Thursday, February 21, 2019

ശംഖ്‌. പ്രകാശ പൂര്‍ണമായ ആകാശമെന്നാണ്‌ ശംഖ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. ഒരു കളങ്കവുമില്ലാത്ത നിര്‍മ്മലമായ അവസ്ഥ സര്‍വ്വവ്യാപിയായ പരമാത്മാവിനെ സൂചിപ്പിക്കുന്നു. പഞ്ചഭൂതാത്മകമായ പ്രപഞ്ചം ശബ്ദത്തില്‍ നിന്നാണ്‌ ഉരുത്തിരിഞ്ഞുവന്നത്‌. വിശ്വപ്രപഞ്ചത്തിന്റെ ആദികാരണമായ പ്രണവശബ്ദം ശംഖിലൂടെയാണ്‌ പ്രവഹിക്കുന്നത്‌. ഇതിന്റെ അര്‍ത്ഥം ശബ്ദരൂപമായ പ്രപഞ്ചത്തെ ശംഖ്‌ പ്രതിനിധാനം ചെയ്യുന്നു എന്നാണ്‌. ശംഖില്‍ ജലം നിറയ്ക്കുന്ന ക്രിയയെയാണ്‌ ശംഖപൂരണം എന്നുപറയുന്നത്‌. ശംഖില്‍ നിറയ്ക്കുന്ന ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലമാണെന്ന്‌ പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്‌. വാസ്തവത്തില്‍ പൂജോപകരണങ്ങളും, പൂജാദ്രവ്യങ്ങളും ശുദ്ധമാക്കുവാന്‍ പരിശുദ്ധമായ ജലം മന്ത്രസഹായത്തോടെ സൃഷ്ടിക്കുകയാണ്‌ പൂജാരി ശംഖപൂരണമെന്ന ക്രിയകൊണ്ട്‌ ചെയ്യുന്നത്‌. കല്‍പാന്ത പ്രളയത്തില്‍ സകല ചരാചരങ്ങളും വിലയം പ്രാപിച്ച്‌ കാരണജലമായി മറ്റൊരു കല്‍പം വരെ നിലനില്‍ക്കുന്നു. കാരണജലമാകട്ടെ മറ്റ്‌ പദാര്‍ത്ഥങ്ങളൊന്നും കൂടി കലരാനില്ലാത്തതുകൊണ്ട്‌ പരിശുദ്ധമായി തന്നെ നിലനില്‍ക്കുന്നു. മാലിന്യം സംഭവിക്കുന്നത്‌ ഏതെങ്കിലുമൊരു പദാര്‍ത്ഥത്തോടുകൂടി മറ്റൊരു പദാര്‍ത്ഥം കൂടി ചേരുമ്പോഴാണല്ലോ. സര്‍വവ്യാപിത്വമുള്ള ജലമാണ കാരണജലം. കാരണജലത്തില്‍ നിന്നാണ്‌ പിന്നീട്‌ സൃഷ്ടിജാലങ്ങളൊക്കെ ഉണ്ടാവുന്നത്‌. പരിശുദ്ധമായ കാരണജലത്തെയാണ്‌ ആവാഹനമന്ത്രത്തിലൂടെ പൂജാരി ശംഖജലത്തിലേക്ക്‌ ആവാഹിക്കുന്നത്‌. അമൃതതുല്യമായ കാരണജലത്തെ പൂജാരിയുടെ വലതുഭാഗത്തുവച്ച കിണ്ടിയിലേക്ക്‌ പകരുന്നു. കിണ്ടിയുടെ വാല്‍ മേല്‍പ്പോട്ടേക്ക്‌ ഉയര്‍ന്നു നില്‍ക്കുന്നത്‌ ഗംഗയുടെ ഊര്‍ദ്ധ്വ പ്രവാഹത്തെ സൂചിപ്പിക്കുവാന്‍ വേണ്ടിയാണ്‌. ഗംഗാജലം ശിവന്റെ ഉത്തമാംഗത്തില്‍ നിന്നാണല്ലോ പ്രവഹിക്കുന്നത്‌. കിണ്ടിയിലെ ജലം വാലിലൂടെ കൈയിലേക്ക്‌ പകരുന്ന പൂജാരി വാസ്തവത്തില്‍ ചെയ്യുന്നത്‌ ഗംഗാജലത്തെ കൈയിലേക്ക്‌ ശേഖരിക്കുക എന്നതാണ്‌. ഈ ജലമാണ്‌ പാജോപകരണങ്ങളേയും, പൂജാദ്രവ്യങ്ങളേയും ശുദ്ധമാക്കാന്‍ ഉപയോഗിക്കുന്നത്‌. ഇടതുവശത്ത്‌ വച്ചിരിക്കുന്ന കിണ്ടിയിലെ ജലം പഞ്ചഭൂതങ്ങളിലൊന്നായ ജലത്തെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌. ഇത്‌ കൈകള്‍ ശുദ്ധമാക്കാന്‍ മാത്രം ഉപയോഗിക്കുന്ന ജലമാണ്‌. പ്രത്യേകമുണ്ടാക്കിയ ശംഖ്കാലിലാണ്‌ ശംഖ്‌ വയ്ക്കുന്നത്‌. ശംഖ്കാല്‍ സാധകനെ പ്രതിനിധാനം ചെയ്യുന്നു. ശംഖപൂരണം ഏറ്റവും പരിശുദ്ധമായ കാരണജലത്തെ (ആദിജലത്തെ) പൂജ ചെയ്യുന്നതിനായി ആവാഹിക്കുന്ന ക്രിയയാണ്‌. ഈ സങ്കല്‍പത്തോടെ വേണം ക്രിയചെയ്യാന്‍. 'കുഴിക്കാട്ടുപച്ച'യില്‍ ശംഖപൂരണത്തെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ശംഖിലെ ജലം എന്താണെന്ന്‌ വ്യക്തമാക്കുന്നുണ്ട്‌. തീര്‍ത്ഥവാഹനമന്ത്രമായ 'ഗംഗേചയമുനേ ചൈവഗോദാവരി സരസ്വതി നിര്‍മ്മദേ സിന്ധു കാവേലി ജലേസ്മിന്‍ സന്നിധിം കുരു' എന്ന മന്ത്രം ജപിച്ച്‌ സൂര്യമണ്ഡലത്തില്‍ നിന്ന്‌ തീര്‍ത്ഥത്തെ ആഹ്വാഹിച്ച്‌ പത്മത്തെ പൂജിച്ച്‌ മൂര്‍ത്തിയെ സങ്കല്‍പിച്ച്‌ പ്രണവോചാര മൂലമന്ത്രങ്ങളെക്കൊണ്ട്‌ ദേവന ആവാഹിച്ച്‌ ആവാഹന മുദ്രകളെ കാണിച്ച്‌ മൂലന്ത്രം കൊണ്ട്‌ വ്യാപകാംഗന്യാസം ചെയ്ത്‌ മൂലമന്ത്രം കൊണ്ട്‌ പൂജിക്കണം. അതിനുശേഷം ശംഖിനെ ഇടതുകൈയില്‍വച്ച്‌ വലതുകൈകൊണ്ടടിച്ച്‌ മൂലമന്ത്രം എട്ട്‌ തവണ ജപിച്ച്‌ പ്രണവമന്ത്രം കൊണ്ട്‌ മൂന്നുതവണ അപ്യായിച്ച്‌ പരജലമായി (കാരണജലം) ധ്യാനിച്ച്‌ പൂജാഗൃഹത്തയും പൂജാസാധനകളേയും ആത്മാവിനേയും (പൂജാരിയേയും) മൂന്ന്‌ പ്രവശ്യം തളിയ്ക്കണം. - എ.കെ.ബി.നായര്‍

No comments:

Post a Comment