Tuesday, February 26, 2019

ക്ലാസ് മുറിയില്‍ പ്രവേശനം കിട്ടിയാല്‍മാത്രം വിദ്യാര്‍ത്ഥിയാകുന്നില്ല. അധ്യാപകന് വേണ്ട യോഗ്യതകള്‍ പോലെ വിദ്യാര്‍ത്ഥിയാകനുമുണ്ട് വിശേഷ ഗുണങ്ങള്‍. അതനുസരിച്ചാണ് കടന്നിരിക്കലുകള്‍, പ്രൊമോഷന്‍, ഉണ്ടാകുന്നത്. തുടര്‍ ക്ലാസുകളിലേക്കുള്ള കയറ്റം അവകാശമല്ല, സ്വാഭാവികമായി സംഭവിക്കുന്ന ക്രിയയല്ല; അധികാരിയുടെ 'സര്‍വരേയും വിജയികളാക്കുന്ന' ആനുകൂല്യവുമല്ല. 'പഠിച്ചത് പാടുക', 'കതിരില്‍ വളം വെയ്ക്കുക', 'ചുട്ടയിലെ ശീലം ചുടലവരെ' തുടങ്ങിയ നാടന്‍ ചൊല്ലുകള്‍ക്ക് ക്ലാസ് മുറികളുമായും ബന്ധമുണ്ട്. 
കടന്നുപോകുന്ന വഴികളില്‍ നിന്നാര്‍ജിക്കുന്നതാണ് ജീവിത സംസ്‌കാരത്തിന്റെ സമ്പത്ത്. വിദ്യാര്‍ത്ഥി, അവകാശങ്ങള്‍ക്ക് പോരാടുന്നുവന്‍ മാത്രമായിത്തീരുമ്പോളല്ല അയാള്‍ 'കുശല'നോ 'പ്രവീണ'നോ 'സമര്‍ത്ഥ'നോ 'വിശാരദ'നോ ഒക്കെയാകുന്നത്. ഗുരുകുല വിദ്യാഭ്യാസകാലത്ത് ശിഷ്യനെ ഓരോരോ കാര്യങ്ങളില്‍ നിയോഗിച്ച് അത് ചെയ്യുന്നതിലെ മികവ് വിലയിരുത്തിയാണ് അടുത്ത ഘട്ടത്തിലേക്ക് കടത്തിയിരുത്തിയിരുന്നത്. എല്ലാവരേയും വിജയിപ്പിക്കുന്നതോ ആര്‍ക്കും പരീക്ഷ നടത്താത്തതോ അല്ലായിരുന്നു അന്ന് ശിഷ്യന്റെ യോഗ്യത നിശ്ചയിക്കുന്ന മാനദണ്ഡവും രീതിയും.
സുകുമാര കവിയുടെ കഥ കേട്ടിട്ടില്ലേ? ഗുരുവിന്റെ കര്‍ശന ശിക്ഷണത്തില്‍ മടുത്ത് ഗുരുവിനെ കൊന്നുകളയാന്‍ തീരുമാനിച്ച ശിഷ്യനും ശിഷ്യന്‍ കൂടുതല്‍ നന്നാകാന്‍ അവനെ പിന്നെയും പിന്നെയും പരീക്ഷിച്ചും ശാസിച്ചും പാകപ്പെടുത്താന്‍ ശ്രമിച്ച ഗുരുവും വാസ്തവം മനസിലാക്കിയപ്പോള്‍ ഗുരുഹത്യയ്ക്ക് ചിന്തിച്ചുപോയ പാപത്തിന് സ്വയം ഉമിത്തീയില്‍ നീറി മരിക്കാന്‍ തീരുമാനിക്കുകയും ചെയ്ത് സുകുമാര കവിയുടെ കഥ ഗുരു-ശിഷ്യ ബന്ധത്തിലെ നീറ്റുന്ന അധ്യായമാണല്ലോ. വിദ്യാര്‍ഥികളോടുള്ള അനുതാപപൂര്‍ണമായ സമീപനമെന്ന നിലപാടുവഴി പക്ഷേ ഇന്നത്തെ വിദ്യാഭ്യാസ സംവിധാനത്തില്‍ വന്ന അയവുകളും ഇളവുകളും ഗുണമോ ദോഷമോ ഉണ്ടാക്കുന്നതെന്നത് മറ്റൊരു വശം. 
കുശം എന്നാല്‍ ദര്‍ഭ. കാണാത്ത ചെറിയ മുള്ളുകള്‍ ധാരാളമുള്ളതാണ് ദര്‍ഭപ്പുല്ല്. ചോരപൊടിയാതെ ദര്‍ഭപ്പുല്ല് അറുക്കാന്‍ വിശേഷ പ്രയോഗ ജ്ഞാനം വേണം. അതിന് ആദ്യം ദര്‍ഭ എന്താണെന്ന്, ഏതാണെന്ന് തിരിച്ചറിയണം. അത് അറുക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കണം. അതില്‍ മുള്ളുണ്ടെന്നും ചെറിയ മുള്ളുകള്‍ കാണാനാവില്ലെന്നും അറിയണം. അങ്ങനെയറിഞ്ഞ്, കൈയില്‍ മുറിവേല്‍ക്കാതെ, ചോര പൊടിയാതെ ദര്‍ഭ ശേഖരിച്ച് ഗുരുവിന് എത്തിക്കണം.
കാട്ടിലാണ് പോകുന്നത്. അവിടെ ജന്തുക്കളുണ്ടെന്നും അവ ഉപദ്രവിക്കാമെന്നും അപ്പോള്‍ എന്ത് ചെയ്യണമെന്നും മറ്റും മറ്റുമായി കാടിനെ അറിയണം. ജീവികളെ അറിയണം, ദര്‍ഭയെ അറിയണം, അത് അറുക്കണം. ഇത്രയും ജ്ഞാനം ഉണ്ടായി, അത് പ്രായോഗികതലത്തില്‍ ചെയ്ത് കാണിച്ച് വേണം ഗുരുവില്‍നിന്ന് 'കുശലന്‍' എന്ന പ്രശംസ നേടാന്‍. അതൊരു ബിരുദമാണ്. കുശലത എന്ന കഴിവ് ശിഷ്യന് ഉണ്ടാകുന്നതും കുശലന്‍ എന്ന ബിരുദം നേടുന്നതും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് ചുരുക്കം. ഇനിയോ, അറുത്ത ദര്‍ഭ ഉണക്കി, മുറിച്ചും മുറിക്കാതെയും പലതരത്തില്‍ അത് ഉപയോഗിക്കുന്നത് ഹോമത്തിനും യാഗത്തിനുമാണെന്നും അതിന്റെ പിന്നിലെ ലക്ഷ്യം 
''അന്നാല്‍ ഭവന്തി ഭൂതാനി,
പര്‍ജ്ജന്യാദന്ന സംഭവഃ
യജ്ഞാല്‍ ഭവതി പര്‍ജ്ജന്യോ
യജ്ഞ കര്‍മ്മ സമുദ്ഭവഃ''  എന്ന സയന്‍സാണെന്ന വിജ്ഞാനവും നേടണം. അപ്പോഴേ കര്‍മ്മകുശലനാകൂ. ആ ശാസ്ത്ര തത്ത്വത്തിന് പിന്നില്‍ പ്രകൃതി ശാസ്ത്രമുണ്ട്, ജീവശാസ്ത്രമുണ്ട്, ധര്‍മ്മശാസ്ത്രവും കര്‍മ്മശാസ്ത്രവുമുണ്ട്. 
'അന്നം വേണം ജീവികള്‍ക്ക്
മഴ പെയ്തന്നവും വരും
യജ്ഞം ചെയ്താല്‍ മഴപ്പെയ്ത്തായ്
കര്‍മ്മത്താല്‍ യജ്ഞവും വരും' എന്ന് ഏകദേശ അര്‍ത്ഥം. ജീവികള്‍ക്ക് ആധാരം ഭക്ഷണമാണ്, അതിന് മഴയും മഴയ്ക്ക് യാഗവും യാഗങ്ങള്‍ക്ക് കര്‍മ്മവും ആധാരമെന്ന് സാരം. ഇങ്ങനെ ദര്‍ഭപ്പുല്ലില്‍നിന്ന് ജീവശാസ്ത്രവും ജീവാധാരമായ ധര്‍മ്മശാസ്ത്രവും കര്‍മ്മശാസ്ത്രവും ആര്‍ജിക്കുമ്പോഴാണ് ശിഷ്യത്വം പൂര്‍ത്തിയാകുന്നതും സഫലമാകുന്നതും മഹത്വമുള്ളതാകുന്നതും. അതായത് പ്രവേശനം കിട്ടി ഫീസ് കെട്ടിയാല്‍ മാത്രം വിദ്യാര്‍ഥിയാകുന്നില്ല. 
ശ്രീകൃഷ്ണനോട്, അല്ലയോ ജനാര്‍ദ്ദനാ എനിക്ക് അങ്ങയെക്കുറിച്ച് മറ്റു വിശിഷ്ടന്മാര്‍ പറയുന്നതിനെക്കുറിച്ചും അങ്ങയുടെ വിഭൂതിയെക്കുറിച്ചും പറഞ്ഞു തരൂ എന്നാണ് അര്‍ജ്ജുനന്‍ പറഞ്ഞത്. സൂക്ഷ്മ ജ്ഞാനമാണ് ചോദിക്കുന്നത്. ദര്‍ഭപ്പുല്ലില്‍ നിന്ന് ആത്മജ്ഞാനം രൂപപ്പെടുന്ന പഠനതന്ത്രമാണവിടെ. ഇന്ദ്രിയങ്ങളെ അടക്കിയ, ഹൃഷീകേശനായ, അര്‍ജുനനാണ് മുന്നില്‍ എന്നറിഞ്ഞാണ് കൃഷ്ണന്‍ മറുപടി തുടങ്ങുന്നത്...sudarsan.

No comments:

Post a Comment