Friday, February 22, 2019

ആനുകൂല്യങ്ങള്‍ ഇല്ലാതെ മികച്ച നിലയും നിലവാരവും പ്രകടിപ്പിക്കുന്ന അസാധാരണ പ്രതിഭാ വിശേഷങ്ങള്‍ കാണാറുണ്ട്. അതാണ് വിശേഷം.
അതിന് അറിവിനെ ഗ്രഹിക്കാനുള്ള ശേഷിയാണ് കാരണം. അത്തരക്കാര്‍ക്ക് അത്തരം വേളകള്‍ സന്തോഷഭരിതമായിരിക്കും. അറിവാര്‍ജിക്കുന്ന യത്‌നത്തിലാണെന്ന തോന്നലും അവര്‍ക്കുണ്ടാവില്ല. അവര്‍ അറിവുമായി, അറിയുന്നവരുമായി, അറിയുന്നവരെന്ന ബോധമില്ലാതെ ഒന്നായിത്തീരുന്നുവെന്നര്‍ത്ഥം. അധ്യാപകനായ കൃഷ്ണന്‍, അര്‍ജുനനോട് അത് പറയുന്നുണ്ട്. ''അവര്‍ അറിവു തേടുന്നവരായ, എന്നെ അറിയാന്‍ ശ്രമിക്കുന്നവരായവര്‍, സദാപി, എന്നെത്തന്നെ ചിന്തിച്ച്, സന്തോഷിച്ച് എന്നെക്കുറിച്ച് പറഞ്ഞ്, എന്നില്‍ത്തന്നെ മനസ്സുറപ്പിച്ച് ഇന്ദ്രിയങ്ങളെ എനിക്ക് സമര്‍പ്പിച്ച് കഴിയുന്നു. അങ്ങനെ എന്നെ സര്‍വതും സമര്‍പ്പിച്ച് ആശ്രയിക്കുന്നവര്‍ക്ക് ഞാന്‍ ബുദ്ധി ചേര്‍ത്ത് കൊടുക്കുന്നു, അവരുടെ ഉള്ളിലിരുന്ന് ജ്വലിച്ച് ഇരുട്ടില്ലാതാക്കുന്നു,'' കൃഷ്ണന്‍ വിശദീകരിക്കുന്നു.
ഗുരു-ശിഷ്യ സംവാദമാകണം ക്ലാസ് മുറികള്‍. അപ്പോഴേ വിജ്ഞാനം വളരൂ. അല്ലെങ്കില്‍ അറിയാവുന്ന വിവരങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരിക്കും. അറിയാത്തവരെ പോലെ ശിഷ്യര്‍ കേട്ടുകൊണ്ടും. അവിടെ വിജ്ഞാനത്തിനുംവളര്‍ച്ചയില്ലാതാകും. അത് ശരിയായ രീതിയല്ല. അപ്പപ്പോള്‍ ശിഷ്യന്റെ സംശയങ്ങള്‍ തീര്‍ത്തും ശിഷ്യന്‍ മനസിലാക്കിയെന്ന് ഗുരുവില്‍ വിശ്വാസം ജനിപ്പിച്ചുമുള്ള വിജ്ഞാനത്തിന്റെ മുന്നേറ്റമാകണം ക്ലാസ്മുറി. 
ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന്‍ എന്ന വിദ്യാര്‍ത്ഥി കൃഷ്ണനെന്ന സര്‍വജ്ഞാനിയായ അധ്യാപകനോട് ഇടയ്ക്കിടെ സംശയം ചോദിക്കുന്നുണ്ട്. സംശയമില്ലാത്തവര്‍ വിജ്ഞാന സദസ്സില്‍ അജ്ഞാനിയായി അവശേഷിക്കുന്നുവെന്നാണ് പറച്ചില്‍. ഇടയ്ക്കിടെ ഒന്നോ ഒരു മുറിയോ ചോദ്യം ചോദിച്ചിരുന്ന അര്‍ജുനന്‍ ഗീതോപദേശത്തിന്റെ പാതിയെത്തുമ്പോള്‍ കൂടുതല്‍ ചോദ്യം ചോദിക്കുന്ന വിദ്യാര്‍ത്ഥിയായി മാറുന്നു. അതായത് പഠിക്കാന്‍ പഠിപ്പിച്ചതോടെ പഠനം കൂടുതല്‍ കാര്യക്ഷമമായി എന്നര്‍ത്ഥം. മേധാമഥനം ഫലിച്ചു. ഒറ്റയടിക്ക് ആറ് ശ്ലോകത്തിലായി പത്തിരുപത് ചോദ്യമാണ് 'അര്‍ജ്ജുനന്‍ കുട്ടി' 'കൃഷ്ണന്‍ മാഷി' നോട് ചോദിച്ചത്. ഭഗവദ്ഗീതയില്‍ തുടര്‍ച്ചയായി ആറ് ശ്ലോകത്തില്‍ ചോദ്യം അര്‍ജ്ജുനന്‍ തൊടുത്തുവിടുന്നത് ഇതാദ്യം. അതെല്ലാം തന്നെ വളരെ ഗഹനമായ ഉത്തരം പ്രതീക്ഷിക്കുന്ന പ്രസക്തമായ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:-'
എനിക്ക് വിസ്തരിച്ച് പറഞ്ഞു തരിക. കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല' എന്ന്. അല്ലാതെ, മാഷേ, ചുരുക്കിപ്പറഞ്ഞു തരൂ, നോട്ട് എഴുതിത്തരൂ, പ്രധാന ഭാഗം അടിവരയിട്ട് തരൂ. ഗൈഡിന്റെ പേര് പറഞ്ഞു തരൂ എന്നല്ല. അതൊട്ടെ മടിയന്‍ വിദ്യാര്‍ത്ഥിയുടെ കുറുക്കുവഴികളാണല്ലേ. അര്‍ജുനന്‍ ആ ഗണത്തിലല്ല, അതായത് ശിഷ്യന്‍ പഠിക്കാന്‍ പഠിച്ചു എന്നര്‍ത്ഥം.
(അടുത്തത്: പറഞ്ഞാല്‍ തീരില്ലാത്ത വിഷയം)
..janmabhumi

No comments:

Post a Comment