Wednesday, February 27, 2019

അര്‍ജ്ജുനനോട് ഗുരു കൃഷ്ണന്‍ വിവരിക്കുന്നു. ശിഷ്യനെ, അവന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടാണ് തുടക്കം. ''വളരെ പ്രസക്തമായ ചോദ്യം', 'ഏറെ പ്രധാനമായ ചോദ്യം', 'നല്ല ചോദ്യം' എന്നെല്ലാം വിശേഷിപ്പിച്ചാണ് മറുപടി. അല്ലാതെ, ചോദ്യം ചോദിച്ചയാളെ തിരുമണ്ടന്‍ എന്ന് ആക്ഷേപിച്ചല്ല ഈ അധ്യാപകന്‍ മറുപടി തുടങ്ങുന്നത്. സംബോധന ചെയ്യുന്നത്, 'കുരുശ്രേഷ്ഠ' എന്നാണ്. ചന്ദ്രവംശത്തിലെ ഏറ്റവും ശ്രേഷ്ഠനായ രാജാവായിരുന്നു കുരു. ചന്ദ്രവംശം പി
ല്‍ക്കാലത്ത് കുരുവംശം എന്ന് അറിയപ്പെട്ടതിന് കാരണം ആ രാജാവിന്റെ കര്‍മ്മശ്രേഷ്ഠത്വം കൊണ്ടാണ്. ഭരണനിപുണനായിരുന്ന, ജനക്ഷേമ തല്‍പരനായിരുന്ന, രാജ്യ സംരക്ഷകനായിരുന്ന കുരു, ഭരണാധിപനായിരുന്ന് മോക്ഷാവസ്ഥയിലെത്തിയ ആളാണല്ലോ. ആ പാരമ്പര്യത്തിലെ കണ്ണിയായ അര്‍ജ്ജുനനെ, കുരുശ്രേഷ്ഠാ എന്ന സംബോധനയിലൂടെ പൈതൃകം ഓര്‍മിപ്പിക്കുന്നു, ഭരണം, രാജ്യസംരക്ഷണം, ജനതാല്‍പ്പര്യം തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നു. തുടര്‍ന്നാണ് താനാരാണെന്ന രഹസ്യം ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞുതുടങ്ങുന്നത്.
കൃഷ്ണന്‍ പറയുന്നു:
''അഹം ആത്മാ ഗുഡാകേശ
അഹം ആദിഃ ച മധ്യം ച
ഭൂതാനാം അന്തഃ ഏവ ച''
എല്ലാ ജീവജാലങ്ങളിലും ഞാനാണുള്ളത്, അവയുടെ തുടക്കവും ഒടുക്കവും ഇടയ്ക്കും ഉള്ളത് ഞാന്‍ തന്നെയാണെന്നാണ് ഗുരു പറയുന്നത്. അതായത് അറിവിന്റെ അടിസ്ഥാന സ്വരൂപത്തെക്കുറിച്ച് ശിഷ്യന് പറഞ്ഞുകൊടുക്കുകയാണ്. അതിന്റെവ്യാപ്തി ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും സൂക്ഷ്മഭാവവും സ്ഥൂലഭാവവും ഗുരു വ്യക്തമാക്കുകയാണ്.
ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ എല്ലാം ഞാന്‍ തന്നെയാണ് എന്ന് കൃഷ്ണന്‍. വിശദീകരണം പോരെന്ന് തോന്നിയപ്പോള്‍ ഇത്ര കൂടിപ്പറഞ്ഞു, ഞാന്‍ തുടക്കവും ഒടുക്കവും ഇടയ്ക്കുള്ളതുമാണ്. അതാണല്ലോ സമഗ്രത.
അറിവ് അങ്ങനെയാണ്. അറിവാണ് എല്ലാം. അറിവ്, തിരിച്ചറിവ്, ഘടനയും സത്തയും അറിയല്‍, എല്ലാം ബ്രഹ്മമെന്ന ആത്യന്തിക അറിവില്‍ എത്തല്‍, എന്നിങ്ങനെയാണല്ലോ ജ്ഞാനവിജ്ഞാനങ്ങളുടെ വളര്‍ച്ച. ഖരവും ദ്രാവകവും വാതകവും തന്മാത്രകളാണ് എന്നതാണ് വസ്തുവിന്റെ അവസ്ഥയുടെ ആത്യന്തിക തിരിച്ചറിവ്. സര്‍വതിലും ഉള്ളത് ഈ തന്മാത്രയും. അതിന്റെ വിഘടനമാണ് അണുരൂപ ശക്തിയെന്നും തിരിച്ചറിഞ്ഞാല്‍ എല്ലാമായി. അതിനെ ജീവനെന്നോ ചൈതന്യമെന്നോ ആത്മാവെന്നോ എന്തെല്ലാം പേരിട്ടു വിളിച്ചാലും അതിലെല്ലാം ഉള്ളത് 'ഞാന്‍'തന്നെയാണ്.
ശിഷ്യന് അത് മികച്ച അറിവാണ്. സര്‍വ ഭൂതങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് അറിവാണ്. ഗുരു തുടരുന്നു: ഞാനാണ് ആദി, ഞാനാണ് അന്ത്യം, ഞാന്‍ തന്നെയാണ് മധ്യവും. അങ്ങനെ കാലത്തെക്കുറിച്ചുള്ള വിജ്ഞാനവും ശിഷ്യന് നല്‍കുകയാണ്. സൃഷ്ടിയും സംഹാരവും സ്ഥിതിയും സംബന്ധിച്ച അറിവിലേക്കാണ് ശിഷ്യനെ ക്ഷണിക്കുന്നത്. ഭൂതവും വര്‍ത്തമാനവും ഭാവിയും സംബന്ധിച്ച കാലജ്ഞാന ബോധവുമാണ് പകരുന്നത്.
തലതിരിക്കുന്ന ഈ തത്ത്വശാസ്ത്രത്തിനെ ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് അധ്യാപകന്‍. പഠിപ്പിക്കലിന്റെ മികച്ച മാതൃകയാണല്ലോ ഈ ക്ലാസ്സ്...janmabhumi

No comments:

Post a Comment