Friday, February 08, 2019

ഹരിഃ ഓം
കഴിഞ്ഞ പതിനേഴു ദിവസങ്ങളിലായി (ജനുവരി ഇരുപത്തിരണ്ടു മുതൽ ഫെബ്രുവരി ഏഴു വരെ) തിരുവനന്തപുരം ബോധാനന്ദ കേന്ദ്രത്തിൽ മാണ്ഡൂക്യോപനിഷദ് പഠന - പാഠനങ്ങൾ നടക്കുകയായിരുന്നു. ഇതിനിടയിൽ ഇരുപത്തി ഒൻപതാം തിയതി ബ്രഹ്മലീന മാ ആനന്ദ ചിന്മയി മാതാജിയുടെ സമാധി ആരാധനയും യതിപൂജയും അനുഭൂതി സമ്പന്നമായി.

   സദ്ഗുരു സംപൂജ്യ ബോധാനന്ദ സ്വാമിജി പ്രതിദിനം കാലത്ത് ഒൻപതര മുതൽ ഒരു മണി വരെ ഞങ്ങൾക്ക് (ഇരുപതോളം സാധകർക്ക്) ഇംഗ്ലീഷിൽ മാണ്ഡൂക്യോപനിഷത്ത് കാരികാ സഹിതം വ്യാഖ്യാനിച്ചു തരും. ചോദ്യോത്തരങ്ങളും ചർച്ചകളുമായി സമയം പോവുന്നതറിഞ്ഞിരുന്നില്ല. ഇതേ ദിവസങ്ങളിൽ വൈകീട്ട് ബോധാനന്ദ കേന്ദ്രത്തിൽ ഉപനിഷത് യജ്ഞവും ഒരുക്കിയിരുന്നു. സംപൂജ്യ സദ്ഗുരു സായാഹ്ന പ്രഭാഷണ പരമ്പര ചെയ്യാൻ നിർദ്ദേശിച്ചു. പതിനേഴു ദിവസവും ശ്രോതാക്കൾക്ക് രസിക്കും പ്രകാരം (ഒന്നര മണിക്കൂർ വീതം) കാര്യങ്ങൾ വിസ്തരിക്കാൻ വിഭവങ്ങൾ ഉണ്ടാവുമോ എന്നു സംശയിച്ചിരുന്നു. (ഒരു പഠന ക്ലാസ്സുപോലെയല്ലല്ലോ പ്രഭാഷണ പരമ്പര.) എന്നാൽ വൈകീട്ടത്തെ യജ്ഞം ശ്രോതാക്കളുടെ ശ്രദ്ധാപൂർണ്ണമായ പങ്കാളിത്തം കൊണ്ടും വിഭവസമൃദ്ധി കൊണ്ടും സമ്പന്നമായി. ആസ്വദിച്ച കൃതാർത്ഥത ഗുരുദക്ഷിണയായി സമർപ്പിക്കുന്നു.

ഇന്നലെ യജ്ഞസമാപനത്തിന് സംപൂജ്യ സദ്ഗുരു പ്രത്യേകമായ ഒരു രീതി നിർദ്ദേശിച്ചു. അതിൻ പ്രകാരം വൈകീട്ട് അഞ്ചു മുതൽ മാണ്ഡൂക്യോപനിഷദ് മന്ത്രങ്ങളും , കാരികാ ശ്ലോകങ്ങളും വേദിയിൽ ഞങ്ങൾ പാരായണം ചെയ്തു. തുടർന്ന് ഹരിഹരാന്ദ സ്വാമിജി പ്രൗഢഗംഭീര സ്വരത്തിൽ ഗോമാഹാത്മ്യ വർണ്ണനം ചെയ്തു. ബ്രഹ്മചാരി സുവേദ് ജി ആഗമപ്രകരണ സംഗ്രഹം അവതരിപ്പിച്ചു. (പതിനഞ്ചു മിനുട്ട് ഇംഗ്ലീഷിൽ ചെയ്ത ഭാഷണം അതി ഗംഭീരമായി) പ്രണവ് ജി സ്വതസിദ്ധ ശൈലിയിൽ വൈഥത്യ പ്രകരണം സംഗ്രഹിച്ചു. തുടർന്ന് അദ്വൈത പ്രകരണം സംഗ്രഹിക്കാൻ ലഭിച്ച അവസരം  ആസ്വദിച്ചു ചെയ്തു. സംപൂജ്യ സദ്ഗുരു അലാതി ശാന്തി പ്രകരണം അനായാസം സംഗ്രഹിച്ചനുഗ്രഹിച്ചത് അത്യന്തം നിർവൃതി പ്രദാനം ചെയ്തു.

ഇന്നലത്തെ സായാഹ്ന പരിപാടിക്കു മുമ്പ് കുറിച്ച ഉപനിഷദാസ്വാദനം പങ്കുവെക്കട്ടെ.
~~~~~~~~~~~~

നിത്യനും ശുദ്ധനും മുക്തനുമാണാത്മാ
സച്ചിദാനന്ദ സ്വരൂപൻ
സ്വാത്മ മഹത്വമാം മായതൻ വൈഭവം
കൊണ്ടു ചമച്ചതീ വിശ്വം

മായയിൽ മോഹിച്ചു വിസ്മയമാത്മാവു
ജീവാത്മഭാവത്തെ പുൽകി
പ്രാജ്ഞനും തൈജസ-വിശ്വനുമായിട്ടു
ജീവൻ നടിക്കുന്നു പാരിൽ

പൂർണ്ണത നേടാനപൂർണ്ണതാ ബോധത്താൽ
കാമിപ്പൂ ലോക വൈവിധ്യം
സ്വപ്നാദ്യനുഭവ ലോകം നുകർന്നഥ
സംസാര മാർഗ്ഗേചരിപ്പൂ.

ജാഗ്രത്തിൽ കർമ്മങ്ങൾ ചെയ്തു പല വിധം
വാസനാ സഞ്ചയം തീർത്തും
സ്വപ്ന ലോകങ്ങളെ മായികം സൃഷ്ടിച്ച്
സത്യമെന്നോർത്തു ഭുജിച്ചും

എല്ലാം മറന്നങ്ങു ഗാഢമാം നിദ്രയിൽ
സൗഖ്യ സ്വഭാവമിയന്നും
കർത്തൃത്വ ഭോക്തൃത്വ ഭാവങ്ങളാലേറെ
ജന്മങ്ങൾ പുൽകുന്നു ജീവൻ

ജന്മജന്മാന്തര പുണ്യത്താൽ മോചന
താത്പര്യമുളളിലുണർന്നാൽ
സംസാര മോക്ഷപ്രദായകൻ സദ്ഗുരു
നാഥനെയാശ്രയിച്ചീടും.

ശാസ്ത്രോപദേശപ്രകാരം ഗുരുവര
കാരുണ്യ സ്നിഗ്ദ്ധ പ്രസാദം
നന്നായി കേട്ടുഗ്രഹിച്ചു മനനത്താൽ
ധ്യാനത്തെ സാർത്ഥകമാക്കും

മായാവിമോഹം ജയിച്ചാൽ വിവർത്തമാം
ലോകത്തിൽ ഭ്രാന്തിയൊഴിയും
ജീവനുമജ്ഞാന ദുഃഖം വെടിഞ്ഞാത്മ
സായൂജ്യം, മോചനം നേടും

സദ്ഗുരുനാഥോപദേശങ്ങൾ നിത്യവും
ധ്യാനിക്കിൽ മുക്തി സുലഭം
മിഥ്യാഭിമാനങ്ങളെല്ലാം ത്യജിച്ചാത്മ
വിശ്രാന്തിയാസ്വദിച്ചീടാം

"അദ്വൈത സാരമേ സത്യം ജഗത്തിന്റെ
വൈവിധ്യമൊക്കേയും മിഥ്യ
ബ്രഹ്മ വിവർത്തമാണായതെന്നള്ളതു
ചിന്തിച്ചു നിർഭയരാകാം.

ഇല്ലാതിരുന്നതുണ്ടായിട്ടു പിന്നീടു -
മില്ലാതെയാകുന്നുവെങ്കിൽ
വല്ലായ്മ നൽകുന്നൊരത്തരം ഭ്രാന്തികൾ
സത്യമല്ലെന്നതു നൂനം

ഇഷ്ടാദി മാനസ വൃത്തികൾ വീക്ഷിച്ചു
വസ്തു യാഥാർത്ഥ്യമറിയാം
ആനന്ദം തേടിയലയേണ്ട വിശ്വത്തിൽ
ആനന്ദമാത്മസ്വരൂപം

ഓങ്കാരമന്ത്രമനന ധ്യാനത്തിനാൽ
ആകാരഭ്രാന്തി ഹനിക്കൂ
ജാഗര സ്വപ്നങ്ങൾക്കാധാരമായുള്ള
പ്രാഞ്ജന്റെ തത്വമറിയൂ

മാത്രകളെല്ലാമലിഞ്ഞു ചേരുന്നിഹ
മാത്രാവിഹീനൻ  തുരീയൻ
അവ്യയനാനന്ദൻ ജ്ഞപ്തി സ്വരൂപനാ-
ണാധാരമെന്നും ഗ്രഹിക്കൂ

അന്യമല്ലെങ്കിലും ലോകം ലസിക്കുന്നു
ആത്മാവിൻ മായാ പ്രഭാവം
ആനന്ദപൂർണ്ണനായാത്മാവിൻ ശേഷികൾ
ആവിഷ്ക്കരിച്ചു വസിക്കൂ .

ഈ വിധം തത്വമറിഞ്ഞിട്ടു ലോകത്തിൽ
ലീലാ വിഹാരത്തെ ചെയ്യൂ
കാമങ്ങളില്ലാതെ വിശ്വത്തിൻ ക്ഷേമത്തെ
കാമിച്ചു കർമ്മങ്ങൾ ചെയ്യൂ "

മോക്ഷപ്രദായകമാദേശമുൾക്കൊണ്ടാൽ
ദക്ഷിണയാക്കിടാം ജന്മം
പഞ്ചഭൂതാത്മകമാകും ശരീരങ്ങൾ
ഉത്തമ നൈവേദ്യമാക്കാം.

പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ
08.02.'19

No comments:

Post a Comment