Friday, February 22, 2019

പുരാതനകാലത്ത് രാജാവുണ്ടായിരുന്നില്ല, രാജ്യവുമില്ല; ഭരണയന്ത്രവുമില്ല. കോടതി, പോലീസ് തുടങ്ങിയ സംവിധാനങ്ങളൊന്നും തന്നെയില്ല. എങ്കിലും ഭാരതം ഒരു ക്ഷേമരാഷ്ട്രമായിരുന്നു. പൂര്‍ണ്ണചൈതന്യത്തോടു കൂടി വിളങ്ങിയിരുന്ന രാജ്യം.
നാ രാജ്യം നാ രാജാസീല്‍
ന ദണ്ഡോ ന ച ദണ്ഡികാഃ
ധര്‍മ്മേണൈവ പ്രജാഃ സര്‍വെ
രക്ഷന്തിഷ്മ പരസ്പരം (മഹാഭാരതം)
ശിക്ഷയില്ല; ശിക്ഷിക്കാനും ആരുമില്ല. ധര്‍മ്മം കൊണ്ടാണ് പ്രജകള്‍ പരസ്പരം രക്ഷിച്ചിരുന്നത്. കുറ്റം ചെയ്താലല്ലേ ശിക്ഷയുള്ളൂ. കുറ്റം തന്നെയില്ല. ജനങ്ങള്‍ക്കെല്ലാം തികഞ്ഞ ധര്‍മ്മബോധമുണ്ടായിരുന്നു. ധര്‍മ്മ വിരുദ്ധമായി യാതൊന്നും ഒരാളും പ്രവര്‍ത്തിക്കില്ല. അതിനു തോന്നില്ല. ‘ഇത് കൃതയുഗം അഥവാ സത്യയുഗത്തിലെ സ്ഥിതിയായിരുന്നു. എന്നാല്‍ അടുത്ത യുഗം – ത്രേതായുഗം – വന്നപ്പോള്‍ അധര്‍മ്മം കുറേശ്ശെ തലപൊക്കാന്‍ തുടങ്ങി. ദ്വാപരയുഗമായപ്പോഴേക്കും അധര്‍മ്മം ശക്തിപ്രാപിച്ചു. കലിയുഗമായപ്പോഴേക്കും അധര്‍മ്മം കൊടികുത്തി വാഴാന്‍ തുടങ്ങി.
നാശം ഏറെക്കുറേ സമ്പൂര്‍ണ്ണമാവാന്‍ പോകുകയാണ്. ഈ നില തുടര്‍ന്നാല്‍ നാശം പരിപൂര്‍ണ്ണമാകും. ഇങ്ങനെ ധര്‍മ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോഴൊക്കെത്തന്നെ ധര്‍മ്മസംരക്ഷണത്തിനായി ഓരോ യുഗത്തിലും ഭഗവാന്‍ ജനിക്കും എന്ന് ഭഗവത്ഗീതയില്‍ വ്യക്തമായി പറയുന്നുണ്ട്. നമ്മുടെ രാജ്യത്തില്‍ സംഭവിച്ചതും ഇപ്പോള്‍ സംഭവിക്കുന്നതും ഇതു തന്നെയാണ്. അധര്‍മ്മത്തിന്റെ തീപ്പൊരികളുടെ ആരംഭത്തില്‍ ദുഷ്ടജനങ്ങളെ സംഹരിക്കാനായി അയോധ്യയില്‍ ശ്രീരാമഭഗവാന്‍, മഹാവിഷ്ണുവിന്റെ അത്യുജ്വലമായ അവതാരം, കര്‍മ്മരംഗത്തു വന്നു. അതിന്റെ ലക്ഷണങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനകാലങ്ങളില്‍ നാം കണ്ടതും ഇനി കാണാന്‍ പോകുന്നതും.
പുരാതനകാലത്തും ഭാരതത്തിലെ രാജാക്കന്മാര്‍ മഹര്‍ഷിമാരുടെ ഉപദേശപ്രകാരമേ ഭരണം നടത്തിയിരുന്നുള്ളൂ. വസിസ്ഠമഹര്‍ഷിയും വിശ്വാമിത്രമഹര്‍ഷിയും ഇക്ഷ്വാകുവംശത്തിലെ രാജാക്കന്‍മാരുടെ ഉപദേശകന്മാരായിരുന്നു, പ്രത്യേകിച്ചും ശ്രീരാമന്റെയും സഹോദരന്മാരുടെയും. നമ്മുടെ നാടിന്റെ അധഃപതനത്തിനും ധര്‍മ്മക്ഷയത്തിനുമുള്ള പ്രധാനകാരണം ധര്‍മ്മബോധത്തിന്റെ രാഹിത്യമാണ്. ആശ്രമത്തിലെ സന്യാസിമാരും ആരണ്യത്തില്‍ തപം ചെയ്യുന്ന മഹര്‍ഷിമാരും മനുഷ്യര്‍ക്കു നല്‍കാനുള്ള ഉപദേശം ധര്‍മ്മോപദേശം തന്നെയാണ്.
പണ്ട് അതായത് ത്രേതായുഗം മുതല്‍ക്ക് അധികാരം പരിപൂര്‍ണ്ണമായും രാജാവിനു തന്നെയാണ്. താന്‍ ചെയ്യുന്ന തെറ്റുകള്‍ക്കു മാത്രമല്ല, പ്രജകള്‍ ചെയ്യുന്ന തെറ്റുകള്‍ക്കും രാജാവ് ഉത്തരവാദിയാണ്. പ്രജകള്‍ നിരപരാധികളാണ്. രാജാവിനെ അനുസരിക്കുകയാണ് അവരുടെ പ്രധാനകര്‍മം. രാജാവ് ഒരിക്കലും ധര്‍മം തെറ്റിക്കില്ല. കാരണം രാജാവിന്റെ നിയന്ത്രണത്തിന് മഹര്‍ഷിമാരുണ്ട് എന്നാല്‍ ഇന്നാകട്ടെ ജനാധിപത്യമാണ്. ഇന്ന് അധികാരം രാജാവില്ലാ പ്രജകള്‍ക്കാണ്. രാജാവ് തന്നെയില്ല! പകരം അനേകം രാജാക്കന്മാരാണ്. അവരെയൊക്കെ മന്ത്രിമാര്‍ എന്നാണ് പറയുക. രാജാവിന്റെ പരമാധഇകാരമുള്ള മന്ത്രിമാരെ ഉപദേശിക്കാനാണ് ഇപ്പോള്‍ ആളില്ലാതായത്! അതിന്റെ അനുഭവവും കാണാനുണ്ട്. ഭരണവര്‍ഗത്തിനു തന്നെ ധര്‍മബോധമില്ലാതെ വരുമ്പോള്‍ പ്രജകള്‍ക്കും ധര്‍മബോധമില്ലാതാവുന്നത് സ്വാഭാവികമാണ്. സാധാരണക്കാര്‍ എന്നും വലിയവരെയാണല്ലോ അനുകരിക്കുക! ഏതായാലും ജനങ്ങള്‍ അവര്‍ക്ക് ‘പറ്റിയ’ ആളുകളെ തിരഞ്ഞെടുക്കുന്നു. തിരഞ്ഞെടുപ്പിനുശേഷം അവര്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നു! ജനങ്ങള്‍ക്ക് തന്നെ ധര്‍മഗ്ലാനി സംഭവിച്ചിട്ടാണ്. അതുകൊണ്ടാണ് അവര്‍ അധര്‍മത്തിനെ അറിഞ്ഞോ അറിയാതെയോ ഭരണത്തില്‍കയറ്റി ചെങ്കോല് കൊടുത്ത് അടി വാങ്ങുന്നത്! നാലു ദശാബ്ദങ്ങള്‍ ചിറകടിച്ചുപറന്നു. ഇനിയും സ്ഥിതിയില്‍ മാറ്റമില്ല.
ത്രേതായുഗത്തില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ പരിശോധിക്കുന്നത് അത്യാവശ്യമാണെന്ന് തോന്നുന്നു. മുമ്പു പറഞ്ഞപോലെ യുഗാരംഭത്തില്‍ ധര്‍മത്തിന് ഊനം തട്ടാന്‍ തുടങ്ങി. കാലത്തിന്റെ മാറ്റം തന്നെ. സാധാരണജനങ്ങള്‍ക്ക് ധര്‍മപ്രഭാണം ദഹിക്കാന്‍ വിഷമമായതുകൊണ്ട് അതിന്റെ പ്രാധആന്യം പഠിപ്പിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം പറഞ്ഞുകൊടുത്താല്‍ അതുപകരിക്കും. പക്ഷെ അങ്ങനെ ഒരു വ്യക്തിയുണ്ടെങ്കിലല്ലേ കഥ പറയാന്‍ പറ്റൂ. വാല്മീകിമഹര്‍ഷി എത്ര അന്വേഷിച്ചിട്ടും അദ്ദേഹത്തിന്റെ കഥക്കനുസരിച്ച ജീവനുള്ള ഒരു മനുഷ്യനെ കണ്ടെത്തേണ്ടേ? ദിവ്യതയുള്ള ദേവന്മാരെയായിട്ട് കാര്യമില്ല. കഥ പറഞ്ഞുകൊടുക്കേണ്ടത് മനുഷ്യര്‍ക്കാണ്. അതുകൊണ്ട് വിഷയം മനുഷ്യന്‍ തന്നെയായിരിക്കണം. കണിശമായി പറഞ്ഞാല്‍ മനുഷ്യഹൃദയംതന്നെയാവണം ഒടുവില്‍ അദ്ദേഹം സര്‍വ്വജ്ഞനായ നാരദമുനിയെ സമീപിച്ചു. ജ്ഞാനത്തെ ദാനം ചെയ്യാനുള്ള കഴിവുള്ള വ്യക്തി എന്നാണ് ‘നാരദന്‍ എന്ന വാക്കിനര്‍ത്ഥം, വാല്മീകിയുടെ ആദര്‍ശപുരുഷന്‍ എങ്ങനെയൊക്കെയാവണം? ധാര്‍മികനായ, ശൂരനായ, സത്യവാനായ, ചാരിത്രവാനായ, ഗുണവാനായ, കൃതജ്ഞനായ, വിദ്വാനായ, സമര്‍ഥനായ, ക്രോധമടക്കിയവനായ പ്രിയദര്‍ശനനായ, ആത്മവാനായ ഒരു മനുഷ്യനെയാണ് വാല്മീകി ആവശ്യപ്പെട്ടത്. അങ്ങനെ ഒരാള്‍ ഈ ഭൂമിയിലുണ്ടോ? ഉണ്ടെങ്കില്‍ ആരാണ്? ഇതാണ് ചോദ്യം.
‘കോന്വസ്മിന്‍ സാമ്പ്രതം ലോകേ
ഗുണവാന്‍ കശ്ചവീര്യവാന്‍
ധര്‍മജ്ഞശ്ച കൃതജ്ഞശ്ച
ശത്യവാക്യോ ദൃഢവ്രത:’
നാരദമഹര്‍ഷിക്കു സംശയമുണ്ടായില്ല. ‘രാമന്‍’ എന്ന മറുപടി ഉടനെ കൊടുത്തു അതിനുള്ള കാരണങ്ങളും പറഞ്ഞുകൊടുത്തു.
ഇനി നമുക്ക് രാമനാമത്തെപ്പറ്റിയും രാമായണത്തെപ്പറ്റിയും ചിന്തിക്കാം.
രാമായണം
രാമായണം രാമന്റെ അയനമാണ്. അയനം എന്നു പറഞ്ഞാല്‍ മാര്‍ഗ്ഗം. രാമന്റെ മാര്‍ഗ്ഗം, ധര്‍മത്തിന്റെ മാര്‍ഗ്ഗം ധര്‍മത്തിന്റെ വിജയം എന്നു ചുരുക്കം. രാമായണം രാമന്റെയും രമയുടേയും മാര്‍ഗം എന്നും അര്‍ത്ഥമുണ്ട്. അതായത് സീതയുടേയും മാര്‍ഗം. ‘സീതായാശ്ചരിതം മഹത്’ എന്ന് വാല്മീകി തന്നെ പറഞ്ഞിട്ടുണ്ട്. ശാന്തിയുടെ പ്രതീകമാണ്. സീതാദേവീ. ധര്‍മമുള്ളേടത്തേ ശാന്തിയുള്ളൂ. അധര്‍മിഷ്ഠന്‍ ഭൗതികസുഖങ്ങളുടെ ദന്തഗോപുരത്തില്‍ വസിച്ചാലും മനഃശാന്തി ലഭിച്ചില്ലല്ലോ. ധര്‍മം അധര്‍മ്മത്തെ ജയിച്ചു കീഴടക്കുന്ന ഇതിഹാസമാണ് രാമായണം. രാമനിലൂടെയുള്ള അയനം, ഗതി പരമാത്മാവിന്റെ പ്രതിബിംബമായ രാമനാകുന്ന സഗുണ ബ്രഹ്മത്തിലൂടെ ബ്രഹ്്മജ്ഞാനം നേടുക എന്നതാണ്. ‘ബ്രഹ്മവിത് ബ്രഹ്മൈവഭവതി ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെ ആയി തീരുന്നു.
വാല്മീകിയുടെ രാമന്‍ ഒഴിച്ചു മറ്റു രാമായണകര്‍ത്താക്കളെല്ലാം രാമനെ ഈശ്വരനായി അവതരിപ്പിക്കുന്നു. എന്നാല്‍ വാല്മീകിയുടെ രാമന്‍ കേവലമനുഷ്യനാണ്. രാവണന്‍ മനുഷ്യനാല്‍ മാത്രമേ വധിക്കപ്പെടൂ എന്ന വരം നേടിയതുകൊണ്ട് ഭഗവാന് മനുഷ്യനായി അവതരിക്കേണ്ടി വന്നു. മനുഷ്യര്‍ക്ക് മനുഷ്യനെ അനുകരിക്കാനാണ് എളുപ്പം. ഈശ്വരന്മാരെയല്ല. എന്തിനധികം? സ്വന്തം പിതാവ് ദശരഥമഹാരാജാവ് പോലും തന്റെ പുത്രന്‍ ഈശ്വരനാണെന്നു മനസ്സിലാക്കിയിട്ടില്ല.
ഊനഷോഡശവര്‍ഷാമേ
രാമോ രാജീവലോചനഃ
ന യുദ്ധ യോഗ്യ താമസ്യ
പശ്യാമി സഹ രാക്ഷസൈഃ
പതിനാറു വയസുപോലും തികയാത്ത എന്റെ പുത്രനായ രാമന് രാക്ഷസന്മാരുമായി യുദ്ധം ചെയ്യാനാവുന്നതല്ല. എന്നാല്‍ അതിന്ദ്രിയജ്ഞാനികളായ മഹര്‍ഷിമാര്‍ രാമന്റെ അമാനുഷത്വം അറിയുന്നുണ്ട്.
അഹം വേത്തി മഹാത്മാനം
രാമം സത്യ പരാക്രമം
വസിഷ്‌ഠോ f പി മഹാതേജാഃ
യേ ചേ മെ തപസ്ഥിതാഃ
രാമന്‍ മഹാത്മനും സത്യപരാക്രമനുമാണെന്ന് ഞാനറിയുന്നു. വസിഷ്ഠനും അറിയുന്നു. പക്ഷെ അങ്ങു മാത്രം അറിയുന്നില്ല. വിശ്വാമിത്രനാണ് ഇങ്ങനെ പറയുന്നത്.
ഭഗവാന്‍ പരമശിവന്‍ രാമായണത്തിന്റെ പ്രഥമാചാര്യനാണ്. മഹര്‍ഷിമാരും, ദേവന്‍മാരും അസുരന്‍മാരും അപേക്ഷിച്ചതനുസരിച്ച് പരമശിവന് മൂന്നു കൂട്ടര്‍ക്കുമായി രാമായണം തുല്യമായി ഭാഗിച്ചുകൊടുത്തു. അവശേഷിച്ചത് ‘രാമ’ എന്ന രണ്ടക്ഷരമാണ്. അത് മനുഷ്യര്‍ക്കും കൊടുത്തു. ആ രാമനാമത്തില്‍ വാല്മീകി രാമായണം മുഴുവന്‍ ദര്‍ശിച്ചു.
രാമമന്ത്രം മാഹമന്ത്രം
ഇത് താരക മഹാമന്ത്രമാണെന്നു പണ്ഡിതന്മാര്‍ കണ്ടുപിടിച്ചിരിക്കുന്നു. അതായത് കരകയറ്റുന്ന മന്ത്രം സംസാരത്തില്‍ നിന്നു വൈഷ്ണവശക്തിയും ശൈവശക്തിയും ഇതിലുണ്ട്്. ഏറ്റവും പ്രധാനപ്പെട്ട രണ്ടു ദൈവങ്ങളാണല്ലോ ശിവനും വിഷ്ണുവും. ഓം നമോ നാരായണായ’ എന്ന പഞ്ചാക്ഷരത്തിലും ഏറ്റവും പ്രധാനപ്പെട്ട ഓരോ അക്ഷരമുണ്ട്. ഇതിനു ബീജാക്ഷരം എന്നു പറയും. നാരായണമന്ത്രത്തില്‍ ‘മ’ എന്ന അക്ഷരവും ചേര്‍ന്നതാണ്. ‘രാമമന്ത്രം’. ഓരോ മന്ത്രത്തില്‍ നിന്നും ബീജാക്ഷരം നീക്കം ചെയ്താല്‍ മന്ത്രം അര്‍ത്ഥശൂന്യമാകും. മാത്രമല്ല അനര്‍ഥമാവുകയും ചെയ്യും! എന്നു വെച്ചാല്‍ കിട്ടുന്നത് വിപരീതാര്‍ത്ഥമായിരിക്കും. ‘രാ’ എന്ന അക്ഷരം നീക്കം ചെയ്താല്‍ ‘നാരായണയ’ എന്നത് ‘ന അയനായ’ എന്നായിത്തീരും. മോക്ഷത്തിനു പര്യാപ്തമല്ല എ്ന്നാണര്‍ത്ഥം വരുക. അതായത് വിപരീതാര്‍ത്ഥം. ശിവമന്ത്രം ‘നമശിവായ ‘ന ശിവായ’ എന്നാവും മംഗളത്തിനു കാരണമല്ല എന്ന വിപരീര്‍ത്ഥമാണു വന്നു ചേരുക!
രാമനാമം ശിവനും ശിവനാമം രാമനും എപ്പോഴും ജപിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ് സങ്കല്പം.
രാമനാമം വിഷ്ണുസഹസ്രനാമത്തിനു തുല്യമാണ്. ഭഗവാന്റെ സഹസ്രനാമം എളുപ്പത്തില്‍ ചൊല്ലിത്തീര്‍ക്കാനുള്ളവഴി ഏതാണെന്നു ഒരിക്കല്‍ പാര്‍വ്വതീദേവി പരമശിവനോട് ചോദിക്കുകയുണ്ടായി.
‘കേനോപായേന ലഘുനാ
വിഷ്‌ണോ: നാമ സഹസ്രകം
പാല്യതെ പാണ്ഡിതൈ; നിത്യം
ശ്രോതും ഇച്ഛാമ്യഹം പ്രഭോ’
അതിനുള്ള ഭഗവാന്റെ മറുപടിയാണിത്
ശ്രീരാമ രാമ രാമേതി
രമേ രാമേ മനോരമേ
സഹസ്രനാമ തത്തുല്യം
രാമനാമ വരാനനേ’
സഹസ്രനാമത്തിനു പകരമായി പതിവായി രാമനാമം ജപിച്ചാല്‍ മതിയെന്നാണ് ഭഗവാന്റെ ഉപദേശം.

No comments:

Post a Comment