Wednesday, February 20, 2019

ഭാരതത്തിനു ലഭിച്ചു എന്ന് നാം അവകാശപ്പെടുന്ന സ്വാതന്ത്ര്യം വെറും അധികാര കൈമാറ്റം മാത്രമായിരുന്നു. ''വെളുത്ത സായിപ്പില്‍നിന്നും കറുത്ത സായിപ്പിലേക്കുള്ള മാറ്റം''. നഷ്ടപെട്ടത് നമ്മുടെ സാംസ്‌കാരിക പൈതൃകമാണ്. അതിന്റെ ഫലമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന പൈശാചികമായ അക്രമങ്ങള്‍. 
സമൂഹത്തിന് അഭിമാനം ഉണ്ടാക്കാന്‍ പര്യാപ്തമായ ഒരു വിദ്യാഭ്യാസ രീതി പിന്തുടരാന്‍ നമുക്ക് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ അതിനു ശ്രമിച്ചാല്‍ കാവിവല്‍ക്കരണം എന്ന് പുച്ഛിക്കുന്ന ഒരു സമൂഹത്തെ ഇവിടെ  വളര്‍ത്തിയെടുത്തു.   ആ സാംസ്‌കാരിക ശൂന്യതയല്ലേ രാജ്യദ്രോഹികളുടെ വധശിക്ഷ നടപ്പാക്കിയതിനു കനയ്യകുമാരന്മാരുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളില്‍ പ്രതിഷേധം സംഘടിപ്പിച്ചത്? ആ മൂല്യ ച്യുതിയല്ലേ അദ്ധ്യാപകനെ ക്ലാസ് മുറിയിലിട്ടു വെട്ടിക്കൊല്ലുന്നതിലേക്കും, പ്രിന്‍സിപ്പാളിന്റെ കസേരകത്തിക്കുന്നതിലേക്കും, ശവക്കുഴി തോണ്ടുന്നതിലേക്കും, ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിലേക്കും വിദ്യാര്‍ഥി സമൂഹത്തെ നയിച്ചത്? അദ്ധ്യാപകരിലും നിലനില്‍ക്കുന്ന സാംസ്‌കാരിക അപചയമല്ലേ ദീപാനിശാന്തിന്റെ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളിയിലൂടെ നാം കണ്ടത്. ഒരദ്ധ്യാപിക ഇത്രമാത്രം അധഃപതിച്ചാല്‍, അവരെ പിന്തുടരുന്ന യുവതലമുറയുടെ അവസ്ഥ എന്തായിരിക്കും? ആനുകാലിക സാമൂഹിക പരിതസ്ഥിതി അത്യന്തം ഭയാനകമായ തലത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന് ഒരേയൊരു പരിഹാരമേയുള്ളു. നമ്മുടെ സംസ്‌കാരത്തിലേക്കുള്ള മടങ്ങിപ്പോക്ക്. അക്രമകാരികളെയും, മാനസികരോഗികളെയും വാര്‍ത്തെടുക്കുന്ന വിദ്യാഭ്യാസരീതിയില്‍നിന്നു ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്ന വിദ്യാഭ്യാസ സമ്പ്രദാത്തിലേക്ക് നാം മാറണം. 
സ്ത്രീകള്‍ക്കെതിരെ ഭയാനകമാം വിധം  വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ നമ്മുടെ സാംസ്‌കാരിക അധപ്പതനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് . അതില്‍ രാഷ്ട്രീയവും മതവും കലര്‍ത്തി ചേരിതിരിഞ്ഞു പ്രതികരിക്കുന്നത് അത്യന്തം ലജ്ജാകരമാണ്. പ്രപഞ്ചത്തിലെ അദൃശ്യമായ ശക്തിയെ ഗര്‍ഭത്തിലേക്കാവാഹിക്കാനും, ഈശ്വരന്റെ പ്രതിരൂപമായ കുഞ്ഞുങ്ങളെ, പുതുതലമുറകളെ വാര്‍ത്തെടുക്കാനും കഴിവുള്ളവളാണ് സ്ത്രീ. അവള്‍ പ്രകൃതി തന്നെയാണ്. അവള്‍ അവഹേളിക്കപെട്ടപ്പോഴൊക്കെ തകര്‍ന്നുവീണ സാമ്രാജ്യങ്ങളുടെ ചരിത്രം ഇതിഹാസങ്ങളായി നമ്മുടെ മുന്നിലുണ്ട്. അന്നൊക്കെ ആ പ്രപഞ്ച ശക്തിതന്നേ അവതരിച്ചിട്ടുണ്ട് അവളെ സംരക്ഷിക്കാനായി എല്ലാം ഗ്രഹിക്കുന്ന, ആ അജ്ഞാതശക്തി അതിന് കണക്കുചോദിക്കുന്നകാലം വിദൂരമല്ല.

No comments:

Post a Comment