്ന് സംശയമുണര്‍ന്നു. തങ്ങളെ തൊടരുതെന്ന് പറഞ്ഞ് മറ്റ് അന്തര്‍ജനങ്ങള്‍ മാറി നിന്നു. 
 ഉണ്ണി ഭിക്ഷ യാചിക്കേണ്ട സമയമായപ്പോള്‍ നമ്പൂതിരി ഓക്കാതിക്കോനോട്, ഇപ്പോള്‍ വന്നിരിക്കുന്ന അന്തര്‍ജനത്തിന്റെ അടുത്തു വേണം ആദ്യം ഭിക്ഷ യാചിക്കാന്‍, ഉണ്ണിയുടെ അമ്മയുടെ അടുത്ത് അതുകഴിഞ്ഞ് മതിയെന്ന് പറഞ്ഞു. അതു ശരിയല്ല, ഉണ്ണി ആദ്യം ഭിക്ഷ യാചിക്കേണ്ടത് അമ്മയുടെ അടുത്താണെന്ന് പറഞ്ഞ് ഓതിക്കോന്‍ അക്കാര്യം നിരസിച്ചു. എന്നാല്‍, ഇപ്പോള്‍ വന്നത് ഉണ്ണിയുടെ വലിയമ്മയാണ്. ഞാന്‍ ആദ്യം വേളി കഴിച്ച അന്തര്‍ജനമാണത്, അതിനാല്‍ ആ അന്തര്‍ജനം വേണം ആദ്യം ഭിക്ഷയിടാനെന്ന് നമ്പൂതിരിപ്പാട് ശഠിച്ചു.
കണ്ടു നിന്നവര്‍ക്കെല്ലാം അത്ഭുതമായി. ഇത് അങ്ങയുടെ ആദ്യ വേളിയാണെങ്കില്‍ അത് ഞങ്ങളാരും അറിയാതെ പോയതെന്തേ, ഈ അന്തര്‍ജനം ഏത് ഇല്ലത്തെയാണ്, ആരുടെ മകളാണ് എന്നെല്ലാമായി ചോദ്യങ്ങള്‍. അത് വഴക്കിനും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കി. വന്നിക്കുന്നത് തന്റെ സഹപത്‌നിയാണെന്നും തന്റെ ഉണ്ണിക്ക് ആദ്യ ഭിക്ഷയിടാന്‍ കഴിയില്ലെന്നും അറിഞ്ഞപ്പോള്‍ ഉണ്ണിയുടെ അമ്മയായ അന്തര്‍ജനത്തിന് അതിയായ കോപവും മന:സ്താപവുമുണ്ടായി.
എന്റെ ഉണ്ണിക്ക് ഇവള്‍ ഭിക്ഷയിടുകയാണെങ്കില്‍ ഇവളുടെ മുഖത്ത് ഞാന്‍ ചൂലെടുത്ത് അടിക്കുമെന്ന് ഉണ്ണിയുടെ അമ്മ പറഞ്ഞു. ഇതെല്ലാം കേട്ട് ഒന്നും പറയാനാകാതെ നമ്പൂതിരി അശക്തനായി. യക്ഷിയാകട്ടെ പിന്മാറാന്‍ തയ്യാറാകാതെ അവിടെത്തന്നെ നിന്നു. ഞാന്‍ ഉണ്ണിക്ക് ഭിക്ഷയിടാനാണ് വന്നത്. അക്കാര്യത്തില്‍ ഉണ്ണിയുടെ അച്ഛന് സമ്മതവുമാണ്. അതിനാല്‍ ഭിക്ഷയിടാതെ ഞാന്‍ പോകുകയില്ലെന്ന് യക്ഷി ആണയിട്ടു. ഇതു കേട്ടതോടെ അത്രയ്ക്ക് അഹങ്കാരമാണെങ്കില്‍ ഇവളെയിനി പടിക്കു പുറത്താക്കിയിട്ടു മതി ഉപനയനക്രിയകളെന്ന് പറഞ്ഞ് ഉണ്ണിയുടെ അമ്മ മറ്റ് അന്തര്‍ജനങ്ങളുടെ സഹായത്തോടെ യക്ഷിയെ പിടിച്ച് പുറത്താക്കി. 
അയ്യോ സാഹസം കാണിക്കരുതെന്ന് പറഞ്ഞ് നമ്പൂതിരി പിറകെ ചെന്നു. പടിക്കു പുറത്തു തള്ളിയതോടെ ലജ്ജയും കോപവും സഹിക്ക വയ്യാതെ യക്ഷി സ്വന്തം രൂപം സ്വീകരിച്ചു. യക്ഷി,  നമ്പൂതിരിപ്പാടിനോട് അങ്ങ് വ്യസനിക്കേണ്ടെന്നും ഇതൊന്നും അങ്ങയുടെ ദോഷം കൊണ്ടല്ലെന്ന് അറിയാമെന്നും പറഞ്ഞു. എങ്കിലും ഇത്തരത്തില്‍ അപമാനിക്കപ്പെട്ടതിനാല്‍ ഇനി മൂന്നു തലമുറ കഴിഞ്ഞാല്‍ ഈ തറവാട്ടില്‍ ഉണ്ണിയുണ്ടായി ഉപനയനം നടത്തില്ലെന്ന് ശപിച്ചു. എന്നാല്‍ ഒരു വ്യാഴവട്ടത്തിലേറെ എന്റെ സാന്നിധ്യം ഈ സ്ഥലത്തുണ്ടായതിനാല്‍ രണ്ടു തലമുറയ്ക്കുണ്ടാകുന്ന രണ്ടു പുരുഷന്മാര്‍ സരസ്വതീ പ്രസാദം കൊണ്ട് വിശ്വപ്രസിദ്ധരാകുമെന്നും പറഞ്ഞു. 
ഇത്രയും കാലം മനുഷ്യ സഹവാസത്തോടെ ഭൂമിയില്‍ കഴിഞ്ഞതിനാല്‍ എന്നെയിനി ഞങ്ങളുടെ ലോകത്ത് സ്വീകരിക്കില്ല, മാത്രവുമല്ല അപമാനം സഹിച്ച് ജീവിക്കുന്നതില്‍ അര്‍ഥവുമില്ല എന്നു പറഞ്ഞ് യാഗാഗ്നിയില്‍ ദേഹത്യാഗം ചെയ്തു. യക്ഷിയുടെ ശാപവും അനുഗ്രഹവും യാഥാര്‍ഥ്യമായെന്നാണ് വിശ്വാസം.

No comments:

Post a Comment