Sunday, February 24, 2019

എന്താണ് പാലാഴിമഥനം 
ദേവേന്ദ്രന് ശാപമോക്ഷം കൊടുക്കുന്ന ദുർവാസാവ് മഹർഷി, അമൃത് കിട്ടുവാൻ വേണ്ട പ്രയത്നം ചെയ്യുമ്പോൾ വേണ്ടതെല്ലാം ഒത്തുവരുമെന്ന്  അറിയിക്കുന്നു.  ആ മഹായജ്ഞത്തിന് ത്രിമൂർത്തികളും ഒന്നിച്ച് സദ്ഗുരുക്കന്മാരായി വർത്തിക്കുന്നു.  സ്വപ്രയത്നം സാധ്യമല്ലാത്ത അനേകം ഘട്ടങ്ങൾ ഉണ്ടാകുന്നു.  അപ്പോഴെല്ലാം ഗുരുകൃപകൊണ്ട് രക്ഷകിട്ടുന്നതായി ഈ കഥയിൽ എടുത്തു കാണിക്കുന്നു.
ഈ കഥയിൽ പറയുന്ന പാലാഴി മനുഷ്യമനസ്സാണ്.  പ്രപഞ്ചത്തിലുള്ളതെല്ലാം മനുഷ്യനിലും ഉണ്ട്.  സൃഷ്ടിശാസ്ത്രത്തിൽ  പ്രപഞ്ചോല്പത്തിയെക്കുറിച്ച് വ്യാഖ്യാനിക്കുന്നതുപോലത്തന്നെയാണ്  മനുഷ്യസൃഷ്ടിയും രൂപപ്പെട്ടുവരുന്നത്.  പ്രപഞ്ചത്തിലെ പാലാഴി (milkyway) (ക്ഷീരസാഗരം)  നമുക്ക് അറിവുള്ളതാണ്.  അത് മനുഷ്യനെ  പരിപാലിക്കുന്ന അഷ്ടവസുക്കളിൽ‌പെടുന്നതുമാണ്.  

സദ്ഗുരുവിൽ നിന്നും ലഭിക്കുന്ന കടകോൽ കൊണ്ട് മനസ്സിനെ നന്നായി മഥനം ചെയ്തപ്പോൾ ഘോരവിഷമാകുന്ന ക്രോധം ആദ്യം പുറത്തേയ്ക്കുവരുന്നു.  വാസുകിയേയും  മന്ഥരപർവതത്തെയും  ഉപയോഗിച്ച് കടക്കോലാക്കി പാലാഴി മഥനം ചെയ്തപ്പോൾ ലോകം മുഴുവൻ ഭസ്മീകരിക്കുവാൻ പോന്ന ഉഗ്രവിഷം വമിക്കാൻ തുടങ്ങുന്നു.  ലോകരക്ഷാർത്ഥം ശ്രീപരമേശ്വരൻ വിഷപാനം ചെയ്തപ്പോൾ  ദേവി ഭഗവാന്റെ രക്ഷയ്ക്കെത്തുന്നു.  വിഷം കീഴോട്ടിറങ്ങാതെ കണ്ഠത്തിൽ ഉറപ്പിച്ചുനിർത്തി നീലകണ്ഠനാക്കിത്തീർക്കുന്നു.

  മഥനം തുടർന്നപ്പോൾ പർവ്വതം ബന്ധത്തിൽ നിന്നും വേർപ്പെട്ട് ആഴിയിലേക്ക് താഴുന്നതറിഞ്ഞ മഹാവിഷ്ണു കൂർമ്മാവതാരം സ്വീകരിച്ച് പർവ്വതത്തെ ഉയർത്തിനിർത്തുന്നു.  കൂടുതൽ ഉയരുന്നതു കണ്ടപോൾ ഒരു പക്ഷിയായി വിഷ്ണുംഭഗവാൻ പർവ്വതത്തിന്റെ മുകളിലിരുന്ന് സമനില പാലിക്കുന്നു.  സാധകനും  മന്ത്രജപം തുടരാൻ സാധിക്കാതെ വരുന്നഘട്ടത്തിൽ സദ്ഗുരു വേണ്ട സഹായം ചെയ്യുന്നു.  സാധകന്റെ മനസ്സ് ദോഷവിമുക്തമാകുന്നതനുസരിച്ച് ലോകത്തിന് പല നന്മകളും ഉണ്ടാകുന്നു.

ഇതുപോലെ പാലാഴി മഥനം തുടർന്നപ്പോൾ പല നല്ല വസ്തുക്കളും പൊങ്ങിവരികയും  അവയെല്ലാം യോഗ്യതയനുസരിച്ച് ഓരോരുത്തർ സ്വീകരിക്കുകയും ചെയ്യുന്നു.  അങ്ങനെ ഐരാവതത്തെയും ഉച്ചൈശ്രവസ്സിനെയും ദേവേന്ദ്രനും, കല്പകവൃക്ഷത്തെയും അപ്സരസ്സുകളെയും ദേവന്മാരും സ്വീകരിക്കുന്നു.  സുരഭിയെ  മഹർഷിമാർ യാഗാദികർമ്മങ്ങൾക്കായി സ്വീകരിക്കുന്നു.  ശ്രീപരമേശ്വരൻ ചന്ദ്രക്കല ചൂടുകയും, മഹാവിഷ്ണു കൌസ്തുഭം ധരിക്കുകയും ചെയ്യുന്നു.  പിന്നീട് വന്ന മദ്യകുംഭം അസുരന്മാർ എടുക്കുന്നു.  ആർക്കും വേണ്ടാത്ത ജ്യേഷ്ഠ വന്നപ്പോൾ മഹാവിഷ്ണു ആ ജ്യേഷ്ഠയ്ക്ക് താമസിക്കാൻ യോഗ്യമായ ആവാസസ്ഥലങ്ങൾ കല്പിച്ചു നൽകുന്നു. 

അങ്ങനെ സാധകന്റെ മനസ്സ്  ശുദ്ധീകരിക്കപ്പെട്ടപ്പോൾ ഐശ്വര്യദേവത വിളയാടുന്നു.  അതാണ് പാൽകടലിൽ നിന്നും മഹാലക്ഷ്മി വരണമാല്യവുമായി പൊൻ‌താമരപ്പൂവിൽ ആവിർഭവിക്കുകയും സാത്വികഗുണത്തിന്റെ ഇരിപ്പിടമായ മഹാവിഷ്ണുവിനെ വരണമാല്യം ചാർത്തി സ്വീകരിച്ചെന്നും പറയുന്നത്.  വിവാഹഘോഷത്തിൽ ദേവന്മാരും പങ്കുചേർന്നു.   ആ അവസരത്തിൽ അമൃതകുഭവുമായി പാൽക്കടലിൽ നിന്നും അവതരിച്ചു വന്ന ധന്വന്തരിദേവനെ ദേവകൾ കാണുന്നില്ല.  ആ തക്കം നോക്കി  അസുരന്മാർ അമൃത് തട്ടിയെടുത്ത് കടന്നു കളയുന്നു.  ദുഷ്ടരെ കൂട്ടുപിടിക്കേണ്ടിവന്നാൽ എപ്പോഴും ജാഗ്രത വേണമെന്ന് ഇത് സൂചിപ്പിക്കുന്നു.  സാധകന് ഐശ്വര്യം വർദ്ധിച്ചപ്പോൾ മനസ്സ് സംസാരസുഖത്തിൽ പെട്ടുപോകുന്നു. ലക്ഷ്യത്തിലെത്താറായ സമയത്തുപോലും മായയിൽ‌പ്പെട്ട്  അധഃപതനം സംഭവിക്കാനിടവരുന്നു.  ശ്രീമഹാഭാഗവതത്തിൽ ഭരതമുനിക്കും ഇങ്ങനെ സംഭവിക്കുന്നു.  അദ്ദേഹം ഒരു സദ്ഗുരുവിൽ സമർപ്പണം ചെയ്ത് ഗുരു ഉപദേശം അനുസരിച്ചാണ് തപസ്സുചെയ്തിരുന്നതെങ്കിൽ മൃഗജന്മത്തിനിടവരാതെ വേണ്ടസമയത്ത് ഗുരു രക്ഷിക്കുമായിരുന്നു. 

എന്നാൽ,  ഇവിടെ മഹാവിഷ്ണു ചതി മനസ്സിലാക്കി മോഹിനീവേഷം ധരിച്ച് അസുരന്മാരെ മോഹിപ്പിച്ച് അമൃത് തിരികെ കൊണ്ടുവന്ന് ദേവന്മാർക്ക് കൊടുക്കുന്നു.  എന്നാൽ ദേവകൾ കഴിക്കാൻ ആരംഭിച്ച സമയത്ത്   ഒരസുരൻ വൃദ്ധബ്രാഹ്മണവേഷം ധരിച്ച് ദേവന്മാരിൽ നിന്നും ഓഹരി യാചിച്ചുവാങ്ങി കഴിക്കാൻ തുടങ്ങുന്ന സമയം  സൂര്യചന്ദ്രന്മാർ ചതി മനസ്സിലാക്കി മഹാവിഷ്ണുവിനെ അക്കാര്യം അറിയിക്കുകയും ഭഗവാൻ തൽക്ഷണം ചക്രം കൊണ്ട് അവന്റെ കണ്ഠം ഛേദിച്ചെങ്കിലും മരണപ്പെടാതെ ഗതികെട്ടവനായി (രാഹു-കേതുക്കൾ) തീരുന്നു.  അവൻ സൂര്യചന്ദ്രന്മാരോട് പകപോക്കുന്നതിനെ  ഗ്രഹണമെന്ന് അറിയപ്പെടുന്നു. 

ഇതേപോലെയാണ്  സദ്ഗുരു സാധകന്റെ മനസ്സിലെ സകലമാലിന്യങ്ങളും  അകറ്റുകയും ആ ദോഷങ്ങളൊന്നും ലോകത്തിനെ ബാധിക്കാത്തവണ്ണം ലോകരക്ഷചെയ്യുകയും ചെയ്ത് അവസാനം ഗുരുകൃപയാൽ  ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നത്....ammini amma

No comments:

Post a Comment