Wednesday, February 27, 2019

ആനന്ദമയം ബ്രഹ്മമാണെന്ന് അഭിപ്രായപ്പെടുന്നതില്‍ ഭാഷ്യകാരനായ ആദിശങ്കരാചാര്യസ്വാമികളും വാര്‍ത്തികകാരനായ സുരേശ്വരാചര്യരും തമ്മില്‍ അല്പം വ്യത്യാസമുണ്ട്.
പഞ്ചകോശ വിവരണ സന്ദര്‍ഭത്തില്‍ ആനന്ദമയം ബ്രഹ്മമാണ് എന്ന് കല്‍പ്പിക്കുന്നത് ശരിയല്ലെന്നാണ് ആചാര്യ സ്വാമികളുടെ പക്ഷം. ആനന്ദമയകോശത്തിലെ മയട് പ്രത്യയത്തിന് മാത്രം പ്രാചുര്യ അര്‍ത്ഥം നല്‍കരുത് എന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ നിന്നും വേറിട്ടതായ രീതിയാണ് സുരേശ്വരാചാര്യര്‍ സ്വീകരിച്ചത്. അത് ഇതുവരെ വിശദീകരിച്ചതില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രചുരമായ ആനന്ദം ബ്രഹ്മമാണ് എന്ന് പറയുമ്പോള്‍ അല്പമായ ആനന്ദം വേറെ എന്തോ ആണെന്ന് വരും. ബ്രഹ്മമല്ലാതെ മറ്റൊന്ന് ലോകത്തിലില്ല.
ബ്രഹ്മപുച്ഛം പ്രതിഷ്ഠ എന്ന് ആനന്ദമയന്റെ അവയവങ്ങളെപ്പറ്റി പറയുമ്പോള്‍ ബ്രഹ്മത്തെ പ്രതിഷ്ഠയായ പുച്ഛമായി പറയുന്നു. ആനന്ദമയന്റെ അധിഷ്ഠാനമാണ് ബ്രഹ്മമെന്ന് കരുതണം.
 ആനന്ദമയനായ ആത്മാവ് വേറെയുണ്ടോ എന്ന് സംശയിക്കേണ്ടതില്ല. അന്തരാത്മാവിന്റെ ആന്തരതമ കോശമായി ആനന്ദമയനെ കരുതുന്നതാണ് ഉചിതം.
ബ്രഹ്മം തന്നെയാണ് വിഷയം എന്നതിനാല്‍ അതിന് പ്രാധാന്യമുണ്ട്. ആനന്ദമാണ് ബ്രഹ്മമെന്ന് തൈത്തിരീയത്തിലെ ബ്രഹ്മാനന്ദവല്ലി പലയിടത്തും വിവരിക്കുന്നുണ്ട്.
തുടര്‍ന്ന് ആനന്ദമയ ശബ്ദത്തെ പറയാതെ ബ്രഹ്മം എന്ന് മാത്രമാണ് പറയുന്നത്. പിന്നീട് അവസാനം ഭൃഗുല്ലിയില്‍ ബ്രഹ്മം ആനന്ദം തന്നെയെന്ന് പറയുന്നു. അതിനാല്‍ ആനന്ദമയന്‍ എല്ലാത്തിനും അധിഷ്ഠാനമായ ബ്രഹ്മം തന്നെയെന്ന് ഉറപ്പിക്കാം.
അന്തരധികരണം
അടുത്ത രണ്ട് സൂത്രങ്ങളിലൂടെ ഏഴാമത്തേതായ അന്തരധികരണത്തെ പ്രതിപാദിക്കുന്നു.
സൂത്രം- അന്തസ്തദ്ധര്‍മ്മോപദേശാത്
ഉള്ളിലുള്ള പുരുഷന്‍ തന്റെ ധര്‍മ്മങ്ങളെ ഉപദേശിച്ചതിനാല്‍ ആദിത്യനിലും അക്ഷിയിലുമുള്ള പുരുഷന്‍ ബ്രഹ്മം തന്നെയാണ്. കാരണം അതിന്റെ ധര്‍മ്മങ്ങളെ ഉപദേശിക്കുന്നതിനാലാണിത്. 
ആദിത്യമണ്ഡലത്തിനകത്ത് എന്നത്  ഹൃദയാന്തര്‍ഭാഗത്ത് എന്നും അര്‍ത്ഥമെടുക്കാം.
അകത്തിരുന്ന് പരമാത്മാ ധര്‍മ്മ പ്രതിപാദനം നടത്തിയിരിക്കുന്നതിനാലാണ് ഇതെന്ന് അറിയണം.
ബൃഹദാരണ്യകത്തില്‍ പരമാത്മാവിനെ സര്‍വ അന്തര്യാമിയും സര്‍വാധാരനും സര്‍വ്വേശ്വരനുമെന്ന് പറയുന്നു. ഛാന്ദോഗ്യത്തില്‍ പരമാത്മാവിനെ സൂര്യ മണ്ഡലത്തിലിരിക്കുന്നവനായും പറയുന്നു. ഈ പരമാത്മാ ധര്‍മ്മങ്ങളൊന്നും ജീവന് ചേരില്ല. അതിനാല്‍ വിജ്ഞാനമയനായി ഹൃദയത്തിലും ഹിരണ്‍ മയനായി സൂര്യനിലുമിരിക്കുന്ന ദേവനോ അഥവാ പുരുഷനോ പരമാത്മാവല്ലാതെ വേറൊന്നാവില്ല. അതിനാല്‍ ആനന്ദമയ ശബ്ദം പരമാത്മാവ് മാത്രമാണ്.
ആദിത്യമണ്ഡലപുരുഷനും അക്ഷിപുരുഷനും ഉപാസന, കര്‍മ്മം എന്നിവയിലൂടെ ഉത്കര്‍ഷം നേടും. ഇത് സംസാരിജീവനെ  ഉപാസിക്കാനാണോ പരമാത്മാവിനെ ഉപാസിക്കുവാനാണോ പറയുന്നത് എന്ന സംശയം ഉണ്ടാകാം. അത് ശരിയല്ല. സംസാരി ജീവനെയല്ല, അന്തരാത്മാവായി വിളങ്ങുന്ന പരമാത്മാവിനെയാണ് പറയുന്നത്. പരമപുരുഷന്റെ ധര്‍മ്മങ്ങളെ പിന്നീട് പറയുന്നു എന്നത് തന്നെ കാരണം. ആ പുരുഷന് 'ഉത്' എന്ന പേര് കിട്ടിയത് എല്ലാ പാപങ്ങളില്‍ നിന്നും മുക്തനായതിനാലാണ്.
 ശ്രുതിയില്‍  പുരുഷനെക്കുറിച്ച് പറയുന്നിടത്ത് തലമുടി, താടിരോമം എന്നീ വിശേഷണങ്ങള്‍ കാണുമ്പോള്‍ ജീവന്‍ ആണ് എന്ന് കരുതരുത്. പരമാത്മാവ് സാധകരെ അനുഗ്രഹിക്കാന്‍ ഇച്ഛകൊണ്ട് മായാമയരൂപം എടുക്കാറുണ്ട്. ഇത് സ്മൃതിയിലും കാണാവുന്നതാണ്.ഇങ്ങനെ ഏത് തരത്തില്‍ നോക്കിയാലും അന്തര്യാമിയായ പുരുഷന്‍ ബ്രഹ്മം തന്നെയാണ്.
 janmabhumi

No comments:

Post a Comment