Tuesday, February 05, 2019

നാലുപാടും നോക്കുമ്പോള്‍ ധാര്‍മ്മികാധ:പതനത്തിന്റെ തേര്‍വാഴ്ച കാണാന്‍ കഴിയും. ഈ അവസ്ഥയുടെ ഉത്ഭവത്തിന് ആരാണ് ഉത്തരവാദികള്‍? അതിനുള്ള ഉത്തരം സംഭവങ്ങളുടെ ഉപരിതലത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞെന്നു വരില്ല. അവയുടെ കാരണം വര്‍ത്തിക്കുന്നത് അടിത്തട്ടിലാണ്. ഗൃഹത്തിലുള്ള ശിക്ഷണരാഹിത്യമാണ് ഇതിനുള്ള മൂലകാരണം.
സമൂഹത്തെ സൃഷ്ടിക്കുന്നത് ഗൃഹമാണ്.,മറിച്ചല്ല. സാന്മാര്‍ഗ്ഗികവിശുദ്ധിയില്‍ അച്ഛനമ്മമാര്‍ മാതൃകകളാണെങ്കില്‍, ഗൃഹങ്ങളില്‍ പ്രചോദനാത്മകമായ ഒരു അന്തരീക്ഷം പുലരുന്നുണ്ടെങ്കില്‍,അത്തരം ഗൃഹങ്ങളില്‍നിന്നും പുറത്തു വരുന്ന തലമുറ സുശക്തവും,സുശിക്ഷിതവും,സാന്മാര്‍ഗ്ഗികമായി പരിശുദ്ധവും,
ആത്മീയമായി ഉറച്ച അടിസ്ഥാനമുള്ളതുമായിരിക്കും.  ആദ്ധ്യാത്മികമായ ഒരന്തരീക്ഷം പുലര്‍ത്തുന്ന ഗൃഹങ്ങള്‍ക്കുമാത്രമേ രാഷ്ട്രത്തിന്റെ ഭാവി സൂചകങ്ങളാകാന്‍ കഴിയുകയുള്ളു. നിങ്ങള്‍ സ്വന്തം കുട്ടികള്‍ക്ക് വാത്സല്യവും,ആഹാരവും,വിദ്യാഭ്യാസും സമ്പത്തും ജീവിത സുഖങ്ങളും നല്‍കിയെന്നു വരാം. പക്ഷേ ഇവ നല്‍കുന്നതുകൊണ്ടുമാത്രം നിങ്ങളുടെ മാതൃധര്‍മ്മമോ,പിതൃധര്‍മ്മമോ വേണ്ടിടത്തോളം നിര്‍വ്വഹിച്ചതായി കരുതേണ്ടതില്ല.
സുശക്തവും സുശിക്ഷിതവുമായ ഒരു മനസ്സ് വളര്‍ത്തിയെടുക്കാനും ആരോഗ്യകരമായ സാന്മാര്‍ഗികസ്വഭാവങ്ങള്‍ പരിപോഷിപ്പിക്കാനും അവരെ സഹായിക്കുക. അവര്‍ക്ക് ഈശ്വരവിശ്വാസവും സാന്മാര്‍ഗ്ഗിക നിയമങ്ങളോട് ആദരവും,മുതിര്‍ന്നവരോട് ഭക്തിയും,സത്യത്തോടു ബഹുമാനവും പഠനവിഷയങ്ങളോട് അഭിരുചിയുമുണ്ടായിരിക്കട്ടെ.
സ്വാശ്രയശീലരാകാന്‍ അവരെ അഭ്യസിപ്പിക്കുവിന്‍. ഇതെല്ലാം ചെയ്തു കഴിഞ്ഞ് നിങ്ങള്‍ നിസ്സംഗരായി വര്‍ത്തിക്കണം. നിങ്ങള്‍ക്കും  ഈശ്വരനും മദ്ധ്യേ  വ്യക്തികളോടുള്ള സ്‌നേഹം വിലങ്ങുതടിയായി നില്‍ക്കരുത്. യാതൊരു സംഭവവും നിങ്ങളുടെ മനശ്ശാന്തിയെ ശിഥിലമാക്കരുത്. ഈ മഹത്തായ ആദ്ധ്യാത്മികബലമാണ് നിങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതെന്നാണ് അമ്മ ആഗ്രഹിക്കുന്നത്.    

No comments:

Post a Comment