Saturday, February 02, 2019

ശ്രീകൃഷ്ണചരിതവും ഭാഗവതത്തെ ആധാരമാക്കിയ പ്രാര്‍ഥനാനിര്‍ഭരമായ സ്തുതികളും ചേര്‍ത്തെഴുതിയ ആയിരത്തിലേറെ ശ്ലോകങ്ങളുള്ള ഗ്രന്ഥമാണ് നാരായണീയം. വാതരോഗത്തിന്റെ വേദനയില്‍ പിടയുമ്പോള്‍ നിറഞ്ഞ ഭക്തിയോടെ മേല്‍പുത്തൂര്‍ എഴുതിയ ഗ്രന്ഥമാണ് നാരായണീയം. ഭാഗവതത്തിലേതുപോലെ അതില്‍ പ്രാര്‍ഥനയുണ്ട്, കഥയുണ്ട്, ജീവിതാനുഭവമുണ്ട്, പ്രപഞ്ചസത്യവുമുണ്ട്. എന്നാല്‍ നേരിട്ടുള്ള ഉപദേശങ്ങള്‍ കുറവാണ്.
ഒന്നാം ദശകം 
(ഗുരുവായൂരപ്പ ദര്‍ശനവിവരണം) 
ഉപനിഷത്തുക്കള്‍ വിവരിക്കുന്ന ബ്രഹ്മം തന്നെയാണ് ഗുരുവായൂരപ്പനെന്നും അവ്യക്തവും കാലദേശാതീതവുമായ ചൈതന്യമായ ഗുരുവായൂരപ്പന്‍ ബ്രഹ്മമാണെന്ന് ആദ്യദര്‍ശനത്തില്‍ മനസ്സിലാകില്ലെന്നും മേല്‍പുത്തൂര്‍  വിവരിച്ചു കൊണ്ട് നാരായണീയം ആരംഭിക്കുന്നു. 
മറ്റു ദേവന്മാരെ  ആരാധിക്കുന്നതിനേക്കാള്‍ ശ്രേഷ്ഠവും എളുപ്പവും ഗുരുവായൂരപ്പ ആരാധനയാണെന്നും വിവരിക്കുന്നു. ഗുരുവായൂരപ്പന് പൂര്‍ണമായും സാത്വിക ശരീരവും ഭാവവുമാണുള്ളതെന്നും പരിശുദ്ധവും മായാശക്തി സമേതവും ലക്ഷ്മീസമേതനുമായ ഗുരുവായൂരപ്പനെ ഞാന്‍ ആരാധിക്കുന്നു എന്നും കീര്‍ത്തിക്കുന്നു. സര്‍വസൃഷ്ടികള്‍ക്കുമാധാരവും, ദു:ഖനാശകനും കല്‍പവൃക്ഷം പോലെ ഭക്തര്‍ക്കായി നിലകൊള്ളുന്നവനും സ്വയം ഭക്തര്‍ക്കായി അര്‍പ്പിക്കപ്പെട്ടവനും
പ്രപഞ്ചതേജസ്സിനാധാരവും ഒന്നിനോടും ബന്ധനമില്ലാത്തവനുമായ ഗുരുവായൂരപ്പാ, ഞാന്‍ അങ്ങയെ പ്രണമിക്കുന്നു. 
രണ്ടാം ദശകം (ഗുരുവായൂരപ്പ 
ദര്‍ശന സൗഭാഗ്യ മഹത്വം) 
ഗുരുവായൂരപ്പന്റെ മുഖകമലം, ചതുര്‍ഭുജങ്ങള്‍, പാദകമലങ്ങള്‍ അതിസുന്ദരമായ ശരീരം, കൗതുകരൂപം, ഐശ്വര്യ ദേവതയുടെ സാന്നിധ്യം, ലക്ഷ്മീവല്ലഭ സ്ഥാന മഹത്വം, ആശ്ചര്യമുളവാക്കുന്ന സായൂജ്യം, ജ്ഞാനയുക്തികര്‍മധ്യാന മാര്‍ഗങ്ങളിലൂടെ ഗുരുവായൂരപ്പ സന്നിധിയിലെത്തുന്ന ഭക്തര്‍ക്കു ലഭിക്കുന്ന സായൂജ്യവും അന്ത്യത്തില്‍ ലഭിക്കുന്ന മോക്ഷവും ഞാന്‍ ഭക്തിപുരസ്സരം കീര്‍ത്തിക്കുന്നു. 
മൂന്നാം ദശകം (ഗുരുവായൂരപ്പ ഭക്തിയുണ്ടാകാനുള്ള പ്രാര്‍ഥന) 
ഭക്തിമാര്‍ഗങ്ങളുടെ സവിശേഷതകളെക്കുറിച്ചും ഭക്തരുടെ സായൂജ്യാനുഭൂതിയെക്കുറിച്ചും വിവരിക്കുന്നു. ഗുരൂവായൂരപ്പ നാമജപസ്മരണ, മേല്‍പുത്തൂരിന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റേണമേ എന്ന പ്രാര്‍ഥന, രോഗമുക്തനാക്കണമേ എന്ന പ്രാര്‍ഥന, ഭക്തര്‍ക്കു ലഭിക്കുന്ന പരമാനന്ദം, ആത്മജ്ഞാനം, കൂടുതല്‍ ഭക്തിയുണ്ടാകണമെന്ന ആഗ്രഹം, ഭക്തിയുടെ വളര്‍ച്ചയും മധുരഭാവവും തന്റെ പാദങ്ങള്‍ക്ക്
എന്നെന്നും ക്ഷേത്ര ദര്‍ശനത്തിനായുള്ള ശക്തിയുണ്ടാകണമെന്ന അപേക്ഷ, സ്വന്തം കര്‍മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളെയും ഈശ്വരാരാധനയ്ക്കായി കൂടുതല്‍ ശക്തിയുള്ളതാക്കണമെന്ന പ്രാര്‍ഥന, ഭക്തരല്ലാത്തവര്‍ പോലും സുഖത്തോടെ ജീവിക്കുമ്പോള്‍, ഞാന്‍ മാത്രം നിത്യവേദനയനുഭവിക്കുന്നു. ആ ശാരീരിക മാനസിക വേദനകളില്‍ നിന്ന് മോചനം തരണമെന്ന ( മേല്‍പുത്തൂരിന്റെ)  യാചനയോടെ അദ്ദേഹം പാദങ്ങളില്‍ നമസ്‌ക്കരിക്കുന്നു. സ്തുതിച്ച് പൂജിക്കുന്നു.
നാലാംദശകം 
(ഗുരുവായൂരപ്പ ധ്യാനം) 
യമനിയമ ആസന പ്രാണായാമപ്രത്യാഹാര ധാരണ ധ്യാന സമാധി എന്നീ അഷ്ടാംഗമാര്‍ഗങ്ങളിലൂടെ ചരിക്കുന്നവന് ലഭിക്കുന്ന സായൂജ്യം വിവരിക്കുന്നു. അഷ്ടാംഗ യോഗത്തിലൂടെ ഗുരുവായൂരപ്പ ഉപാസന നടത്താനുള്ള ആരോഗ്യത്തിനു വേണ്ടിയുള്ള പ്രാര്‍ഥന.
ഞാന്‍ യോഗധ്യാനത്തിലൂടെ ഉപാസിക്കാമെന്ന പ്രതിജ്ഞ, പ്രണവമന്ത്രം ജപിച്ച് ഇന്ദ്രിയ നിഗ്രഹം ചെയ്ത് അങ്ങയെ ധ്യാനിച്ച്, പാദസ്മരണ ചെയ്ത്, സുന്ദരരൂപം തന്നെ സ്മരിച്ച് സര്‍വകലാസമന്വിതമായ രൂപം ധ്യാനം ചെയ്ത്, ബ്രഹ്മാനന്ദത്തിനുതകും വിധം പൂജാ ധ്യാനം എന്നിവ ചെയ്ത്, ധാരണധ്യാനത്തിലൂടെ സമാധിയിലെത്തി പരബ്രഹ്മരൂപം ദര്‍ശിച്ച് ശുകനാരദ വ്യാസന്മാരുടെ നിലവാരത്തിലെത്തി,
സുഷുമ്‌നാനാഡിയെ പ്രോജ്വലിപ്പിച്ച് ലൗകിക ജീവിതത്തില്‍ ബന്ധനങ്ങളില്ലാതെ, ജീവന്‍ ത്യജിക്കുമ്പോഴും ഗുരുവായൂരപ്പ സ്മരണയില്‍ മുഴുകി, ഉത്തരായനത്തിലെ വെളുത്തപക്ഷം പകല്‍ സമയം ശരീരമുപേക്ഷിച്ച് ദേവാനുഗ്രഹത്താല്‍ സൂര്യലോകവും ധ്രുവലോകവും പിന്നീട് മഹര്‍ലോകവും, പിന്നീട് ബ്രഹ്മലോകവും പ്രാപിക്കാന്‍ അനുഗ്രഹിക്കേണമേ! ബ്രഹ്മലോകത്തിലും വൈകുണ്ഠത്തിലും കല്‍പാന്തകാലം വരെ ആത്മാവ് വിഹരിച്ച് അല്ലെങ്കില്‍ എളുപ്പവഴിയിലൂടെ ബ്രഹ്മത്തില്‍ ലയിക്കാനനുവദിക്കേണമേ! അതിലുമുത്തമമായ അങ്ങയുടെ പാദകമലങ്ങളിലലിഞ്ഞു ചേരേണമേ! പുനര്‍ജനന മരണങ്ങളുടെ ക്ലേശമനുഭവിക്കാതെ അങ്ങയിലലിഞ്ഞു ചേരാനാകേണമേ ഗുരുവായൂരപ്പാ. 
('നാരായണീയം സംക്ഷിപ്തം'  എന്ന പുസ്തകത്തില്‍ നിന്ന്‌)

No comments:

Post a Comment