Sunday, February 24, 2019

പ്രപഞ്ചസൃഷ്ടി :
പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സൂചനകൾ വേദങ്ങളിലും ഉപനിഷത്തുക്കളിലും ഉണ്ടെങ്കിലും, വിശദമായി ചർച്ച ചെയ്യുന്നത് ഐതരേയവും പ്രശ്നവും ബൃഹദാരണ്യകവുമാണ്. ഇക്കാണുന്നതെല്ലാം എവിടെനിന്നുണ്ടായി എന്നതാണ് പ്രശ്നോപനിഷത്തിലെ ആദ്യത്തെ ചോദ്യം. ആദിയിൽ ബ്രഹ്മം മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബ്രഹ്മത്തിന് സ്വയമേവ സാക്ഷാത്കരിക്കാനുള്ള വിനോദവാസന തോന്നിയതിന്റെ ഫലമാണ് പ്രപഞ്ചസൃഷ്ടി. ആദ്യം സൃഷ്ടിച്ചത് ജഡപ്രകൃതിയെയാണ്. തേജസ്സ്, ഭൂമി, ജലം, വായു, അഗ്നി തുടങ്ങിയവയെ സൃഷ്ടിച്ചതിനുമേൽ ഹിരണ്യഗർഭനെ സൃഷ്ടിച്ചു. ഹിരണ്യഗർഭൻ, വിരാട്പുരുഷൻ, പ്രജാപതി എന്നെല്ലാം വ്യത്യസ്തനാമങ്ങളിൽ പറയുന്നതെല്ലാം ആദ്യസൃഷ്ടിയെയാണ് സൂചിപ്പിക്കുന്നത്. ഹിരണ്യഗർഭൻ വംശവർദ്ധനക്കായി ഒരിണയെ സൃഷ്ടിച്ചുവെന്ന് ‘പ്രശ്നത്തിൽ’ പറയുന്നു. ഭക്ഷണവും പ്രാണനുമാണ് ഈ ഇണ. ചന്ദ്രൻ-സൂര്യൻ എന്നത് അവയുടെ രൂപങ്ങളാണ്. ഭക്ഷണം എന്നു പറയുന്നത് സസ്യലോകവും ജന്തുലോകവുമാണ്. ചന്ദ്രൻ ഔഷധീശനാണ്. ഭക്ഷണസ്ഥാനത്തുള്ള ചന്ദ്രനിൽനിന്നാണ് സസ്യലോകവും അവയെ ഭക്ഷിച്ചു പുലരുന്ന ജന്തുലോകവും ജനിച്ചത്. അവക്കെല്ലാം ഊർജ്ജം പകർന്നു കൊടുക്കുന്നത് പ്രാണസ്ഥാനീയനായ സൂര്യനാണ്. അങ്ങനെ, ഭക്ഷണം-പ്രാണൻ, അഥവാ ചന്ദ്രൻ-സൂര്യൻ എന്ന ഇണയിൽനിന്ന് ഇക്കാണുന്ന നാമരൂപവൈവിധ്യമുള്ള വസ്തുക്കളെല്ലാമുണ്ടായി എന്ന പ്രശ്നത്തിലെ ഉത്തരം തികച്ചും യുക്ത്യധിഷ്ഠിതമാണ്. 

ജഡവസ്തുക്കൾ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അവയ്ക്കു പൂർണ്ണത വരുത്താൻ തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് ബ്രഹ്മത്തിനു തോന്നി. അങ്ങനെ താൻ കൂടി സ്വസൃഷ്ടിയിൽ പ്രവേശിച്ചതിന്റെ ഫലമാണ് ജീവന്റെ തുടിപ്പെന്നാണ് ‘ഐതരേയം’ പറയുന്നത്. 

മനുഷ്യ സമൂഹത്തിന്റെ സൃഷ്ടിയുടെ ക്രമത്തെക്കുറിച്ച് ‘ബൃഹദാരണ്യകം’ ഇങ്ങനെ വിവരിക്കുന്നു. താൻ സൃഷ്ടിച്ച സമൂഹത്തിലെ കാര്യങ്ങൾ ക്രമമായി നടക്കണമെങ്കിൽ നിശ്ചിത ജോലിക്ക് നിശ്ചിത വിഭാഗം വേണമെന്നതിനാൽ ചാതുർവർണ്ണ്യവും ധർമ്മവും സൃഷ്ടിച്ചു. തന്നിൽനിന്ന് പ്രപഞ്ചത്തെ സൃഷ്ടിച്ച ഈ വിനോദവ്യവഹാരം അഭംഗുരം തുടരണമെന്നാണ് ബ്രഹ്മത്തിന്റെ താത്പര്യം. അതിനുള്ള മാർഗ്ഗം സൃഷ്ടി തുടർന്നുകൊണ്ടിരിക്കുകയാണ്. ആ ദൌത്യം ജന്തുലോകത്തെ തന്നെയാണ് ഏല്പിച്ചിരിക്കുന്നത്. സന്താനോല്പാദനത്തിന്റെ പ്രാധാന്യമിതാണ്. മനുഷ്യലോകത്തെ ജയിക്കാൻ പുത്രനും, പിതൃലോകത്തെ ജയിക്കാൻ യജ്ഞവും, ദേവലോകത്തെ ജയിക്കാൻ വിദ്യയും വേണമെന്ന് ബൃഹദാരണ്യകം അനുശാസിക്കുന്നു. സന്താനസൃഷ്ടി അങ്ങനെ മനുഷ്യന്റെ കടമയായിത്തീരുന്നു. ഈ നിർദ്ദേശത്തിന്റെ വിശകലനമെന്ന നിലയ്ക്കാണ് ബൃഹദാരണ്യകോപനിഷത്തിന്റെ അവസാനാധ്യായത്തിൽ സന്താനോത്പാദന പ്രക്രിയയായ ലൈംഗികബന്ധത്തെ സൂക്ഷ്മമായി വിസ്തരിക്കുന്നത്.
ജന്മം :
ജീവൻ ശരീരത്തിൽ വസിച്ച് ശരീരധാരണം നിർവഹിക്കുന്നതാണ് ജന്മം. ജീവാത്മാവ് ശരീരം വിടുന്നതാണ് മൃത്യു. ഇവിടെ ശരീരമെന്നു വിശേഷിപ്പിച്ചത് ഏതിനെ. മൂന്നു ശരീരങ്ങളെക്കുറിച്ച് പൌരാണികശാസ്ത്രങ്ങൾ വിവരിക്കുന്നുണ്ട്. കാരണശരീരത്തിൽ നിന്നും ജീവാത്മാവിന് വിടുതലില്ല. മറ്റു രണ്ടു ശരീരങ്ങൾ കാര്യ ശരീരങ്ങളാണ്. അത് ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുന്നു. ഈ ശരീരങ്ങളാലാണ് ജീവാത്മാവ് സ്വന്തം മൂന്നു ഗുണങ്ങൾ (കർതൃത്ത്വ – ഭോക്തൃത്വ – ജ്ഞാതൃത്വങ്ങൾ) വികസിപ്പിക്കുന്നത്...paarthans

No comments:

Post a Comment