Friday, February 22, 2019

സര്‍വ്വജ്ഞനായ ബ്രഹ്മം ജഗത്കാരണമെന്ന് എന്തുകൊണ്ട് പറയുന്നു എന്നതിനെ അടുത്ത സൂത്രത്തില്‍ വിശദീകരിക്കുന്നു.
സൂത്രം- ശ്രുതത്വാച്ച
ശ്രുതത്വാത് ച എന്നാല്‍ ശ്രുതിയില്‍ പറഞ്ഞതുകൊണ്ടും
സര്‍വ്വജ്ഞനായ ഈശ്വരന്‍ ജഗത്കാരണമാണെന്ന് ശ്രുതി സ്വയം പറഞ്ഞിട്ടുള്ളതിനാല്‍ പ്രധാനം അഥവാ പ്രകൃതിയല്ല ജഗത്കാരണം.
 ശ്രുതികളില്‍ ജഗത്കാരണമായി ബ്രഹത്തെ മാത്രമാണ് പറഞ്ഞിട്ടുള്ളത്. ശ്വേതാശ്വതരോപനിഷത്തില്‍ 'സ കാരണം കാരണാധിപോ ന ചാസ്യ കശ്ചിജ്ജനിതാ ന ചാധിപ:'- സര്‍വ്വജ്ഞനായ ആ ഈശ്വരന്‍ ജഗത്കാരണവും ഇന്ദ്രിയാദി സംഘാധിപനാ
യ ജീവന്റെ അധിപനുമാണ്. അവനെ ജനിപ്പിച്ച ഒരുവനുമില്ല. അവന് അധിപനായും മറ്റാരുമില്ല.
ആ പരമാത്മാവ് എല്ലാറ്റിനും പരമകാരണവും കാരണങ്ങള്‍ക്ക് അധിഷ്ഠാനവും അധിപതിയുമാണ്. ആര്‍ക്കും പരമാത്മാവിനെ ജനി
പ്പിച്ച സ്ഥാനമോ ആധിപത്യമോ ഇല്ല.
ശ്വേതാശ്വതത്തില്‍ തന്നെ 'സ വിശ്വകൃത്' അദ്ദേഹം ജഗത്തിന്റെ കര്‍ത്താവാണ് എന്ന് പറയുന്നുണ്ട്. മുണ്ഡകത്തില്‍ 'അതഃ സമുദ്രാ: ഗിരയശ്ച സര്‍വ്വേ' - ഈ പരമാത്മാവില്‍ നിന്ന് എല്ലാ സമുദ്രങ്ങളും പര്‍വ്വതങ്ങളുമുണ്ടായി എന്ന് പറയുന്നു
ഇങ്ങനെ ശ്രുതി പലയിടത്തായി സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ബ്രഹ്മം ആണ് ജഗത് കാരണം എന്ന് പറഞ്ഞിരിക്കുന്നു.
അതിനാല്‍ എല്ലാറ്റിനും ആധാരമായ ബ്രഹ്മം തന്നെയാണ് ജഗത്തിന് കാരണം. ഒരിക്കലും അത് പ്രധാനമോ അഥവാ ജഡപ്രകൃതിയോ ആകില്ല എന്ന് സംശയമില്ലാതെ ഉറപ്പാക്കുന്നു.
കഴിഞ്ഞ 5 അധികരണങ്ങളിലും 11 സൂത്രങ്ങളിലുമായി ജഗത്തിന്റെ കാരണം, ജഗത്തിന്റെ ഉല്‍പ്പത്തി, സ്ഥിതി, ലയം എന്നിവയുടെ സ്ഥാനം തുടങ്ങിയവയെല്ലാം സര്‍വ്വജ്ഞനും സര്‍വ്വശക്തനുമായ ബ്രഹ്മം തന്നെയാണെന്ന് യുക്തിയുക്തമായി സ്ഥാപിച്ചു. എന്നാല്‍ ഇനി സൂത്രങ്ങളുടെ ആവശ്യമില്ലെന്ന് തോന്നാം. അതിന്റെ സ്വാധാനമാണ് തുടര്‍ന്നുള്ള സൂത്രങ്ങളിലൂടെ പറയുന്നത്.
ബ്രഹ്മത്തെ രണ്ടു തരത്തിലാണ് കണക്കാക്കുന്നത്.
1. സഗുണബ്രഹ്മം- നാമരൂപങ്ങളാകുന്ന ഉപാധികളോട് കൂടിയത്.
2 നിര്‍ഗുണബ്രഹ്മം- ഉപാധികളൊന്നുമില്ലാതെയിരിക്കന്നത്.
 ബൃഹദാരണ്യകത്തിലും ഛാന്ദോഗ്യത്തിലുമുള്ള മന്ത്രങ്ങളില്‍ ഇതിനെപ്പറ്റി വിവരിക്കുന്നുണ്ട്.
സാക്ഷാത്കാര അവസ്ഥയില്‍ എല്ലാം ബ്രഹ്മം തന്നെ എന്ന അനുഭൂതി ഉണ്ടാകുമ്പോള്‍ ആര് ആരെ കാണും? ആ അവസ്ഥയില്‍ തന്നില്‍ നിന്ന് അന്യമായ ഒന്നിനെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നില്ല. അതിന് 'ഭൂമാ' എന്നാണ് പേര്.
 മറ്റൊന്നിനെ കാണുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യുന്നത്  അല്പമാണ്. അതിന് നാശുള്ളതാണ്. എന്നാല്‍ ഭൂമാ എന്നതിന് നാശമില്ല. ബ്രഹ്മത്തിന്റെ ഈ രണ്ട് അവസ്ഥയും ഉപനിഷത്തില്‍ കാണാം.
അതില്‍ ഏതാണ് ശരിയായ ബ്രഹ്മം എന്ന് സംശയമുണ്ടായേക്കാം.
അറിയേണ്ടതും ഉപാസ്യവുമായ ബ്രഹ്മം ഏതാണെന്ന് നിര്‍ണയിക്കണം. ജ്ഞാനം നേടേണ്ടത് ഏത് വിധത്തില്‍ എന്നതും സംശയമുണ്ടാക്കുന്നതാണ് . സോപാധിക മാര്‍ഗത്തിലൂടെയോ പരാപര വിഷയത്തിലൂടെയോ? ഇത്തരം സംശയങ്ങളെ പരിഹരിക്കാനും വേദവാക്യങ്ങളുടെ ഗതിയെ പറയാനും വേണ്ടിയാണ് ബ്രഹ്മസൂത്രത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍.
ഉപാധികളൊന്നുമില്ലാത്ത നിരുപാധിക ബ്രഹ്മത്തെയാണ് അറിയേണ്ടതെങ്കില്‍ ഉപാധികളുമായി ചേര്‍ന്നിക്കുന്ന സോപാധിക ബ്രഹ്മത്തെക്കുറിച്ച് പറയുന്നതെന്തിനാണെന്നും സംശയം തോന്നാം. അതിനും സമാധാനം തുടര്‍ന്ന് കാണാം...janmabhumi

No comments:

Post a Comment