Friday, February 08, 2019

ഭൂലോക വൈകുണ്ഠ നാഥനായ ഭഗവാൻ ശ്രീ ഗുരുവായൂരപ്പന്റെ ഭക്തവാത്സല്യം നിറഞ്ഞ ഒരു കഥ

നെന്മിനി  ഇല്ലത്തെ ഉണ്ണി  നമ്പൂതിരിയും

 ഗുരുവായൂരപ്പനും

ഗുരുവായൂർ ക്ഷേത്രത്തിനടുത്തുള്ള പ്രശസ്തമായ നെന്മിനി ഇല്ലം ... അവിടെ ഉള്ള ഒരു തിരുമേനി ഗുരുവായൂർ മേൽശാന്തി ആയിരിക്കുന്ന സമയം .. അദ്ദേഹത്തിന് ഒരു ശ്രാദ്ധം ഉള്ളതിനാൽ ഒരുദിവസം  ഉച്ചപൂജാ സമയത്തു    ക്ഷേത്രത്തിൽ വരാൻ പാടില്ലാത്ത വന്നു. ഉപനയനം കഴിഞ്ഞ ഉണ്ണി മാത്രമേ വീട്ടിൽ ഉള്ളു . അദ്ദേഹം ഉണ്ണിയെ പൂജക്ക്‌ പറഞ്ഞയച്ചു .എല്ലാം നന്നായി നോക്കി നടത്താൻ മകനെ പറഞ്ഞേൽപ്പിച്ചു .  .. ഉണ്ണി ഉത്സാഹത്തോടെ പൂജക്ക്‌ കയറി . ഉച്ചപൂജ  നിവേദ്യത്തിനു കയറി .. മാമ്പഴ പുളിശ്ശേരി , രസ കാളൻ , കദളിപ്പഴം , പാൽപായസം എല്ലാം തയാറാക്കിയിട്ടുണ്ട്  . കണ്ണാ കണ്ണാ എന്ന് വിളിച്ചിട്ടും ഭഗവാൻ അമൃതേത്തിനു വന്നില്ല  .ഉച്ചപൂജ  ഉണ്ണാൻ ഭഗവാൻ വന്നില്ല.  ഉണ്ണി കരച്ചിലായി. പൂജിക്കാൻ ഉണ്ണിയായ താൻ വന്നിട്ടാണോ അതോ പൂജ പിഴച്ചിട്ടാണോ കണ്ണൻ കഴിക്കാത്തത്  എന്നായി ഉണ്ണി നമ്പൂതിരിക്ക് .. .  .. ഭഗവാൻ ഒന്നും  കഴിക്കാതിരുന്നാൽ വിശന്നു വലഞ്ഞു കിങ്ങിണി ഊരിപ്പോവില്ലേ ? അച്ഛൻ വന്നാൽ അടിയും തരും . ഇനി നിവേദ്യത്തിനു സ്വാദ് പോരാഞ്ഞിട്ടാണോ ഭഗവാൻ കഴിക്കാത്തത് ... അപ്പോൾ ഉണ്ണിക്കു  സങ്കടം സഹിക്കാനായില്ല . ഓടി ഇല്ലത്തേക്ക് പോയി ഉറതൈരും , ഉപ്പുമാങ്ങയും , കയ്പ്പക്ക കൊണ്ടാട്ടവും, അവിടെ ഉണ്ടായിരുന്ന പഴങ്ങളും എല്ലാം  എടുത്തുകൊണ്ടുവന്നു . എന്നിട്ടും ഭഗവാൻ വന്നില്ല . പൊട്ടിക്കരഞ്ഞു കൊണ്ട് തൃക്കാൽക്കൽ വീണു .. കുട്ടിയായ ഭക്തന്റെ കണ്ണീരുകാണാൻ ഭഗവാനായില്ല . ദാ ഉണ്ണിക്കു മുമ്പിലേക്ക് 5 വയസുള്ള മറ്റൊരു  ഉണ്ണിയായി വന്നു . മഞ്ഞപട്ടുടുത്ത്‌ കിങ്ങിണി അരമണി ചാർത്തി പുലിനഖ മോതിരം അണിഞ്ഞു പീലികിരീടവും പൊന്നോടക്കുഴലും ആയി സാക്ഷാൽ വൈകുണ്ഠവാസൻ .. ഉണ്ണി നമ്പൂതിരി അത്ഭുതപെട്ടില്ല കാരണം അച്ഛൻ എന്നും ഗുരുവായൂരപ്പന് നേദ്യം കൊടുക്കുമ്പോൾ
വന്നുണ്ണുന്ന ആളല്ലേ ... ഭഗവാൻ പറഞ്ഞു " ഹേ ഉണ്ണി ഞാൻ നേരിട്ട് ഒരു ഭക്ഷണവും ഭുജിക്കാറില്ല . ഭക്ഷണ രസം മാത്രമേ ഞാൻ   കഴിക്കു..ഉണ്ണി വിളിച്ചത്തുകൊണ്ടു ഞാൻ വന്നതാ .. ഭക്ഷണം തന്നേക്കൂ" എന്ന് പറഞ്ഞു .. ഉച്ചപൂജക്കുള്ള എല്ലാ വിഭവങ്ങളും ഭഗവാൻ കഴിച്ചു .. വെള്ളി ഉരുളിയിൽ അല്പം നേദ്യ ചോറ് മാത്രം ഉണ്ണി നമ്പൂതിരിക്ക് മാറ്റി വച്ചു .. ഉച്ചപൂജ കഴിഞ്ഞു പുറത്തു വരുന്ന ഉണ്ണിയെ നോക്കി ക്ഷേത്ര പത്തുകാർ നിൽപ്പുണ്ട്.. നേദ്യം ബാക്കി കഴിക്കാനായി . അപ്പോൾ അതാ കാലി പാത്രവുമായി ഉണ്ണി വരുന്നു .. അവർ ചോദിച്ചു എവിടെ നേദ്യം ? ഉണ്ണി പറഞ്ഞു ഭഗവാൻ കഴിച്ചു ... അവകാശികൾക്ക്‌ ദേഷ്യവും സങ്കടവും തോന്നി അവർ പറഞ്ഞു എന്ത് .. അകത്തിരുന്നു നേദ്യം മുഴുവൻ കഴിച്ചിട്ട് കള്ളം പറയുന്നോ ...നെന്മിനി ഇല്ലെത്തെ ശുദ്ധനായ നമ്പൂതിരികുട്ടി കള്ളം പറയാൻ തുടങ്ങിയോ ...??? കഷ്ടം തന്നെ . എല്ലാവരും ഉണ്ണിയെ പഴിച്ചു നിൽക്കെ അച്ഛൻ തിരുമേനി അവിടെ എത്തി .. എന്താ വിഷയം എന്നന്വേഷിച്ച അദ്ദേഹത്തോട് പത്തുകാർ എല്ലാ വിവരവും പറഞ്ഞു .. അച്ഛൻ മകനോട് ചോദിച്ചു എവിടെ നിവേദ്യം എന്ന് . അപ്പോളും ഉണ്ണി പറഞ്ഞു കണ്ണൻ കഴിച്ചൂ എന്ന് . അച്ഛനും ദേഷ്യമായി .. ഉണ്ണിയെ തല്ലാൻ  കൈ ഓങ്ങി .. അപ്പോൾ അതാ ശ്രീലകത്ത് നിന്നും അശരീരി " ഉണ്ണിയെ അടിക്കരുത് നേദ്യം കഴിച്ചത് ഞാൻ തന്നെയാണ് .. ഉപ്പു മാങ്ങയും ഉറതൈരും , കയ്പ്പക്ക കൊണ്ടാട്ടവും കൊണ്ടു വന്നു  ആത്മാർത്ഥ ഭക്തിയോടെ ഉണ്ണി വിളിച്ചാൽ എനിക്ക് കഴിക്കാതെ പറ്റുമോ "....എന്ന്... എല്ലാവരും അത്ഭുത സ്തബ്ധരായി .. അച്ഛൻ തിരുമേനി നിറകണ്ണുകളോടെ മകനെ പിടിച്ചു നിറുകയിൽ ഉമ്മ വച്ചു .. മൂന്നു പതിറ്റാണ്ടിലേറെയായി താൻ പൂജിച്ചിട്ടു തനിക്കു കിട്ടാത്ത മഹാഭാഗ്യം ഉണ്ണിക്കുണ്ടായല്ലോ ...
നിഷ്കാമ ഭക്തിയോടെ  ഉണ്ണിക്കിടാങ്ങൾ വിളിച്ചാൽ വരാതിരിക്കാൻ ഭഗവാനാവില്ലല്ലോ ..

ഭഗവാൻ കഴിച്ച ഭക്ഷണത്തിന്റെ സ്വാദോർത്തു ഭഗവാൻ ഒരു  പാട്ടുപോലും പാടിയെന്നൊരു കവി വർണ്ണന ഉണ്ട്

ഉണ്ണിയെ തല്ലുവാൻ പാടില്ല ഭൂസുര
ഉണ്മയാണെല്ലാം പറഞ്ഞതുണ്ണി !
 ഉപ്പുമാങ്ങയുമുറ തൈരും കൂടാതെ കൈപ്പക്കാ കൊണ്ടാട്ടം തന്നാനുണ്ണി
 ഉണ്ണാൻ വിളിക്കുമ്പോൾ ഉണ്ണാതിരിക്കുവാൻ
കണ്ണനാമുണ്ണിക്കറിഞ്ഞുകൂടാ
എന്തെന്തു മാധുര്യ മെന്തുവിഭവങ്ങൾ
എല്ലാമെനിക്ക് പ്രിയംകരങ്ങൾ !
തേനൊലിച്ചീടുന്ന തേൻവരിക്കച്ചുള
തേൻമാമ്പഴങ്ങളും മാതള വും
അത്തിപ്പഴത്തിന്റെ മാധുര്യമുൾക്കൊള്ളും
തെച്ചിപ്പഴങ്ങളും , മുള്ളിൻപഴം
നെല്ലിക്ക ജാതിക്ക വാളരിങ്ങാപുളി,
കാരക്ക, പേരക്ക
എന്തെന്തു മാധുര്യ മെന്തുവിഭവങ്ങൾ
എല്ലാമെനിക്ക് പ്രിയംകരങ്ങൾ !

ഭഗവാന്റെ പ്രത്യേക കാരുണ്യത്തിനു പാത്രമായ ഉണ്ണി പിറന്ന നെന്മിനി ഇല്ലം
ഇന്നും ഗുരുവായൂർ പടിഞ്ഞാറേ നടയിൽ  ഐശ്വര്യത്തോടെയും സമ്പൽ സമൃദ്ധിയോടെയും നിലനിൽക്കുന്നുണ്ട്  ..

യോഗീന്ദ്രാണാം
ത്വംദംഗ്വേഷധികസുമധുരം മുക്തിഭാജാംനിവാസോ
ഭക്താനാം കാമവര്ഷദ്യുതരു കിസലയം നാഥാ തേ
 പാദമൂലം.. നിത്യം ചിത്തസ്ഥിതം മേ.
ഗുരുപവനപുരേ കൃഷ്ണാ... കാരുണ്യ സിന്ധോ ...
ഹൃത്വാ നിശ്ശേഷതാപാൻ
പ്രതിശതു പരമാനന്ദ സന്തോഹലക്ഷ്മീം...

ഭഗവാനേ, ഗുരുവായൂരപ്പാ എന്നും ലക്ഷ്മീഭഗവതിക്കൊപ്പം  എന്റെ മനസ്സിൽ വിളങ്ങണേ.
  "   ഓം നമോ  ഭഗവതേ  വാസുദേവായ"

No comments:

Post a Comment