Wednesday, February 20, 2019

മുദ്രകളെ ഒന്നൊന്നായി പരിചയപ്പെടുത്തുന്നു. ആദ്യം മഹാമുദ്ര.
പാദമൂലേന വാമേന
യോനിം സമ്പീഡ്യ ദക്ഷിണം
പ്രസാരിതം പദം കൃത്വാ
കരാഭ്യാം ധാരയേദ് ദൃഢം - 3 -10
ഇടത്തെ കാലിന്റെ ഉപ്പൂറ്റി യോനിസ്ഥാനത്ത് ചേര്‍ത്തുവെച്ച ശേഷം വലതുകാല്‍ നീട്ടിവെച്ച് കൈകള്‍ കൊണ്ടു ദൃഢമായി പിടിക്കണം.
ഗുദ-ലിംഗങ്ങളുടെ ഇടയിലുള്ള മര്‍മസ്ഥാനമാണ് യോനിസ്ഥാനം. മൂലാധാരത്തിന്റെ സ്ഥാനവും അതു തന്നെ.
 കണ്‌ഠേ ബന്ധം സമരോപ്യ
ധാരയേദ് വായുമൂര്‍ധ്വത:
യഥാ ദണ്ഡഹത: സര്‍പ്പോ 
ദണ്ഡാകാര: പ്രജായതേ - 3 - 11
 ജലന്ധര ബന്ധം ചെയ്തു പ്രാണനെ മേലോട്ട് നയിക്കുമ്പോള്‍  അടി കിട്ടിയ സര്‍പ്പത്തെപ്പോലെ കുണ്ഡലിനി ഉയരുന്നു.
കണ്ഠത്തിലെ ബന്ധം ജാലന്ധര ബന്ധം തന്നെ. ഊര്‍ധ്വമെന്നാല്‍ സുഷുമ്‌നയിലൂടെ മേലോട്ട് എന്നര്‍ഥം. ഇവിടെ മൂലബന്ധമാണ്
സൂചിപ്പിച്ചത്. മൂലബന്ധമെന്നാല്‍ മൂലാധാരബന്ധമാണ്. ഗുദ സങ്കോചനമല്ല. ഗുദ സങ്കോചനം അശ്വിനീ മുദ്രയേ ആവൂ എന്നും ഓര്‍ക്കണം. രണ്ടു ബന്ധങ്ങളും (ജാലന്ധര + മൂലബന്ധം) കൊണ്ട്, വടികൊണ്ടുള്ള അടി കൊണ്ട പാമ്പ് എന്ന പോലെ കുണ്ഡലിനി അതിന്റെ ചുരുളുകള്‍ നിവര്‍ത്തും. ദണ്ഡാകാരമാകും. സുഷുമ്‌നയിലൂടെ ഉയരുമെന്നര്‍ഥം.
ഋജ്വീഭൂതാ തഥാ ശക്തി:
കുണ്ഡലീ സഹസാ ഭവേത്
തദാ സാ മരണാവസ്ഥാ
ജായതേ ദ്വിപുടാശ്രയാ - 3 - 12
അങ്ങിനെ കുണ്ഡലിനീ ശക്തി ചുരുള്‍ നിവര്‍ത്തുമ്പോള്‍ ഇഡയും പിംഗളയും മരിക്കും.
ദ്വിപുടം എന്നാല്‍ ഇഡയും പിംഗളയും. അതിനെ ആശ്രയിച്ചായിരുന്നു കുണ്ഡലിനി സ്ഥിതി ചെയ്തിരുന്നത്. അത് സുഷുമ്‌നയില്‍ പ്രവേശിക്കുന്നതോടെ ഇഡാ-പിംഗളകളോടുള്ള ബന്ധം വേര്‍പെടും. പ്രാണ വിയോഗമുണ്ടായാല്‍ അവയ്ക്ക് പിന്നെ പ്രവര്‍ത്തനമില്ല. അതാണിവിടെ മരണമെന്ന് സൂചിപ്പിച്ചത്.
തത: ശനൈഃ ശനൈരേവ
രേചയേന്നൈവ വേഗത:
ഇയം ഖലു മഹാമുദ്രാ
മഹാസിദ്ധൈ: പ്രദര്‍ശിതാ - 3 - 13
പിന്നീട് സാവധാനത്തില്‍, വേഗം കൂടാതെ ശ്വാസം വിടണം. ഇതാണ് മഹാസിദ്ധന്മാര്‍ കാട്ടിത്തന്ന മഹാമുദ്ര.
രേചകം വേഗത്തിലാവരുത് എന്ന് മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്. ബലഹാനിയാണതിന്റെ ഫലം. മഹാസിദ്ധന്മാരെന്നാല്‍ ആദിനാഥന്‍ മുതലായ യോഗിവര്യന്‍മാര്‍ തന്നെ. മഹാമുദ്ര യോഗിമാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടതാണെന്നു താല്‍പ്പര്യം.
ആസനം, കുംഭകം, ബന്ധം, മുദ്ര ഇവ യെല്ലാം ചേര്‍ന്നതാണ് മഹാമുദ്ര.
ഇത് ചെയ്യുന്നത് എങ്ങനെ എന്നു കാണാം. കാല്‍ നീട്ടിയിരിക്കുക. ഇടതുകാല്‍ മടക്കി  കാല്‍മടമ്പ് ഗുദ-ലിംഗങ്ങളുടെ മധ്യത്തില്‍ മൂലാധാര സ്ഥാനത്ത് ചേര്‍ക്കുക. (ഇത് ഉത്താന പാദാസനം) ശ്വാസം വിട്ടു കൊണ്ട് ഇരു കൈകളാല്‍ വലതുകാലിന്റെ പെരുവിരല്‍ പിടിക്കുക. തല നിവര്‍ത്തി, നാക്ക് പിന്നോട്ട് വളച്ച് അടിഭാഗം അണ്ണാക്കില്‍ ചേര്‍ക്കുക. ദൃഷ്ടി ഭ്രൂമധ്യത്തിലായിരിക്കും. ശ്വാസം നിറച്ച് കുംഭകം ചെയ്യുക. മൂലബന്ധം ചെയ്യുക. ബോധത്തെ ആജ്ഞ, വിശുദ്ധി, മൂലാധാരം, ഇവയില്‍ ഓടിക്കുക.  കാല്‍ മാറ്റി പ്രവര്‍ത്തനം ആവര്‍ത്തിക്കണം. ഇതാണ് മുക്തിബോധാനന്ദ സ്വാമി പറയുന്ന പദ്ധതി. സിദ്ധാസനത്തിലിരുന്ന് കൈകള്‍ ചിന്‍മുദ്രയിലാക്കി മുട്ടില്‍ ചേര്‍ത്തും ചെയ്യാം.
മഹാ ക്ലേശാദയോ ദോഷാ:
ക്ഷീയന്തേ മരണാദയ:
മഹാമുദ്രാം ച തേനൈവ
വദന്തി വിബുധോത്തമാ: - 3 - 14
മഹാക്ലേശാദി ദോഷങ്ങളും മരണാദികളും ക്ഷയിക്കുന്നതിനാല്‍ മഹാമനീഷികള്‍ ഇതിനെ മഹാമുദ്ര എന്നു വിളിക്കുന്നു.
അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണ് ക്ലേശങ്ങള്‍. ജരാനരകള്‍, രോഗം, മുതലായവയാണ് ദു:ഖങ്ങള്‍. മഹാക്ലേശങ്ങളെയും മരണാദിദോഷങ്ങളെയും മുദ്രണം ചെയ്യുന്നതിനാല്‍, ശമിപ്പിക്കുന്നതിനാല്‍ മഹാമുദ്ര എന്ന പേരു കിട്ടി.
ചന്ദ്രാംഗേ തു സമഭ്യസ്യ
സൂര്യാംഗേ പുനരഭ്യസേത്.
യാവത് തുല്യാ ഭവേത് സംഖ്യാ
തതോ മുദ്രാം വിസര്‍ജയേത്. - 3 - 15
ആദ്യം ഇടതുകാലില്‍ തുടങ്ങണം. പിന്നീട് വലതുകാലില്‍ ആരംഭിക്കണം. മാറി മാറി തുല്യമായി ചെയ്ത ശേഷം മതിയാക്കാം.
ചന്ദ്രാംഗമെന്നാല്‍ ഇടതുകാലും, സൂര്യാംഗം വലതു കാലുമാണ്.
ന ഹി പഥ്യമപഥ്യം വാ
രസാ: സര്‍വേ ളപി നീരസാ:
അപി ഭുക്തം വിഷം ഘോരം
 പീയൂഷമിവ ജീര്യതി. - 3 - 16
പഥ്യമായാലും അപഥ്യമായാലും, രസമായാലും നീരസമായാലും, വിഷമായാല്‍ പോലും അമൃതു പോലെ ദഹിക്കും.
മഹാമുദ്രയുടെ ഫലമാണ് ഇവിടെ പറയുന്നത്. ആരോഗ്യത്തിനു പറ്റിയ ഭക്ഷണമാണ് പഥ്യം. ഇഷ്ടപ്പെട്ട ഭക്ഷണമല്ല. ചൂടാറാത്ത ഭക്ഷണമാണ് രസമുള്ള ഭക്ഷണം. പഴകിയ ഭക്ഷണമാണ് നീരസഭക്ഷണം. മഹാമുദ്ര വിഷത്തേപ്പോലും ദഹിപ്പിക്കുമെന്നാണ് പറയുന്നത്.
ക്ഷയ കുഷ്ഠ ഗുദാവര്‍ത്ത 
ഗുല്‍മാജീര്‍ണ്ണ പുരോഗമാ:
തസ്യ ദോഷാ: ക്ഷയം യാന്തി
മഹാ മുദ്രാം തു യോഭ്യസേത്. - 3 - 17
ക്ഷയം, കുഷ്ഠം, അര്‍ശസ്സ്, ഗുല്‍മന്‍, അജീര്‍ണം മുതലായവ മഹാമുദ്രയുടെ അഭ്യാസത്താല്‍ നശിക്കും.
കഥിതേയം മഹാമുദ്രാ
മഹാസിദ്ധികരീ നൃണാം
ഗോപനീയാ പ്രയത്‌നേന
ന ദേയാ യസ്യ കസ്യചിത്. - 3 - 18
ഈ പറഞ്ഞ മഹാമുദ്ര മനുഷ്യര്‍ക്ക് സിദ്ധികള്‍ നല്‍കും. ഇത് അര്‍ഹതയില്ലാ ത്തവര്‍ക്ക് ഉപദേശിക്കരുത്; രഹസ്യമാക്കി വെക്കണം...janmabhumi

No comments:

Post a Comment