Friday, February 08, 2019

ഒരു ഭക്തൻറെ സംശയം.
സുഖ-ദുഖങ്ങളെ സമഭാവനയോടെ കാണാൻ
പറഞ്ഞുവല്ലോ. അപ്പോൾ ചില സംശയം ബാക്കിയാകുന്നു. ദുഖങ്ങളും, ദുരിതങ്ങളും നൽകുന്നതും ഈശ്വരൻ തന്നെയാണോ ???
ആണെങ്കിൽ എന്തിനുവേണ്ടി ???
വളരെ പ്രസക്തമായ സംശയം തന്നെയാണ്, പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഓരോ കർമ്മവും അതിന്റേതായ ഫലം നൽകാതിരിക്കില്ല എന്നതും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആർക്കും കഴിയില്ല എന്നതും.
മറ്റൊന്ന് ഇന്നലെവരേയും നിങ്ങൾ സുഖം തേടി നടക്കുകയായിരുന്നില്ലേ ??
എന്നിട്ട് എന്താണ് ലഭിച്ചത് ???
സുഖം എന്ന് കരുതിയതെല്ലാം ആത്യന്തികമായി ദുഖം മാത്രമല്ലേ നൽകിയത് ??
എന്നിട്ടും ഇനിയും നിങ്ങൾക്കത് തിരിച്ചറിയാൻ കഴിയുന്നില്ലേ ???
സുഖം എന്ന് കരുതപ്പെടുന്നത് തന്നെയാണ് ദുഖമായി മാറുന്നതും. ആത്യന്തികമായി സുഖവും ദുഖവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണ്.
ഇന്ന് സുഖമെന്ന് കരുതുന്നത് നാളെ ദുഖമായി മാറും എന്നതാണ് യാഥാർത്ഥ്യം.
അപ്പോൾ ഇന്ന് ദുഖമെന്ന് തോന്നുന്നതിനെ സ്വീകരിച്ചാൽ നാളെ അത് സുഖമായി മാറുകയും ചെയ്യും. പക്ഷേ ദുഖത്തെ സ്വീകരിക്കാൻ ആരും തയ്യാറാകുന്നില്ല.
ജീവിതത്തിൽ ഒരിക്കലെങ്കിലും ദുഖം അറിയാത്ത ഒരാൾക്ക് സുഖത്തെയും തിരിച്ചറിയാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. അയാൾക്ക് ഒരിക്കലും പൂർണ്ണമായി ജീവിക്കുന്നതി നും കഴിയില്ല.
ദുഖം നിങ്ങൾക്ക് ആഴത്തിലുള്ള അനുഭവങ്ങൾ നൽകും,
ദുഖാനുഭവങ്ങളിലൂടെ കടന്ന് വന്നാൽ മാത്രമേ നിങ്ങൾക്ക് സന്തോഷത്തെ തിരിച്ചറിയാൻ കഴിയൂ,
ദുഖം അനുഭവിച്ചറിയാത്ത ഒരുവന്റെ ഹൃദയം ശിലാ ഹൃദയമായിരിക്കും, അവനൊരിക്കലും സ്വന്തം ജീവിതത്തെ ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, മറ്റൊരുവന്റെ വിഷമത്തെ മനസ്സിലാക്കാനും കഴിയില്ല.
വാസ്തവതിൽ സുഖ-ദുഖങ്ങളുടെ ഒരു പ്രവാഹമാണ് ജീവിതം.
സുഖം മാത്രം തേടി പോകുന്നവർക്ക് ദുഖവും അത്പോലെ അവരെ തേടിയെത്തും.
സുഖ - ദുഖങ്ങളെ ഒരുപോലെ കാണാൻ കഴിയുമ്പോൾ അഥവാ സുഖ - ദുഖങ്ങളെ ഒരുപോലെ സ്വീകരിക്കുമ്പോൾ ശാന്തി അഥവാ മോക്ഷം എന്ന ഭാവം ക്രമേണ അവരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഈയൊരവസ്ഥയിലേക്ക് യഥാർത്ഥ ഭക്തനെ എത്തിക്കുന്നതി നായാണ്, ഭക്തന്റെ പ്രാർത്ഥന നിലനിൽക്കെ തന്നെ ദുഖാനുഭവങ്ങളിലൂടെ കടന്നു പോകുവാൻ ഭക്തനെ അനുവദിക്കുന്നതും.

No comments:

Post a Comment