Monday, February 04, 2019

ശ്രീമന്നാരായണീയം
ദശകം.3, ശ്ലോകം.9,👆

മരുദ്ഗേഹാധീശ! = ഹേ, ഗുരുവായൂരപ്പാ ,

ത്വയി പരാഞ്ചഃ അപി സുഖിനഃ ഖലു = ഭക്തി ഇല്ലാത്തവർ പോലും, (അങ്ങേയിലെക്ക് മനസ്സ് തിരിക്കാത്തവർ പോലും) സുഖമായി ഇരിക്കുന്നു.

ഭഗത്സ്നേഹി സഃ അഹം= അവിടുത്തെ ഭക്തനായ ഞാൻ ,

സുബഹു പരിത്യപ്യേ ച ഇദം കിം = വളരെയധികം കഷ്ടപ്പെടുകയും ചെയ്യുന്നു: ഇതെന്താണ് ?

വരദ, കംസദമന മാ അഭൂത് = ഭക്തന്മാർക്കു് ഇഷ്ടത്തെ, ആഗ്രഹങ്ങളെ മാത്രം കൊടുക്കുന്നവനും , കംസനെ വധിച്ചവനും ആയ ഹേ, ഭഗവാനെ, അങ്ങക്ക് ദുഷ്കീർത്തി ഉണ്ടാക്കാൻ ഇടവരരുത്.

ഗദഭാരം പ്രശമയൻ = രോഗങ്ങൾ എല്ലാം തീരെ മാറ്റി

മാം ഝടിതി = എന്നെ വേഗത്തിൽ

ഭവത് ഭക്തോത്തംസം കുരു = അവിടുത്തെ ഭക്തന്മാരിൽ ഉത്തമനാക്കി (അഗ്രഗണ്യനാക്കി)തീർ ക്കേണമേ!

ഇവിടെ, ശ്രീഭട്ടതിരിപ്പാട് ഒരു complaint ആയിട്ടാണ് ഭഗവാന്റെ പക്കൽ വന്നിരിക്കുന്നത്.
"ഖലു പരാഞ്ചോപി സുഖിനോ" അങ്ങേയിൽ പരാഞ്ചന്മാര്. (പരാഞ്ചന്മാർ എന്നാൽ അങ്ങേയിലേക്ക് മനസ്സ് തിരിക്കാത്തവർ ,അങ്ങേയിൽ ഭക്തി ഇല്ലാത്തവർ)
സുഖമായി തന്നെ ഇരിക്കുന്നു: ഒരു പക്ഷേ, ശ്രീഭട്ടതിരിപ്പാട് കാണുന്നുണ്ടാവും ,ചില ആൾക്കാർ, ഭഗവാനെ criticise ചെയ്യുന്നത്. പരാഞ്ചന്മാർക്ക് ഒക്കെ പരമസുഖം. അവിടുത്തെ ഭക്തന്മാർക്ക് ദുഃഖവും. ഭട്ടതിരിപ്പാട്‌ കരുണയോടുകൂടി വിളിക്കുന്നു. ഗുരുവായൂരപ്പാ! എന്നോട് കരുണ കാണിക്കാത്തത് എന്താണ്. തൊട്ടടുത്ത വീട്ടുകാര് തിരിഞ്ഞു നോക്കണില്ല. അവർക്കാണങ്കിൽ ഒരു ബുദ്ധിമുട്ടും ഇല്ല. ചിലർ അമ്പലത്തിൽ പോകാതെ തന്നെ അവർക്ക്, പരമസുഖം ഉണ്ട്. ചിലർ ദിവസവും അമ്പലത്തിൽ പോകുന്നുണ്ട് ,അവർക്ക് എന്നും ഒരോ പ്രശ്നങ്ങൾ വന്നു കൊണ്ടിരിക്കും.

"ഭവത് സ്നേഹീ സോ അഹം" ഞാൻ അങ്ങേയുടെ സുഹൃത്ത് ആണ്, സ്നേഹിയാണ്, ഭക്തനാണ് . ഞാൻ എത്രയോ കഷ്ടപ്പെടുന്നുണ്ട്. ഭക്തി ഇല്ലാത്തവർക്ക് സുഖവും, ഭക്തി ഉള്ളവർക്ക് ദുഃഖവും, കഷ്ടപ്പാടും.

"അകീർത്തിസ്തേ മാഭൂ" ഭഗവാനേ അങ്ങേക്ക് ചിത്തപ്പേര് ഉണ്ടാക്കരുത്ട്ടോ!നാണക്കേട് ,ആളുകൾ എന്താ പറയ്യാ. അത് നാട്ടിൽ ഒരു ചൊല്ലും ഉണ്ട്. ഭട്ടതിരിപ്പാട് പറയുന്നത് ശരിയാണ്.
ചിലർ ദിവസവും അമ്പലത്തിൽ പോകുന്നുണ്ട്. എന്തെങ്കിലും വിഷമങ്ങൾ, പ്രയാസങ്ങൾ , ജീവിതത്തിൽ വരുകയാണെങ്കിൽ, ആളുകൾ പറയും, ഭക്തി കൂടിയതിന്റെ ലക്ഷണം ആണ് ,അന്നേ ഞാൻ പറയാറുണ്ട്, ഇങ്ങനെ ഒന്നും ഈശ്വരനോട് അടുക്കരുത്. ആളുകൾക്ക് അങ്ങനെ ഒരു ധാരണ ഉണ്ട്. ദൈവത്തോട് അടുക്കുന്തോറും പ്രശ്നങ്ങൾ കൂടുന്നു' അപ്പോൾ, നാട്ടുകാർ പറയും, വെറുതെ അല്ല അവർക്ക് അത് വന്നത്, രാവിലെ എണീറ്റ് ,വീട്ടിലെ ജോലി ഒന്നും ചെയ്യാതെ ,ഭർത്താവിനെ നോക്കാതെ, കുട്ടികളെ നോക്കാതെ, ഓടണൂ അമ്പലത്തിലെക്ക് . അനുഭവിക്കട്ടെ! വെറുതെ അല്ല ദൈവം അങ്ങനെ കൊടുത്തതു്. കൂടുതൽ ദൈവത്തിനോട് അടുക്കുന്നവർക്കു് കൂടുതൽ പ്രശ്നങ്ങള് .എനിക്കു് ഒന്നും ഇല്ല. കാരണം ,ഞാൻ കൂടുതൽ അടുക്കാത്തതു കൊണ്ട് പ്രശ്നം ഇല്ല. ഇങ്ങനെയും ചില ആളുകൾ ലോകത്തിൽ ഉണ്ട്.

ശ്രീഭട്ടതിരിപ്പാട് ഇത്ര മാത്രമേ പറയുന്നുള്ളൂ. "അകീർത്തിസ്തേ മാഭൂ" എന്റെ കൃഷ്ണാ, അങ്ങേക്ക് ചീത്തപ്പേര് ഉണ്ടാക്കരുത്.

"ഗദഭാരം പ്രശമയൻ" എന്റെ മാനസ്സിന്റെ പ്രശ്നങ്ങൾ ,ശരീരത്തിലെ രോഗങ്ങൾ എല്ലാം വേഗം മാറ്റിത്തന്നോളൂട്ടോ! അതിന് അങ്ങേക്ക് ഒരു വിഷമോം ഇല്ലല്ലോ ?

"ഭവത് ഭക്തോത്തംസം" ഞാൻ അവിടുത്തെ ഒരു നല്ല ഭക്തനാണ്, സുഹൃത്താണ്, അതു കൊണ്ട് , അങ്ങനെ ഉള്ള ഭക്തന്റെ ദുഃഖങ്ങളും ദുരിതങ്ങളും വേഗം പരിഹരിച്ച് തന്നോളൂട്ടോ! അല്ലങ്കിൽ , അങ്ങേക് ചീത്തപ്പേരാണ്. നാട്ടുകാർ പറയും. ഭക്തി കൂടിയതുകൊണ്ടാണ്, ഇങ്ങോര് ഈ അനുഭവിക്കുന്നത് എന്ന്. ആർക്കാണ് ചീത്തപ്പേര് വര്യാ?  ഭഗവാനല്ലേ ? എന്നിട്ട്,കൃഷ്ണാ, കൃഷ്ണാ എന്ന് പറഞ് കരയുന്നു. വല്ല വൈദ്യരേയും കണ്ട്, ഉഴിച്ചിലോ, പിഴിച്ചിലോ നടത്തി കൂടയോ എന്ന് പറയും. വാതരോഗം മാറുകയും ചെയ്യും.ഇവിടെ കിടന്ന് അലറിയിട്ട് എന്താ കാര്യം. അതു കൊണ്ട്, ചീത്തപ്പേര് അങ്ങേക് ഉണ്ടാകും .

"വരാ, കംസദമന തേ" അങ് ഭക്തന്മാർക്ക് അഭീഷ്ട വരദാനം കൊടുക്കുന്നവനും ഭക്തന്റെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്നവനും, കംസ നേപ്പോലുള്ള, (കാര്യം അമ്മാവൻ ആണെങ്കിലും) ദുഷ്ടന്മാരെ നിഗ്രഹിച്ചിട്ടുള്ളവനും അല്ലെ ? അപ്പോൾ അങ്ങേക്ക് ചീത്തപേര് വരുത്തി വയ്ക്കല്ലേ! എന്റെ കൃഷ്ണാ, എന്റെ പീഡനകൾ എല്ലാം എത്രയും വേഗത്തിൽ തീരെ മാറ്റിത്തരുവാൻ കനിവു തോന്നണമേ ! കൃഷ്ണാ!
ഇത്രയും ഒക്കെ പറഞ്ഞപ്പോൾ ,ശ്രീ ഭട്ടതിരിപ്പാടിന് തോന്നി, ഇത്രയും പറയേണ്ടിയിരുന്നില്ല. മഹാമോശമായിപ്പോയി.
ശ്രീഭട്ടതിരിപ്പാട് ഭക്തന്മാരെ ഒരു മുൾമുനയിൽ നിർത്തി .ഇനി എന്താ സംഭവിക്കുക. നോക്കുക.
അടുത്ത ശ്ലോകത്തിൽ 🙏

"ശ്രീനാഥ (കൃഷ്ണ) നും, ജാനകീനാഥ(രാമ) നും, പരമാത്മഭാവത്തിൽ ഒന്നു തന്നെ. എന്നാലും, എന്റെ സർവ്വസ്വം കമലലോചനനായ രാമൻ തന്നെ." എന്ന് ഹനുമാൻ പറഞ്ഞതു പോലെയും, "എല്ലാറ്റിന്റെയും മാധുര്യം നുകരാം ,എല്ലാവരോടും കൂടിയിരിക്കാം, എല്ലാ നാമങ്ങളും ഗ്രഹിക്കാം, എല്ലാം ശരി ശരി എന്ന് പറയാം. പക്ഷേ , അപ്പോഴൊക്കെയും സ്വന്തം ഇരിപ്പിൽ ഉറച്ചിരിക്കണം". എന്ന് തുളസീദാസൻ പറഞ്ഞതു പോലെയുമായിരിക്കണം.ഒരു സാധകന്റെ നില . അങ്ങനെ ഇരിക്കുന്നവന് കിട്ടിയ ചെറു വിത്തിൽ നിന്ന് ഒരു മാമരം ഉണ്ടാകും. അത് വടവൃക്ഷം പോലെ വേരിന് പിറകേ വേരും ,കൊമ്പിന് പിറകെ കൊമ്പും, എമ്പാടും, നീട്ടിയയച്ചു വളർന്ന് പടർന്ന് മരുഭൂമി മുഴുവൻ വ്യാപിച്ചു നിൽക്കും .അപ്പോൾ , ജീവിത സർവ്വസ്വമായി താൻ ഉപാസിക്കുന്ന ഇഷ്ടദേവതയെ തന്നേയാണ് ഏതു ശാഖക്കാരും, ഏതാദർശത്തിലും ,ഏത് രൂപത്തിലും , ഏത് നാമത്തിലും ഉപാസിക്കുന്നത് എന്ന് യഥാർത്ഥ ഭക്തന് അനുഭവമാകും🙏

No comments:

Post a Comment