Friday, February 08, 2019

ഒരിക്കൽ അക്ബർ ചക്രവർത്തിയുടെ രാജ്യ സദസ്സിൽ ഒരു ബഹുഭാഷാ പണ്ഡിതൻ വന്നു. സദസ്സിലുണ്ടായിരുന്ന വിദ്വാൻമാരെ നോക്കി അദ്ദേഹം ഒരു വെല്ലുവിളി നടത്തി.

"എൻറെ മാതൃഭാഷ കണ്ടുപിടിക്കാൻ സാധിക്കുന്ന ആരെങ്കിലും ഈ സദസ്സിലുണ്ടോ?"

സദസ്സിലെ പലരും പല ഭാഷകളിലും സംസാരിച്ച് നോക്കി, പക്ഷേ എല്ലാ ഭാഷകളിലും ഒരേ നൈപുണ്യം പുലർത്തിയിരുന്ന പണ്ഡിതൻറെ മാതൃഭാഷ കണ്ടുപിടിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.
ബീർബൽ മാത്രം ഒന്നും മിണ്ടാതെ നിന്നു.

രാജ്യസദസ്സിലെ വിദ്വാൻമാർക്ക് പ്രശ്‌നം പരിഹരിക്കാൻ ഒരു ദിവസത്തെ സമയം കൂടി അനുവദിച്ച് കൊടുത്തുകൊണ്ട് അന്ന് രാത്രി ബഹുഭാഷാ പണ്ഡിതൻ കൊട്ടാരത്തിൽ തന്നെ തങ്ങി.

രാത്രി കനത്തപ്പോൾ പണ്ഡിതൻ ഗാഢ നിദ്രയിലായി. ബീർബൽ ഒരു വടിയുമായി പതുങ്ങി ചെന്ന് പണ്ഡിതൻറെ കാലിൽ ആഞ്ഞൊരു അടി കൊടുത്തു. വേദനകൊണ്ടു പുളഞ്ഞ പണ്ഡിതൻ ഞെട്ടി എഴുന്നേറ്റ് അലറി വിളിച്ചു

"Ouch!!! Ouch!!! Who the hell is this, you scoundrel, I will kill you"

പണ്ഡിതന് മുഖം കൊടുക്കാതെ ബീർബൽ ഇരുളിൻറെ മറപറ്റി ഓടി രക്ഷപ്പെട്ടു.

പിറ്റേന്ന് രാജ്യസദസ്സിൽ എത്തിയ പണ്ഡിതന് മുൻപിൽ ബീർബൽ പറഞ്ഞു "അങ്ങയുടെ മാതൃഭാഷ ഇംഗ്ളീഷ് ആണ് എന്ന് ഞാൻ കണ്ടുപിടിച്ചിരിക്കുന്നു"

ബഹുഭാഷാ പണ്ഡിതൻ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു "ബീർബൽ, നിങ്ങൾക്ക് തെറ്റിപ്പോയിരിക്കുന്നു സുഹൃത്തേ. ഞാൻ ശരിക്കും മലയാളിയാണ് എൻറെ മാതൃഭാഷ മലയാളമാണ്"

അത്ഭുതസ്തബ്ദനായ ബീർബൽ ചോദിച്ചു " മഹാനുഭാവാ, വേദനിക്കുമ്പോഴും, അപകടത്തിൽ പെടുമ്പോഴും ഒക്കെ മനുഷ്യർ അറിയാതെ മാതൃഭാഷ പറഞ്ഞുപോകും എന്നാണല്ലോ ഞാൻ പഠിച്ചിരുന്നത്, എന്നിട്ട് അങ്ങേക്ക് വേദനിച്ചപ്പോൾ അവിടുന്ന് ഇംഗ്ലീഷ് ആണല്ലോ പറഞ്ഞത്, അതെങ്ങിനെ?"

പണ്ഡിതൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു

"ഞാൻ പഠിച്ചത് മലയാളം പറഞ്ഞാൽ ശിക്ഷയുളള സി ബി എസ് സി സ്‌കൂളിലാണ്"😜😝🤪🤪

No comments:

Post a Comment