Friday, February 08, 2019

*രാവണന്റെ നയതന്ത്രം*

ആ ഇടുങ്ങിയ പാലത്തിലൂടെ രാവണന്റെ രഥം ലങ്കയെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി. എന്നാൽ കുറച്ചു മുന്നോട്ട് പോയപ്പോൾ ആണ് രാവണൻ ഒന്ന് ശ്രദ്ധിച്ചത്, ലങ്കയോട് അടുക്കുംതോറും ലങ്ക അപ്രത്യക്ഷമായികൊണ്ടിരുന്നു.

കരയുടെ ഇപ്പുറത്ത് നിന്ന് കുംഭകർണൻ ഉറക്കെ വിളിച്ചു പറഞ്ഞു, "രാവണ ഇതിൽ എന്തോ ചതി ഉണ്ട്. ഇത് ഒരു മായ വലയമാണ്..."

രാവണൻ ആശയക്കുഴപ്പത്തിലായി. രഥം നിറുത്തി ധര്‍മ്മസങ്കടത്തിൽ നിന്ന രാവണന്റെ ചുറ്റും ഒരു ഇടിമുഴക്കവും മിന്നൽ പിണറും അനുഭവപ്പെട്ടു. അടുത്ത നിമിഷം രാവണന് മുന്നിൽ അതിസുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. മുഖത്ത് കുസൃതി നിറഞ്ഞ ഒരു ചിരിയുമായി അവർ വായുവിൽ ഒഴുകി നിന്നു.
വിഭിഷണനും കുംഭകർണനും ഞെട്ടലോടെ നോക്കി . രാവണൻ ഒരു ചെറിയ മന്ദഹാസത്തോടെ ചോദിച്ചു.

"അംഗപ്പൊരുത്തവും, അഴകും, ലാളിത്യവും നിറഞ്ഞ ദേവി. നീ ആരാണ് ?"

"ഞാൻ സോമപ്രാഭ. അങ്ങ് ആക്രമിക്കാൻ വന്ന കുബേരന്റെ പുത്രൻ നളകുബരന്റെ ഭാര്യ. പതിനെട്ടു വാസ്തു ശാസ്ത്ര ഉപദേശകരിൽ അന്ജമാനായ മയൻ എന്റെ പിതാവാണ് . "

രാവണൻ സോമാപ്രഭയെ തൊഴുതുകൊണ്ട് പറഞ്ഞു

" പ്രണാമം ദേവി. നന്ദി. "

"എന്തിനാണ് നന്ദി പറയുന്നത്."

"പതിമൂന്ന് മഹായുദ്ധം കഴിഞ്ഞു പലദേശം ചുറ്റി വരുന്ന ആളാണ് ഞാൻ. സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം ഒരുപാട്
ആഭിജാത്യവും കുലമഹിമയും സൗന്ദര്യവും ഉള്ള സ്ത്രീകളെ കണ്ടു. എന്നാൽ ദേവിയെ പോലെ കണ്ണിനു കുളിർമ തരുന്ന ആരെയും കണ്ടില്ലാ. നന്ദി പറഞ്ഞത് എന്റെ മുന്നിൽ പ്രത്യക്ഷപെട്ടതിനാണ്. ഈ ദ്രിശ്യവിരുന്നിനു."

സോമപ്രഭ ഗൌരവഭാവം നടിച്ചു പറഞ്ഞു.

ഞാൻ കേട്ടിട്ടുണ്ട് അഹങ്കാരിയായ രാവണൻ എന്ന യോദ്ധാവിനെ പറ്റി. പതിമൂന്നു രാജ്യങ്ങൾ പിടിച്ചടക്കി പതിനാലമതായി ലങ്ക പിടിച്ചടക്കാൻ അങ്ങ് വരും എന്ന് കൊട്ടാരം ജ്യോത്സ്യൻ പണ്ടേ പ്രവചിച്ചതാണ്. അത് തടയാൻ വേണ്ടി അന്നേ എന്റെ ഭർത്താവ് ഒരുക്കി വെച്ച ഒരു മായ വലയമാണ് ഇത്. എകത്രയ മായ വിദ്യ അറിയാവുന്ന ഒരാളിന് മാത്രമേ ഇത് ഭേദിക്കാൻ ആകു. അതറിയുന്നവരായി ഈ ലോകത്ത് രണ്ടാളുകളെ ഉള്ളു. ഒന്ന് എന്റെ ഭർത്താവ്, മറ്റൊരാൾ ഞാൻ. രാവണനെ യുദ്ധം ചെയ്തു തോല്പ്പിക്കനാവില്ല എന്ന് എല്ലാപേർക്കുമറിയാം. പക്ഷെ യുദ്ധ ചെയ്യാനുള്ള സ്ഥലമോ ശത്രുവിനെയോ കാണാൻ കഴിഞ്ഞില്ലെങ്കിൽ അങ്ങ് ആരോട് യുദ്ധം ചെയും. അതോടെ അങ്ങ് മടങ്ങി പോകും എന്നതാണ് ജ്യോതിഷ പ്രവചനം."

സോമാപ്രഭയുടെ മറുപടി കേട്ട് രാവണൻ ഒരു ചിരിയോടെ ചോദിച്ചു.

"അറിയാനുള്ള കൌതുകം കൊണ്ട് ചോദിക്കുകയാണ്. ദേവിക്ക് തോന്നുന്നോ ആ പ്രവചനം ശരിയാകുമെന്ന്. വിധിക്കപ്പെട്ടതിനെകാൾ വലുതാണ്‌ ഒരുവന്റെ ഇച്ഛാശക്തി. യുദ്ധം ചെയ്തു ജയിക്കണം എന്ന് ഞാൻ തീരുമാനിച്ചാൽ അത് സംഭവിക്കുക തന്നെ ചെയും. എനിക്കറിയേണ്ടത് ധൂര്‍ത്തനനും സൂത്രക്കാരനുമായ വിഷയലമ്പടനുമായ നളകുബാരന് സുന്ദരിയും ബുദ്ധിമതിയുമായ ദേവിയെ പോലൊരു ഭാര്യയെ കിട്ടാൻ ഭാഗ്യമെങ്ങനെ സിദ്ധിച്ചു എന്നാണ്. അസൂയാ തോന്നുന്നു നളകുബരനോട്. ഈ ലോകത്തെ ആദ്യമായും അവസാനമായും രാവണന് അസുയ തോന്നിയ പുരുഷൻ എന്ന ബഹുമതി നളകുബാരന് ഇരിക്കട്ടെ. അതിനു കാരണം ദേവി ആണ്. "

സോമപ്രഭ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

"രാവണന്റെ ധൈര്യത്തെപറ്റിയും ആയോധനത്തെ പറ്റിയും ഒരുപാട് കേട്ടിട്ടുണ്ട്. അങ്ങയുടെ വാക്ക് സാമര്‍ത്ഥ്യവും പ്രശംസനീയം തന്നെ. പക്ഷെ രാവണ ഇതൊന്നും കൊണ്ട് അങ്ങക്ക്‌ ലങ്ക പിടിച്ചടക്കാൻ ആകില്ല. മടങ്ങിപൊയ്ക്കൊളു."

"ദേവി പറഞ്ഞത് ശരിയാണ്. എന്റെ ധൈര്യമോ അയോധനകലയിലെ പ്രവീണ്യമോകൊണ്ട് ലങ്ക പിടിച്ചടക്കാൻ ആകില്ല. അതിനു എകത്രയ മായ വിദ്യ ഞാൻ അറിഞ്ഞേ തീരു. അത് ദേവി എനിക്ക് ഉപദേശിച്ചു തരണം."

സോമപ്രഭ ചിരിച്ചു കൊണ്ട് ചോദിച്ചു.

" ഞാൻ എന്റെ ഭർത്താവിന്റെ പരാജയത്തിനു സ്വയം ചുക്കാൻ പിടിക്കും എന്നാണോ രാവണ അങ്ങ് പറയുന്നത്. ഞാൻ എകത്രയ മായ വിദ്യ അങ്ങേക്ക് പഠിപ്പിച്ചുതരും എന്ന് അങ്ങേക്ക് തോന്നാൻ കാരണം?"

" സമൂദ്രിക ശാസ്ത്ര പ്രകാരം ഒരു ഞായസ്തയുടെ ലക്ഷണമാണ് ദേവിക്ക്. ദേവിക്ക് അറിയാം വെറും ഒരു പോരാളിയായ ഞാൻ എത്ര മാത്രം കഠിനയത്നം ചെയ്താണ് ഇവിടെവരെ എത്തിയതെന്ന്. ഇനി ഒരു യുദ്ധം കൂടെ കഴിഞ്ഞാൽ, ഒരു രാജ്യം കൂടെ പിടിച്ചടക്കിയാൽ ഞാൻ ചക്രവർത്തിയാണ്. ദേവിക്ക് അറിയാം ആ അവസരം ഞാൻ അർഹിക്കുന്നു എന്ന്. തോല്ക്കാൻ ആണെങ്കിലും ജയിക്കാനാണെങ്കിലും ആ യുദ്ധം നടക്കണം. സ്വന്തം ഭർത്താവിനു വേണ്ടി ആണെങ്കിലും ഞായസ്തയായ ദേവി ഞാൻ അർഹിക്കുന്ന ആ അവസരം എന്നിൽ നിന്നും അപഹരിക്കില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. "

സോമപ്രഭ പുഞ്ചിരിച്ചു. രാവണൻ ചിരിച്ചു കൊണ്ട് തുടർന്നു.

"മാത്രമല്ല യുക്തിയുക്തമായ ചിന്തിച്ചാൽ അങ്ങനെ ഒരു കുറ്റബോധം പിന്നെ മനസ്സിൽ ഉണ്ടാകാതിരിക്കാനാണ് ദേവി എന്റെ മുന്നിൽ പ്രത്യക്ഷപെട്ടത്‌."

"ശരി രാവണ. ഞാൻ അങ്ങേക്ക് എകത്രയ മായ വിദ്യ ഉപദേശിച്ചു തരാം. പക്ഷെ എനിക്കൊരു നിബന്ധനയുണ്ട്. ഞാൻ അങ്ങയോടു മൂന്ന് ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം നല്കിയാൽ അതിനു പാരിതോഷികം എന്നോണം ഞാൻ എകത്രയ മായ വിദ്യ അങ്ങയെ പഠിപ്പിക്കാം. ഉത്തരം തെറ്റുകയോ, എനിക്ക് അതൃപ്‌തികരമായോ തോന്നിയാൽ അങ്ങ് മടങ്ങി പോകണം. സമ്മതമാണോ.? "

"സമ്മതം ദേവി. ചോദിച്ചോളു."

"ഏറ്റവും ലളിതമായ ചോദ്യം ആദ്യം തന്നെ ചോദിക്കാം ?
ബുദ്ധിമാനാകുന്നതാണോ നല്ലത് ഭാഗ്യവാനകുന്നതാണോ നല്ലത്?

"ഭാഗ്യവാൻ"
കാരണം ? "

രാവാൻ ഒരു മന്ദഹസത്തോടെ പറഞ്ഞു.

"തന്റെ കഴിവും ബുദ്ധിയും പ്രകടിപ്പിക്കാനുള്ള അവസരം, ഭാഗ്യവാന് മാത്രമേ കിട്ടുകയുള്ളൂ. ലോകത്തുള്ള സമുദ്രത്തിന്റെ മുഴുവൻ ഉടമസ്ഥൻ ആണെങ്കിലും കുടിക്കാൻ ഒരു തുള്ളി വെള്ളം ഇല്ലാത്തവന്റെ അവസ്ഥയാണ് ബുദ്ധിയുണ്ടയിട്ടും ഭാഗ്യം ഇല്ലാത്തവന്. ഭാഗ്യവാന് ബുദ്ധി കുറവായേക്കാം എന്നാൽ ഭാഗ്യവാന് സമയത്ത് ബുദ്ധികിട്ടും. എത്തേണ്ട സ്ഥലത്ത് എത്തേണ്ട സമയത്ത് എത്തേണ്ടത് പോലെ എത്താൻ കഴിയുക. പറയേണ്ട കാര്യം പറയേണ്ട സമയത്ത് പറയേണ്ടത് പോലെ പറയാൻ കഴിയുക. ചെയേണ്ട കാര്യം ചെയേണ്ട സമയത്ത് ചെയേണ്ടത് പൊലെ ചെയാൻ കഴിയുക. ഇത് എല്ലാം ഭാഗ്യം കൂടെ ഉണ്ടെങ്കിലെ സാധിക്കുകയുള്ളൂ."

സോമപ്രഭ രാവണൻ പറഞ്ഞതിനോട് യോജിക്കുംവിധം തലകുലുക്കി.
രണ്ടാമത്തെ ചോദ്യം. ലോകത്തിലെ ഏറ്റവും വലിയ ദാനം എതാണ് ?"

"അന്നദാനം."

"കാരണം?"

"ഈ ലോകത്തുള്ള സമ്പത്ത് മുഴുവൻ നമ്മൾ ഒരാൾക്ക്‌ ദാനമായി കൊടുത്താലും, അയാൾ എത്ര അത്യഗ്രഹമില്ലാത്ത ആളായാലും ശരി, ' ഇനി വേണ്ട ' എന്ന് മനസ്സ് നിറഞ്ഞു പറഞ്ഞാലും ശരി, ദാതാവിനു ദാനം തുടരാൻ കഴിയും. എന്നാൽ അന്നം അങ്ങനെ അല്ല. ദാതാവ് എത്ര തന്നെ ശ്രമിച്ചാലും ഗുണഭോക്താവിനു വയറ് നിറഞ്ഞാൽ പിന്നെ അത് സ്വീകരിക്കാൻ ആകില്ല. പരിസമാപ്‌തി ഉള്ളതിന് മാത്രമേ മഹാത്വമുണ്ടാകു. അപ്പോൾ ദാതാവവിനും ആദാതാവിനും ഒരുപോലെ മനപ്രസാദം ഉണ്ടാക്കുനതെന്തോ അതാണ്‌ ഉത്തമമായ ദാനം. അതുകൊണ്ട് അന്നാദാനം ആണ് ഏറ്റവും വലിയ ദാനം."

രാവണന്റെ ബുദ്ധിയിൽ സോമപ്രഭക്ക് മതിപ്പ് തോന്നി.

"ശരി. മുന്നാമത്തെതും അവസാനത്തെയുമായ ചോദ്യം ഇതാണ്. ഒരിക്കലും തോല്പ്പിക്കാൻ കഴിയാത്ത ശത്രു ആരാണ് ?"

രാവണൻ കുറച്ചു നേരം ആലോചിച്ചതിനു ശേഷം പറഞ്ഞു.

"ഭയം ആണ് ഒരാൾക്ക്‌ ഒരിക്കലും തോല്പ്പിക്കാൻ കഴിയാത്ത ശത്രു."

സോമപ്രഭാ സംശയ ഭാവത്തിൽ ചോദിച്ചു. "കാരണം?"

"കാരണം അത് യഥാര്‍ത്ഥമായതല്ല. ഭയത്തെ നമുക്ക് കാണാനോ, ശ്രവിക്കാനോ, സ്പർഷിക്കാനൊ, രുചിക്കാനോ, വാസനയുള്‍ക്കൊള്ളാനോ, നമുക്ക് സാധിക്കുകയില്ല. ഭയം എന്നത് ഒരുവന്റെ സങ്കല്പ്പത്തിന്റെ മാത്രം ശ്രിഷ്ടിയാണ്. അതൊരിക്കലും ജീവൻ വെക്കാൻ പോകുന്നില്ല. നിലകൊള്ളാത്ത ഒന്നിനെ നാം എങ്ങനെ കിഴ്പെടുത്തും. ഭയത്തെ അംഗീകരിക്കാതെ അവഗണിച്ചു വിസ്മരിക്കുകയല്ലാതെ, തോല്പ്പിക്കുക എന്നത് അസാധ്യമാണ്. അതുകൊണ്ടാണ് ഭയം ഒരിക്കലും തോല്പ്പിക്കാൻ കഴിയാത്ത ശത്രു ആകാൻ കാരണം."

സോമപ്രഭ രണ്ടു കൈയ്യും കൂപ്പി രാവണനെ വന്ദിച്ചു.

"സമ്മതിക്കുന്നു രാവണ. അങ്ങ് വെറും ഒരു യോദ്ധാവ് മാത്രമല്ല. അറിവും, സൗന്ദര്യവും തികഞ്ഞ ഒരു ഉത്തമ പുരുഷനുമാണ്. ചക്രവർത്തിയാകാൻ എന്തുകൊണ്ടും യോഗ്യൻ."

ഇത്രയും പറഞ്ഞു സോമപ്രഭ രാവണന്റെ അടുത്തെത്തി, അദ്ദേഹത്തിന്റെ ചെവിയിൽ എകത്രയ മായ വിദ്യ മന്ത്രിച്ചു കൊടുത്തു. രാവണൻ മിഴികൾ കൊണ്ട് സോമപ്രഭയോട് നന്ദി പറഞ്ഞതിന് ശേഷം നേരെ നോക്കി, പറഞ്ഞു തന്ന വിദ്യയിലെ മന്ത്രം ഉരുവിട്ടു. നിമിഷങ്ങൾക്കകം അവിടെ ആ പാലത്തിന്റെ അറ്റത്ത്‌ ലങ്ക പൂർണരൂപത്തിൽ പ്രത്യക്ഷയമായി.

"നന്ദി ദേവി. ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല. എന്നോട് പൊരുതി ജയിക്കാൻ ഞാൻ ദേവിയുടെ ഭർത്താവിനു ഉചിതമായ അവസരം കൊടുത്തിരിക്കും. "

"എനിക്ക് ഒരു അഭ്യർത്ഥനകൂടെയുണ്ട് രാവണ. അങ്ങ് എന്റെ മൂല്യം മനസിലാക്കുന്ന ഒരാളാണ്. അങ്ങയുടെ പത്നിയായി ജീവിക്കാൻ ഇനിയുള്ള കാലം എന്നെ അനുവദിച്ചാലും. "

രാവണൻ ഭാവശൂന്യനായി സൊമപ്രഭയെ നോക്കി.

"ദേവിയെ പോലെ ഒരു പത്നിയെ കിട്ടുക എന്നത് ഏതൊരു പുരിഷന്റെയും ഭാഗ്യമാണ്. പക്ഷെ ദേവി എനിക്ക് ഒരു വിദ്യ ഉപദേശിച്ചു തന്ന ആളാണ്‌. എന്റെ ഗുരുവാണ്. ഗുരുവിനെ പ്രാപിക്കുക എന്നതാണ് ഈ ലോകത്തെ ഏറ്റവും വലിയ പാപം. ദയവ് ചെയ്തു ദേവി അങ്ങനെ ഒരു കൊടുംപാപം ചെയ്യാൻ എന്നെ പ്രലോഭിപ്പിക്കരുത്."

"അങ്ങ് പറഞ്ഞത് ശരിയാണ്. എന്തായാലും ഞാൻ എന്റെ പിതാവിന്റെ അടുത്തേക്ക് മടങ്ങുന്നു. അങ്ങ് വിജയശ്രീലാളിതനായി ചക്രവർത്തിയായി മടങ്ങിവരാൻ ഞാൻ എവിടെയായാലും പ്രാര്‍ത്ഥിക്കുo."

വിഷാദത്തോടെ ഇത്രയും പറഞ്ഞു സോമപ്രഭ അപ്രത്യക്ഷയായി. രാവണൻ രഥം മുന്നോട്ടു നീക്കി ലങ്കയിൽ കയറി. ഇതെല്ലം കണ്ടു കൊണ്ട് നിന്ന വിഭീഷണൻ കുംഭകർണനോടായി പറഞ്ഞു.

"നമ്മുടെ ജ്യേഷ്ഠൻ ഇത്രയും ധർമിഷ്ടനാണ് എന്ന് ഞാൻ ഒരിക്കലും അറിഞ്ഞിരുന്നില്ല. അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്. ഇത്രയും സുന്ദരിയായ സോമപ്രഭയെ ഒരു വിദ്യ ഉപദേശിച്ചു തന്നതിന്റെ പേരിൽ ഗുരുവായി കണ്ടു വേണ്ടന്ന് വെയ്ക്കാൻ ഒരു വലിയ മനസ്സുണ്ടങ്കിലെ കഴിയു. ഈ ലോകത്ത് രാവണനെ കൊണ്ട് മാത്രമേ ഇത് കഴിയു."

കുംഭകർണൻ ഒരു ചിരിയോടെ വിഭീഷണനെ നോക്കികൊണ്ട് പറഞ്ഞു.

"എന്നോളം രാവണനെ നിനക്ക് അറിയാം എന്ന് തോന്നുന്നില്ല. രാവണൻ രാജ്യതന്ത്രജ്ഞന്‍ കൂടെ ആണ്. സ്വന്തം ഭർത്താവിനെ ചതിച്ച ഒരുവൾ നാളെ തന്നെയും ചതിച്ചുടായികയില്ലല്ലോ. അതുകൊണ്ടാണ് രാവണൻ ബുദ്ധിപരമായി സൊമപ്രഭയെ ഒഴുവക്കിയതെന്നാണ് എനിക്ക് തോന്നുന്നത്."
"അങ്ങനെ ആകുമോ ?"

വിഭീഷണൻ സംശയത്തിൽ ചോദിച്ചു. രണ്ടാളും പാലത്തിനപ്പുറം ലങ്കയിൽ രാവണന്റെ രഥത്തിന്റെ ദിശയിലേക്കു നോക്കി. അവരുടെ സംവാദം ഇത്രയുംനേരം കേട്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന് തോന്നിപ്പിക്കും വിധം രാവണൻ തിരിഞ്ഞു അവരെ നോക്കി, ഒരു കള്ളാചിരിയോടെ രണ്ടു കണ്ണും ചിമ്മി കാണിച്ചു.

കടപ്പാട്

No comments:

Post a Comment