Friday, February 08, 2019

🌾🌾🌾🌾🌾🌾🌾🌾🌾🌾🌾
*_വിടപറയുന്ന കാര്‍ഷികാചാരങ്ങള്‍_*
♾♾♾♾♾♾♾♾♾♾♾

_ചിങ്ങം ഒന്ന് കേരളീയര്‍ക്ക് പുതുവര്‍ഷാരംഭമാണ്. ഈ ദിവസം കര്‍ഷകദിനമായി ആചരിക്കുന്നു._

_കേരളം പതുക്കെ കാര്‍ഷിക വൃത്തിയോട് വിട പറയുകയാണ്. എങ്കിലും പഴയ കാര്‍ഷിക സംസ്കാരത്തിന്‍റെ ഭാഗമായ ചില ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ തലമുറ ഈ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുന്നത് നന്ന് ._

_കൃഷി ഭക്ഷണം കഴിച്ചു ജീവിക്കാനുള്ള ഒരു ശീലം മാത്രമായിരുന്നില്ല. കേരളീയ ജീവിതത്തിന്‍റെ നട്ടെല്ലായിരുന്നു അത്. അതില്‍ പല സാംസ്കാരിക തനിമകളും ഉള്‍ച്ചേര്‍ന്നിരിക്കുന്നു, പ്രത്യേകിച്ച് നെല്‍ക്കൃഷിയുടെ കാര്യത്തില്‍._

_നിലമൊരുക്കുന്നത് മുതല്‍ വിത്തെറിഞ്ഞ് മുളപ്പിച്ച് ഞാറ് മാറ്റിനട്ട് കൊയ്യുന്നത് വരെയുള്ള ഘട്ടങ്ങളിലായി പല പല അനുഷ്ഠാനങ്ങളും ആഘോഷങ്ങളും കേരളത്തില്‍ നടക്കാറുണ്ട്. ഞാറ്റുവേലകള്‍ ഫലപ്രദം ആകാത്ത ഈ കാലഘട്ടത്തില്‍ വയലിലെ കൊയ്ത്ത് പാട്ടുകളും നിലമുഴലിന്‍റെ താളങ്ങളും അന്യമായിക്കൊണ്ടിരിക്കുകയാണ്._

*_ഉച്ചാറല്‍ (ഉച്ചാര),ചങ്ക്രാന്തി, പൊലി, ഇല്ലംനിറ, പുത്തരി, കളം‌പെരുക്കല്‍, കങ്ങാണി, കൊയ്ത്ത് വേല, പോത്തോട്ടം, കറ്റപ്പാട്ട് കഴിക്കല്‍, കൈക്കോട്ട് ചാല്, തുലാപ്പത്ത്, കതിരുത്സവം, ദേശവലത്ത്, കതിര്‍മെടച്ചില്‍, കാര്‍ത്തിക ദീപം കത്തിക്കല്‍ തുടങ്ങി ഒട്ടേറെ ആചാരങ്ങള്‍ നിലനിന്നു പോന്നു._*

*ഉച്ചാര*

_കൃഷിഭൂമിയുടെ വിശ്രമസമയത്തെയാണ് ഉച്ചാരല്‍ അഥവാ ഉച്ചാര ചടങ്ങ് കൊണ്ട് ഉദ്ദേശിക്കുന്നത്. മകരക്കൊയ്ത്ത് കഴിഞ്ഞാണ് ഈ ആചാരം അനുഷ്ഠിക്കാറ്. കുംഭം, മീനം മാസങ്ങളില്‍ വേനല്‍ കടുക്കുന്നതോടെ കൃഷിപ്പണി സാധ്യമല്ലാതാവും. നാലു ദിവസങ്ങളായാണ് ഉച്ചാറല്‍ ചടങ്ങ് നടക്കുക._

_ഈ ദിവസം വിത്തെടുക്കാനോ നെല്ല് കൈമാറാനോ പണിയായുധങ്ങള്‍ തൊടാനോ പാടില്ല. പത്തായം തുറക്കാതിരിക്കാന്‍ വള്ളികള്‍ കൊണ്ട് കെട്ടിവയ്ക്കും. പാട്ടക്കൃഷി ചെയ്യുന്നവര്‍ എല്ലാ കണക്കുകളും ഈ ദിവസങ്ങളില്‍ തീര്‍ക്കും. ഭൂമിദേവി പുഷ്പിണിയാവുന്ന കാലം എന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിക്കാറ്._


*ചങ്ക്രാന്തി*

_സംക്രാന്തി എന്ന വാക്കില്‍ നിന്നാണ് നാടന്‍ പ്രയോഗമായ ചങ്ക്രാന്തി ഉണ്ടായത്. ഇത് വടക്കന്‍ മലബാറിലാണ് പ്രധാനമായും കണ്ടുവരുന്നത്. മിഥുനം കഴിഞ്ഞ് കര്‍ക്കിടകമാവുമ്പോഴാണ് ചങ്ക്രാന്തിക്ക് അഘോഷങ്ങള്‍ ഉണ്ടാകാറുള്ളത്. വരുന്ന വര്‍ഷം നല്ല വിളവ് തന്ന് അനുഗ്രഹിക്കാനുള്ള പ്രാര്‍ത്ഥനയാണ് ഈ ചടങ്ങ്._

_അന്ന് കുട്ടികള്‍ വാഴത്തട കൊണ്ട് ചെറിയ കോണിയും നുകവും പ്ലാവില കൊണ്ട് കാളകളും ഉണ്ടാക്കി വാഴയിലയില്‍ വച്ച് സന്ധ്യയ്ക്ക് ഫലവൃക്ഷങ്ങളുടെ ചുവട്ടില്‍ കൊണ്ടുവയ്ക്കുന്നു. കോണ്‍ മരത്തിലേക്ക് ചാരിവയ്ക്കും._

_വീട്ടിലുള്ള എല്ലാവരും മരത്തിനു ചുറ്റും ചെന്ന് കലിയാ കലിയ കുയ്.. ചക്കയും മാങ്ങയും തരണേ.. എന്ന് വിളിച്ചു പ്രാര്‍ത്ഥിക്കും. ഈ ദിവസം തകരയില കൊണ്ട് ഉപ്പേരിയും പുഴുക്കും മറ്റും വീടുകളില്‍ ഉണ്ടാക്കി കഴിക്കുകയും ചെയ്യും._

*ഇല്ലം നിറ*

_കര്‍ക്കിടകത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് ഇല്ലം നിറ. പാടത്ത് നിന്ന് വിളഞ്ഞ കതിര്‍ മുറിച്ച് വീടിന്‍റെ പടിക്കല്‍ കൊണ്ട് വരും. ദശപുഷ്പങ്ങളും ചില ഇലകളും വച്ച തൂശനയിലയും വച്ച് വീട്ട് മുറ്റത്തേക്കോ അകത്തെ മച്ചിലേക്കോ കൊണ്ടുപോകും._

_ഇതിനു മുമ്പില്‍ കൊളുത്തിയ നിലവിളക്കുമായി ഒരാള്‍ നടക്കും. നിറ നിറ പൊലി പൊലി ഇല്ലം നിറ വല്ലം നിറ പത്തായം നിറ എന്ന് ഉരുവിട്ട് വീട്ടില്‍ എല്ലാവരും പിന്തുടരും. നിലവിളക്കിനെ പ്രദക്ഷിണം വച്ച ശേഷം ജനലിലും വാതിലിലും അരിമാവ് അണിഞ്ഞ് ചാണകം ചേര്‍ത്ത് കതിര് പതിച്ചു വയ്ക്കും._

_ചിലര്‍ കതിര്‍ കെട്ടിത്തൂക്കിയിടും. കൃഷിയില്ലാത്തവര്‍ ഇപ്പോള്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള ഇല്ലം നിറ ചടങ്ങില്‍ ലഭിക്കുന്ന കതിരു കൊണ്ടുപോയി വീട്ടിലോ പൂജാമുറിയിലോ വയ്ക്കുകയാണ് പതിവ്._


*പുത്തരി*

_ചിങ്ങമാസം കേരളത്തിന്‍റെ വിളവെടുപ്പ് മാസമാണ്. ആദ്യം കൊയ്ത നെല്ലുകൊണ്ട് ആഹാരം ഉണ്ടാക്കി കഴിക്കുന്ന ചടങ്ങാണ് പുത്തരി._

_പുത്തരിച്ചോറ്, പുത്തരി അവല്‍, പുത്തരി പായസം, പുത്തരിയുണ്ട എന്നിങ്ങനെ പുതുനെല്ല് കുത്തിയുണ്ടാക്കി കിട്ടുന്ന അരികൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളാണ് ഈ ചടങ്ങിന് ഉപയോഗിക്കുക ._

_പുത്തരിയോട് അനുബന്ധിച്ച് വലിയ പുത്തരി സദ്യകള്‍ പണ്ട് നടത്താറുണ്ടായിരുന്നു. ഗുരുവായൂര്‍, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലും പുത്തരി ആഘോഷിക്കാറുണ്ട്._

*പൊലി*

_കൊയ്ത്തുമായി ബന്ധപ്പെട്ടതാണ് പൊലി എന്ന ആചാരം. കൃഷിപ്പണിക്കാര്‍ ശുഭ്രവസ്ത്രങ്ങള്‍ ധരിച്ച് വിളഞ്ഞുകിടക്കുന്ന പാടത്തേയ്ക്കിറങ്ങുന്നു. വരമ്പത്ത് കത്തിച്ച നിലവിളക്ക് വച്ച് പൊലിയോ പൊലി .... എന്ന ആര്‍പ്പുവിളിയോടെ കൊയ്ത്ത് തുടങ്ങുന്നു._

_അരിവാള്‍ പിടിക്കുമ്പോള്‍ കൈയില്‍ കാഞ്ഞിരത്തിന്‍റെ ഇല കൂട്ടിപ്പിടിച്ചിരിക്കും. കൊയ്യുന്ന അദ്യത്തെ കറ്റ നിലവിളക്കിനു മുകളില്‍ കാട്ടി അപ്പോള്‍ തന്നെ പൊലിച്ചെടുക്കും. ഈ കറ്റകള്‍ ചിലപ്പോള്‍ വീടുകളില്‍ കൊണ്ടുപോയി തൂക്കിയിടാറുണ്ട്._


*കറ്റപ്പാട്ട് കഴിക്കല്‍*

_വടക്കന്‍ മലബാറിലെ ഒരു പ്രധാന കാര്‍ഷിക ആചാരമാണ് കറ്റപ്പാട്ട് കഴിക്കല്‍. വിളഞ്ഞുകിടക്കുന്ന വയലുകളിലൂടെ പുള്ളുവര്‍ ഐശ്വര്യത്തിനു വേണ്ടി വീണമീട്ടി പാടുന്ന ചടങ്ങാണിത്._

_ഭൂമിയില്‍ കൃഷി എങ്ങനെ തുടങ്ങി എന്ന് അവര്‍ പാട്ടിലൂടെ വിവരിക്കും. കേരളത്തില്‍ കണ്ടുവരുന്ന നൂറിലേറെ വിത്തുകളുടെ കാര്യവും പരാമര്‍ശിക്കും. പാടുന്ന പുള്ളുവര്‍ക്ക് കൃഷിക്കാരന്‍ നെല്‍ക്കറ്റകള്‍ പ്രതിഫലമായി നല്‍കുകയും ചെയ്യും._

*കൈക്കോട്ട്‌ചാല്*

_പാടത്ത് വിത്തിറക്കാന്‍ പറ്റിയ ദിവസമാണ് കൈക്കോട്ട് ചാല്‍ ആചാരം നടക്കുക. മിക്കവാറും പത്താമുദയ ദിവസമായിരിക്കും ഈ ചടങ്ങ്. ചിലയിടങ്ങളില്‍ വിഷു കഴിഞ്ഞുള്ള നല്ല ദിവസങ്ങളിലും കൈക്കോട്ട് ചാല്‍ നടക്കാറുണ്ട്._

_കൊന്നപ്പൂവ് ചേര്‍ത്തു കുഴച്ചുവച്ച വിത്തുകളാണ് കണ്ടത്തില്‍ വിതയ്ക്കുക. അവിടെ കൈതത്തണ്ടില്‍ ഓലച്ചൂട്ട് കത്തിച്ചുവച്ചിരിക്കും. ഒരുക്കളെ നന്നായി കുളിപ്പിച്ച് മാലയും കുറിയുമിടീച്ചാണ് വയലിലിറക്കുക._


*കളം‌പെരുക്കല്‍*

_മകരത്തിലെ മറ്റൊരു ചടങ്ങാണ് കളം‌പെരുക്കല്‍. മകരക്കൊയ്ത്ത് കഴിഞ്ഞ് കൊണ്ടുവരുന്ന കറ്റ മെതിക്കാന്‍ മണ്ണ് അടിച്ചുറപ്പിച്ച് ചാണകം മെഴുകി കളമുണ്ടാക്കുന്ന ചടങ്ങാണിത്. ഒരു കീറ് മെടഞ്ഞ ഓല കൊണ്ട് കളത്തിന്‍റെ ഒരു മൂലയ്ക്ക് മുളങ്കമ്പ് കുഴിച്ചുവച്ചിരിക്കും. അതില്‍ ആലില, മാവില, കാഞ്ഞിരയില എന്നിവ കെട്ടിവയ്ക്കും._

_കൊയ്ത കറ്റ കളത്തിലേക്ക് കൊണ്ടുവരുന്നതിനു മുമ്പ് ഒരു കൊയ്ത്തുകാരന്‍ ഒരു പിടി കതിരെടുത്ത് കളത്തിലെത്തി നിലവിളക്ക് കത്തിച്ച് തേങ്ങയുടച്ച് കതിര് മുളം‌കമ്പിലെ ഇലകള്‍ക്ക് നടുവില്‍ വയ്ക്കും. ഈ ചടങ്ങ് കഴിഞ്ഞേ കൊയ്ത കതിരുകള്‍ കളത്തിലേക്ക് കൊണ്ടുവരാവു._


*കങ്ങാണി*

_കൊയ്ത്ത് കഴിഞ്ഞാല്‍ വിളവ് ഈശ്വരന് സമര്‍പ്പിക്കുന്ന ചടങ്ങാണ് കങ്ങാണി. തൊട്ടടുത്ത അമ്പലങ്ങളിലാണ് കങ്ങാണി നല്‍കുക. ആദ്യം കൊയ്ത് കിട്ടുന്ന കറ്റയോ അല്ലെങ്കില്‍ മെതിച്ച് കിട്ടുന്ന നെന്മണികളോ ആണ് അമ്പലത്തില്‍ നല്‍കുക._

*കൊയ്ത്ത്‌വേല*

_കാര്‍ഷിക ദേവതയ്ക്കുള്ള നിവേദ്യമാണ് കൊയ്ത്ത് ‌വേല. കൊയ്ത്തും മെതിയും കഴിഞ്ഞാല്‍ കര്‍ഷകര്‍ വിതയ്ക്കാന്‍ എടുത്തുവച്ച വിത്തില്‍ നിന്നും കുറച്ചെടുത്ത് കൃഷിദേവതയ്ക്ക് സമര്‍പ്പിക്കുന്നു. അടുത്ത വര്‍ഷം നല്ല വിളവു കിട്ടാനുള്ള പ്രാര്‍ത്ഥനയാണ് ഇതിനു പിന്നില്‍. ചിലയിടങ്ങളില്‍ വിത്ത് ക്ഷേത്രങ്ങളില്‍ കൊണ്ടുപോയി പൂജിക്കാറുമുണ്ട്._

*മരമടി അല്ലെങ്കില്‍ പോത്തോട്ടം*

_തുലാമാസത്തിലെ കറുത്ത വാവിനാണ് മരമടി അഥവാ പോത്തോട്ടം നടക്കാറ്. പൂട്ടിയിട്ട് ഒരുകിവച്ച വയലിലേക്ക് കാളകളെ അല്ലെങ്കില്‍ പോത്തുകളെ ഇറക്കി മത്സരിച്ച് ഓടിപ്പിക്കുന്നതാണ് ഈ ചടങ്ങ്._

_മരമടിക്കാരന്‍ നുകത്തില്‍ കെട്ടിവച്ച പലകയില്‍ (മരത്തില്‍) ചവുട്ടി നില്‍ക്കുകയും മറ്റൊരാള്‍ ഉരുക്കളെ തെളിച്ച് മുന്നോട്ട് പായിക്കുകയും ചെയ്യും. മൃഗങ്ങളെ പീഢിപ്പിക്കുന്നു എന്ന പേരില്‍ പലയിടത്തും ഈ ആചാരത്തിന് നിയന്ത്രണങ്ങള്‍ വന്നിട്ടുണ്ട്._
♾♾♾♾♾♾♾♾♾♾♾
_(3196)_*⚜HHP⚜*
       *_💎💎 താളിയോല💎💎_*
🌾🌾🌾🌾🌾🌾🌾🌾🌾🌾🌾

No comments:

Post a Comment